ധാക്കയിലെ തീപ്പിടിത്തത്തില്‍ ഇന്ത്യക്ക് പങ്കില്ലെങ്കില്‍ പോലും ഉണ്ടെന്നുള്ള പ്രതീതി ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നതാണ്. എതിരാളികള്‍ പ്രതികരിക്കുന്നത് ഒരുപക്ഷേ യഥാര്‍ത്ഥത്തിലെന്താണ് എന്നത് നോക്കി ആവണമെന്നില്ല.

കഴിഞ്ഞയാഴ്ച ഇന്ത്യയുടെ കിഴക്കുഭാഗത്ത് നാടകീയമായ ചില 'ഒറ്റപ്പെട്ട' സംഭവങ്ങളുണ്ടായി. ചേര്‍ത്തുവായിച്ചാല്‍ വിസ്മയിപ്പിക്കുന്ന ചില സാധ്യതകളിലേക്ക് അവ വിരല്‍ ചൂണ്ടുന്നു. ആദ്യത്തേത് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസറത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വന്‍ തീപ്പിടിത്തം. അതിന് രണ്ടുമൂന്നു ദിവസങ്ങള്‍ക്കുശേഷം ഇന്ത്യയുടെ മ്യാന്മര്‍ അതിര്‍ത്തിക്കപ്പുറം ചില തീവ്രവാദി ക്യാമ്പുകളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നു. മൂന്നാമത്തേത്, അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം നാഗാ വിമതനേതാവ് ടുംഗലിങ് മുയിവ നാഗാലാന്‍ഡിലെ ജന്‍മഗ്രാമത്തില്‍ തിരിച്ചെത്തിയതാണ്.
ഇവ മൂന്നും പരസ്പരബന്ധിതമാണ് എന്നതിന് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ല. എങ്കിലും, ഇവയുടെ ടൈമിംഗ് വടക്കുകിഴക്കന്‍ മേഖലകളില്‍ സ്ഥിരത കൈവരിക്കാനുള്ള ഇന്ത്യയുടെ ബഹുതല പരിശ്രമങ്ങളുടെ ഭാഗമാണ് ഇവയെന്ന വ്യാഖ്യാനത്തിന് വഴിവെക്കും. കരുത്തും നയതന്ത്രവും ഒരേസമയം പ്രയോഗിച്ച് സമാധാനം സാധ്യമാക്കാനുള്ള വിശാലമായ നീക്കത്തിന്റെ ഭാഗമായി ഈ മൂന്നു സംഭവവികാസങ്ങളെയും കാണുന്നവരുണ്ട്. രാജ്യത്തിനു പുറത്തെ അഭയകേന്ദ്രങ്ങള്‍ സുരക്ഷിതമല്ലാതാക്കുകയും ബംഗ്ലാദേശിലും മ്യാന്‍മറിലുമുള്ള വിതരണശൃംഖലകള്‍ തകര്‍ത്തെറിയുകയും ചെയ്ത് തീവ്രവാദികള്‍ക്ക് മുന്നില്‍ സമാധാനചര്‍ച്ചയല്ലാതെ പോംവഴിയൊന്നുമില്ലാത്ത അവസ്ഥ സംജാതമാക്കുന്ന തന്ത്രം. ഇത് എത്രത്തോളം ഫലപ്രദമാവുമെന്ന് കാത്തിരുന്നു കാണാം.
ഇന്ത്യയുടെ അതിര്‍ത്തിരാജ്യങ്ങള്‍ക്ക് അസന്ദിഗ്ധമായ സന്ദേശമാണ് ഇന്ത്യ നല്‍കുന്നത്. വിദേശശക്തികളുടെ തണലിലുള്ള തീവ്രവാദം വെച്ചുപൊറുപ്പിക്കില്ല, അത് കശ്മീരിലായാലും വടക്കുകിഴക്കന്‍ മേഖലയിലായാലും എന്ന്. ദീപാവലി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഐഎന്‍എസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പലില്‍ നടത്തിയ പ്രസംഗത്തിലെ അക്രമോത്സുകത തെളിവാണ്. ചരിത്രപരമായി അശാന്തമായ വടക്കുകിഴക്കന്‍ മേഖലയെ ദക്ഷിണ പൂര്‍വേഷ്യയിലേക്കുള്ള സുരക്ഷിത പാലമാക്കി മാറ്റുന്നതിന് കലാപങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ മുഖ്യധാരയുമായി കൂട്ടിയിണക്കണം. അതിന് തീവ്രവാദത്തെ വലിയ നഷ്ടക്കച്ചവടമാക്കുക, വന്‍തോതില്‍ വികസനം കൊണ്ടുവരിക, നയതന്ത്രം ഫലപ്രദമായി ഉപയോഗപ്പെടുത്തുക തുടങ്ങിയ മാര്‍ഗങ്ങളാണ് കേന്ദ്രം സ്വീകരിക്കുന്നത്.
മ്യാന്‍മറിലെ ഡ്രോണ്‍ യുദ്ധവും മുയിവയുടെ തിരിച്ചുവരവും
അതിര്‍ത്തിയിലെ സഗായിങ് മേഖലയില്‍ ഇന്ത്യ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 20 രാത്രിയിലാണ് അജ്ഞാത ഡ്രോണുകള്‍ ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്ത വനത്തിനുള്ളിലെ നിരവധി തീവ്രവാദി ക്യാമ്പുകള്‍ തകര്‍ത്തത്. അഞ്ചു തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും എന്‍എസ്സിഎന്‍ (വൈഎ)യുടെ മുതിര്‍ന്ന ഭീകരനേതാവിനടക്കം ഒട്ടേറെപ്പേര്‍ക്ക് പരിക്കുപറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ക്കപ്പെട്ടവയില്‍ കമാന്‍ഡ് സെന്ററുകളും പടക്കോപ്പുശാലകളും താമസസസ്ഥലങ്ങളും ഉള്‍പ്പെടും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പക്ഷേ, ഈയിടെ അസം റൈഫിള്‍സിന്റെ ക്യാമ്പ് പതിയിരുന്നാക്രമിച്ചതിനുള്ള മറുപടിയാണ് ആക്രമണമെന്ന് കരുതപ്പെടുന്നു. (ആക്രമണത്തില്‍ രണ്ടു ജവാന്മാർക്ക് പരിക്കേറ്റിരുന്നു.)
ഉന്നതതലങ്ങളില്‍ നിന്നും ലഭ്യമാക്കിയ രഹസ്യവിവരങ്ങളുടെയും അത്യാധുനിക നിരീക്ഷണശേഷിയുടെയും ഏകോപനത്തോടെയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാണ്. ഒക്ടോബര്‍ പതിനാറിന് അരുണാചല്‍ പ്രദേശിലെ ചാങ്ലാങ് ജില്ലയിലെ അസം റൈഫിള്‍സിന്റെ താവളം ആക്രമിച്ച സംഭവത്തില്‍ എന്‍എസ്സിഎന്‍ (വൈഎ) ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഉള്‍ഫ (ഐ)യുമൊത്ത് സംയുക്തമായാണ് ആക്രമണം നടത്തിയതെന്നും അവര്‍ പറഞ്ഞിരുന്നു. ആക്രമണത്തിനുശേഷം അവര്‍ മ്യാന്‍മറിലെ ക്യാമ്പുകളിലേക്ക് പിന്‍വാങ്ങി. കഴിഞ്ഞ ജൂലായ് മാസവും തീവ്രവാദി ക്യാമ്പുകളെ ലക്ഷ്യംവെച്ച് ഡ്രോണ്‍ ആക്രണം നടന്നിരുന്നു. ആക്രമണത്തിന് അന്നും തീവ്രവാദികള്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു.
ധാക്കയിലെ തീപ്പിടിത്തത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ലെങ്കില്‍ പോലും ഉണ്ടെന്നുള്ള പ്രതീതി ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നതാണ്. എതിരാളികള്‍ പ്രതികരിക്കുന്നത് ഒരുപക്ഷേ യഥാര്‍ത്ഥത്തിലെന്താണ് എന്നത് നോക്കി ആവണമെന്നില്ല. ഇന്ത്യയുടെ ശേഷിയെക്കുറിച്ചുള്ള ശരിയോ തെറ്റോ ആയ ബോധ്യം അവരുടെ പ്രതികരണത്തെ സ്വാധീനിക്കും. അതിനാല്‍ പ്രതീതിനിര്‍മാണത്തില്‍ ചില തന്ത്രപരമായ മൗനങ്ങളും അവ്യക്തതകളും ഉപകാരപ്പെടും. മ്യാന്‍മറിലെ ആവര്‍ത്തിക്കുന്ന ഡ്രോണ്‍ ആക്രമണത്തില്‍ അതിര്‍ത്തിക്കപ്പുറത്തെ അഭയസങ്കേതങ്ങള്‍ സുരക്ഷിതമല്ലാതാവുകയും അവിടെനിന്നുള്ള പണവും ആയുധങ്ങളും മറ്റു വിഭവങ്ങളുമെത്തിക്കുന്ന വിതരണശൃംഖലകള്‍ തകരുകയും ചെയ്താല്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് വളരെ അപകടകരമായാല്‍ പിന്നെ മധ്യസ്ഥചര്‍ച്ചയല്ലാതെ മാര്‍ഗമില്ല. മേഖലയില്‍ സ്ഥിരതയും വികസനവും കൊണ്ടുവരാനുള്ള വിശാലമായ നയത്തിന്റെ ഭാഗമാണ്. തീവ്രവാദി വിഭാഗങ്ങളുമായുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിച്ചത്.
നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം നേതാവായ മുയിവ ബുധനാഴ്ച രാവിലെയാണ് മണിപ്പുരിലെ യുഖ്റുള്‍ ജില്ലയിലെത്തിച്ചേര്‍ന്നത്. 91-കാരനായ അദ്ദേഹം 1980 ജനുവരി 31-ന് രൂപം കൊണ്ട എന്‍എസ്സിഎന്നിന്റെ സ്ഥാപകനേതാവാണ്. അത് 1988-ല്‍ പിന്നീട് എസ്എസ് ഖപ്ലാങ് നയിക്കുന്ന ഖപ്ലാങ് വിഭാഗവും (എന്‍എസ്സിഎന്‍ കെ) മുയിവയും എസക് ചിസി സ്വൂയും നേതാക്കളായ വിഭാഗവുമായി (എന്‍എസ്സിഎന്‍ ഐഎം) പിളര്‍ന്നു. ബ്രിട്ടീഷ് ഭരണകാലത്ത്, 1918-ലാണ് സ്വയംനിര്‍ണയാവകാശത്തിനു വേണ്ടിയുള്ള നാഗന്‍മാരുടെ പോരാട്ടം ആരംഭിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം അത് സായുധസമരമായി വളര്‍ന്നു.
ദശകങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം 1997-ല്‍ കേന്ദ്രവും മുയിവ വിഭാഗവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറായി. 2015-ല്‍ മോദി സര്‍ക്കാര്‍ അവരുമായി വിശദമായ കരാറൊപ്പു വച്ചെങ്കിലും പ്രത്യേക പതാകയും കൊടിയും വേണമെന്ന ആവശ്യം തടസ്സമായി. ഇന്ത്യയ്ക്ക് വിട്ടുവീഴ്ച ചെയ്യാന്‍ പറ്റാത്ത ഇക്കാര്യങ്ങളില്‍ ഇപ്പോഴും നിര്‍ബന്ധം പിടിക്കുന്നുണ്ടെങ്കിലും മുയിവ ചര്‍ച്ചയ്ക്ക് സന്നദ്ധനായത് വലിയ നേട്ടമാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രദേശത്ത് വലിയ ആഘോഷമായി. മുയിവയെ ആറ്റോ കിലോന്‍സര്‍ (പ്രധാനമന്ത്രി) എന്നാണ് അനുയായികള്‍ വിളിക്കുന്നത്.
ധാക്കയിലെ തീപ്പിടിത്തവും നിലയ്ക്കാത്ത അഭ്യൂഹങ്ങളും
ധാക്ക വിമാനത്താവളത്തിലെ കാര്‍ഗോ ഗ്രാമത്തില്‍ ഒക്ടോബര്‍ 18നാണ് തീപ്പിടിത്തമുണ്ടായത്. വിമാനത്താവളത്തിലെ എട്ടാം ഗേറ്റിന് സമീപമുള്ള ഇറക്കുമതി വിഭാഗത്തിലാണ് ആദ്യം തീപിടിച്ചത്. പിന്നാലെ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ഏതാണ്ട് ആറായിരം സ്‌ക്വയര്‍ മീറ്റര്‍ പ്രദേശം തീയും പുകയും കൊണ്ട് മൂടി. കറുത്ത പുക മാനംമുട്ടെ ഉയര്‍ന്നു. ആറുമണിക്കൂറോളം വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്നു ഏതാണ്ട് 26 മണിക്കൂര്‍ നേരം നീണ്ടുനിന്ന തീപ്പിടിത്തം അണയ്ക്കാന്‍ 37 ഫയര്‍ എന്‍ജിനുകള്‍ വേണ്ടിവന്നു. തീയണയ്ക്കാന്‍ ബംഗ്ലാദേശിന്റെ കരസേന, നാവികസേന, വ്യോമസേന, അതിര്‍ത്തി രക്ഷാസേന എന്നിവരുടെയൊക്കെ സഹായം വേണ്ടിവന്നു. പ്രാഥമികമായ കണക്കെടുപ്പ് പ്രകാരം കുറഞ്ഞത് 100 കോടി ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ട്.
തീപ്പിടിത്തത്തില്‍ രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, ഫാര്‍മ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തുടങ്ങിയവ ശേഖരിച്ചിരുന്ന ഗോഡൗണുകള്‍ കത്തി. വലിയ സ്ഫോടനശേഷിയുള്ള എന്തോ വസ്തു ചരക്കുകള്‍ക്കിടയില്‍ ഉണ്ടായിരുന്നതാണ് അത്രയ്ക്കും വലിയ നാശനഷ്ടമുണ്ടാവാന്‍ കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബംഗ്ലാദേശില്‍ അഞ്ചു ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ വലിയ തീപ്പിടിത്തമാണിത്. ആദ്യത്തേത് മീര്‍പൂരിലെ വസ്ത്രനിര്‍മാണശാലയിലായിരുന്നു. ഒക്ടോബര്‍ 15-ന് ഒരു കെമിക്കല്‍ ഗോഡൗണില്‍ നടന്ന തീപിടിത്തത്തില്‍ പതിനാറുപേര്‍ മരിച്ചു. ഒക്ടോബര്‍ 17-ന് ചിറ്റഗോങ്ങിലെ കയറ്റുമതി സംസ്‌കരണമേഖലയിലെ ഒരു ഫാക്ടറിയിലും അഗ്‌നിബാധ ഉണ്ടായി. വ്യവസായ മേഖലകളെ കേന്ദ്രീകരിച്ചുള്ള ഈ അഗ്നിബാധകള്‍ക്കു പിന്നില്‍ അട്ടിമറിയാണെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്. ലക്ഷ്യം ബംഗ്ലാദേശിന്റെ സാമ്പത്തികശേഷിയെ തകര്‍ക്കുകയാണത്രെ.
അപകടസ്ഥലത്തുനിന്നും അമോണിയം നൈട്രേറ്റ് അധിഷ്ഠിതമായ സംയുക്തങ്ങളുടെ ചില അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ടീം കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത വാര്‍ത്തയുണ്ട്. രാസവളവും ബോംബും ഉണ്ടാക്കുന്നതില്‍ പൊതുവായ ഘടകമാണ് ഈ സംയുക്തങ്ങള്‍. തീപ്പിടിത്തത്തിന്റെ കാരണം ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാമെന്നാണ് ഔദ്യോഗിക വിശദീകരണം. പെട്ടെന്ന് തീപിടിക്കാനിടയുള്ള വസ്തുക്കളെ വേണ്ട രീതിയില്‍ സൂക്ഷിക്കാത്തതും ഒരുപക്ഷേ കാരണമായിരുന്നിരിക്കാം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശില്‍ തൊഴിലില്ലായ്മ മുപ്പതു ശതമാനമാണ്. തൊഴിലില്ലാത്ത ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന വിവിധ ഭീകരസംഘടനകള്‍ക്കായി കൊണ്ടുവന്നതാകാം സ്ഫോടകവസ്തുക്കളെന്നും കരുതുന്നവരുണ്ട്.
ഇതിനെക്കാള്‍ ഞെട്ടിക്കുന്ന കിംവദന്തി മ്യാന്‍മറിലെ വിഘടനവാദി പ്രസ്ഥാനമായ അരാക്കാന്‍ ആര്‍മിയുമായി ബന്ധപ്പെട്ടതാണ്. യുക്രൈനിൽ നിന്ന് സംഘടിപ്പിച്ച കാമിക്കാസെ ഡ്രോണുകള്‍ ഉപയോഗിച്ച് അവര്‍ നടത്തിയ കൃത്യമായ ആക്രമണമായിരുന്നു ധാക്ക വിമാനത്താവളത്തില്‍ നടന്നതെന്നും രാഘൈന്‍ പ്രവിശ്യയില്‍ തങ്ങളുമായി ഏറ്റുമുട്ടുന്ന അരാക്കാന്‍ രോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മിക്ക് (എആര്‍എസ്എ) എത്തിച്ചുകൊടുക്കാനുള്ള ആയുധസാമഗ്രികളാണ് തകര്‍ക്കപ്പെട്ടതെന്നും സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നു.
ബംഗ്ലാദേശും മ്യാന്മറുമായുള്ള 271 കിലോമീറ്റര്‍ അതിര്‍ത്തിയും നിയന്ത്രിക്കുന്ന അരാക്കാന്‍ ആര്‍മിക്ക് ഇന്ത്യയുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണം കുറച്ചു കാലമായി അന്തരീക്ഷത്തിലുണ്ട്. അവര്‍ക്ക് ഇന്ത്യ രഹസ്യവിവരങ്ങളും ആയുധമല്ലാതെയുള്ള സഹായങ്ങളും നല്‍കുന്നതായും ആരോപണമുണ്ട്. മ്യാന്‍മറിലെ പട്ടാള ഭരണകൂടത്തിന് നല്‍കാന്‍ കൊണ്ടുവന്ന ആയുധങ്ങളാണ് അരാക്കാന്‍ ആര്‍മി നശിപ്പിച്ചത് എന്നും അഭ്യൂഹമുണ്ട്. അയഞ്ഞ സുരക്ഷാസംവിധാനങ്ങള്‍ കാരണം ധാക്ക വിമാനത്താവളം ആയുധവും മയക്കുമരുന്നുകളുമൊക്കെ അനായാസം കടത്താന്‍ കഴിയുന്ന കേന്ദ്രമായിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. ഇവിടെ നിന്നും ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലേക്കും ആയുധക്കടത്തുണ്ടെന്നും ആരോപണമുണ്ട്.
അതേസമയം, 200 കിലോമീറ്റര്‍ അകലെ നിന്നും ഡ്രോണുകള്‍ അയക്കാനുള്ള ശേഷി അരാക്കാന്‍ പട്ടാളത്തിന് ഉണ്ടാവാനിടയില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈന നല്‍കിയ ക്വാഡ്കോപ്ടറുകള്‍ നിരീക്ഷണത്തിന് മാത്രമേ ഉപയോഗിക്കാനാവൂ, ദീര്‍ഘദൂര ആക്രമണത്തിനു പറ്റില്ല- അവര്‍ പറയുന്നു. മാത്രമല്ല, അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്നത് ബംഗ്ലാദേശിലെ സൈന്യത്തില്‍ നിന്നും വലിയ തിരിച്ചടിക്ക് വഴിവെക്കുമെന്നതിനാല്‍ അരാക്കാന്‍ ആര്‍മി ആ റിസ്‌ക് എടുക്കുമോ എന്ന ചോദ്യവും ഉയരുന്നു. ബംഗ്ലാദേശാകട്ടെ, രാഷ്ട്ര വിരുദ്ധശക്തികളെയാണ് കുറ്റപ്പെടുത്തുന്നത്, പ്രത്യേകിച്ചും മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ അനുയായികളെ. അട്ടിമറി ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അന്വേഷിച്ചു കണ്ടെത്തി കടുത്ത നടപടിയെടുക്കുമെന്നു പറയുന്നുണ്ട് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ ഓഫീസ്. അപകടം അന്വേഷിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്തായാലും അന്വേഷണം സംബന്ധിച്ച പ്രാഥമികവിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയുടെ പുതിയ രാജ്യരക്ഷാനയത്തിന്റെ അദൃശ്യമായ അതിരുകളാണ് ഇവിടെ തെളിയുന്നത്. എതിരാളി ആക്രമിച്ചശേഷം സൂക്ഷ്മമായി ആലോചിച്ച് പ്രതികരിക്കുന്ന, നിവൃത്തിയില്ലെങ്കില്‍ മാത്രം തിരിച്ചടിക്കുന്ന രീതി ഉപേക്ഷിച്ചിരിക്കുന്നു. പ്രവൃത്തിയാണാദ്യം. പിന്നെ വാക്കുകള്‍. ശക്തമായ നിലയില്‍ നിന്ന് വിലപേശുന്ന രീതി ഇന്ത്യയ്ക്ക് പുതിയ കീഴ്വഴക്കമാവുകയാണ്. തല്ലും തലോടലും ഒരേസമയം. അയല്‍രാജ്യങ്ങള്‍ക്ക് അതിവേഗം പൊരുത്തപ്പെടേണ്ടി വരും!
Content Highlights: Thuingaleng Muivah returns manipur naga terrorism
Published: 23 Oct 2025, 11:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented