
ധാക്ക: ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കാൻ കാരണമായ 2024-ലെ ബഹുജനപ്രക്ഷോഭത്തിലെ പ്രധാനമുഖമായിരുന്ന യുവനേതാവ് ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിൽ യൂനുസ് ഭരണകൂടത്തിനുനേരെ വിരൽചൂണ്ടി സഹോദരൻ. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഈ കൊലപാതകം നടത്തിയതെന്ന് ഉസ്മാൻ ഹാദിയുടെ സഹോദരൻ ഒമർ ഹാദി ആരോപിച്ചു. ബംഗ്ലാദേശിൽ നിലവിൽ അധികാരത്തിലുള്ള യൂനുസ് സർക്കാരിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നാണ് ഒമർ പറയുന്നത്.
ഉസ്മാൻ ഹാദിയുടെ സഹോദരൻ ഷെരീഫ് ഒമർ ഹാദി ധാക്കയിലെ ഷാബാഗിൽ നടന്ന പ്രതിഷേധ യോഗത്തിൽ വെച്ചാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. 'നിങ്ങളാണ് ഉസ്മാൻ ഹാദിയെ കൊലപ്പെടുത്തിയത്, ഇപ്പോൾ ഇതിനെ ഒരു വിഷയമാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്' യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാരിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് ഒമർ പറഞ്ഞു.
ദേശീയ തിരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ നടത്തണമെന്നായിരുന്നു ഉസ്മാന്റെ ആഗ്രഹമെന്നും, വേഗത്തിൽ വിചാരണ നടത്താനും തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിന് തടസ്സമുണ്ടാക്കാതിരിക്കാനും അധികാരികൾ ശ്രദ്ധിക്കണമെന്നും ഒമർ ആവശ്യപ്പെട്ടു.
2024 ജൂലായിയിലെ പ്രക്ഷോഭത്തിൽ നിന്ന് രൂപംകൊണ്ട സംഘടനയായ ഇങ്കിലാബ് മോഞ്ചോയുടെ വക്താവായിരുന്നു ഷെരീഫ് ഉസ്മാൻ ഹാദി. ആ പ്രക്ഷോഭമാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പുറത്താക്കലിലേക്ക് നയിച്ചത്. ഡിസംബർ 12-ന് ധാക്കയിൽ വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്. സിങ്കപ്പുരിൽ ചികിത്സയിലിരിക്കെ ഡിസംബർ 18-നാണ് ഉസ്മാൻ ഹാദി മരിച്ചത്. ഉസ്മാൻ ഹാദിയുടെ കൊലപാതകം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെ തുടർന്ന് പ്രമുഖ പത്രങ്ങളുടെയും സാംസ്കാരിക സംഘടനകളുടെയും ഓഫീസുകൾക്ക് നേരെ അക്രമങ്ങൾ നടന്നു.
ഉസ്മാൻ ഹാദിക്ക് നീതി ലഭിച്ചില്ലെങ്കിൽ മുഹമ്മദ് യൂനുസിനും ഷെയ്ഖ് ഹസീനയെപ്പോലെ രാജ്യം വിട്ട് ഓടേണ്ടി വരുമെന്നും അദ്ദേഹത്തിന്റെ സഹോദരൻ മുന്നറിയിപ്പ് നൽകി.'കൊലയാളികളുടെ വിചാരണ വേഗത്തിലാക്കുക, തിരഞ്ഞെടുപ്പ് അന്തരീക്ഷം തകരാറിലാകരുത്. സർക്കാർ ഇതുവരെ കാര്യമായ പുരോഗതി കാണിച്ചിട്ടില്ല. ഉസ്മാൻ ഹാദിക്കുള്ള നീതി ലഭിച്ചില്ലെങ്കിൽ, ഒരു ദിവസം നിങ്ങളും ബംഗ്ലാദേശ് വിട്ട് ഓടേണ്ടി വരും' ഒമർ ഹാദി പറഞ്ഞു.
ഏജൻസികൾക്കോ 'വിദേശ യജമാനന്മാർക്കോ' വഴങ്ങാത്തതിനാലാണ് തന്റെ സഹോദരനെ കൊലപ്പെടുത്തിയതെന്നും ഒമർ ആരോപിച്ചു.
Content Highlights: Brother of slain Bangla youth leader Sharif Osman Hadi accuses Yunus govt of election sabotage.
Published: 24 Dec 2025, 11:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented