ധാക്ക: ഒരിടവേളയ്ക്ക് ശേഷം ബംഗ്ലാദേശ് രാഷ്ട്രീയ അക്രമങ്ങളുടെയും അസ്വസ്ഥതകളുടെയും പുതിയ അന്തരീക്ഷത്തിന് സാക്ഷ്യംവഹിക്കുകയാണ്. ഭയത്തിന്റെയും അസ്ഥിരതയുടെയും ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ മനഃപൂർവ്വം സൃഷ്ടിച്ചെടുത്ത കലാപമാണിതെന്ന ആരോപണവും ഇതിനകം ഉയർന്നുകഴിഞ്ഞു. ഷെയ്ഖ് ഹസീന പുറത്തായതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് ഫെബ്രുവരി 12-നു നടക്കാനിരിക്കെയാണ് ഇത്തരമൊരു സാഹചര്യം ബംഗ്ലാദേശിൽ ഉടലെടുത്തിരിക്കുന്നത്.

To advertise here,

സുരക്ഷാ സാഹചര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്നത് തിരഞ്ഞെടുപ്പ് സുരക്ഷിതമല്ല എന്ന ഒരു ധാരണ സൃഷ്ടിക്കാനും അതുവഴി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന് വിശ്വാസയോഗ്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ കഴിയുമോ എന്ന ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽകൂടിയാണ് ഇത്തരമൊരു ആരോപണം ഉയർന്ന് വരുന്നത്.

വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നാണ് അക്രമം പൊട്ടിപുറപ്പെട്ടത്. ഉസ്മാൻ ഹാദിയുടെ മരണത്തിന് തൊട്ടുപിന്നാലെ ധാക്കയടക്കമുള്ള വിവിധ നഗരങ്ങളിലുണ്ടായ പ്രതിഷേധ പ്രകടനങ്ങൾക്ക് ഒരു ഏകോപന സ്വഭാവമുണ്ടായിരുന്നു. പ്രക്ഷോഭം ആരംഭിച്ചത് ഉടൻ തന്നെ വ്യാപകമായ അക്രമങ്ങളായി മാറി, തീവെപ്പ്, നാശനഷ്ടങ്ങൾ, തെരുവിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകളും സംശയത്തോടെയാണ് നിരീക്ഷകർ കാണുന്നത്.

ജനക്കൂട്ടം ഹൈവേകൾ ഉപരോധിച്ചു, മുൻ മന്ത്രിമാരുടെ വീടുകൾ ആക്രമിച്ചു, നിരവധി അവാമി ലീഗ് പ്രവർത്തകരെയും ലക്ഷ്യമിട്ട് ആക്രമണം നടന്നു. മാധ്യമ സ്ഥാപനങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചു.  പ്രമുഖ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകളും നശിപ്പിച്ചു.

അസ്വസ്ഥതകളുടെ ഒരു പ്രധാന കാരണം ഇന്ത്യ വിരുദ്ധ വികാരം ശക്തമായി ഉയർന്നുവരുന്നതാണെന്നും റിപ്പോർട്ടുണ്ട്. ചട്ടോഗ്രാമിൽ, ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണറുടെ ഔദ്യോഗിക വസതിക്കും ഓഫീസിനും നേരെ കല്ലേറുണ്ടാവുകയും ആക്രമണം നടക്കുകയും ചെയ്തതയാണ് വിവരം. ഇതിന്റെ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. അവയിൽ ചില തീവ്ര സംഘടനകളും പങ്കെടുത്തതായി പറയപ്പെടുന്നു. ധാക്കയിൽ, ഇന്ത്യൻ ഹൈക്കമ്മിഷനിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിക്കുകയും ബാരിക്കേഡുകൾ തകർത്ത് ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

കലാപം അന്താരാഷ്ട്ര തലത്തിൽ എത്തിക്കാനും ഇന്ത്യയെ ജനങ്ങളുടെ രോഷത്തിന്റെ കേന്ദ്രബിന്ദുവായി ചിത്രീകരിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും റിപ്പോർട്ടുകളുണ്ട്.