
ലോകത്തിലെ ഏറ്റവും വലിയ പണക്കാരിലൊരാള്‍. പക്ഷെ, അയാള്‍ക്കൊരു മുഖമില്ല, രൂപമില്ല. ആരാണ് സതോഷി നകാമോട്ടോ എന്ന ശതകോടീശ്വരന്‍? കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലേറെ കാലമായി ലോകത്തെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നാണ് ഇക്കാര്യം. അതൊരു വ്യക്തിയാണോ? ഒരുകൂട്ടം ആളുകളാണോ? ഒരു പ്രസ്ഥാനമാണോ? ആര്‍ക്കും ഒന്നും അറിയില്ല. ഒരു സൂചന പോലുമില്ല. സതോഷി നകാമോട്ടോ എന്ന പേരിന് പിന്നിലുള്ളയാള്‍ ആരായാലും അയാളിന്ന് ലോകത്തെ ഏറ്റവും വലിയ ധനികരിലൊരാളാണ്. ARKHAM പോലുള്ള വെബ്‌സൈറ്റുകള്‍ പ്രകാരം സതോഷി നകാമോട്ടോയുടെ ആസ്തി 128 ബില്യണ്‍ ഡോളറിനും 134 ബില്യണിനും ഡോളറിനും ഇടയിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി 106 ബില്യണ്‍ ഡോളറാണെന്ന് ഓര്‍ക്കുക. മുഖമില്ലാത്ത പണക്കാരന്‍ എന്നത് മാത്രമല്ല സതോഷി നകാമോട്ടോയുടെ നിഗൂഢത. ലോകത്തിലെ ഏറ്റവും വലിയ പണക്കാരില്‍ നിലവില്‍ 11-ാം സ്ഥാനത്തുള്ള സതോഷി നകാമോട്ടോയ്ക്ക് സ്വന്തമായി ഒരു ബിസിനസുമില്ല. ഒരു ഉത്പ്പന്നവും പുറത്തിറക്കുന്നില്ല. ഫാക്ടറികളോ ജീവനക്കാരോ ഇല്ല. എന്നാല്‍, വരുമാനം മാത്രം ഒരോ ദിവസം പിന്നിടുമ്പോഴും ബില്യണില്‍നിന്ന് ബില്യണിലേക്ക് കുതിക്കുന്നു. പിന്നെ എന്താണ് നകാമോട്ടോ ശതകോടീശ്വരന്റെ വരുമാന മാര്‍ഗം?
ബിറ്റ്‌കോയിന്‍. ഏറ്റവും ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിനിന്റെ സ്രഷ്ടാവാണ് സതോഷി നകാമോട്ടോ. 2008-ല്‍ ബിറ്റ്‌കോയിന്‍ വൈറ്റ്‌പേപ്പര്‍ പുറത്തിറക്കിയതും 2009-ല്‍ ആദ്യത്തെ ബിറ്റ്കോയിന്‍ ബ്ലോക്ക് രൂപീകരിച്ചതും 'സതോഷി നകാമോട്ടോ' എന്ന പേരിലാണ്. സതോഷിയുടെ കൈവശമുള്ള 1.096 മില്യണ്‍ ബിറ്റ്‌കോയിനുകളാണ് അദ്ദേഹത്തിന് ഇത്രയും സമ്പത്ത് നല്‍കുന്നത്. 2008-ല്‍ ബിറ്റ്‌കോയിന്‍ വൈറ്റ്‌പേപ്പര്‍ പുറത്തിറക്കിയതും 2009-ല്‍ ആദ്യത്തെ ബിറ്റ്കോയിന്‍ ബ്ലോക്ക് രൂപീകരിച്ചതും 'സതോഷി നകാമോട്ടോ' എന്ന പേരിലാണ്. മൂല്യം റോക്കറ്റ് പോലെ കുതിച്ചിട്ടും നകാമോട്ടോ തന്റെ കോയിനുകള്‍ വില്‍ക്കാത്തതും ഈ നിഗൂഢതയ്ക്ക് ആക്കം കൂട്ടി. ബിറ്റ്‌കോയിന്‍ മൂല്യം സമ്പത്തായി പരിഗണിക്കാത്തതിനാല്‍ നിലവില്‍ നകാമോട്ടോയുടെ പ്രൊഫൈല്‍ ഫോര്‍ബ്‌സ് ഉള്‍പ്പടെയുള്ള ലിസ്റ്റിങ്ങില്‍ കാണാന്‍ സാധിക്കില്ല. എങ്കിലും ബിറ്റ്‌കോയിന്‍ മൂല്യം ഇനിയും വര്‍ധിച്ചാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ രണ്ടാമനായി സതോഷി നകാമോട്ടോ മാറുമെന്നാണ് ബ്ലൂംബര്‍ഗ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ പ്രവചിക്കുന്നത്.
ആരാണ് സതോഷി നകാമോട്ടോ?
ബിറ്റ്‌കോയിന്‍ നിര്‍മ്മിച്ച വ്യക്തിയോ അല്ലെങ്കില്‍ ഒരു കൂട്ടം വ്യക്തികളോ സ്വീകരിച്ച കള്ളപ്പേരാണ് സതോഷി നകാമോട്ടോ. 2008 ജനുവരിയില്‍ ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട വൈറ്റ്‌പേപ്പര്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് ഈ പേര് ആദ്യമായി ലോകം കേള്‍ക്കുന്നത്. 2009-ലാണ് സതോഷി നകാമോട്ടോ ആദ്യത്തെ ബിറ്റ്‌കോയിന്‍ മൈന്‍ ചെയ്യുന്നത്. 2011 വരെ സതോഷി നകാമോട്ടോ ഇ-മെയിലുകളിലൂടെയും മറ്റും ആളുകളുമായി ബന്ധപ്പെട്ടിരുന്നതായും പിന്നീട് പൂര്‍ണമായും അപ്രത്യക്ഷനായതായും വിദേശമാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തുടക്കത്തില്‍ ബിറ്റ്‌കോയിന്റെ മൂല്യം പൂജ്യമായിരുന്നു. പക്ഷെ, വൈകാതെ തന്നെ സാമ്പത്തിക ലോകത്തിന്റെ സമവാക്യങ്ങള്‍ ബിറ്റ്‌കോയിന്‍ മാറ്റിമറിച്ചു. താമസിയാതെ, ഇന്റര്‍നെറ്റില്‍നിന്നും അപ്രത്യക്ഷനായ സതോഷി നകാമോട്ടോ എന്ന പേര് പിന്നീട് എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. ക്രിപ്‌റ്റോ വിദഗ്ധനായ ഹാല്‍ ഫിന്നീ, നിക് ഷാബോ എന്നിവരിലാരോ ആണ് സതോഷി നകാമോട്ടോ എന്ന് പലതവണ അഭ്യൂഹം ഉയര്‍ന്നിരുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ള അക്കാദമിഷ്യനും എഞ്ചിനീയറുമായ ഡോറിയന്‍ നകാമോട്ടോ എന്ന വ്യക്തി സതോഷി നകാമോട്ടോയാണെന്ന് ചില മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും വെളിപ്പെടുത്തി ഡോറിയന്‍ തന്നെ രംഗത്തെത്തി.
പിന്നീട് സാക്ഷാല്‍ ഇലോണ്‍ മസ്‌ക്, ജാക് ഡോഴ്‌സി എന്നീ പേരുകളും ഉയര്‍ന്ന് കേട്ടു. ക്രിപ്‌റ്റോ കറന്‍സിയും ബിറ്റ്‌കോയിനുമെല്ലാം ഇലോണ്‍ മസ്‌കിന്റെ തട്ടിപ്പ് പരിപാടികളാണെന്നും ഇതെല്ലാം നിയന്ത്രിക്കുന്നതും ഈ സമ്പത്തെല്ലാം എത്തുന്നതും മസ്‌കിലേക്കാണെന്നും ഇപ്പോഴും വിശ്വസിക്കുന്നവരും നിരവധിയാണ്. അതിനിടയില്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ക്രെയ്ഗ് റൈിനെ പോലുള്ളവര്‍ താനാണ് സതോഷി നകാമോട്ടോ എന്നവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതെല്ലാം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. സതോഷി ആരാണെന്ന് കണ്ടെത്താന്‍ ഒരുപാട് അന്വേഷണങ്ങളും നടന്നിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള ഡോക്യുമെന്ററികളും പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. എങ്കിലും ഇവരാര്‍ക്കും ആരാണ് സതോഷി നകാമോട്ടോ എന്നു കണ്ടെത്താനോ തെളിയിക്കാനോ സാധിച്ചിട്ടില്ല.
എന്താണ് ക്രിപ്‌റ്റോകറന്‍സി? എന്താണ് ബിറ്റ്‌കോയിന്‍?
സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയത് ബാര്‍ട്ടര്‍ സമ്പ്രദായത്തലൂടെയാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇടക്കാലത്ത് സ്വര്‍ണം പോലുള്ള മൂല്യമേറിയ വസ്തുക്കളായിരുന്നു കറന്‍സികളായി ഉപയോഗിച്ചിരുന്നത്. കൃത്രിമമായി സൃഷ്ടിക്കാന്‍ പറ്റാത്തതും ഏറിയകാലം ഈട് നില്‍ക്കുന്നതുമായ സ്വര്‍ണത്തിന്റെ മേന്മകള്‍ സ്വര്‍ണത്തെ മികച്ച കറന്‍സിയാക്കി ദീര്‍ഘകാലം നിലനിര്‍ത്തി. അത് പിന്നീട് പല മാറ്റങ്ങള്‍ സംഭവിച്ച് സ്വര്‍ണനിലവാരത്തില്‍ നാണയങ്ങളും നോട്ടുകളും നിലവില്‍ വന്നു. ഈ പരിണാമത്തിലെ അടുത്തഘട്ടമാണ് ക്രിപ്‌റ്റോകറന്‍സി എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാവിലോകത്തിന്റെ കറന്‍സിയാണ് ക്രിപ്‌റ്റോ കറന്‍സി എന്ന് വിശ്വസിക്കുന്നവര്‍ ഒട്ടേറെയാണ്. വൈകാതെ തന്നെ സാധാരണ കറന്‍സികള്‍ ഇല്ലാതാവുമെന്നും ലോകത്തിലെ ഇടപാടുകള്‍ മുഴുവന്‍ ക്രിപ്‌റ്റോ കറന്‍സികള്‍ വഴിയാകുമെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു.
സാധാരണ കറന്‍സികള്‍ പല തരത്തിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമാണ്. അതത് രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളാണ് ആ രാജ്യത്തെ കറന്‍സികള്‍ നിയന്ത്രിക്കുന്നത്. വിനിമയനിരക്ക് നിയന്ത്രിക്കുന്നതും എത്ര പണം അച്ചടിക്കണമെന്ന് തീരുമാനിക്കുന്നതുമെല്ലാം സെന്‍ട്രല്‍ ബാങ്കുകളാണ്. ഇന്ത്യയില്‍ രൂപയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ റിസര്‍വ് ബാങ്കാണ്. ഇത്തരം കേന്ദ്രീകൃത ബാങ്കിങ്ങിനെ എതിര്‍ക്കുന്നവരാണ് ക്രിപ്‌റ്റോ കറന്‍സിയുടെ വക്താക്കള്‍.
2008-ലെ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ കാലമാണ് പരമ്പരാഗത കറന്‍സികള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്. മാന്ദ്യകാലത്ത് സര്‍ക്കാരുകള്‍ അമിതമായി നോട്ടുകള്‍ അടിച്ചിറക്കിയത് വലിയ പ്രതിസന്ധികള്‍ക്ക് കാരണമായി. ബാങ്കുകള്‍ ഉദാരമായി ഭവനവായ്പകള്‍ നല്‍കിയത് അമേരിക്കയെ ഉള്‍പ്പടെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. സമ്പാദ്യങ്ങള്‍ക്ക് മൂല്യമില്ലാതായി. സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നവര്‍ കാണിക്കുന്ന പ്രതിസന്ധി മൊത്തം ജനങ്ങളുടെ ജീവിതം ദുരിതമാക്കുന്ന ഇത്തരം സാഹചര്യങ്ങളിലാണ് വലിയൊരുവിഭാഗത്തിന് കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയത്. സെന്‍ട്രല്‍ ബാങ്കുകളുടെ തെറ്റായ നടപടികളും ആവശ്യമല്ലാത്ത നിയന്ത്രണങ്ങളും പലപ്പോഴും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രിപ്‌റ്റോ കറന്‍സി എന്ന ഡിജിറ്റല്‍ കറന്‍സികളുടെ പിറവി. ക്രിപ്‌റ്റോ കറന്‍സികള്‍ സെന്‍ട്രലൈസ്ഡ് ബാങ്കിങ് സിസ്റ്റത്തിന്റെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ട് തന്നെ ലോകത്ത് മിക്കവാറും രാജ്യങ്ങളൊന്നും ക്രിപ്‌റ്റോ കറന്‍സികളെ പ്രോത്സാഹിപ്പിക്കുന്നില്ല.
ക്രിപ്‌റ്റോ കറന്‍സികള്‍ ലോകത്തിന്റെ ഏത് ഭാഗത്തും കാര്യമായ നിയന്ത്രണങ്ങളൊന്നും ഇല്ലാതെ ഉപയോഗിക്കാം എന്നതാണ് അതിനെ ജനപ്രിയമാക്കുന്നത്. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സിയാണ് ബിറ്റ്‌കോയിന്‍. ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള നാലായിരത്തിലേറെ ക്രിപ്‌റ്റോ കറന്‍സികളില്‍ ഏറ്റവും ജനപ്രിയവും ബിറ്റ്‌കോയിനാണ്. 2009 ജനുവരിയിലാണ് സതോഷി നകാമോട്ടോ ബിറ്റ്‌കോയിന്റെ വര്‍ക്കിങ് പ്രോട്ടോക്കോള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധികരിക്കുന്നത്. ഒരു കേന്ദ്ര സംവിധാനത്തിന്റെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഏതൊരാള്‍ക്കും വളരെ എളുപ്പത്തില്‍ പരസ്പരം കൈമാറാന്‍ സാധിക്കുന്ന ഡിജിറ്റല്‍ കറന്‍സി എന്നാണ് ബിറ്റ്‌കോയിനെ അവര്‍ വിശേഷിപ്പിച്ചത്. ലോകത്ത് ആകെ 21 മില്യണ്‍ ബിറ്റ്‌കോയിന്‍ മാത്രമേ ഉണ്ടാവുകയുള്ളു. 2140-ല്‍ മാത്രമേ ഇത് പൂര്‍ണമായും ലഭ്യമാകു എന്നും സതോഷി നകാമോട്ടോ വ്യക്തമാക്കിയിരുന്നു. തുടക്കത്തില്‍ ഒരു കൗതുകത്തിന് ബിറ്റ്‌കോയിന്‍ മൈന്‍ ചെയ്ത കമ്പ്യൂട്ടര്‍ ഭ്രാന്തന്‍മാര്‍ പലരും ഒറ്റദിവസം കൊണ്ട് പണക്കാരായി മാറി. ബിറ്റ്‌കോയിന്‍ ട്രാന്‍സാക്ഷനുകളില്‍ സഹായിക്കുന്നവര്‍ക്കും ബിറ്റ്‌കോയിന്‍ പ്രതിഫലമായി കിട്ടുമെന്ന വ്യവസ്ഥ ഇതിനെ ജനകീയമാക്കി.
ഏതെങ്കിലും രാജ്യം നോട്ടടിച്ച് വിതരണം ചെയ്യപ്പെടുന്നത് പോലെയല്ല ബിറ്റ്‌കോയിനുകള്‍ ഉണ്ടാവുന്നത്. ഇവ കമ്പ്യൂട്ടറുകളുടെ സഹായത്തില്‍ ഇന്റര്‍നെറ്റില്‍ നിന്ന് മൈന്‍ (ഖനനം) ചെയ്ത് എടുക്കപ്പെടുകയാണ് ചെയ്യുന്നത്. ഒരു സെര്‍വറിന് പകരം പല സെര്‍വറുകളിലായാണ് ഇതിന്റെ കണക്കുകളുള്ളത്. ഓരോ ബിറ്റ്‌കോയിന്‍ ട്രാന്‍സാക്ഷനും ഈ സെര്‍വറുകളിലെല്ലാം പങ്കാളികളാവണം. മനുഷ്യബുദ്ധിയില്‍ ചിന്തിക്കാന്‍ കഴിയുന്നതിലുമപ്പുറത്തുള്ള ഗണിത സമവാക്യങ്ങള്‍ ഉപയോഗിച്ചാണ് ഇവയെ ബന്ധിപ്പിച്ചിരിക്കുന്നത്. പ്രൂഫ് ഓഫ് വര്‍ക്ക് എന്ന ഈ സങ്കീര്‍ണമായ പ്രക്രിയയാണ് ഇതില്‍ ഏറ്റവും നിര്‍ണായകം. നല്ല