ടെൽ അവീവ്: ഇസ്രയേലിന്റെ ദോഹ ആക്രമണത്തെ ‘സെപ്റ്റംബർ 11’ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി ന്യായീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 2023 ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണം ഇസ്രയേലിനെ സംബന്ധിച്ച് ‘9/11’ നിമിഷമാണെന്ന് നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഇരുണ്ടദിനമായ 2001 വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.
9/11-നു മറുപടിയായി യുഎസ് എന്തൊക്കെ നടപടികൾ സ്വീകരിച്ചോ അതുതന്നെയാണ് ഇസ്രയേൽ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. അന്ന് ഭീകരസംഘടനയായ അൽഖായിദയ്ക്കെതിരേ യുഎസ് നടത്തിയ പോരാട്ടത്തെയും നെതന്യാഹു അനുസ്മരിച്ചു.
“സെപ്റ്റംബർ 11-നുശേഷം യുഎസ് എന്താണ് ചെയ്തത്. ആ നിന്ദ്യമായ പ്രവൃത്തിചെയ്ത ഭീകരരെ അവർ എവിടെയായിരുന്നാലും വേട്ടയാടിവീഴ്ത്തുമെന്ന് പ്രതിജ്ഞചെയ്തു. ഒരു രാജ്യവും ഭീകരർക്ക് അഭയം നൽകരുതെന്നുപറഞ്ഞ് യുഎൻ രക്ഷാസമിതിയിൽ പ്രമേയം പാസാക്കി. അൽഖായിദ ഭീകരരെത്തേടി അഫ്ഗാനിസ്താനിലിറങ്ങി. ഒസാമ ബിൻലാദനെ പാകിസ്താനിൽച്ചെന്ന് വധിച്ചു. ഇതുതന്നെയാണ് ഇസ്രയേലും കഴിഞ്ഞദിവസം ചെയ്തത്.” -നെതന്യാഹു പറഞ്ഞു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ നടത്തിയ ആക്രമണത്തെ അപലപിച്ച ലോകരാജ്യങ്ങൾ സ്വന്തം പ്രവൃത്തിയോർത്ത് ലജ്ജിക്കണമെന്നും നെതന്യാഹു പറഞ്ഞു. ഹമാസുകാർക്ക് സഹായധനവും അഭയവും ആഡംബരജീവിതവുമൊരുക്കുന്നെന്നു പറഞ്ഞ് ഖത്തറിനെ കുറ്റപ്പെടുത്തി. “ഭീകരർക്ക് താവളമൊരുക്കുന്ന ഖത്തറിനോടും മറ്റു രാജ്യങ്ങളോടും എനിക്കു പറയാനുള്ളത്, ഒന്നുകിൽ നിങ്ങൾ അവരെ പുറത്താക്കണം, അല്ലെങ്കിൽ നിമയത്തിനു വിട്ടുകൊടുക്കണം. നിങ്ങൾ അത് ചെയ്തില്ലെങ്കിൽ ഞങ്ങൾ ചെയ്യും.” -നെതന്യാഹു മുന്നറിയിപ്പ് നൽകി.
2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ആക്രമണം നടത്തി 1200-ഒാളംപേരെ കൂട്ടക്കൊല ചെയ്തതിൽ പങ്കാളികളായ ഹമാസുകാരെ ലക്ഷ്യമിട്ടാണ് ദോഹയിൽ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ പറയുന്നത്.
2001-ൽ യുഎസിലെ വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ തുടങ്ങിയ കെട്ടിടങ്ങൾക്കുമേൽ റാഞ്ചിയ വിമാനങ്ങൾ ഇടിച്ചിറക്കി അൽഖായിദ നടത്തിയ ഭീകരാക്രമണത്തിൽ മൂവായിരത്തോളംപേരാണ് മരിച്ചത്.
Content Highlights: benjamin netanyahu compares qatar attack to 9\11
Published: 12 Sept 2025, 04:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented