ബ്രസീലിയ: ഭരണകൂട അട്ടിമറിക്കു ശ്രമിച്ചെന്ന കുറ്റത്തിന് ബ്രസീൽ മുൻപ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയ്ക്ക് സുപ്രീംകോടതി 27 വർഷം തടവുശിക്ഷ വിധിച്ചു. ‘ബ്രസീലിയൻ ട്രംപ്’ എന്ന് വിളിക്കപ്പെട്ടിരുന്ന തീവ്രവലതുപക്ഷക്കാരനായ ബൊൽസൊനാരോയ്ക്ക് (70) ശേഷിക്കുന്ന കാലം ജയിലിൽ കഴിയേണ്ടിവരും. ഇത്തരമൊരു കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ബ്രസീലിയൻ മുൻപ്രസിഡന്റാണ് അദ്ദേഹം.
2022 ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ ഇടതുനേതാവ് ലുല ഡ സിൽവയോട് തോറ്റ ബൊൽസൊനാരോ അധികാരത്തിൽ തുടരാൻ പുതിയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നതാണ് കേസ്. ലുലയുടെ സത്യപ്രതിജ്ഞയ്ക്കുശേഷമാണ് ബൊൽസൊനാരോയുടെ അനുയായികൾ പാർലമെന്റ് മന്ദിരവും പ്രസിഡന്റിന്റെ വസതിയും ഉൾപ്പെടെയുള്ളവയിൽ അതിക്രമിച്ചുകടന്നത്. ഇതിനുള്ള ഗൂഢാലോചന നടത്തിയത് ബൊൽസൊനാരോയാണെന്ന് തെളിഞ്ഞതായി കോടതി പറഞ്ഞു.
അഞ്ചംഗബെഞ്ചിലെ നാലു ജഡ്ജിമാർ വിധിയെ അനുകൂലിച്ചു. ഒരാൾ ബൊൽസൊനാരോയെ കുറ്റവിമുക്തനാക്കുന്നതിനെ പിന്തുണച്ചു. ബൊൽസൊനാരോക്കെതിരായ കേസിന്റെ പേരിൽക്കൂടിയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബ്രസീലിന് 50 ശതമാനം ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ചത്.
ട്രംപിന്റെ അടുത്ത സുഹൃത്ത്
ബ്രസീലിയ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്താണ് ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്‌ർ ബൊൽസൊനാരോ. ഒന്നാംഭരണകാലത്ത് ട്രംപ് ചെയ്തതെല്ലാം അനുകരിക്കാൻ ശ്രമിച്ചു അദ്ദേഹം.
2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ ജയം അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ അദ്ദേഹത്തിന്റെ ആഹ്വാനപ്രകാരം കാപ്പിറ്റോൾ ഹില്ലിലെ യുഎസ് പാർലമെന്റ് മന്ദിരത്തിൽക്കടന്ന് അതിക്രമം നടത്തിയിരുന്നു. 2022-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുനേതാവും മുൻ പ്രസിഡന്റുമായ ലൂയീസ് ഇനാഷ്യോ ലുല ഡ സിൽവയോട് തോറ്റ ബൊൽസൊനാരോ അതും അനുകരിച്ചു. ലുല സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റശേഷം 2023 ജനുവരി എട്ടിന് ബൊൽസൊനാരോ അനുകൂലികൾ സുപ്രീകോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും കൊൺഗ്രസിലും ഇരച്ചെത്തി കലാപം നടത്തി. അതിനുത്തരവിട്ടത് താനാണെന്ന് ബൊൽസൊനാരോ തന്നെ പറഞ്ഞു.
പക്ഷേ, ട്രംപിനുകിട്ടിയ ഭാഗ്യം ബൊൽസൊനാരോക്ക് കിട്ടിയില്ല. 2024 നവംബറിൽ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ട്രംപിന്റെ പേരിലുള്ള കേസുകൾ തള്ളിപ്പോയി. ബൊൽസൊനാരോയ്ക്കാകട്ടെ സുപ്രീംകോടതി 27 കൊല്ലം തടവ് വിധിച്ചു.
ബൊൽസൊനാരോയ്ക്കെതിരേയുള്ള വിചാരണാനടപടികൾ നിർത്തിവെക്കണമെന്ന് ട്രംപ് പലകുറി ലുല സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിനു ചെവികൊടുക്കാഞ്ഞതിന്റെപേരിലാണ് ബ്രസീലിനുള്ള ഇറക്കുമതിത്തീരുവ ട്രംപ് 50 ശതമാനമാക്കി വർധിപ്പിച്ചതുപോലും. ബൊൽസൊനാരോയെ വേട്ടയാടുന്നെന്നു കാട്ടി ബ്രസീലിയൻ സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡർ ഡി മോറെയ്സിന് യുഎസ് വിസാ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ബൊൽസൊനാരോ മന്ത്രിസഭയിലുണ്ടായിരുന്ന മന്ത്രിമാർ, സേനാമേധാവി എന്നിവരുമുൾപ്പെടെ ഏഴുപേർക്കും തടവുശിക്ഷയുണ്ട്.
അന്യായമായ തടവുകാലമാണ് വിധിച്ചിരിക്കുന്നെതെന്നും അതിനെതിരേ വേണ്ടിവന്നാൽ അന്താരാഷ്ട്രതലത്തിലടക്കം അപ്പീൽപോകുമെന്നും ബൊൽസൊനാരോയുടെ അഭിഭാഷകർ പറഞ്ഞു. ഇപ്പോൾ വീട്ടുതടങ്കലിലാണ് ബൊൽസൊനാരോ. ബോൽസൊനാരോയുടെ അനുയായികൾ ചേർന്ന് പൊതുമാപ്പിനുള്ള ബിൽ പാർലമെന്റിൽ കൊണ്ടുവരുമെന്ന് മകനും ജനപ്രതിനിധിയുമായ ഫ്ലാവിയോ ബൊൽസനാരോ വ്യക്തമാക്കി.
തീവ്രവലതുപക്ഷക്കാരനായ ബൊൽസൊനാരോ 2019-ലാണ് ബ്രസീലിന്റെ പ്രസിഡന്റായത്. കോവിഡ് കാലത്തെ വാക്സിൻവിരുദ്ധതയുടെപേരിൽ കുപ്രസിദ്ധിനേടി.
1985-ൽ പട്ടാളഭരണത്തിൽനിന്ന് ബ്രസീൽ ജനാധിപത്യത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടശേഷം കുറ്റംചുമത്തപ്പെടുന്ന നാലാമത്തെ മുൻ പ്രസിഡന്റും ഭരണകൂടഅട്ടിമറിശ്രമത്തിനു ശിക്ഷിക്കപ്പെടുന്ന ആദ്യ മുൻ പ്രസിഡന്റുമാണ് ബൊൽസൊനാരോ. 2018-’19 കാലത്ത് അഴിമതിക്കേസിൽ 10 മാസം ലുല ജയിലിൽ കിടന്നിട്ടുണ്ട്.
തക്ക മറുപടി നൽകും യുഎസ്
ബൊൽസൊനാരോയ്ക്കെതിരേയുള്ള നടപടിയിൽ ബ്രസീലിന് തക്ക മറുപടി നൽകുമെന്നും വിധി രാഷ്ട്രീയപ്രേരിതമാണെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. അതേസമയം, റൂബിയോയുടെ ഭീഷണി തങ്ങളുടെ ഭയപ്പെടുത്തില്ലെന്ന് ബ്രസീൽ വിദേശകാര്യമന്ത്രാലയം തിരിച്ചടിച്ചു. ബൊൽസൊനാരോ മികച്ച പ്രസിഡന്റും മനുഷ്യനുമായിരുന്നെന്ന് പറഞ്ഞ ട്രംപ്, അദ്ദേഹത്തിനെതിരേയുള്ള നിയമവ്യവഹാരങ്ങൾ തനിക്കെതിരേ യുഎസിൽ നടക്കുന്ന രാഷ്ട്രീയവേട്ടയ്ക്കുസമമാണെന്നു പറഞ്ഞു.
Content Highlights: Brazil`s former President Jair Bolsonaro has been sentenced to 27 years in prison
Published: 13 Sept 2025, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented