വാഷിങ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടുവെന്നുള്ള സൂചന നല്‍കുന്ന പ്രസ്താവനയുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന. എന്നാല്‍ ഏത് രാജ്യമാണ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതെന്ന് ട്രംപ് വ്യക്തമാക്കിയില്ല. 

To advertise here,

ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കേണ്ടിയിരുന്ന ആണവയുദ്ധം തടയുന്നതില്‍ തന്റെ പങ്ക് നിര്‍ണായകമായതായും ട്രംപ് തിങ്കളാഴ്ച അഭിപ്രായപ്പെട്ടു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞമാസം ഒരു രാജ്യം യുദ്ധത്തിനിടെ അഞ്ച് വിമാനങ്ങള്‍ വീഴ്ത്തിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു. 

ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ പാകിസ്താന്റെ അഞ്ച്യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായുള്ള എയര്‍ചീഫ് മാര്‍ഷല്‍ അമര്‍ പ്രീതിന്റെ പ്രസ്താവനയിറങ്ങി ആഴ്ചകള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂതല ആക്രമണമാണ് ഇന്ത്യ നടത്തിയതെന്നും അന്ന് അമര്‍ പ്രീത് സിങ് കൂട്ടിച്ചേര്‍ത്തിരുന്നു. ഏപ്രില്‍ 22-ന് ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനികദൗത്യം നടത്തിയത്‌.