ടെഹ്റാൻ: ഇസ്രയേൽ- ഇറാൻ യുദ്ധം തുടരുന്നതിനിടെ ചോദ്യചിഹ്നമാവുകയാണ് യു.എസിന്റെ പുകൾപെറ്റ യുദ്ധവിമാനം എഫ്-35. ഇതുവരെ നാല് എഫ്-35 വിമാനങ്ങൾ വെടിവെച്ചിട്ടുവെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. ഇറാന്റെ അവകാശവാദങ്ങൾക്കും ഇറാൻ- ഇസ്രയേൽ യുദ്ധങ്ങൾക്കുമിടെ, എഫ്-35 വാങ്ങാനുള്ള ഓർഡറുകൾ യു.എസ് വെട്ടിക്കുറച്ചതാണ് ആയുധവിൽപ്പനരംഗത്ത് ആശങ്ക ഉളവാക്കുന്നത്. യു.എസ് വ്യോമസേനയ്ക്ക് വേണ്ടിനേരത്തേ 48 എഫ് -35 വാങ്ങാനുള്ള ഓർഡറുകളാണ് നിർമാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിനുണ്ടായിരുന്നത്. വാങ്ങാനുള്ള യുദ്ധവിമാനങ്ങളുടെ എണ്ണം24 ആക്കി ചുരുക്കിയെന്നാണ് പുറത്തുവരുന്ന വാർത്ത.
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിന് ഇതുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല.യുദ്ധവിമാനത്തിന്റെ കാര്യക്ഷമത സംബന്ധിച്ച് സൂക്ഷ്മപരിശോധന വേണമെന്ന ആവശ്യം ഇതിനകം ഉയർന്നുകഴിഞ്ഞു. വിമാനത്തിന്റെ അറ്റകുറ്റപ്പണി യും ദീർഘകാല പ്രവർത്തനക്ഷമതയും സംശയത്തിന്റെ നിഴലിലായി. 2025-ൽ എഫ്-35ന്റെ ദൗത്യശേഷി നിരക്ക് 51.5 ശതമാനമായി കുറഞ്ഞെന്നാണ് കണക്ക്. വിമാനഭാഗങ്ങൾ കിട്ടാനുള്ള പ്രയാസവും അതിസങ്കീർണമായ അറ്റകുറ്റപ്പണികളുമാണ് പ്രധാന കാരണങ്ങൾ.ഉയർന്ന വിലയും വിമാനത്തിന്റെ പോരായ്മയാണ്.
ഇതിന് പിന്നാലെയാണ് എഫ്-35 വിമാനങ്ങള്‍ വെടിവെച്ചിട്ടതായി അവകാശപ്പെട്ട് ഇറാന്‍ രംഗത്ത് വരുന്നത്. നാലാമത്തെ എഫ്-35 വിമാനം വെടിവെച്ചിട്ടതായി തിങ്കളാഴ്ച ഇറാന്റെ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനമായ നൂര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പശ്ചിമ ഇറാനിലെ തബ്രിസിനടുത്തുവെച്ച് വെടിവെച്ചിടുകയും പൈലറ്റിനെ പിടികൂടുകയും ചെയ്‌തെന്നാണ് ഇറാന്റെ അവകാശവാദം. ഒരു പൈലറ്റ് കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അഞ്ചാംതലമുറ യുദ്ധവിമാനമായ എഫ്-35 വെടിവെച്ചിട്ട ലോകത്തെ ആദ്യത്തെ രാജ്യമെന്ന ബഹുമതി ഇറാന്‍ നേടിയെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു.
അതേസമയം, ഇറാന്റെ ഈ അവകാശവാദങ്ങളെ പൂര്‍ണമായും തള്ളിക്കളയുകയാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). ഇറാനിയന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്ന് ഐഡിഎഫ് പറയുന്നു. ഇറാന്‍ ഇതുവരെ എഫ്-35 വെടിവെച്ചിട്ടെന്നതിന് തെളിവുകളൊന്നും നല്‍കിയിട്ടില്ല. അതേസമയം, തകര്‍ന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ഇവയുടെ ആധികാരികത ഇപ്പോഴും വ്യക്തമല്ല.
നേരത്തെ ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് എഫ്-35നെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. ചെലവേറിയതും സങ്കീര്‍ണവുമാണ് എഫ്-35 യുദ്ധവിമാനങ്ങളെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഡ്രോണ്‍ യുദ്ധലോകത്ത് എഫ്-35 എന്നത് കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, സംഭവത്തില്‍ ലോക്ക്ഹീഡ് കമ്പനി ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല.
Content Highlights: f 35 shootdown iran pentagon cuts orders
Published: 17 Jun 2025, 08:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented