ലണ്ടൻ: ഏദൻ ഉൾക്കടലിൽ യെമൻ തീരത്ത് ചരക്ക് കപ്പൽ സായുധരായ ആക്രമണകാരികൾ തട്ടിയെടുത്തതായി വിവരം. അസാന എന്ന കെമിക്കൽ ടാങ്കറിലാണ് അക്രമണകാരികൾ പ്രവേശിച്ചത്. കപ്പലിന്റെ നിയന്ത്രണം ഇവർ ഏറ്റെടുത്തതായി സമുദ്ര സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സൊമാലിയൻ കടൽക്കൊള്ളക്കാരാണ് പിന്നിലെന്നാണ് സംശയം. ഹൂതി വിമതരുടെ പങ്കും സംശയിക്കുന്നുണ്ട്.

To advertise here,

സോമാലിയൻ തുറമുഖമായ ബോസസോയിലേക്ക് പോയിക്കൊണ്ടിരുന്ന ടാങ്കറാണ് തട്ടിയെടുത്തത്. ആക്രമണകാരികളുടെ എണ്ണം, കപ്പലിൽ കയറിയ സാഹചര്യങ്ങൾ, കപ്പലിന്റെയും ജീവനക്കാരുടെയും സ്ഥിതി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ അനിശ്ചിതമായി തുടരുകയാണെന്നും സമുദ്ര സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.

യെമനിലെ അൽ മുഖല്ല തുറമുഖത്തിന് 65 നോട്ടിക്കൽ മൈൽ തെക്ക്, ഏദൻ ഉൾക്കടലിലൂടെ കിഴക്കോട്ട് സഞ്ചരിക്കുകയായിരുന്ന കപ്പലാണ് പിടിച്ചെടുക്കപ്പെട്ടതെന്ന് ബ്രിട്ടീഷ് നാവിക ഏജൻസി യുകെഎംടിഒ വ്യക്തമാക്കി.