ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് പശ്ചിമേഷ്യയെ സംഘർഷത്തിലാക്കിയിരിക്കുകയാണ്. ഇറാനും ഇസ്രയേലും യുഎസ്സും തമ്മിലുള്ള യുദ്ധം ആഗോള എണ്ണ വിതരണത്തെ താറുമാറാക്കി. യുദ്ധം തുടങ്ങി 10 ദിവസമായിട്ടും വെടിനിർത്തൽ സാധ്യതകൾ കാണുന്നില്ല. പരസ്പരം ആക്രമിച്ചും മറ്റുള്ളവരെ യുദ്ധക്കെടുതിയിലേക്ക് വലിച്ചിഴച്ചും സംഘർഷം മൂർച്ഛിക്കുകയാണ്. ഇതിനിടെ യുദ്ധത്തിലേക്ക് നയിച്ച ഖമനേയിയുടെ വധം സംബന്ധിച്ച് വിചിത്രമായ ഗൂഢാലോചന സിദ്ധാന്തങ്ങളാണ് വരുന്നത്. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ആണ് ഖമനേയിയുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനായി മൊസാദ് സ്വീകരിച്ച മാർഗങ്ങളെക്കുറിച്ച് വിവിധ തരത്തിലുള്ള വാദങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്

To advertise here,

ഇതിൽ ഏറ്റവും വിചിത്രമായ വാദങ്ങളിലൊന്ന് 'ടൂത്ത് ഫെയറി' ഓപ്പറേഷൻ. മൊസാദ് ഏജന്റുമാർ ഡോക്ടർമാരായും ദന്തഡോക്ടർമാരായും ഇറാനിൽ നുഴഞ്ഞുകയറുകയും പ്രമുഖ ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരുടെ പല്ലിലെ പോടുകൾ അടയ്ക്കുന്നതിനിടെ ട്രാക്കിങ് ചിപ്പുകൾ ഘടിപ്പിച്ചു എന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാദം. ഇതുപോലെ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റുകളായി എത്തിയ ഏജന്റുമാരും സമാനമായ ചിപ്പുകൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് ചിലർ കരുതുന്നു, എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.

ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാൻഡർ ഇസ്മായിൽ ഖാനി ഒരു മൊസാദ് ചാരനാണെന്നതാണ് അടുത്തത്. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ഖമനേയിയുടെ വസതിയിൽ ഉണ്ടായിരുന്ന ഖാനി, കൃത്യസമയത്ത് അവിടെനിന്ന് രക്ഷപ്പെട്ടത് ഇദ്ദേഹം സിഐഎയുടെയോ മൊസാദിന്റെയോ ചാരനാണെന്ന സംശയത്തിന് ബലം നൽകുന്നു. ഖാനിയെ മൊസാദ് ബന്ധത്തിന്റെ പേരിൽ ഇറാൻ അറസ്റ്റ് ചെയ്തതായും ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഇതേപ്പറ്റി ഇറാന്റെ ഭാഗത്തുനിന്ന് പ്രതികരണങ്ങളുണ്ടായിട്ടില്ല. ഇസ്മായിൽ ഖാനി ഒരു ചാരനാണെന്ന വാദത്തിന് ഇതുവരെ ഔദ്യോഗികമായോ അല്ലാതെയോ യാതൊരു സ്ഥിരീകരണവും ലഭ്യമല്ല.. ഇത് നിലവിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന ഒരു അഭ്യൂഹം മാത്രമാണ്. റെഡ്ഡിറ്റ് (Reddit) പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ചർച്ചകളിൽ നിന്നാണ് ഖാനി ഒരു മൊസാദ് ചാരനോ സിഐഎ ഇൻഫോർമറോ ആണെന്ന വാദങ്ങൾ ഉയർന്നുവന്നത്. ഓപ്പറേഷൻ ടൂത്ത് ഫെയറി പോലെ ഇതും അടിസ്ഥാനമില്ലാത്ത ചില വൈൽഡ് തിയറികൾ മാത്രമാണ്.

അതേസമയം ടെഹ്റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും വർഷങ്ങളായി ഇസ്രായേൽ ഹാക്ക് ചെയ്തിരിക്കുകയായിരുന്നു എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതുവഴി ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് ഖമനേയിയുടെ അംഗരക്ഷകരുടെ നീക്കങ്ങളും ദിനചര്യകളും നിരീക്ഷിക്കാൻ മൊസാദിന് സാധിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ഇറാനികൾ ഉപയോഗിക്കുന്ന 'ബാദെസബ' (BadeSaba) എന്ന പ്രാർത്ഥനാ ആപ്പ് ഇസ്രായേൽ ഹാക്ക് ചെയ്തു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജനങ്ങളെ ഭരണകൂടത്തിനെതിരെ തിരിയാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ ഇതിലൂടെ അയച്ചതായും റിപ്പോർട്ടുണ്ട്.

ഇറാൻ ആണവായുധങ്ങൾ കൈക്കലാക്കുന്നത് തടയാനാണ് നിലവിലെ ആക്രമണങ്ങളെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും വാദിക്കുന്നത്. എന്നാൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക പോലും തുടക്കമിടാൻ ഇരുപക്ഷവും നിലവിൽ തയ്യാറല്ല. ഇറാനിലെ ഉദ്ദേശ ലക്ഷ്യങ്ങൾ പൂർത്തിയാക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രയേലും യുഎസും പറയുമ്പോൾ വിട്ടുവീഴ്ചയില്ലെന്നും കീഴടങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.