ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രഖ്യാപിച്ച് ഡൊമിനിക്ക. കോവിഡ് മഹാമാരിക്കാലത്ത് ഡൊമിനിക്കയ്ക്ക് മോദി നല്‍കിയ സംഭാവനകള്‍ക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്കുമാണ് പുരസ്‌കാരം. 

To advertise here,

ഈ മാസം 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ് ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ പുരസ്‌കാരം മോദിയ്ക്ക് സമ്മാനിക്കുമെന്ന് ഡൊമനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് കാരികോം. 

രാജ്യത്തോടും മേഖലയോടുമുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാര്‍ഢ്യത്തിനുള്ള ഡൊമിനിക്കയുടെ നന്ദിയുടെ പ്രകടനമാണ് പുരസ്‌കാരമെന്നും അവാര്‍ഡ് വാഗ്ദാനം മോദി സ്വീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി 70,000 ഡോസ് ആസ്ട്രസെനെക്ക വാക്‌സിന്‍ നല്‍കിയതിനെ ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പരാമര്‍ശിച്ചു. ഇതിലൂടെ പകര്‍ച്ചാവ്യാധി സമയത്ത് നരേന്ദ്ര മോദി നല്‍കിയ പിന്തുണയെ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവര സാങ്കേതികവിദ്യ എന്നിവയില്‍ ഡൊമിനിക്കയ്ക്കുള്ള ഇന്ത്യയുടെ പിന്തുണയെക്കുറിച്ചും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.