ധാക്ക: ബലാത്സംഗക്കേസ് സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ വനിതാ ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ബംഗ്ലാദേശ് സുപ്രീംകോടതി. ബലാത്സംഗം നടന്ന് 72 മണിക്കൂറിന് ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന വിവാദ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് വനിതാ ജഡ്ജിയായ ബീഗം മൊസാമ്മത് കമ്രുന്നഹര്‍ നാഹറിനെ കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതെന്ന് ദി ഡയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.  

2017ല്‍ ധാക്കയിലെ ഹോട്ടലില്‍ രണ്ട് വിദ്യാര്‍ഥിനികളെ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ വേളയിലായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്‍ശം. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. എന്നാല്‍ തെളിവുകളുടെ അപര്യാപ്ത ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ച ജഡ്ജി പ്രതികളെ കുറ്റവിമുക്തരാക്കി. 

ഇതിനുപിന്നാലെയാണ് പോലീസ് പൊതുജനത്തിന്റെ സമയം നഷ്ടപ്പെടുത്തുകയാണെന്നും കുറ്റകൃത്യം നടന്ന് 72 മണിക്കൂറിന് ശേഷം പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് ജഡ്ജി പറഞ്ഞത്. സംഭവത്തിന് മുമ്പ് വിദ്യാര്‍ഥിനികള്‍ പ്രതികളുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നതിന്റെ തെളിവാണിതെന്നും ജഡ്ജി നിരീക്ഷിച്ചിരുന്നു. 

ജഡ്ജിയുടെ വിവാദ പരാമര്‍ശം ബംഗ്ലാദേശില്‍ വ്യാപക വിമര്‍ശനത്തിനും വഴിവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് സുപ്രീംകോടതിയുടെ നടപടി. മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലേചിച്ച ശേഷമാണ് ജഡ്ജിക്കെതിരേയുള്ള നടപടിയെന്നും ബംഗ്ലാദേശ് സുപ്രീംകോടതി വ്യക്തമാക്കി. 

content highlights: Bangladesh woman judge who said rape cases should not be registered after 72 hours relieved of court duties