വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ ജയത്തിന് പിന്നാലെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ ഭാവി പ്രവചിച്ച് ടെസ്ല സിഇഒ ഇലോൺ മസ്ക്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ നിലംപതിക്കുമെന്ന് ഇലോൺ മസ്ക് പറഞ്ഞു. 2025 ഒക്ടോബർ 20നാണ് കാനഡയിലെ പൊതുതിരഞ്ഞെടുപ്പ്. 

To advertise here,

ജർമ്മനിയിലെ സോഷ്യലിസ്റ്റ് സർക്കാർ തകർന്നു. ഉടൻ തന്നെ ഒരു പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണെന്ന് എക്സ് പ്ലാറ്റ് ഫോമിൽ സ്വീഡിഷ് മാധ്യമപ്രവർത്തകന്റെ കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു ഇലോൺ മസ്കിന്റെ മറുകുറിപ്പ്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് വിഡ്ഢിയാണെന്ന് മസ്ക് കുറിച്ചു. ഇതിന് താഴെ മറ്റൊരു ഉപയോക്താവ്, 'കാനഡയിൽ നിന്ന് ട്രൂഡോയെ പുറത്താക്കാൻ ഞങ്ങൾക്ക് നിങ്ങളെ ആവശ്യമുണ്ട്; എന്ന് കമന്റ് ചെയ്തു. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം പുറത്താകുമെന്ന് ഇതിന് മസ്ക് മറുപടി നൽകി. 

അമേരിക്കൻ തിരഞ്ഞെടുപ്പിൽ ട്രംപിന് വേണ്ടി പ്രചാരണ രംഗത്ത് മസ്ക് ശക്തമായി നിലയുറപ്പിച്ചിരുന്നു. പ്രചാരണത്തിലുടനീളം മസ്കും അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുള്ള എക്സ് പ്ലാറ്റ്ഫോമും ശക്തമായി നിലകൊണ്ടു.

2025ലെ കാനഡ പൊതുതിരഞ്ഞെടുപ്പ് ട്രൂഡോ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. ഇതിനിടെ ഖലിസ്ഥാൻവാദികളെച്ചൊല്ലി ഇന്ത്യ - കാനഡ ബന്ധം ഉലഞ്ഞിരുന്നു. പ്രതിപക്ഷ നിരയിലുള്ള പിയറി പൊയിലീവർ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയും ജഗ്മീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും മറ്റു പാർട്ടികളും ശക്തമായിത്തന്നെ ട്രൂഡോയുടെ ലിബറൽ പാർട്ടിക്കെതിരേ നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് മസ്‌കിന്റെ പ്രവചനം.