ന്യൂഡല്‍ഹി:  ബംഗ്ലാദേശും ചൈനയും ഒന്‍പത് സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചതായി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിന്റെ മാധ്യമ വിഭാഗം. ആരോഗ്യം, കായികം, സാംസ്‌കാരികം, സഹകരണം തുടങ്ങി ഒന്‍പത് മേഖലകളിലെ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പു വച്ചത്. ടീസ്ത നദി പദ്ധതിയിലേക്ക് ചൈനീസ് കമ്പനികളെ ക്ഷണിക്കുകയും ചെയ്തു.

To advertise here,

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മുഹമ്മദ് യൂനുസ് കൂടികാഴ്ച നടത്തി. ബംഗ്ലാദേശില്‍ ചൈന നിക്ഷേപം നടത്തുന്നത് സംബന്ധിച്ച ഔപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. മോംഗ്ല തുറമുഖത്തിന്റെ നവീകരണത്തിനും വിപുലീകരണത്തിനുമായുള്ള വാണിജ്യ കരാര്‍, റോബോട്ടിക് ഫിസിയോതെറാപ്പി എന്നിവ സംബന്ധിച്ചും പ്രഖ്യാപനങ്ങള്‍ നടന്നു. വണ്‍ ചൈന എന്ന തത്വത്തോടുള്ള ഉറച്ച പ്രതിബദ്ധത വ്യക്തമാക്കിയ ബംഗ്ലാദേശ്, പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈന മുഴുവന്‍ ചൈനയുടെ പ്രതിനിധിയാണെന്നും തായ്‌വാന്‍ ചൈനയുടെ അവിഭാജ്യഘടകമാണെന്നും ആവര്‍ത്തിച്ചു. സ്വതന്ത്ര തായ്‌വാന്‍ എന്ന ആശയത്തെ എതിർക്കുന്നുവെന്നും  പരമാധികാരത്തെ നിലനിര്‍ത്താനുള്ള ചൈനയുടെ ഏത് നീക്കത്തെയും പിന്തുണയ്ക്കുന്നുവെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.