കാര്‍ഡിഫ് (വേൽസ്): മുന്‍കാമുകി അബദ്ധവശാല്‍ ചവറ്റുകുട്ടയിലേക്കെറിഞ്ഞ ആറായിരം കോടി രൂപയുടെ ബിറ്റ് കോയിനടങ്ങിയ ഹാർഡ് ഡിസ്കിനായി പത്ത് വര്‍ഷത്തിലധികമായി നിയമപോരാട്ടം നടത്തി യുവാവ്. 2009-ല്‍ മൈന്‍ ചെയ്‌തെടുത്ത്‌ ഡ്രൈവിലാക്കി സൂക്ഷിച്ച 569 ദശലക്ഷം പൗണ്ട്‌ (ആറായിരം കോടി രൂപ) മൂല്യംവരുന്ന ബിറ്റ്‌കോയിനുകളാണ് ജെയിംസ് ഹോവല്‍സ് എന്നയാള്‍ക്ക് നഷ്ടപ്പെട്ടത്. 2013-ല്‍ വെയ്ല്‍സിലാണ് സംഭവം നടന്നത്.  

To advertise here,

ബിറ്റ്‌കോയിന്‍ ഉണ്ടെന്നറിയാതെ ഹോവല്‍സിന്റെ മുന്‍കാമുകി ഹാല്‍ഫിന എഡ്ഡി, ഇവാന്‍സ് ജയിംസിന്‍റെ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്ന പഴയ ഹാര്‍ഡ് ഡിസ്‌ക് ചവറ്റുകുട്ടയിലേക്കെറിയുകയായിരുന്നു. ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാൻ ഹോവല്‍സ് പറഞ്ഞതുകൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നാണ് യുവതിയുടെ പക്ഷം. അതില്‍ ബിറ്റകോയിന്‍ ഉണ്ടെന്ന് അറിയുമായിരുന്നില്ല. അത് നഷ്ടപ്പെട്ടത് തന്റെ കുറ്റമായി കാണുന്നില്ലെന്നും ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറയുന്നു.  

മറ്റ് ചപ്പുചവറുകൾക്കൊപ്പം ഹാർഡ് ഡിസ്കും താൻ പ്രദേശത്തെ ഒരു ചവറുകൂനയിൽ ഉപേക്ഷിച്ചതായാണ് ഹാല്‍ഫിന എഡ്ഡി പറയുന്നത്. പിന്നീട് മാലിന്യം നിറഞ്ഞ് ഈ പ്രദേശം നികന്നുപോകുകയും ചെയ്തു. 110,000 ടണ്‍ വരുന്ന ചവറുകള്‍ കുഴിച്ചുനോക്കുക മാത്രമാണ് നഷ്ടപ്പെട്ട ബിറ്റകോയിന്‍ കണ്ടെത്താനുള്ള ഏകവഴി. ഇവിടം കുഴിച്ച് നോക്കാനായി പ്രാദേശിക കൗണ്‍സിലുമായി ഒരു പതിറ്റാണ്ടായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ് ജെയിംസ് ഹോവല്‍സ്. 

ഭൂമികുഴിക്കാനായി 2013 മുതല്‍ ഹൊവല്‍സില്‍നിന്ന് അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും പരിസ്ഥിതി നിയമപ്രകാരം പ്രകാരം ഖനനം സാധ്യമല്ലെന്ന് അറിയിച്ചിരുന്നെന്നുമാണ് ന്യൂപോര്‍ട്ട് സിറ്റി കൗണ്‍സില്‍ പറയുന്നത്. കുഴിച്ചുനോക്കുന്നതിന് അനുമതി നിഷേധിക്കുന്നതായി ജെയിംസ് ഹോവല്‍സ് കൗണ്‍സിലിനെതിരെ കേസുകൊടുത്തിരുന്നു.

മാലിന്യത്തിൽനിന്ന് ഹാർഡ് ഡിസ്ക് കണ്ടെത്തുന്നവര്‍ക്ക് ബിറ്റ് കോയിനിൽനിന്ന് ലഭിക്കുന്ന തുകയുടെ പത്ത് ശതമാനം പാരിതോഷികമായി നല്‍കുമെന്നാണ് ഇയാള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.