
ധാക്ക: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ഉപദേശക സമിതിയുടെ അപ്രതീക്ഷിത യോഗം വിളിച്ചുചേർത്ത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. മുൻകൂട്ടി നിശ്ചയിച്ച ദേശീയ സാമ്പത്തിക സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് തൊട്ടുപിന്നാലെ മന്ത്രിമാർ ഉൾപ്പെടെയുള്ള ഉപദേഷ്ടാക്കളുമായി യൂനുസ് കൂടിക്കാഴ്ച നടത്തിയതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യൂനുസ് ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ കാണാൻ നിശ്ചയിച്ചിരുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്. അതേസമയം, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി), ജമാഅത്തെ ഇസ്ലാമി എന്നിവയുടെ നേതാക്കളെ യൂനുസ് കാണുമെന്ന് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ഷഫീഖുൾ ആലം എഎഫ്പിയോട് പറഞ്ഞു. ചർച്ചകളുടെ അജണ്ട പുറത്തുവിട്ടിട്ടില്ല. ബിഎൻപി മീഡിയാ വക്താവ് ഷൈറുൾ കബീർ ഖാനും ജമാഅത്തെ ഇസ്ലാമിയുടെ മീഡിയാ വക്താവ് അതൗർ റഹ്മാനും കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികളിൽ നിന്നും സൈന്യത്തിൽ നിന്നുമൊക്കെ എതിർപ്പ് നേരിടുന്നതിനിടെ യൂനുസ് രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പലവിഷയങ്ങളിലും രാഷ്ട്രീയ പാർട്ടികളുമായി സമവായം സാധ്യമാകാതെ വന്നതോടെയാണ് രാജിവെക്കാനുള്ള ആഗ്രഹം യൂനുസ് പ്രകടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ( ബിഎൻപി) യൂനുസിനെതിരെ ധാക്കയിൽ വലിയ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. 2026 ജൂണിൽ പൊതുതിരഞ്ഞെടുപ്പ് നടത്താമെന്നാണ് യൂനുസിന്റെ നിലപാട്. എന്നാൽ ഉടനെ തിരഞ്ഞെടുപ്പ് വേണമെന്നാണ് ബിഎൻപിയുടെ ആവശ്യം. ഇതിനിടെ സൈന്യവും യൂനുസിനെതിരെ തിരിഞ്ഞിരുന്നു.
Content Highlights: Muhammad Yunus calls an urgent advisory meeting in Bangladesh amid political turmoil
Published: 24 May 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented