സംഘര്‍ഷഭരിതമായി തുടരുന്ന ലെബനന്‍ അതിര്‍ത്തിയില്‍ 21 ദിവസം വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന നിര്‍ദേശത്തോട് മുഖം തിരിച്ചുനില്‍ക്കുകയാണ് ഇസ്രയേല്‍. ചോരചിന്തുന്ന ലെബനന് താല്‍ക്കാലിക ആശ്വസം നല്‍കാന്‍ അമേരിക്കയുടെ നേതൃത്വത്തിലാണ് യൂറോപ്യന്‍ യൂണിയനും യു.കെയും അറബ് രാജ്യങ്ങളും ഉള്‍പ്പെടുന്ന 12 രാജ്യങ്ങളുടെ സഖ്യം ആഹ്വാനം ചെയ്തത്. അതിര്‍ത്തിയില്‍ ഇസ്രയേലും ഹിസ്ബുള്ളയും നേര്‍ക്കുനേര്‍ നിന്ന് പൊരുതുന്നതിനിടെയാണ് സമാധാനത്തിനുള്ള ശ്രമങ്ങള്‍ക്കായി സഖ്യകക്ഷികളുടെ ശ്രമം. എന്നാല്‍, സഖ്യരാഷ്ട്രങ്ങളുടെ ആഹ്വാനം ഇസ്രയേല്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിക്കുകയും ചെയ്തു. സെപ്തംബര്‍ 27ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ടാണ് സംഘര്‍ഷവുമായി ബന്ധപ്പെട്ട ശക്തമായ നിലപാട് നെതന്യാഹു അറിയിച്ചത്. അതേദിവസം തന്നെയായിരുന്നു ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസ്രള്ളയെ വധിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചത്. ലക്ഷ്യം കാണുന്നതുവരെ യുദ്ധം ശക്തമായി തുടരുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ഇത്. നസ്രള്ള വധം നടന്നിട്ട് ദിവസങ്ങളായിട്ടും ആക്രമണത്തിന് അൽപം പോലും കുറവില്ല. കൊണ്ടും കൊടുത്തും യുദ്ധം തുടരുമ്പോൾ പൊതുവേ ദുര്‍ബലമായ പശ്ചിമേഷ്യ കൂടുതല്‍ തകര്‍ച്ചയിലേക്കെത്തുകയാണ്.  

To advertise here,

സമാധാനത്തിന് ആഹ്വാനം

വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സംയുക്ത പ്രസ്താവന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമാണ് പുറത്തുവിട്ടത്. സുരക്ഷയുടേയും സംരക്ഷണത്തിന്റേയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവന, പരസ്പരമുള്ള വെടിവെപ്പും ആക്രമണങ്ങളും താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ഇസ്രയേലിനോടും ലെബനനോടും ആവശ്യപ്പെടുന്നു. ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച സംഘര്‍ഷം, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയായി നടന്നത് അതിഗൗരവമായ സംഘര്‍ഷമാണ്. സാധാരണക്കാരടക്കം നൂറുകണക്കിന് കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ അത് ജനങ്ങള്‍ക്കും മേഖലയ്ക്കും ഒരുപോലെ ആശ്വാസമേകുമെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നത് ചര്‍ച്ചകള്‍ വഴിതുറക്കുമെന്നും പൗരന്മാര്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങിയെത്താന്‍ വഴിതുറക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ഇസ്രയേല്‍ സൈനിക മേധാവി ലഫ്. ജനറല്‍ ഹേര്‍സി ഹലേവി ലെബനനില്‍ ഹിസ്ബുള്ളയ്‌ക്കെതിരേ ശക്തമായ വ്യോമാക്രമണം നടത്തുമെന്ന സൂചന നൽകിയതിന് പിന്നാലെയാണ് വെടിനിര്‍ത്തലിന് സഖ്യകക്ഷികള്‍ ആഹ്വാനം ചെയ്തത്. കരയാക്രമണത്തിനും വ്യോമാക്രമണത്തിനും സജ്ജരാവാന്‍ ഇസ്രയേല്‍ അവരുടെ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കരവഴി ലെബനനിലേക്ക് അധിനിവേശം നടത്താനായിരുന്നു ഇസ്രയേല്‍ സൈന്യത്തിന് ലഭിച്ച നിര്‍ദേശം. കരയുദ്ധത്തിന്റെ സൂചന നല്‍കി ഇസ്രയേല്‍ സൈന്യം ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഉടനീളം കൂടുതല്‍ ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ചു. ഹിസ്ബുള്ള റോക്കറ്റ് ആക്രമണം തുടര്‍ന്നാല്‍ ലെബനനും ഗാസയുടെ അതേ അവസ്ഥവരുമെന്നായിരുന്നു ഇസ്രയേല്‍ ഉന്നത സൈനികോദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടായിരത്തിലേറെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ആക്രമിച്ചെന്നും ആക്രമണം ഇനിയും വ്യാപിപ്പിക്കുമെന്നും ലഫ്. ജനറല്‍ സൂചന നല്‍കിയിരുന്നു. പറഞ്ഞത് വെറും വാക്കായില്ല. സെപ്തംബര്‍ രണ്ടാംവാരം മുതല്‍ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണം ഗുരുതരമായ ദുരിതത്തിലേക്കാണ് ലെബനന്‍ മേഖലയെ കൊണ്ടെത്തിച്ചത്. ആയിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ആറായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

placeholder
ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ബെയ്റൂട്ടിലെ റസിഡന്‍ഷ്യല്‍ കെട്ടിടം

അന്താരാഷ്ട്ര സമ്മര്‍ദത്തെ തള്ളി നെതന്യാഹു

വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കൊണ്ടുള്ള അന്താരാഷ്ട്ര സമ്മര്‍ദം തങ്ങള്‍ക്കുണ്ടെങ്കിലും ഇസ്രയേലോ ലെബനനോ ഇതിനോട് ആദ്യം ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ലെബനനുമായി രഹസ്യചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് യു.എസ് പ്രതിനിധികള്‍ സൂചന നല്‍കി. എന്നാല്‍ ലക്ഷ്യം കാണുന്നത് വരെ ആക്രമണം തുടരുമെന്നാണ് നെതന്യാഹു വ്യക്തമാക്കിയത്. ഹിസ്ബുള്ള ആക്രമണത്തില്‍ വീടുകളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ സുരക്ഷിതരായി തിരിച്ചെത്തുന്നത് വരെ ആക്രമണം തുടരുമെന്ന് നെതന്യാഹുവും പ്രതികരിച്ചു. സഖ്യരാഷ്ട്രങ്ങളുടെ ആവശ്യത്തോട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. പകരം എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടാനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയത്. ശത്രുക്കള്‍ കീഴടങ്ങാതെ വെടിനിര്‍ത്തല്‍ സാധ്യമല്ലെന്നും സര്‍ക്കാര്‍ നയം വളരെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ സംഘടനയായ മൊസ്സാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനം ലക്ഷ്യമിട്ടുള്ള ഹിസ്ബുള്ളയുടെ ആക്രമണത്തിന് പിന്നാലെ കൂടിയായിരുന്നു നെതന്യാഹുവിന്റെ ശക്തമായ പ്രതികരണം. 

placeholder
Benjamin Netanyahu | Photo: AFP
ബെഞ്ചമിന്‍ നെതന്യാഹു

നെതന്യാഹു പറഞ്ഞത്

ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തെ കുറിച്ച് പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് നെതന്യാഹു ചെയ്തത്. ഹമാസ് പൂര്‍ണമായും ഇല്ലാതാക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഗാസയില്‍ ഹമാസ് അധികാരത്തില്‍ തുടര്‍ന്നാല്‍ അവര്‍ വീണ്ടും പുനഃസംഘടിപ്പിക്കപ്പെടും. ഇസ്രയേലിനെ വീണ്ടും വീണ്ടും ആക്രമിക്കും. ഹമാസ് ആയുധംവെച്ച് കീഴടങ്ങി ബന്ദികളെ മോചിപ്പിച്ചാല്‍ ഇപ്പോഴുള്ള യുദ്ധം അവസാനിക്കുമെന്നും നെതന്യാഹു യു.എന്‍. പൊതുസഭയില്‍ അഭിപ്രായപ്പെട്ടു. കീഴടങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ സമ്പൂര്‍ണവിജയം നേടുന്നതുവരെ പോരാടും. അതില്‍ മാറ്റമൊന്നുമില്ല. കിരാതന്മാരായ കൊലപാതകികള്‍ക്കെതിരേ ഞങ്ങള്‍ പ്രതിരോധിക്കും. ഞങ്ങളുടെ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ മാത്രമല്ല, സ്വേച്ഛാധിപത്യത്തിന്റേയും ഭീകരതയുടേയും ഇരുണ്ടകാലത്തേക്ക് മടക്കിക്കൊണ്ടുപോകാനുമാണ് ഞങ്ങളുടെ ശത്രുക്കള്‍ ശ്രമിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. 

ഇസ്രയേലിനെതിരേ പുതിയതായി ആക്രമണം രൂക്ഷമാക്കിയ ഹിസ്ബുള്ളയ്ക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. ഈ ഭീഷണിയെ ഇല്ലാതാക്കേണ്ടത് ഇസ്രയേലിന്റെ കടമയാണ്. ഞങ്ങള്‍ക്ക് പൗരന്മാരെ തിരിച്ചുകൊണ്ടുവരണം. അതാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ലക്ഷ്യം കാണുന്നതുവരെ ഹിസ്ബുള്ളയെ അടിച്ചമര്‍ത്തുന്നത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹിസ്ബുള്ളയെ പിന്തുണയ്ക്കുന്ന ഇറാനെതിരേയും നിശിതമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. 

ഐക്യരാഷ്ട്ര സഭയ്‌ക്കെതിരേയും അംഗരാജ്യങ്ങളില്‍ പലര്‍ക്കെതിരേയും ശക്തമായ വിമര്‍ശനമാണ് നെതന്യാഹു ഉന്നയിച്ചത്. ജീവനുവേണ്ടിയുള്ള യുദ്ധത്തിലാണ് എന്റെ രാജ്യം. എന്നാല്‍, ഇവിടെ സംസാരിച്ചവരില്‍ പലരും ഞങ്ങള്‍ക്കെതിരെ നുണകളും അപവാദവും പറയുന്നതായി അറിഞ്ഞു. അതുകൊണ്ടാണ് നേരെ കാര്യങ്ങള്‍ പറയാന്‍ ഇവിടെ വന്നത്, അതല്ലാതെ ഈ വര്‍ഷം പൊതുസഭയില്‍ സംസാരിക്കണണെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. പക്ഷേ, ഞങ്ങളെ ആക്രമിച്ചാല്‍ തിരിച്ചും ആക്രമിക്കും.ഇസ്രയേലിന്റെ നീളന്‍കൈ എത്താത്ത സ്ഥലങ്ങള്‍ ഇറാനിലില്ല. പശ്ചിമേഷ്യയ്ക്ക് മുഴുവന്‍ ഇത് ബാധകമാണ്. കുറേക്കാലമായി ലോകം ഇറാനെ പ്രീണിപ്പിക്കുകയായിരുന്നു. അത് അവസാനിപ്പിക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് ശക്തമായ ഭാഷയിലാണ് നെതന്യാഹു സംസാരിച്ചത്. 

placeholder
അന്‍റോണിയോ ഗുട്ടെറസ്

ലെബനനിലെ സ്ഥിതി നരകതുല്യം-യു.എന്‍

ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായി ചോരചിന്തിയ ദിനത്തിനായിരുന്നു സെപ്തംബര്‍ 23ന് ലെബനന്‍ സാക്ഷ്യം വഹിച്ചത്. ഹിസ്ബുള്ള നിയന്ത്രിക്കുന്ന മേഖലകളില്‍ ഇസ്രയേല്‍ വ്യാപകമായി കര-വ്യാമോക്രമണം നടത്തി. അതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ടെല്‍ അവീവിലെ മൊസാദ് ചാര ഏജന്‍സിയുടെ ആസ്ഥാനം ലക്ഷ്യമാക്കി ഹിസ്ബുള്ള, ഖാദര്‍ 1 ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. ഹിസ്ബുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് നടന്ന പേജര്‍ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയത്. ഇതിന് മറുപടിയായി ലെബനനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണ പരമ്പര നടത്തി. ആക്രമണത്തില്‍ 569 പേര്‍ കൊല്ലപ്പെടുകയും 1,835 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

അതിനിടെ ഗാസ, യുക്രൈന്‍, സുഡാന്‍ എന്നിവിടങ്ങളിലെ യുദ്ധം അവസാനിക്കാത്തതിനു കാരണം യു.എന്‍. രക്ഷാസമിതിയിലെ ഭിന്നതയാണെന്ന് വിമര്‍ശിച്ച് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും രംഗത്തെത്തി. യു.എന്‍. പ്രമാണരേഖയും അന്താരാഷ്ട്രനിയമവും ആവര്‍ത്തിച്ച് ലംഘിക്കപ്പെടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് വിലകൊടുക്കേണ്ടിവരുന്നത് സാധാരണക്കാരാണ്. വീറ്റോ അധികാരമുള്ള രാജ്യമായ റഷ്യ, യുക്രൈനില്‍ അധിനിവേശം നടത്തിയത് യു.എന്‍. പ്രമാണരേഖയുടെ ലംഘനമാണ്. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട ഏതു നടപടിയെയും റഷ്യ തടയും. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കര്‍ക്കശ നടപടിയെടുക്കാനാകാത്തത് വീറ്റോ അധികാരമുള്ള യു.എസ്. ഇസ്രയേലിന്റെ അടുത്ത സഖ്യകക്ഷിയായതിനാലാണ്. സുഡാന്റെ കാര്യത്തിലാണെങ്കില്‍ പോരടിക്കുന്ന ജനറല്‍മാരെ പിന്തുണയ്ക്കുന്ന അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയാണ്. രക്ഷാസമിതിയംഗങ്ങള്‍ ഒന്നിച്ചുനില്‍ക്കുകയും യു.എന്‍. പ്രമാണരേഖയും അന്താരാഷ്ട്രനിയമവും പാലിക്കുകയും ചെയ്താന്‍ യുക്രൈനിലും ഗാസയിലും സുഡാനിലും സമാധാനം സാധ്യമാക്കാമെന്നാണ് ഗുട്ടെറസ് പറഞ്ഞത്. ലെബനന്‍ മറ്റൊരു ഗാസയാവരുത്, അത്തരമൊരു സാഹചര്യം ഏത് വിധേനെയും ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

placeholder

ചോരചിന്തി ലെബനന്‍

ഗാസയെ ശവപ്പറമ്പാക്കി ഇസ്രയേല്‍ തുടരുന്ന ആക്രമണത്തിനിടെയാണ് ലെബനനിലും ചോരചിന്തിയത്. സെപ്തംബര്‍ 17ന് ആരംഭിച്ച ആക്രമണം വെറും 12 ദിവസം കൊണ്ട് മാറിമറിഞ്ഞു. മൊസാദ് ആസ്ഥാനത്തെ ഹിസ്ബുള്ള ലക്ഷ്യം വെച്ചത് ഇസ്രയേലിനെ ചൊടിപ്പിച്ചു. പതിനൊന്നാം ദിവസം നസ്രള്ളയെ വധിച്ചുകൊണ്ട് ഹിസ്ബുള്ളയ്ക്ക് മറുപടി കൊടുത്തതോടെ ഹിസ്ബുള്ള അവരുടെ പ്രത്യാക്രമണവും കടുപ്പിച്ചു. ഗോലാന്‍ കുന്നിലെ ഇസ്രയേല്‍ സേനാതാവളത്തിനുനേരെ ഞായറാഴ്ച ഹിസ്ബുള്ള എട്ട് ഫൗദി-1 റോക്കറ്റുകളയച്ചു. രണ്ടുദിവസത്തിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ 14 രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ലെബനന്‍ അറിയിച്ചു. 

ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ വെറും രണ്ട് ദിവസം കൊണ്ടാണ് മരണം ആയിരം കടന്നത്. ഇതില്‍ നൂറുകണക്കിന് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലായിരുന്നു ആക്രമണപരമ്പരകള്‍. 2006ല്‍ ഹിസ്ബുള്ളയുമായി നടത്തിയ യുദ്ധത്തിനുശേഷമുള്ള ഇസ്രയേലിന്റെ ഏറ്റവും മാരകമായ ആക്രമണമാണിത്. 15  ആക്രമണങ്ങളിലായി 2000 വെടിക്കോപ്പുകള്‍ ഉപയോഗിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. കൂടുതല്‍ ആക്രമണം ഭയന്ന് നഴ്സറികളടക്കം വിദ്യാലയങ്ങള്‍ അടച്ചു. തെക്ക്, കിഴക്കന്‍ മേഖലകളിലേക്ക് ആക്രമണം ഉണ്ടാകുമെന്ന ഇസ്രയേല്‍ ഭീഷണിയെ തുടര്‍ന്ന് തിങ്കള്‍ മുതല്‍ ജനങ്ങള്‍ കൂട്ടമായി ബെയ്റൂട്ടിലേക്ക് പലായനം ചെയ്യുകയാണ്. അതിനിടെയാണ് തലസ്ഥാനത്തും ആക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ ആയുധപ്പുരകള്‍ക്ക് നേരേയും മറ്റ് താവളങ്ങള്‍ക്കുനേരേയും ആക്രമണമുണ്ടായി. 

ലെബനനിലെ ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസ്രള്ളയെ വധിച്ചതിനുപിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ആക്രമണം ശക്തിപ്പെടുത്തിയത്. ലെബനനിലുടനീളം ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ തീതുപ്പി. നസ്രള്ളയെ വധിക്കാന്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ 20-ലേറെ അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. നസ്രള്ളയെ വധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം കമാന്‍ഡറായ ഖലീല്‍ യാസിനെയും മുതിര്‍ന്ന കമാന്‍ഡറും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗവുമായ നബീല്‍ ഖൗഖിനെയും ഇസ്രയേല്‍ വധിച്ചു. ഇസ്രയേലിനെതിരേ ആക്രമണം നടത്തുന്നതിനുള്ള രഹസ്യാന്വേഷണം നടത്തിയിരുന്നത് യാസിന്റെ കീഴിലുള്ള ഹിസ്ബുള്ള യൂണിറ്റാണ്. അതുവഴിയാണ് ഇസ്രയേലിന്റെ അതിര്‍ത്തിപ്രദേശങ്ങളിലും കൂടുതല്‍ ഉള്‍ഭാഗങ്ങളിലുമുള്ള ജനവാസമേഖലകളും സൈനികകേന്ദ്രങ്ങളും ഹിസ്ബുള്ള തിരിച്ചറിഞ്ഞിരുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്.) പറഞ്ഞു. ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡറും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗവുമായ നബീല്‍ ഖൗഖ് 1980-കളില്‍ നസ്രള്ളയ്‌ക്കൊപ്പംതന്നെ ഹിസ്ബുള്ളയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതാണ് ഖൗഖ്. 

placeholder

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus

പേജര്‍, ലോഞ്ചര്‍ അറ്റാക്ക്, ഹസ്സന്‍ നസ്രള്ള

സെപ്തംബര്‍ 17ലെ പേജര്‍ ആക്രമണമായിരുന്നു നിലവില്‍ തുടരുന്ന ആക്രമണത്തിന്റെ തുടക്കം. ലെബനനിലും സിറിയയിലുമുണ്ടായിരുന്ന ഹിസ്ബുള്ള അംഗങ്ങളുടെ കയ്യിലുണ്ടായിരുന്ന പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടികളുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. നാലായിരത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നതില്‍ വ്യക്തമായ തെളിവുകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും സത്യം പകല്‍ പോലെ വ്യക്തമായിരുന്നു. അതേസമയത്താണ് പലായനം ചെയ്യേണ്ടി വന്ന ഇസ്രയേലികള്‍ തിരിച്ചെത്തുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്രയേലും പ്രഖ്യാപിച്ചത്. ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തി ഹിസ്ബുള്ളയിലൂടെ സംഘര്‍ഷഭരിതമായപ്പോഴാണ് സാധാരണക്കാര്‍ ഇവിടെ നിന്ന് പലായനം ചെയ്തത്. ഒരു വര്‍ഷത്തോളമായി ഇവര്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചെത്താന്‍ പോലും സാധിച്ചിരുന്നില്ല. 

സെപ്തംബര്‍ 18നും സമാനമായ സംഭവങ്ങള്‍ നടന്നു. പേജറുകള്‍ക്കൊപ്പം വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. 14 പേര്‍ കൊല്ലപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സെപ്തംബര്‍ 19ന് ഇസ്രയേലിന് നേരെ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തി. 20ന് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ കൊല്ലപ്പെട്ടു. 37 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ മിലിട്ടറി കമാന്‍ഡര്‍ ഇബ്രാഹി അകിലും ആ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. സെപ്തംബര്‍ 21ന് ഇസ്രയേല്‍ ലെബനനിലെ 400 ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. തൊട്ടടുത്ത ദിവസങ്ങളിലെല്ലാം ഇസ്രയേലിന്റേയും ഹിസ്ബുള്ളയുടേയും ആക്രമണ പ്രത്യാക്രമണങ്ങളാണ് തുടര്‍ന്നത്. 23ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട 558 ആളുകളായിരുന്നു. അതുവരെയുണ്ടായ കൂടിയ പ്രതിദിന കണക്കായിരുന്നു അത്. രണ്ട് ദിവസം വീണ്ടും ശക്തമായ ആക്രമണങ്ങള്‍ തുടരുകയും നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. 

സെപ്തംബര്‍ 26നാണ് യു.എസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ വെടിനിര്‍ത്തലിനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ അതിനോട് ഇരു രാജ്യങ്ങളും പ്രതികരിച്ചില്ലെന്ന് മാത്രമല്ല യുദ്ധം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പലതരത്തില്‍ തങ്ങള്‍ യുദ്ധം ജയിക്കുകയാണെന്നാണ് സെപ്തംബര്‍ 27ന് യു.എന്‍ പൊതുസഭയില്‍ നെതന്യാഹു പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന് പിന്നാലെ ലെബനന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം നടത്തുകയും ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. ഹിസ്ബുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അതിനോടകം അശാന്തിയും ആക്രമണവും കത്തിനില്‍ക്കുന്ന മേഖല വീണ്ടും കലൂഷിതമാവുകയാണ് ഇതിലൂടെയുണ്ടായത്. ബെയ്‌റൂട്ടിലോ ലെബനനിലോ മാത്രമല്ല ഗാസയിലും ഇസ്രയേലിലുമെല്ലാം ഇതിന്റെ അലയൊലികളും ഉണ്ടായി. 30ന് നടന്ന ആക്രമണത്തില്‍ ലെബനനിലുണ്ടായ ഹമാസ് നേതാവും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങളും ആഴ്ചകളും പിന്നിടുമ്പോഴും ഇസ്രയേലിലും ലെബനനിലും ആക്രമണത്തിന്റെ തോത് തെല്ലും കുറഞ്ഞിട്ടില്ല. വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിക്കാനാണ് വൈകുന്നതെങ്കിലും ലെബനനും ഗാസ പോലെ മറ്റൊരു കുരുതിക്കളമാവാന്‍ ദിവസങ്ങേറെ വേണ്ടി വരില്ലെന്നാണ് നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.