
അവ്യക്തമായ ഒന്ന് ട്രംപ് ഭരണകൂടത്തിന് കീഴിൽ ശനിയാഴ്ച യു.എസ്സിൽ നടന്നു. ഇസ്രയേലിനെതിരായ കാമ്പസ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ അമേരിക്കൻ ഗ്രീൻ കാർഡ് ഉടമയായ ഒരു ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുത്ത് നാടുകടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. അടിച്ചമർത്തപ്പെടുന്ന എതിർശബ്ദങ്ങൾ ഇന്ന് ലോകത്തെവിടേയും ഒരു സാധാരണ സംഭവമാണ്. എന്നാൽ, ഇവിടെ യു.എസ് ഒരുപടികൂടി കടന്ന് സ്ഥിരതാമസക്കാരനായ ഒരാളെ തന്നെ നാടുകടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഇതേ ഭീഷണി മുന്നിൽക്കണ്ട് ഒരുനാൾ പ്രതിഷേധങ്ങളിൽ നിന്ന് വിട്ടുനിന്ന ഈ യുവാവിനെ പക്ഷേ കാലം പലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ യു.എസ്സിലെ മുഖമായി മാറ്റി. പറഞ്ഞുവരുന്നത് മഹ്മൂദ് ഖലീലിനെക്കുറിച്ചാണ്. കൊളംബിയൻ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഖലീൽ ഇപ്പോൾ ലൂസിയാനയിലെ ഒരു തടങ്കൽ കേന്ദ്രത്തിലാണ്. ആദ്യത്തെ വിക്കറ്റാണ് ഖലീലിന്റേത് എന്ന നിലപാടിലാണ് ട്രംപ്. വിദ്യാർഥി പ്രതിഷേധങ്ങളെ ഈവിധം കൈകാര്യം ചെയ്യുന്ന ഭരണകൂടത്തിനെതിരേ ഇതിനോടകം പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു. ഖലീലിനെ വിട്ടുകിട്ടണമെന്ന ആവശ്യവും ശക്തമാണ്. ഇസ്രയേൽ ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്ന പ്രഖ്യാപനത്തോടെ വിഷയത്തിൽ യു.എസ് ആരുടെ പക്ഷത്താണെന്നത് വ്യക്തമാണ്. അവിടം സ്വർഗമാക്കുമെന്നാണ് അവകാശവാദം.
ആരാണ് മഹ്മൂദ് ഖലീൽ?
സിറിയയിലെ ഒരു പലസ്തീനിയൻ അഭയാർഥി ക്യാമ്പിലായിരുന്നു മഹ്മൂദ് ഖലീലിന്റെ ജനനം. ഒരു വർഷത്തിലധികമായി ന്യൂയോർക്ക് നഗരത്തിലെ കൊളംബിയ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പലസ്തീനിയൻ ജനതയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ നേതൃസ്ഥാനത്തേക്കെത്തുന്നതോടെയാണ് ഖലീൽ ആഗോളശ്രദ്ധ നേടുന്നത്. ക്ലാസ്സുകൾ നിർത്തിവെച്ചും യൂണിവേഴ്സിറ്റിയിൽ ചെറുകൂടാരങ്ങൾ പണിതും ഖലീലിന്റെ നേതൃത്വത്തിൽ പ്രതിഷേധം മുന്നോട്ട് പോയി. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത് പ്രശസ്തമായ ഹാമിൽട്ടൺ ഹാളിലേക്ക് പലസ്തീൻ അനുകൂലികൾ നടത്തിയ പ്രതിഷേധത്തിന്റെ നെടുംതൂണായിരുന്നു ഖലീൽ. അന്ന് വിദ്യാർഥികൾക്കും യൂണിവേഴ്സിറ്റി അധികൃതർക്കുമിടയിലെ പാലവും ഖലീൽ തന്നെയായിരുന്നു. അധികൃതരുമായുള്ള ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കുമെല്ലാം ഊ ചെറുപ്പക്കാരൻ മുന്നിൽനിന്നു.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ തടയാൻ ബൈഡൻ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധങ്ങൾ ഏറെയും. വംശഹത്യയാണ് ഇസ്രയേൽ നടത്തുന്നതെന്നും ആരോപണങ്ങളുയർന്നു. കൊളംബിയ ഇസ്രയേലിൽ നിന്ന് സഹായം പറ്റുന്ന കാലത്തോളം ചെറുത്തുനിൽപ്പ് തുടരുമെന്ന് ഖലീൽ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർഥി പ്രതിഷേധങ്ങളുടെ മുഖമായി ഖലീൽ മാറിയതോടെ ട്രംപ് സർക്കാർ ഇദ്ദേഹത്തെ വേട്ടയാടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ട്രംപിന്റെ വെല്ലുവിളി
ഇസ്രയേൽ പക്ഷപാതിയായ ട്രംപ് ഗാസയിലെ വെടിനിർത്തൽ വഴി ശാശ്വതസമാധാനം പുലർത്താൻ പ്രവർത്തിക്കുമോ എന്നതാണ് ഉയരുന്ന ഒരു ചോദ്യം. തീവ്രവലതുപക്ഷ ചിന്താഗതിക്കാരനായ ട്രംപ് നെതന്യാഹുവിന് വഴിയൊരുക്കാനേ സാധ്യതയുള്ളൂ എന്ന് നേരത്തെ വ്യക്തമായ കാര്യമാണ്. എന്നാൽ, അധിക്ഷേപങ്ങൾക്കെല്ലാം അപ്പുറം ഗാസയിലെ ജനങ്ങളുടെ സ്വത്വത്തെ ചോദ്യംചെയ്യുന്ന നിലയിലേക്ക് പോലും ഒരു ഘട്ടത്തിൽ ട്രംപ് എത്തി. യുദ്ധത്തിൽ വിജയിച്ച നെതന്യാഹു ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്ന ട്രംപിന്റെ പ്രഖ്യാപനം ഏത് അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും ചോദ്യമുയരുന്നുണ്ട്. ഒടുവിൽ, ഗാസയിൽ ഒരുതരത്തിലുമുള്ള വംശീയ ഉന്മൂലനവും സംഭവിക്കാൻ പാടില്ലെന്ന് പറഞ്ഞ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറെസ് വരെ രംഗത്തെത്തി. ഇരുരാജ്യങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പരിഹാരമാണ് വേണ്ടതെന്നും സംഘർഷം വഷളാക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാൽ, ട്രംപിന്റെ നിർദേശത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്വാഗതം ചെയ്തു. കുറെക്കാലത്തിനിടെയുണ്ടായ പുതുമയുള്ള ആശയമാണ് ട്രംപിന്റേത് എന്നായിരുന്നു നെതന്യാഹുവിന്റെ നിലപാട്. ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ തയ്യാറാണെന്നും അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനമേറ്റുവാങ്ങിയ ട്രംപിന്റെ പദ്ധതിയെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തിൽ, റിപ്പബ്ലിക്കുകളേയും വലതുപക്ഷത്തുള്ളവരേയും സംബന്ധിച്ച് ട്രംപ് പാലിച്ച വാക്കാണ് ഖലീലിന്റെ അറസ്റ്റ്. ഇസ്രയേലിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുമെന്ന് സംശയാതീതമായി വ്യക്തമാക്കിയ ആളാണ് ട്രംപ്. പലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട വിദേശവിദ്യാർഥികൾക്കുള്ള മുന്നറിയിപ്പും യു.എസ് പ്രസിഡന്റ് നേരത്തെ നൽകിയിരുന്നു. യഹൂദരോട് വിരോധമുള്ള ഒരു കൂട്ടമായിട്ടായിരുന്നു ഇവരെ ട്രംപ് ചിത്രീകരിച്ചതും. ഇപ്പോഴിതാ, ഇതേ നയത്തിന്റെ ഭാഗമായാണ് പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് ചുക്കാൻ പിടിച്ച ഖലീലിനെ നാടുകടത്താനുള്ള നീക്കവും. കൊളംബിയൻ സർവകലാശാലയുടേയും അവരുടെ വിദ്യാർഥികളുടേയും നീക്കങ്ങളെല്ലാം ഭരണകൂടം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തത്ഫലമായി വിദ്യാർഥി പ്രക്ഷോഭം കൈകാര്യം ചെയ്യുന്നതിൽ സർവകലാശാല പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അവർക്കുള്ള 3400 കോടി ധനസഹായവും ട്രംപ് സർക്കാർ മരവിപ്പിച്ചിരുന്നു. ഈ നീക്കങ്ങൾക്കെല്ലാം പിന്നാലെയാണ് ഇപ്പോൾ ഖലീലിന്റെ അറസ്റ്റുണ്ടാകുന്നത്.

'യുദ്ധവിരുദ്ധരായ കൂട്ടം'
ജൂത വിദ്യാർഥികളടക്കം ഉൾപ്പെടുന്ന ഒരു യുദ്ധവിരുദ്ധ സംഘമായിരുന്നു തങ്ങളുടേത് എന്നാണ് ഖലീലിന്റെ അവകാശവാദം. സർവകലാശാലയുടെ പുൽത്തകിടികളിൽ കൂടാരം തീർത്തായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധങ്ങളേറെയും. എന്നാൽ, ഒരുഘട്ടത്തിൽ കൈവിട്ട പ്രതിഷേധം സർവകലാശാലയിലെ ഒരു അക്കാദമിക് കെട്ടിടം കൈവശപ്പെടുത്തുന്ന നിലയിലേക്ക് അക്രമാസക്തമായി. ഈ അവസരത്തിലാണ്, പോലീസിൽ വിവരമറിയിച്ച് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് നിലപാടിലേക്ക് സർവകലാശാല നീങ്ങുന്നത്. അതേസമയം, കെട്ടിടം പിടിച്ചെടുത്ത സംഘത്തിൽ ഖലീൽ ഇല്ലായിരുന്നു എന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ടുകൾ. മറിച്ച്, മധ്യസ്ഥനായിട്ടാണ് ഖലീലിനെ റോയിട്ടേഴ്സ് വിശേഷിപ്പിക്കുന്നത്.
യു.എസ്സിൽ സ്ഥിരതാമസത്തിന് അനുവാദമുള്ള ഗ്രീൻ കാർഡ് കൈവശമുള്ള ഖലീൽ ഒരു യു.എസ് പൗരയെ ആണ് വിവാഹംചെയ്തിരിക്കുന്നത്. സർവകലാശാലയിലെ സ്കൂൾ ഓഫ് ഇന്റർനാഷനൽ ആൻഡ് പബ്ലിക് അഫയേഴ്സ് വിഭാഗത്തിലെ വിദ്യാർഥിയായ ഖലീൽ ആദ്യനാളുകളിൽ ഇസ്രയേൽ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്ത് സംസാരിക്കാൻ ഏറെ വിമുഖനായിരുന്നു. താൻ നാടുകടത്തപ്പെട്ടേക്കാം എന്ന ഭയമായിരുന്നു ഖലീലിനെ പിന്തിരിപ്പിച്ചത്. എന്നാൽ, മാസങ്ങൾക്കിപ്പുറം, കൃത്യമായി പറഞ്ഞാൽ അറസ്റ്റിലാകുന്നതിന് മണിക്കൂറുകൾ മുമ്പ് തന്റെ വിധി പ്രവചിച്ചുകൊണ്ട് സർക്കാർ തന്നെ നോട്ടമിട്ടിരിക്കുകയാണെന്ന് പറയുന്ന ഖലീലിനെയാണ് ലോകം കാണുന്നത്.
കാമ്പസിലെ താമസസ്ഥലത്ത് നിന്നാണ് ഖലീലിനെ അധികൃതർ അറസ്റ്റ് ചെയ്യുന്നത്. ഗ്രീൻ കാർഡ് റദ്ദാക്കാനുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഉത്തരവ് അനുസരിച്ചാണ് തങ്ങളുടെ പ്രവർത്തനമെന്ന് ഐസിഇ ഉദ്യോഗസ്ഥരുടെ നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ഖലീലിന്റെ അഭിഭാഷക ആമി ഗീറും സ്ഥിരീകരിക്കുന്നുണ്ട്. യുവാവിന്റെ വിദ്യാർഥി വിസയും റദ്ദാക്കിയേക്കും. അതേസമയം, ഐസിഇ അധികൃതർക്കെതിരേ ഗുരുതര ആരോപണങ്ങളും ഗീർ ഉന്നയിച്ചു. താൻ കസ്റ്റഡിയിലാണെന്ന വിവരം എട്ട് മാസം ഗർഭിണിയായ ഭാര്യയെ അറിയിക്കുന്നതിൽ നിന്ന് ഖലീലിനെ അധികൃതർ വിലക്കിയെന്നാണ് അഭിഭാഷകയുടെ ആരോപണം. തങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. ഭീഷണിയുടെ സ്വരമാണ് ഭരണകൂടത്തിനെന്നും അവർ ആരോപിച്ചു.
അഭിപ്രായ സ്വാതന്ത്ര്യമോ?
ന്യൂജേഴ്‌സിയിലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ തടങ്കൽ കേന്ദ്രത്തിലാണ് ഖലീൽ എന്നാണ് ഏറ്റവും അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, ഒരു ഗ്രീൻ കാർഡ് ഉടമയെ ഈ രീതിയിൽ തടങ്കലിൽ പാർപ്പിക്കാൻ ഭരണകൂടത്തിന് സാധിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഭരണഘടനാപരമായ സംരക്ഷണമുള്ള വ്യക്തികളാണ് ഗ്രീൻ കാർഡ് ഉടമകൾ. ഈ നിയമപരമായ വ്യവസ്ഥ ട്രംപ് സർക്കാരിനെ സംബന്ധിച്ച് വിലങ്ങുതടിയാകാൻ സാധ്യതയുണ്ട്. യു.എസ്സിൽ നിന്ന് നാടുകടത്തുന്നത് തത്ക്കാലം കോടതി തടഞ്ഞിട്ടുമുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഖലീലിന്റെ അറസ്റ്റ് എന്ന മുദ്രാവാക്യം ഇതിനോടകം ന്യൂയോർക്കിലെ തെരുവുകളിൽ ഉയരുന്നുണ്ട്. ഖലീലിനെ കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്യോദഗസ്ഥരുടെ പക്കൽ അറസ്റ്റ് വാറണ്ടുണ്ടായിരുന്നോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഇതിനെല്ലാം പുറമെ ഭരണകൂടത്തോട് വിയോജിക്കുന്ന മനുഷ്യരെ ഉരുക്കുമുഷ്ടിയാൽ നേരിടുന്നത് ഒരു ജനാധിപത്യസംവിധാനത്തെ സംബന്ധിച്ച് ആശാവഹമാണോ എന്നതിലും ലോകം ആശങ്ക പ്രകടിപ്പിക്കേണ്ടതുണ്ട്.
Content Highlights: Mahmoud Khalil, a Green Card holder and Palestine activist, was detained in US
Published: 13 Mar 2025, 01:45 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented