ബൊഗോട്ട: കൊളംബിയയുടെ പടിഞ്ഞാറൻ മേഖലയിലും അയൽരാജ്യമായ ഇക്വഡോറിലും ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനമാണ് നടന്നതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ഔദ്യോഗിക ഏജൻസിയും വ്യക്തമാക്കി. പ്രാദേശിക സമയം തിങ്കളാഴ്ചയാണ് ഭൂചലനമുണ്ടായത്. ഭൂമി കുലുങ്ങിയതിനെ തുടർന്ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും കെട്ടിടങ്ങളിൽനിന്ന് ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.

To advertise here,

കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറുള്ള സാൻ ജോസ് ഡെൽ പാൽമർ എന്ന സ്ഥലമാണ് പ്രഭവകേന്ദ്രമായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഭൂനിരപ്പിൽനിന്ന് ഏകദേശം 100 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് വ്യക്തമാക്കി. വ്യാപകമായ പ്രകമ്പനം കൊളംബിയയ്ക്കും ഇക്വഡോറിനും പുറമെ വടക്ക് പനാമയിൽവരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ബൊഗോട്ടയിലെ വലിയ കെട്ടിടങ്ങളിൽനിന്ന് ആളുകളെ മുൻകരുതലിന്റെ ഭാഗമായി ഒഴിപ്പിച്ചു.

ശക്തമായ ഭൂചലനമായിരുന്നുവെങ്കിലും കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ ഉടനടി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൊളംബിയൻ ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി.