ന്യൂഡൽഹി: ഒമാൻ തീരത്ത് അമേരിക്കൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡെക്ക് കേഡറ്റ് ആദിത്യ ശർമ (23) തന്റെ അവസാന ഫോൺ വിളിയിൽ സംസാരിച്ചത് ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ സംബന്ധിച്ചായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പിതാവ് ജേഷ് ശർമ. 

To advertise here,

യുഎസ് സൈനികാക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായ സ്ഥിരീകരണം പുറത്തുവന്ന ശേഷം ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂൺ ഒൻപതിന് 'എം.ടി. സെറ്റബെല്ലോ' കപ്പലിന് നേരെ ആക്രമണം ഉണ്ടാകുന്നതിന് മുൻപുള്ള ഞായറാഴ്ചയാണ് ആദിത്യ പിതാവ് രാജേഷ് ശർമയെ അവസാനമായി വിളിച്ചത്.

മേഖലയിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് കപ്പലിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അമേരിക്കൻ നാവികസേനയിൽനിന്ന് രണ്ട് തവണ മുന്നറിയിപ്പുകൾ ലഭിച്ചതായും ആദിത്യ വെളിപ്പെടുത്തിയതായി പിതാവ് പറഞ്ഞു. ഈ മുന്നറിയിപ്പുകൾ നിലനിൽക്കെത്തന്നെ കപ്പൽ ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങാൻ ശ്രമിക്കുകയാണെന്ന വിവരവും ആദിത്യ അന്ന് പറഞ്ഞിരുന്നു.

തങ്ങളുടെ കപ്പലിന് സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പൽ ആക്രമിക്കപ്പെട്ടുവെന്നും എന്നാൽ അതിലെ ജീവനക്കാരെ അധികൃതർ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും ആദിത്യ പറഞ്ഞിരുന്നു. തന്നെ ഓർത്ത് ഭയപ്പെടേണ്ടെന്ന് പറഞ്ഞ് കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെയാണ് കപ്പൽ കമ്പനി ആദിത്യയുടെ മരണവാർത്ത കുടുംബത്തെ അറിയിക്കുന്നത്. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഉണ്ടായിട്ടും നാവികരുടെ ജീവൻ അപകടത്തിലാക്കി കപ്പൽ മുന്നോട്ട് കൊണ്ടുപോയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധത്തിലാണ് കുടുംബം. ആദിത്യയെ കൂടാതെ മറ്റ് രണ്ട് നാവികർ കൂടി മരണപ്പെട്ട വാർത്ത തനിക്ക് താങ്ങാനാവുന്നില്ലെന്നും അവർ തന്റെ മക്കളെപ്പോലെയായിരുന്നുവെന്നും രാജേഷ് ശർമ കൂട്ടിച്ചേർത്തു.

ഹിമാചൽ പ്രദേശിലെ ഹമീർപുർ സ്വദേശിയായ ആദിത്യ, ചെന്നൈയിലെയും ഗ്ലാസ്‌ഗോയിലെയും പഠനത്തിന് ശേഷം കഴിഞ്ഞ നവംബറിലാണ് ചരക്കുകപ്പലിൽ ജോലിയിൽ പ്രവേശിച്ചത്. മെയ് മാസത്തിൽ ജോലി പൂർത്തിയാക്കി മടങ്ങാനിരുന്ന മകൻ പിന്നീട് രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു.

ഇന്ത്യൻ നാവിക സമൂഹത്തിന് ഇത് നികത്താനാവാത്ത വലിയൊരു നഷ്ടമാണെന്ന് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പം മോദി സർക്കാർ ഉറച്ചുനിൽക്കുമെന്നും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. രക്ഷപ്പെട്ട ക്രൂ അംഗങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കാനും മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങൾ അന്ത്യകർമങ്ങൾക്കായി വേഗത്തിൽ തിരികെ എത്തിക്കാനുമുള്ള നടപടികൾ സ്വീകരിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.