ടെല്‍ അവിവ്: ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സെന്‍ട്രല്‍ ഇസ്രയേലിലെ ജാഫയില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പില്‍ എട്ട് മരണം. ഭീകരാക്രമണമാണ് നടന്നതെന്നാണ് വിലയിരുത്തല്‍. വെടിവെപ്പ് നടത്തിയ രണ്ടുപേരെ സുരക്ഷാസേന വധിച്ചു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് സൂചന. ആയുധങ്ങളുമായി ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതിന് പിന്നാലെയാണ് രണ്ട് അക്രമികളെ സുരക്ഷാസേന വധിച്ചത്.

To advertise here,

ലെബനനില്‍ ഇസ്രയേല്‍ ചൊവ്വാഴ്ച കരയാക്രമണം തുടങ്ങിയതിനു പിന്നാലെയാണ് ഇറാന്റെ മിസൈല്‍ ആക്രമണം. ടെല്‍ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് 180 മിസൈലുകളാണ് ഇറാന്‍ അയച്ചത്. അയല്‍രാജ്യമായ ജോര്‍ദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേല്‍ ഇവ വെടിവെച്ചിട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു.

ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സുമായി ചേര്‍ന്ന് മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ അറിയിച്ചു. ഇറാനില്‍നിന്ന് ആക്രമണമുണ്ടാകുമെന്ന് യു.എസ്. മുന്നറിയിപ്പുനല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ടെല്‍ അവീവിലും ജറുസലേമിലുമുള്ള ജനങ്ങളോട് സുരക്ഷിതകേന്ദ്രത്തിലേക്കു മാറാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിരുന്നു.

കര - വ്യോമ ആക്രമണങ്ങളില്‍ വിറങ്ങലിച്ച് ലെബനന്‍

ബയ്‌റുത്ത്: ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയെയും പ്രധാന കമാന്‍ഡര്‍മാരെയും വധിച്ചതിനുപിന്നാലെ ലെബനനില്‍ കരയധിനിവേശം തുടങ്ങിയ ഇസ്രയേല്‍ രാജ്യത്തുടനീളം വ്യോമാക്രമണവും ശക്തമാക്കി. തലസ്ഥാനമായ ബയ്റുത്തിലും പ്രാന്തപ്രദേശങ്ങളിലും തെക്കന്‍ ലെബനനിലും ബെകാ വാലിയിലും ചൊവ്വാഴ്ച ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു. 24 മണിക്കൂറിനിടെ 95 പേര്‍ മരിച്ചു. 172 പേര്‍ക്ക് പരിക്കേറ്റു. ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ ഒരു വര്‍ഷത്തോളമായി സംഘര്‍ഷത്തിലാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രമണം. ഇസ്രയേല്‍ കരയുദ്ധത്തിനു തുനിഞ്ഞാല്‍ അതിന് തങ്ങള്‍ സജ്ജരാണെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചിരുന്നു.

പൗരരെ ഒഴിപ്പിച്ച് രാജ്യങ്ങള്‍

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ പൗരരെ ലെബനനില്‍നിന്നൊഴിപ്പിക്കാനുള്ള നടപടികള്‍ വിവിധ രാജ്യങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷ് പൗരരുമായി പ്രത്യേക ചാര്‍ട്ടേഡ് വിമാനം ബുധനാഴ്ച ബയ്‌റുത്തില്‍നിന്ന് പുറപ്പെടും. ആവശ്യമെങ്കില്‍ കൂടുതല്‍ വിമാനമയക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. ചൊവ്വാഴ്ചത്തെ വിവിധ വിമാനസര്‍വീസുകളിലായി പൗരര്‍ക്കായി 800 സീറ്റുകള്‍ കാനഡ ബുക്കുചെയ്തു. 45000 കനേഡിയന്‍ പൗരരാണ് ലെബനനിലുള്ളത്. നയതന്ത്രജീവനക്കാര്‍, അവരുടെ ആശ്രിതര്‍, ആരോഗ്യപ്രശ്‌നങ്ങളുള്ള പൗരര്‍ എന്നിവരടക്കം 110 പേരെ തിങ്കളാഴ്ച ജര്‍മനി ഒഴിപ്പിച്ചു. പോര്‍ച്ചുഗല്‍, ബള്‍ഗേറിയ, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നിവയും പൗരരെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങി. സിറിയയിലേക്ക് ഒരു ലക്ഷത്തോളംപേര്‍ പലായനംചെയ്തു. അതില്‍ 80 ശതമാനം പേരും ആഭ്യന്തരയുദ്ധസമയത്ത് ലെബനനില്‍ അഭയംതേടിയ സിറിയക്കാരാണ്. 2.1 ലക്ഷം പലസ്തീന്‍ അഭയാര്‍ഥികള്‍ വിവിധക്യാമ്പുകളിലായി ലെബനനില്‍ കഴിയുന്നുണ്ട്.