ധാക്ക/ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരി എന്ന കൃഷ്ണദാസ് പ്രഭു അറസ്റ്റിലാണെന്ന് റിപ്പോര്‍ട്ട്. ധാക്ക വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത കൃഷ്ണദാസ് പ്രഭുവിനെ അധികൃതര്‍ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, അറസ്റ്റ് സംബന്ധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 

To advertise here,

രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ഇസ്‌കോണ്‍ (ISKCON) അംഗം കൂടിയായ കൃഷ്ണദാസ് പ്രഭുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിലെ വിവിധയിടങ്ങളില്‍ വന്‍പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ചിറ്റഗോങ്, ബരിസാല്‍, ഖുല്‍ന എന്നിവിടങ്ങളിലാണ് കൃഷ്ണദാസ് പ്രഭുവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. ധാക്കയിലെ ഡിറ്റക്ടീവ് ബ്രാഞ്ച് ഓഫീസിന് മുന്നില്‍ ഇസ്‌കോണിന്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. 

കൃഷ്ണദാസ് പ്രഭു അവിടെ അറസ്റ്റിലായെന്ന വിവരം ഇന്ത്യയിലെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് കാഞ്ചന്‍ ഗുപ്തയും പങ്കുവെച്ചു. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധ റാലി സംഘടിപ്പിച്ചതിന് പിന്നാലെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയും രംഗത്തെത്തി. വിഷയത്തില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനോട് ആവശ്യപ്പെട്ടു.