വാഷിങ്ടണ്‍: ഹമാസിന് അന്ത്യശാസനം നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബന്ദികളേയും കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങളും ഹമാസ് ഉടന്‍ കൈമാറണമെന്നും അല്ലാത്തപക്ഷം ഹമാസിനെ പൂര്‍ണമായും നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹമാസ് സഹകരിച്ചില്ലെങ്കില്‍ ഇസ്രയേലിന് തിരിച്ചടിക്കാനുള്ള സഹായം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
ഹമാസുമായി യു.എസ് നേരിട്ട് ചര്‍ച്ച തുടങ്ങിയതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസനം. തന്റെ ഔദ്യോഗിക എക്‌സ് പേജിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യ അറിയിച്ചത്. 'ഇത് അവസാനത്തെ മുന്നറിയിപ്പാണ്. നേതൃത്വത്തോടാണ് പറയുന്നത്. ഗാസ പൂർണമായും കയ്യൊഴിയാൻ നിങ്ങൾക്ക് ഇതാണ് നല്ല സമയം, രക്ഷപ്പെടാനാവുമെങ്കിൽ മാത്രം. ഗാസയിലെ ജനങ്ങളെ മനോഹരമായ ഒരു ഭാവി കാത്തിരിക്കുന്നുണ്ട്. പക്ഷേ, നിങ്ങള്‍ ബന്ദികളെ പിടിച്ചുവെച്ചാല്‍ അത് യാഥാര്‍ഥ്യമാകില്ല. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ മരിച്ചു എന്ന് കരുതിയാല്‍ മതി.'- ട്രംപ് ഭീഷണിപ്പെടുത്തി.
1997-ന് ശേഷം ഇതാദ്യമായാണ് ഹമാസുമായി യു.എസ്. നേരിട്ട് ചര്‍ച്ച നടത്തുന്നത്. ഹമാസിന്റെ പിടിയിലുള്ള യു.എസ്. ബന്ദി ഇദാന്‍ അലക്‌സാണ്ടറിന്റെ മോചനത്തിനും കൊല്ലപ്പെട്ടവരുടെ നാല് പേരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുമായിരുന്നു ചര്‍ച്ച.
നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഹമാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും അന്ത്യശാസനം നല്‍കിയത്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ പിടിച്ചെടുത്ത ബന്ദികളില്‍ അവശേഷിക്കുന്നവരെ കൈമാറിയില്ലെങ്കില്‍ സങ്കല്‍പിക്കാന്‍ പോലുമാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
ആറാഴ്ച്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം ഫെബ്രുവരി അവസാനത്തോടെ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതില്‍ തീരുമാനങ്ങളൊന്നുമുണ്ടായില്ല.
യുദ്ധാനന്തര ഗാസയുടെ പുനര്‍നിര്‍മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പദ്ധതിയെ യു.എസും ഇസ്രയേലും തള്ളുകയും ചെയ്തു. പദ്ധതി ഗാസയിലെ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നില്ലെന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയവും വൈറ്റ് ഹൗസും പ്രതികരിച്ചത്. ഈജിപ്ത് ആവിഷ്‌കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞദിവസം ഉച്ചകോടിക്കിടെയാണ് അറബ് രാജ്യങ്ങള്‍ അംഗീകരിച്ചത്. അഞ്ച് വര്‍ഷംകൊണ്ട് മൂന്ന് ഘട്ടങ്ങളായുള്ള പുനരധിവാസ പദ്ധതിയാണിത്.
യുദ്ധാനന്തരം ഗാസയെ ഇസ്രയേല്‍ തങ്ങള്‍ക്ക് നല്‍കുമെന്നും ഗാസയെ ഏറ്റെടുത്ത് പുനര്‍നിര്‍മിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പലസ്തീനികളെ മറ്റെവിടേക്കെങ്കിലും മാറ്റിയ ശേഷമാകും പുനര്‍നിര്‍മാണമെന്ന ട്രംപിന്റെ പ്രസ്താവനയിൽ അറബ് രാജ്യങ്ങള്‍ എതിപ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ബദല്‍ പദ്ധതിയുമായി അറബ് രാജ്യങ്ങള്‍ മുന്നോട്ടുവന്നത്.
Content Highlights: donald trump last warning to hamas
Published: 06 Mar 2025, 09:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented