ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 111 പേർ മരിച്ചതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച ഉണ്ടായ ഈ ഭൂചലനം കൊളംബിയയെയും അയൽരാജ്യമായ ഇക്വഡോറിനെയും നടുക്കി. നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്. രാജ്യത്തെ ആറു വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു.

To advertise here,

കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് മാറി ചോക്കോ മേഖലയിലെ സാൻ ജോസ് ഡെൽ പാൽമറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിയിൽ നിന്ന് ഏകദേശം 107 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യു.എസ്. ജിയോളജിക്കൽ സർവേയും കൊളംബിയൻ അധികൃതരും അറിയിച്ചു.

ചോക്കോ മേഖലയുടെ തലസ്ഥാനത്ത് ഭൂചലനത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. ഇവിടെ നിരവധി പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഗവർണർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എന്നാൽ നാശനഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചെറു പ്രകമ്പനങ്ങൾ സ്ഥിരമായി ഉണ്ടാവാറുണ്ടെങ്കിലും രാജ്യത്ത് ഇത്രവലിയ ഭൂചലനമുണ്ടാകുന്നത് അപൂർവമാണ്.