വാഷിങ്ടൺ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പതിലധികം രാജ്യങ്ങളിൽ അമേരിക്കൻ ധനസഹായത്തോടെ 120-ലധികം ബയോലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ്. അതിവേഗം പടരുന്ന മാരകമായ രോഗാണുക്കളിൽ മതിയായ മേൽനോട്ടമില്ലാതെ ഗവേഷണങ്ങൾ നടന്നിട്ടുണ്ടെന്നും ഇത് വലിയ ആരോഗ്യഭീഷണി ഉയർത്തുന്നുണ്ടെന്നും ഇന്റലിജൻസ് വിഭാഗം വ്യക്തമാക്കുന്നു. പുതുതായി പുറത്തുവിട്ട രഹസ്യരേഖകളുടെ അടിസ്ഥാനത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ നിർണായക വെളിപ്പെടുത്തൽ.
ഈ ലാബുകളിൽ പലതും അമേരിക്കൻ ജനതയുടെയും ലോകത്തെ മറ്റ് ജനവിഭാഗങ്ങളുടെയും ആരോഗ്യത്തെ തകർക്കുന്ന മാരകമായ 'ഗെയിൻ ഓഫ് ഫങ്ക്ഷൻ' (Gain-of-Function) ഗവേഷണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് തുൾസി ഗബ്ബാർഡ് ആരോപിച്ചു. ഇത്തരം ലാബുകൾ എവിടെയെല്ലാം ഉണ്ടെന്നും അവയിൽ ഏതൊക്കെ രോഗാണുക്കളാണ് സൂക്ഷിച്ചിട്ടുള്ളതെന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായും അവർ പ്രസ്താവനയിൽ അറിയിച്ചു. അപകടകരമായ ഇത്തരം ഗവേഷണങ്ങൾ അവസാനിപ്പിക്കാനാണ് നിലവിലെ ഭരണകൂടത്തിന്റെ നീക്കമെന്നും അവർ കൂട്ടിച്ചേർത്തു.
പുറത്തുവന്ന രേഖകൾ പ്രകാരം യുക്രെയ്നിൽ മാത്രം 40-ലധികം ലബോറട്ടറികൾ സോവിയറ്റ് കാലഘട്ടത്തിലെ ജൈവായുധ രോഗാണുക്കളെ കൈകാര്യം ചെയ്തിരുന്നതായി കണ്ടെത്തി. ആന്ത്രാക്സ്, എബോള, മെർസ് (MERS), സാർസ് (SARS), പ്ലേഗ് തുടങ്ങിയ അതിതീവ്ര അപകടകാരികളായ രോഗാണുക്കളിലാണ് ഇവിടെ ഗവേഷണങ്ങൾ നടന്നത്. ഉദാഹരണത്തിന്, യുക്രെയ്നിലെ ഖേഴ്സൺ ഡയഗ്നോസ്റ്റിക് ലബോറട്ടറിക്ക് മാത്രം 1,728,822 ഡോളർ ധനസഹായം ലഭിച്ചിട്ടുണ്ടെങ്കിലും പ്രത്യേക രോഗാണുക്കളിൽ പ്രവർത്തിക്കാനുള്ള അവരുടെ അനുമതി, രേഖകളിൽ അപൂർണ്ണമായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഈ ലാബുകളെക്കുറിച്ച് മുൻ ഭരണകൂടങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണവും ഗബ്ബാർഡ് ഉന്നയിച്ചു. രാഷ്ട്രീയക്കാരും ഡോക്ടർ ഫൗചിയെപ്പോലെയുള്ള ആരോഗ്യവിദഗ്ധരും ബൈഡൻ ഭരണകൂടത്തിലെ ദേശീയ സുരക്ഷാ സംഘവും ഇത്തരം ലാബുകളെക്കുറിച്ചുള്ള സത്യം മറച്ചുവെച്ചു. സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചവരെ അവർ ഭീഷണിപ്പെടുത്തിയതായും ഗബ്ബാർഡ് ആരോപിച്ചു. ആഗോളതലത്തിൽ വിനാശകരമായ ആഘാതമുണ്ടാക്കാൻ ശേഷിയുള്ള ഇത്തരം ബയോലാബുകളുടെ സാന്നിധ്യം നിഷേധിക്കാനാണ് അവർ ശ്രമിച്ചതെന്നാണ് ആരോപണം.
ഈ കണ്ടെത്തലുകളെത്തുടർന്ന് ലോകമെമ്പാടുമുള്ള 'ഗെയിൻ ഓഫ് ഫങ്ക്ഷൻ' ഗവേഷണങ്ങൾക്കുള്ള ഫെഡറൽ ധനസഹായം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി അവസാനിപ്പിച്ചു. വിദേശ രാജ്യങ്ങളിലെ ഇത്തരം ലാബുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ നടക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ധാർമ്മികവും സാമ്പത്തികവും സുരക്ഷാപരവുമായ വലിയ ആശങ്കകളുണ്ടെന്നും ആഗോള ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും ഗബ്ബാർഡ് വ്യക്തമാക്കി.
Content Highlights: DNI Tulsi Gabbard reveals US-funded biolabs globally and a ban on Gain-of-Function research.
Published: 13 Jun 2026, 11:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented