ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മോഗ്ബസാറിൽ സ്വാതന്ത്രസമര സേനാനികളുടെ സ്മാരകത്തിന് മുമ്പിലുള്ള ഫ്ലൈ ഓവറിന് താഴെ ആണ് സ്ഫോടനം ഉണ്ടായത്. നിരവധി പേർ ദിവസവും സന്ദർശിക്കുന്ന സ്ഥലമാണ് ഇത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

To advertise here,

ഫ്ലൈ ഓവറിന് മുകളിൽനിന്ന് താഴേക്ക് സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സിയാം എന്ന് പേരുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്.

സ്വകാര്യ ഫാക്ടറിയിലെ ജോലിക്കാരനായിരുന്നു സിയാം. സ്ഫോടനം നടക്കുന്ന സമയത്ത് ഇദ്ദേഹം പ്രദേശത്തുണ്ടായിരുന്നതായി കുടുംബാഗങ്ങൾ പറയുന്നു.

സ്ഫോടനം നടന്നതിന് പിന്നാലെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. തുടർന്ന് പോലീസ് സംഭവസ്ഥലം വളഞ്ഞു. സ്ഫോടക വസ്തുക്കൾ വലിച്ചെറിഞ്ഞതിനു പിന്നാലെ അക്രമികൾ ഓടി രക്ഷപ്പെട്ടതായാണ് വിവരം.

ആക്രമണത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ധാക്കാ മെട്രോപൊളിറ്റൻ പോലീസിലെ രാംന ഡിവിഷനിലെ ഡെപ്യൂട്ടി കമ്മിഷണർ മസൂദ് ആലം പ്രതികരിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.