വാഷിംഗ്ടൺ: പലസ്തീനുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ, ഭാവിയിൽ ഉണ്ടാകാനിടയുള്ള പലസ്തീൻ രാഷ്ട്രത്തെ ഇസ്രയേലിനെ നശിപ്പിക്കാനുള്ള വേദിയായി അദ്ദേഹം വിശേഷിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്. 2023 ഒക്ടോബർ ഏഴിന് ഗാസയിൽനിന്നുണ്ടായ ഹമാസ് ആക്രമണത്തെ പലസ്തീൻകാർക്ക് രാജ്യം ലഭിച്ചാൽ എന്തുചെയ്യുമെന്നതിന്റെ തെളിവായി നെതന്യാഹു വിശേഷിപ്പിച്ചു.

To advertise here,

ദ്വിരാഷ്ട്രം എന്നത് പരിഹാരമാണോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞത് തനിക്കറിയില്ലെന്നാണ്. ചോദ്യം അദ്ദേഹം നെതന്യാഹുവിന് കൈമാറുകയും ചെയ്തു. 'പലസ്തീൻകാർക്ക് സ്വയംഭരണത്തിനുള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കണം, എന്നാൽ, ഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള അധികാരങ്ങൾ ഉണ്ടാകരുത്. അതിനർത്ഥം,  സുരക്ഷ പോലുള്ള പരമാധികാരം എപ്പോഴും ഞങ്ങളുടെ കൈവശമായിരിക്കും എന്നാണ്.' നെതന്യാഹു പറഞ്ഞു.

''ഒക്ടോബർ ഏഴിന് ശേഷം, പലസ്തീൻകാർക്ക് ഒരു രാജ്യം, ഗാസയിൽ ഒരു ഹമാസ് രാജ്യം ഉണ്ടെന്ന് ആളുകൾ പറഞ്ഞു. അവർ എന്താണ് ചെയ്തതെന്ന് നോക്കൂ. അവർ ബങ്കറുകളും തുരങ്കങ്ങളും ഉണ്ടാക്കി. അതിനുശേഷം അവർ നമ്മുടെ ആളുകളെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പുരുഷന്മാരുടെ തലയറുക്കുകയും ചെയ്തു. അത് രണ്ടാം ലോക മഹായുദ്ധത്തിനും നാസികൾക്കും ഹോളോകോസ്റ്റിനും ശേഷം നാം കണ്ടിട്ടില്ലാത്ത തരത്തിലുള്ളതാണ്.'' നെതന്യാഹു കൂട്ടിച്ചേർത്തു.

2023 ഒക്ടോബർ ഏഴ് ആക്രമണത്തിനു ശേഷം ഇസ്രയേലിൽ 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. 50 ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കൈവശമാണ്. അതിൽ 20 പേർ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. തിരിച്ചടിയായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 57,000-ത്തിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. ഗാസയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഭവനരഹിതരായി.