മോസ്‌കോ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തലാക്കി എന്നത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒഴികെ മറ്റാരും പറഞ്ഞിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ് ലവ്‌റോവ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നോ മന്ത്രിമാരുടെ ഭാഗത്തുനിന്നോ അത്തരത്തിൽ ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ബുധനാഴ്ച പറഞ്ഞു.
ഇന്ത്യയും മറ്റ് രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നത് തടയാൻ യുഎസ് ശ്രമിക്കുന്നതായി റഷ്യ ആരോപിച്ചതിന് രണ്ട് ദിവസത്തിന് പിന്നാലെയാണ് ലവ്‌റോവിന്റെ പുതിയ പ്രസ്താവന. താരിഫുകളും ഉപരോധങ്ങളും നേരിട്ടുള്ള നിരോധനങ്ങളും ഉൾപ്പെടെ വിപുലമായ സമ്മർദ്ദനടപടികൾ യുഎസ് ഈ രാജ്യങ്ങൾക്കുനേരെ പ്രയോഗിക്കുന്നതായി റഷ്യ ആരോപിച്ചു.
'റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ ധാരണയിൽ എത്തിയതായി ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതായി നിങ്ങൾ സൂചിപ്പിച്ചു. എന്നാൽ പ്രധാനമന്ത്രി മോദിയുടെ ഭാഗത്തുനിന്നോ മറ്റ് ഇന്ത്യൻ നേതാക്കളിൽനിന്നോ അങ്ങനെയൊരു വിവരം എനിക്ക് ലഭിച്ചിട്ടില്ല.' സ്റ്റേറ്റ് ഡുമയിലെ (ലോവർ ഹൗസ്) ഒരു എംപിയോട് പ്രതികരിക്കവെ ലവ്‌റോവ് പറഞ്ഞു.
2025 ഡിസംബറിൽ പ്രസിഡന്റ് പുതിൻ ഇന്ത്യയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശനം മോസ്‌കോയും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തിയതായി ലവ്‌റോവ് അഭിപ്രായപ്പെട്ടു. 'കഴിഞ്ഞ ഡിസംബറിൽ പ്രസിഡന്റ് പുതിൻ ഇന്ത്യയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദർശന വേളയിൽ നിരവധി സംയുക്ത രേഖകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ഈ സന്ദർശനം റഷ്യ-ഇന്ത്യൻ ബന്ധം കൂടുതൽ മെച്ചപ്പെടുത്തി, പ്രത്യേകതയുള്ള തന്ത്രപരമായ പുതിയ പങ്കാളിത്തം സൃഷ്ടിച്ചു.' ലവ്‌റോവ് പറഞ്ഞു.
ഈ വർഷം ഇന്ത്യൻ അധ്യക്ഷതയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ വീണ്ടും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ലവ്‌റോവ് പറഞ്ഞു. ഇന്ത്യ എത്രത്തോളം ആഗ്രഹിക്കുന്നുവോ അത്രത്തോളം ഇന്ത്യയുമായുള്ള ബന്ധത്തിൽ മുന്നോട്ട് പോകാൻ റഷ്യ തയ്യാറാണെന്നും, അതിന് അതിരുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവരുൾപ്പെടെ അഞ്ച് പുതിയ അംഗങ്ങളുള്ള 10 അംഗ ബ്ലോക്കായ ബ്രിക്‌സ് അധ്യക്ഷസ്ഥാനം ഇന്ത്യ ഔദ്യോഗികമായി 2026 ജനുവരി ഒന്നിന് ഏറ്റെടുത്തിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യയുമായുള്ള ഒരു വ്യാപാര കരാർ പ്രഖ്യാപിക്കുന്നതിനിടയിലാണ്, റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടത്. റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് ഓഗസ്റ്റിൽ ഏർപ്പെടുത്തിയ 25 ശതമാനം അധിക നികുതി ഇത് സൂചിപ്പിച്ച് ട്രംപ് പിൻവലിച്ചിരുന്നു.
Content Highlights: Russian Foreign Minister Lavrov states only Trump claimed India would stop buying Russian oil. India maintains energy security focus. Learn more.
Published: 11 Feb 2026, 08:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented