ബ്രസീലിയ: ശിക്ഷ ഒഴിവാക്കാൻ ഒളിവിൽ പോകുമെന്ന ആശങ്കയെത്തുടർന്ന് മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയോട് ഇലക്ട്രോണിക് നിരീക്ഷണ ആംഗിൾ ടാഗ് ധരിക്കാൻ ബ്രസിൽ പോലീസ് ഉത്തരവിട്ടു. ഇതിനുപുറമെ, വിദേശ നയതന്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിനും രാത്രി വീട് വിട്ടിറങ്ങുന്നതിനും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും അധികൃതർ വിലക്കേർപ്പെടുത്തി. ഇത് അങ്ങേയറ്റത്തെ അപമാനകരമാണെന്നും രാജ്യം വിട്ട് പോകാൻ താൻ ഒരിക്കൽപോലും ചിന്തിച്ചിട്ടില്ലെന്നും ബോൾസോനാരോ പ്രതികരിച്ചു.

To advertise here,

2022-ലെ തിരഞ്ഞെടുപ്പിൽ ബ്രസീലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ലുല ഡ സിൽവയോട് പരാജയപ്പെട്ടതിന് ശേഷം അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയുടെ സൂത്രധാരൻ ബോൾസോനാരോയാണെന്ന് സുപ്രീം കോടതി വിചാരണയിൽ ആരോപിച്ചിരുന്നു. താമസിയാതെ വിധി വരുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. 

കേസിൽ കുറ്റക്കാരനാണെന്ന വിധി വരാനാണ് സാധ്യതയെങ്കിലും വലതുപക്ഷ നേതാവായ ബോൾസോനാരോ ഏതെങ്കിലും വിദേശ എംബസിയിൽ അഭയം തേടിയോ രാജ്യം വിട്ടോ തടവുശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമോ എന്നാണ് ആശങ്ക. 43 വർഷം വരെ തടവുശിക്ഷ ബോൾസോനാരോയ്ക്കു കിട്ടിയേക്കുമെന്നാണ് കരുതുന്നത്. 2024 ഫെബ്രുവരിയിൽ പോലീസ് പാസ്പോർട്ട് പിടിച്ചെടുത്തതിനെ തുടർന്ന് ബോൾസോനാരോ ഹംഗേറിയൻ എംബസിയിൽ രണ്ട് രാത്രി ചെലവഴിച്ചിരുന്നു.

ബോൾസോനാരോയെ രക്ഷിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രസീലിന് 50 ശതമാനം വ്യാപാര തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബോൾസോനാരോയെ പുതിയ സർക്കാർ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് എഴുതിയ കത്ത് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചിരുന്നു. കത്ത് പുറത്തുവന്ന് മണിക്കൂറുകൾക്ക് ശേഷം, ബോൾസോനാരോയെ പിന്തുണച്ച് വൈറ്റ് ഹൗസ് ഒരു പ്രസ്താവനയും പുറത്തിറക്കി. തൊട്ടുപിന്നാലെ, ബ്രസീലിയ നഗരത്തിലെ ബോൾസോനാരോയുടെ വീട്ടിൽ പോലീസ്  റെയ്ഡ് നടത്തി.

രണ്ട് സെർച്ച് വാറന്റുകൾ നടപ്പിലാക്കിയെന്നും പ്രതിരോധ നടപടി ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചതായി ദി ഗാർഡിയൻ  റിപ്പോർട്ട് ചെയ്തു. എന്നാൽ, റെയ്ഡിനെ തുടർന്ന് മുൻ പ്രസിഡന്റിനോട് ചില നിബന്ധനകൾ പാലിക്കാൻ പോലീസ് ആവശ്യപ്പെട്ടതായി  സൂചനയുണ്ട്. കണങ്കാലിൽ നിരീക്ഷണ ടാഗ് ധരിക്കുക, പകൽസമയങ്ങളിലും വാരാന്ത്യങ്ങളിലും വീട്ടിൽ തന്നെ തുടരുക എന്നിവ ഇതിൽ ഉൾപ്പെടും. 

ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽനിന്നു ബോൾസോനാരോയെ വിലക്കിയിട്ടുണ്ട്. ബോൾസോനാരോയുടെ വീട്ടിൽനിന്ന് 14,000 ഡോളർ പണമായി കണ്ടെത്തി. കുളിമുറിയിൽ ഒളിപ്പിച്ചുവെച്ച  യുഎസ്ബി ഫ്‌ളാഷ് ഡ്രൈവു കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

തനിക്കെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും ബോൾസോനാരോ നിഷേധിച്ചു. 'ഞാൻ ബ്രസീൽ വിടുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഒരു വിദേശ എംബസിയിൽ പോകുന്നതിനെക്കുറിച്ചും ഞാൻ ചിന്തിച്ചിട്ടില്ല.' ബോൾസോനാരോ പറഞ്ഞു.