കമ്പ്യൂട്ടിങ് ശേഷിയുള്ള കമ്പ്യൂട്ടറുകള്‍ക്ക് മാത്രമേ ബിറ്റ്‌കോയിനുകള്‍ മൈന്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. അതിനാകട്ടെ വര്‍ഷങ്ങള്‍ സമയമെടുത്തെന്നും വരാം. വലിയ രീതിയിലുള്ള ഊര്‍ജവും ചെലവഴിക്കണം. ബിറ്റ്കോയിന്‍ മൈനിങ് എന്നു പറഞ്ഞാല്‍ നകാമോട്ടോ ഉണ്ടാക്കിവെച്ച വാലറ്റില്‍നിന്ന് ബിറ്റ്കോയിനുകള്‍ ഖനനം ചെയ്തെടുക്കുകയാണ് എന്ന് പറയാം. കമ്പ്യൂട്ടര്‍ സയന്‍സിലെ നൂതന സാങ്കേതിക വിദ്യകളിലൊന്നായ ബ്ലോക്ക്‌ചെയിന്‍ ഉപയോഗിച്ചാണ് ബിറ്റ്‌കോയിന്‍ പ്രവര്‍ത്തിക്കുന്നത്. ഡോളര്‍ ഉള്‍പ്പടെയുള്ള പരമ്പരാഗത കറന്‍സികളുടെ മൂല്യം കുത്തനെ ഇടിഞ്ഞ സമീപകാലത്ത് ബിറ്റ്‌കോയിന്‍ വിപണി മൂല്യം 2 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞു.
ബ്ലോക്ക്‌ചെയിന്‍
വിവരങ്ങളെ ബ്ലോക്കുകളായി കണക്കാക്കി അവയെ പരസ്പരം ചെയിനുകള്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന ടൈം സ്റ്റാമ്പുകളാണ് ബോക്ക്‌ചെയിന്‍. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ബിറ്റ്‌കോയിന്‍ ഇടപാടുകളുടെ കണക്കുപുസ്തകമാണ് ബ്ലോക്ക്‌ചെയിന്‍. അടുത്ത തലമുറ ധനവിനിമയ ഇടപാടുകളുടെ വിവരശേഖരണ സോഫ്റ്റ്‌വെയറായ ബ്ലോക്ക്‌ചെയിന്‍ ഒരു ഓപ്പണ്‍ സോഴ്‌സ് സാങ്കേതികവിദ്യയാണ്. ക്രിപ്‌റ്റോഗ്രാഫി ഉപയോഗിച്ച് ഡിജിറ്റല്‍ ലെഡ്ജറുകളില്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് ഇടപാടുകാരുടെ ഇടയില്‍ അത് പരസ്പരം കൈമാറി പണമിടപാടുകള്‍ പൂര്‍ത്തീകരിക്കുന്ന രീതിയിലാണ് ബ്ലോക്ക്‌ചെയിന്‍ പ്രവര്‍ത്തിക്കുന്നത്. അതായത്, നേരത്തെ ബാങ്കുകള്‍ സൂക്ഷിച്ചിരുന്ന പണത്തിന്റെ ലെഡ്ജറുകള്‍ എല്ലാവര്‍ക്കുമായി സൂക്ഷിക്കപ്പെടുന്നു. ഓരോ ബ്ലോക്കിനും ഹാഷ് വാല്യു ഉണ്ടാകും. അതൊരിക്കിലും പിന്നീട് ആവര്‍ത്തക്കില്ല. അത് തന്നെയാണ് ബ്ലോക്ക് ചെയിനിന്റെ സുരക്ഷയും. സാധാരണ നെറ്റ്‌വര്‍ക്കുകള്‍ പോലെ സെര്‍വറുകളില്ല ഡാറ്റകള്‍ സൂക്ഷിക്കുന്നത്. എല്ലാവരിലും ഡേറ്റയുടെ കോപ്പികളുണ്ടാകും. അതിനാല്‍ ഹാക്കിങ് സാധ്യമാകില്ല.
കുതിച്ചുയരുന്ന മൂല്യം
ഈ ജനുവരി മൂന്നിന് ബിറ്റ്‌കോയിന്‍ പിറന്നിട്ട് പതിനാറ് വര്‍ഷങ്ങള്‍ പിന്നിട്ടു. ഈ കാലങ്ങളിലുടനീളം കുത്തനെയാണ് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നത്. കഴിഞ്ഞ ജനുവരിയിലാണ് ബിറ്റ്‌കോയിന്‍ റെക്കോര്‍ഡ് വിലയിലെത്തിയത്. അതുകൊണ്ടുതന്നെ ഒരു കറന്‍സി എന്നതിലുപരി മികച്ച ഒരു നിക്ഷേപമാര്‍ഗമായാണ് പലരും കാണുന്നത്. 2009 മുതല്‍ 2025 ജനുവരി വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 28241 ശതമാനമാണ് ബിറ്റ്‌കോയിന്റെ വില ഉയര്‍ന്നത്. സ്വിഫ്റ്റ്, വയര്‍ട്രാന്‍സ്ഫര്‍, മൊബൈല്‍ വാലറ്റുകള്‍ എന്നിങ്ങനെയുള്ള സകല ഇലക്ട്രോണിക് ശൃംഖലകളെയും ഒഴിവാക്കി കാലതാമസമോ ഫീസുകളോ ഇല്ലാതെയാണ് ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ നടക്കുന്നത്.
അയക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങള്‍ പൂര്‍ണ രഹസ്യമായിരിക്കും. അതോടൊപ്പം കള്ളപ്പണമോ കള്ളനോട്ടോ പോലുള്ള തട്ടിപ്പും ഇതിലുണ്ടാകില്ലെന്നും ഇതിന്റെ വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. ബിറ്റ്‌കോയിന്റെ വികേന്ദ്രീകൃത പ്രവര്‍ത്തനരീതി, പരിമിതമായ ലഭ്യത, ആഗോളതലത്തിലുള്ള സ്വീകാര്യത, സുതാര്യത എന്നിവ അതിന്റെ സാധ്യതകള്‍ അനന്തമാക്കുന്നു. ഒരുകാലത്ത് ക്രിപ്‌റ്റോ കറന്‍സികളെ രൂക്ഷമായി വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ളവര്‍ പിന്നീട് ഇതിനെ വാഴ്ത്തുകയുണ്ടായി. ഈ വര്‍ഷം മുതല്‍ ആഗോളതലത്തില്‍ ക്രിപ്‌റ്റോകറന്‍സികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെടും എന്നാണ് കരുതപ്പെടുന്നത്. അതേസമയം, ക്രിപ്‌റ്റോ കറന്‍സികളുടെ അമിതമായ വളര്‍ച്ച അമേരിക്കയെ ആശങ്കപ്പെടുത്തുന്നുമുണ്ട്. ആഗോളവ്യാപാരങ്ങളില്‍ നിലവില്‍ ഡോളറിനുള്ള മേധാവിത്വം വൈകാതെ ക്രിപ്‌റ്റോ കറന്‍സികള്‍ നേടുമെന്ന് പ്രവചിക്കുന്നവര്‍ ഒട്ടേറെയാണ്. അതോടൊപ്പം ആഗോ ളറിസര്‍വ് കറന്‍സിയായി ബിറ്റ്‌കോയിന്‍ മാറാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
സാധ്യതകളും അപകടങ്ങളും
ക്രിപ്‌റ്റോ കറന്‍സികളുടെ ഏറ്റവും വലിയ ഗുണവും ദോഷവും ഒന്ന് തന്നെയാണ്. അതിനെ നിയന്ത്രിക്കാന്‍ ആരുമില്ല എന്നത്. അത് വലിയ നേട്ടങ്ങള്‍ക്ക് കാരണമാവുന്നത് പോലെ തന്നെ വലിയ ദോഷങ്ങളും സൃഷ്ടിക്കും. കുറ്റകൃത്യങ്ങള്‍ക്കും ഭീകരവാദത്തിനും ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിക്കുന്നത് വ്യാപകമാകുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേപത്തട്ടിപ്പുകളും വ്യാപകമാകുന്നുണ്ട്. അതോടൊപ്പം മൂല്യത്തിലുണ്ടാവുന്ന വന്‍വര്‍ധന പോലെ തന്നെ അത് കൂപ്പുകുത്താനുള്ള സാധ്യതകളുമുണ്ട്. മറ്റ് നിക്ഷേപങ്ങള്‍ പോലുള്ള സ്ഥിരത ഇതില്‍ പ്രതീക്ഷിക്കാന്‍ പാടില്ല. ഒരൊറ്റ വാര്‍ത്തയോ പുതിയ മാറ്റങ്ങളോ മെച്ചപ്പെട്ട സാങ്കേതികവിദ്യയോ വരുന്നതോടെ സമ്പാദ്യങ്ങള്‍ അപ്രത്യക്ഷമാകാനുള്ള സാധ്യത എപ്പോഴും മുന്‍പിലുണ്ട്. അതിനാല്‍ തന്നെ ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കുന്നത് പലരും പ്രോത്സാഹിപ്പിക്കാറില്ല.
നിലവില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്ത്യയില്‍ നിയമപരമാണ്. റിസര്‍വ്ബാങ്ക് മുന്‍പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അനുകൂലമായ സുപ്രീം കോടതി വിധിയോടെ അസാധുവായി. എങ്കിലും കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ക്രിപ്‌റ്റോ കറന്‍സികളെ പ്രോത്സാഹിപ്പിക്കുന്നില്ല. കര്‍ശനമായ നികുതി നിയമങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ആരാധകരുള്ളപോലെ തന്നെ ഒട്ടേറെ വിമര്‍ശകരുമുണ്ട്. വിമര്‍ശകര്‍ ഇതിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് വാദിക്കുമ്പോൾ ആരാധകര്‍ അത് സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. നിരോധനത്തിലൂടെ ഇല്ലാതാകുന്ന സാങ്കേതികവിദ്യയല്ല ഇതെന്നും ഇന്ത്യയില്‍ മാത്രം നിരോധിച്ചാലും ലോകം ക്രിപ്ര്‌റ്റോയുമായി മുന്നോട്ട്‌പോകുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ഇത്തരം കറന്‍സികള്‍ യുക്തിസഹമല്ലെന്നും വലിയ നിഗൂഢതയാണ് ഇതിന് പിന്നിലുള്ളതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
സതോഷി നകാമോട്ടോ വ്യക്ത്ത്വം വെളിപ്പെടുത്തുമോ?
അടിസ്ഥാനപരമായി ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട ഏറ്റവും വലിയ നിഗൂഢത അതിന്റെ സ്രഷ്ടാവ് തന്നെയാണ്. എന്തിനാണ് ഈ ഒളിച്ചുകളി എന്ന ചോദ്യം ക്രിപ്‌റ്റോ എന്ന ആശയത്തെ എക്കാലത്തും സംശയത്തിന്റെ മുനയിലെത്തിക്കുന്നു. എന്നാല്‍, സതോഷി അജ്ഞാതനായി തുടരുന്നത് ബിറ്റ്‌കോയിന്റെ വിജയത്തിന് നിര്‍ണായകമായതായി കരുതുന്നവവരും ഉണ്ട്. തലവനായി ഒരു വ്യക്തിയോ കമ്പനിയോ ഇല്ലാത്തത് ബിറ്റ്‌കോയിന്റെ അധികാര കേന്ദ്രമില്ലായ്മയെ ശക്തിപ്പെടുത്തുന്നു. ഒരു വ്യക്തിയിലോ അധികാര കേന്ദ്രത്തിലോ വിശ്വാസമര്‍പ്പിക്കേണ്ട ബാധ്യത ഉപയോക്താക്കള്‍ക്കില്ലാതെ വരുന്നു. ബിറ്റ്‌കോയിന്‍ എക്കോ സിസ്റ്റത്തിന്റെ ഭാഗമായി ഒരു വലിയ കമ്മ്യൂണിറ്റിയെ വളര്‍ത്താനും ഇത് സഹായിക്കുന്നു. സാങ്കേതികവിദ്യയും സംവിധാനങ്ങളും മെച്ചപ്പെടുന്നു. അതിനാലൊക്കെത്തന്നെ ഭാവിയിലൊരിക്കലും സതോഷി നകാമോട്ടോ തന്റെ യഥാര്‍ഥ വ്യക്തിത്വം വെളിപ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് പലരും വിശ്വസിക്കുന്നത്.
Content Highlights: who is satoshi nakamoto what is cryptocurrency bitcoin
Published: 05 Aug 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented