
കാരക്കാസ്: രാജ്യത്ത് വലിയ നാശംവിതച്ച ഇരട്ട ഭൂകമ്പത്തിന് പിന്നാലെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിലെ ആകാശം ചൊവ്വാഴ്ച വൈകുന്നേരം കടും ചുവപ്പ് നിറത്തിലായതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. ആയിരക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ജൂൺ 24-ലെ ഇരട്ട ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തമാകുന്നതിന് മുൻപാണ് ആകാശത്തുണ്ടായ ഈ മാറ്റം ജനങ്ങളെ ആശങ്കയിലാഴ്ത്തിയത്.
ഭൂകമ്പം കഴിഞ്ഞ് കൃത്യം ആറ് ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്. മിനിറ്റുകൾക്കകം സാമൂഹിക മാധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ നിറയുകയും ഇതൊരു അത്ഭുതമാണെന്നോ അല്ലെങ്കിൽ വരാനിരിക്കുന്ന വലിയ വിപത്തിന്റെ മുന്നറിയിപ്പാണെന്നോ ഉള്ള ചർച്ചകൾ സജീവമാവുകയും ചെയ്തു. എന്നാൽ ഇതിൽ ഭയപ്പെടാനൊന്നുമില്ലെന്നും ഇത് കേവലം ഒരു അന്തരീക്ഷ പ്രതിഭാസം മാത്രമാണെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.
വെനസ്വേലയിലും കരീബിയൻ രാജ്യങ്ങളിലും ഈ പ്രതിഭാസത്തെ 'കൺടിലാസോ' (Candilazo) എന്നാണ് വിളിക്കുന്നത്. പഴയ കാലത്തെ എണ്ണവിളക്കുകളിൽ നിന്നുള്ള ഊഷ്മളമായ പ്രകാശത്തോട് ആകാശത്തിന് സാമ്യം തോന്നുന്നതിനാലാണ് ഈ പേര് വന്നത്. ശാസ്ത്രീയമായി ഇതിനെ 'റേലി സ്കാറ്ററിങ്' (Rayleigh scattering) എന്ന് വിളിക്കുന്നു.
സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ, അവിടെയുള്ള നൈട്രജൻ, ഓക്സിജൻ തുടങ്ങിയ സൂക്ഷ്മമായ വാതക തന്മാത്രകളുമായി അവ കൂട്ടിയിടിക്കുന്നു. ഈ വാതക തന്മാത്രകൾ ചുവപ്പ് നിറത്തെക്കാൾ വളരെ എളുപ്പത്തിൽ നീല വെളിച്ചത്തെ എല്ലാ ദിശകളിലേക്കും ചിതറിക്കുന്നു. ഇത്തരത്തിൽ നീല വെളിച്ചം അന്തരീക്ഷത്തിലുടനീളം പ്രതിഫലിക്കുന്നതിനാലാണ് പകൽ സമയത്ത് ആകാശം നീല നിറമായി നമുക്ക് അനുഭവപ്പെടുന്നത്.
എന്നാൽ, സൂര്യാസ്തമയ സമയത്ത് സൂര്യൻ ചക്രവാളത്തിന് താഴെയായിരിക്കുമ്പോൾ പ്രകാശത്തിന് അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. പ്രകാശം സഞ്ചരിക്കേണ്ട ദൂരം കൂടുമ്പോൾ, നീല വെളിച്ചം ഏതാണ്ട് പൂർണ്ണമായും ഇത്തരത്തിൽ ചിതറി ഇല്ലാതാകുന്നു. തരംഗദൈർഘ്യം കൂടിയതിനാൽ ചുവപ്പ്, ഓറഞ്ച് നിറങ്ങൾ മാത്രം അന്തരീക്ഷത്തിലെ ഈ തടസ്സങ്ങളെ അതിജീവിച്ച് നമ്മുടെ കണ്ണുകളിലേക്ക് എത്തുന്നു. ഇതുകൊണ്ടാണ് സന്ധ്യാസമയത്ത് ആകാശം ചുവന്ന നിറത്തിൽ ദൃശ്യമാകുന്നത്.
ഇത്തവണ ആകാശത്തിന്റെ നിറം ഇത്രയധികം കടുക്കാൻ സഹാറ മരുഭൂമിയിൽ നിന്ന് വാണിജ്യ വാതങ്ങൾ വഴി അറ്റ്ലാന്റിക് സമുദ്രം കടന്നെത്തിയ പൊടിപടലങ്ങളും കാരണമായതായാണ് വിലയിരുത്തൽ. വായുവിലെ ഈ സൂക്ഷ്മ ധാതുമണലുകൾ നീല വെളിച്ചത്തെ കൂടുതൽ ആഗിരണം ചെയ്യുകയും ചുവപ്പ് നിറത്തിന് ആധിപത്യം നൽകുകയും ചെയ്തു. കൂടാതെ, ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിന്നുള്ള പൊടിയും അവശിഷ്ടങ്ങളും വായുവിൽ കലർന്നത് ഇതിന്റെ തീവ്രത നേരിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ടാകാം.
Published: 01 Jul 2026, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented