മാര്‍ഷല്‍ ദ്വീപുകളുടെ സൗന്ദര്യം കണ്ടാല്‍ ഒറ്റനോട്ടത്തില്‍ പറുദീസയാണോ എന്ന് സംശയമുയരും. മനോഹരമായ പവിഴപ്പുറ്റുകളുടേയും നീലസമുദ്രത്തിന്റേയും പേരില്‍ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലേക്ക് അതിവേഗമാണ് മാര്‍ഷല്‍ ദ്വീപുകള്‍ ഇടംനേടിയത്. എന്നാല്‍, മായികസൗന്ദര്യമൊളിപ്പിച്ച ഈ ദ്വീപുകള്‍ക്ക് ഒരു ഇരുണ്ട ഭൂതകാലം കൂടിയുണ്ട്. അമേരിക്കയുടെ ആണവപരീക്ഷണങ്ങളാല്‍ മുറിവേറ്റ ഒരു ദ്വീപിന്റെ ദുരിതമാണ് ആ കറുത്തകാലം.  മധ്യ പസഫിക് സമുദ്രത്തില്‍ ഫിലിപ്പീന്‍സിനും ഹവായിക്കും ഇടയിലാണ് മാര്‍ഷല്‍ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപുകള്‍ കുപ്രസിദ്ധി ആര്‍ജിച്ചതും ലോകശ്രദ്ധയിലേക്കെത്തിയതും അമേരിക്കയുടെ ആണവായുധ പരീക്ഷണങ്ങള്‍ കൊണ്ടാണ്. 1946-നും 1958-നും ഇടയില്‍ അമേരിക്ക മാര്‍ഷല്‍ ദ്വീപുകളെ നിരന്തമുള്ള ആണവ പരീക്ഷണത്തിനായി തിരഞ്ഞെടുത്തിരുന്നു. ആ പരീക്ഷണങ്ങള്‍ മാര്‍ഷല്‍ ദ്വീപുകള്‍ക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. അര നൂറ്റാണ്ട് പിന്നിടുമ്പോഴും മാര്‍ഷല്‍ ദ്വീപുകളില്‍നിന്ന് പ്രതിഷേധ സ്വരങ്ങളുയരുന്നു, ദ്വീപ് നിവാസികള്‍ക്ക് അമേരിക്ക നല്‍കേണ്ട നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. 

To advertise here,

മാര്‍ഷല്‍ ദ്വീപുകള്‍

പസഫിക് സമുദ്രത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമാണ് മാര്‍ഷല്‍ ദ്വീപുസമൂഹം. മഡൂറോ ആണ് തലസ്ഥാനം. അമ്പത്തി നാലായിരത്തോളം മാത്രമാണ് രാജ്യത്തിന്റെ ജനസംഖ്യ. പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്ത് സമാന്തരമായി കിടക്കുന്ന രണ്ട് ചങ്ങലക്കൂട്ടങ്ങള്‍ പോലെ ശംഖാകൃതിയിലാണ് ദ്വീപുകളുള്ളത്. 29 അറ്റോളുകളും അഞ്ച് സ്വതന്ത്ര ദ്വീപുകളും ചെറുദ്വീപുകളും ഉള്‍പ്പെടെ 1225 ദ്വീപുകളാണ് മാര്‍ഷല്‍ ദ്വീപുസമൂഹത്തിലുള്ളത്.  ശാന്തസമുദ്രത്തിന്റെ 4,66,000 ചതുരശ്ര കിലോ മീറ്റര്‍ ചുറ്റളവില്‍ ചിതറിപ്പരന്ന് കിടക്കുകയാണ് ഇവ. ഖ്വാജിലീന്‍ ആണ് മാര്‍ഷല്‍ ദ്വീപുസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്. ഡേവിഡ് കബുവ ആണ് ഭരണത്തിലുള്ള പ്രസിഡന്‍റ്. 

ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച 1914-കളില്‍ ജപ്പാനായിരുന്നു മാര്‍ഷല്‍ ദ്വീപുകളുടെ നിയന്ത്രണം കയ്യാളിയിരുന്നത്.  പസഫിക് മേഖലയിലെ വ്യാപാരമായിരുന്നു ജപ്പാനെ മാര്‍ഷല്‍ ദ്വീപുകളിലേക്ക് ആകര്‍ഷിച്ചത്. വിശേഷപ്പെട്ട മുത്തുകളാല്‍ സമ്പന്നമായ ദ്വീപുകളിലേക്ക് ജപ്പാനില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ പര്യവേഷണത്തിനായി എത്തിയിരുന്നുവത്രേ. എന്നാല്‍, ഇവരെ ദ്വീപുനിവാസികള്‍ കൊലപ്പെടുത്തി. ഇത് ആവര്‍ത്തിച്ചതോടെ സംഭവം അന്വേഷിക്കാന്‍ ജപ്പാനില്‍നിന്നുള്ള സംഘം മാര്‍ഷല്‍ ദ്വീപുകളിലേക്കെത്തിയതായും അങ്ങനെയാണ് ജപ്പാന്‍-മാര്‍ഷല്‍ ബന്ധം സൃഷ്ടിക്കപ്പെട്ടതെന്നുമാണ് ചരിത്രം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാനില്‍നിന്നുള്ള സംഘങ്ങള്‍ ദ്വീപുകളിലേക്കെത്തി വ്യാപാര കേന്ദ്രങ്ങള്‍ ആരംഭിച്ചു. പതിയെ ദ്വീപുകളിലെ ജപ്പാന്‍ സ്വാധീനം വര്‍ധിക്കുകയും ജപ്പാന്റെ സൈനിക താവളങ്ങള്‍ പോലും ദ്വീപുകളില്‍ സ്ഥാപിക്കുന്നതിലേക്ക് എത്തുകയും ചെയ്തു. മാര്‍ഷല്‍ ദ്വീപസമൂഹത്തിലുള്‍പ്പെട്ട ജല്‍വോജ് അറ്റോളിലാണ് ജപ്പാന്റെ ഹെഡ് ക്വാര്‍ട്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. 

placeholder
മഡൂറോ ദ്വീപിന്‍റെ ആകാശദൃശ്യം | Photo: Getty Images

മഹായുദ്ധങ്ങളുടെ അവസാനത്തോടെ 1944-കളില്‍ സൈനിക നടപടികളിലൂടെ അമേരിക്ക മാര്‍ഷല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു. ഖ്വാജിലീന്‍, അനേവേതക് എന്നീ അറ്റോളുകളില്‍ വലിയ യുദ്ധങ്ങള്‍ നടത്തിയാണ് അമേരിക്ക മാര്‍ഷല്‍ ദ്വീപുകള്‍ കൈവശപ്പെടുത്തിയത്. പിന്നീട് ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുകളോടെ പസഫിക് ദ്വീപുകളുടെ ട്രസ്റ്റ് ടെറിട്ടറിയുടെ ഭാഗമായി മാര്‍ഷല്‍ ദ്വീപുകളുടെ ഭരണപരമായ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു. തുടര്‍ന്ന് 1983-ല്‍ മാര്‍ഷല്‍ ഐലന്‍ഡും അമേരിക്കയും തമ്മില്‍ ഒരു കോംപാക്ട് ഓഫ് ഫ്രീ അസോസിയേഷന്‍ കരാറിലൊപ്പിട്ടു. പ്രതിരോധത്തിന്റെയും സുരക്ഷയുടെയും ഉത്തരവാദിത്വം
അമേരിക്ക ഏറ്റെടുക്കുക, മൈക്രോനേഷ്യ, മാര്‍ഷല്‍, പലാവു എന്നീ മൂന്ന് പസഫിക് ദ്വീപുരാഷ്ട്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഈ കരാറിലുള്ളത്.

കരാറിലെ പ്രധാന വിഷയത്തിലൊന്ന് മാര്‍ഷല്‍ ദ്വീപുകളിലെ ക്വാജലീന്‍ അറ്റോളില്‍ ആണവ മിസൈല്‍ പരീക്ഷണത്തിന് സൗകര്യം നല്‍കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. കൂടാതെ മൂന്ന് ദ്വീപ് രാഷ്ട്രങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും യു.എസ്സുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തി, സ്വതന്ത്രമാവാനും കരാര്‍ സാധ്യത നല്‍കുന്നുണ്ട്. കരാര്‍ നിലവില്‍ വന്നതോടെ മാര്‍ഷല്‍ ദ്വീപുകളുടെ തലവര തന്നെ മാറാനും ആരംഭിച്ചു. ജപ്പാന്‍ പൗരന്മാരെയെല്ലാം അമേരിക്ക തിരിച്ചയച്ചെങ്കിലും ജപ്പാന്‍-മാര്‍ഷലീസ് വിഭാഗത്തില്‍പ്പെട്ടവര്‍ ദ്വീപുകളില്‍ തന്നെ തുടര്‍ന്നു. ഇവരില്‍ പലരും പിന്നീട് അമേരിക്കയുടെ നടപടിക്കെതിരേ നിരന്തരം വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ദ്വീപുകളെ അമേരിക്ക സൈനിക താവളങ്ങളാക്കി മാറ്റി. ഒപ്പം നിരവധി ആണവപരീക്ഷണങ്ങളും ഇവിടെ നടത്താനാരംഭിച്ചു. 

1979-ലാണ് മാര്‍ഷല്‍ ദ്വീപ് സ്വയംഭരണ പ്രദേശമായത്. 1986-ല്‍ മാര്‍ഷല്‍ ദ്വീപുകള്‍ പൂര്‍ണമായും സ്വതന്ത്രമായി. യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിന്റെ അംഗീകാരത്തോടെ 1990-ല്‍ ട്രസ്റ്റ് ടെറിട്ടറി പിരിച്ചുവിട്ടു, 1991 സെപ്റ്റംബര്‍ 17-ന് മാര്‍ഷല്‍ ദ്വീപുകള്‍ ഐക്യരാഷ്ട്ര സഭയുടെ അംഗമായി. സ്വതന്ത്രപ്രദേശമായെങ്കിലും അമേരിക്കയുമായി മാര്‍ഷല്‍ ദ്വീപുകള്‍ ബന്ധം തുടര്‍ന്നു. അമേരിക്കയുടെ സഹായമാണ് ഇപ്പോഴും മാര്‍ഷല്‍ ദ്വീപുകളുടെ സമ്പദ് വളര്‍ച്ചയുടെ കാതല്‍.  

ആണവപരീക്ഷണങ്ങളുടെ ഇര

ശീതയുദ്ധകാലത്ത് കൂടുതല്‍ നൂതനവും ശക്തിയേറിയതുമായി ആയുധങ്ങള്‍ നിര്‍മിക്കുന്നതില്‍ മത്സരത്തിലായിരുന്നു അമേരിക്കയും സോവിയറ്റ് യൂണിയനും. ഇതിന്റെ ഭാഗമായിരുന്നു അമേരിക്കയുടെ ആയുധ പരീക്ഷണം. അതിനായി തിരഞ്ഞെടുത്തതാവട്ടെ മാര്‍ഷല്‍ ദ്വീപുകളും. വിദൂരവും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ സ്ഥലം എന്നതാണ് മാര്‍ഷല്‍ ദ്വീപുകളെ തിരഞ്ഞെടുക്കാന്‍ കാരണമായത്. കരയിലും വെള്ളത്തിലും ആകാശത്തുമായി മാര്‍ഷല്‍ ദ്വീപുകളിലെ ഏഴ് സൈറ്റുകളിലായാണ് അമേരിക്ക പരീക്ഷണങ്ങള്‍ നടത്തിയത്. 

ശാന്തസമുദ്രത്തിലെ ആണവ പരീക്ഷണങ്ങളുടെ ദുരിതങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഗ്രൗണ്ട് സീറോ പ്രദേശമായാണ് മാര്‍ഷല്‍ ദ്വീപ് അറിയപ്പെടുന്നത്. 1946 മുതല്‍ 1958 വരെ അമേരിക്ക ഇവിടെ 24 ആണവായുധങ്ങളുടെ എഴുപതോളം പരീക്ഷണങ്ങളാണ് നടത്തിയത്. ഇതിന്റെ ഫലമായി മാര്‍ഷല്‍ ദ്വീപ് സമൂഹത്തിലെ നിരവധി ദ്വീപുകള്‍ നാശത്തിലേക്കെത്തി. പല ദ്വീപുകളും മനുഷ്യവാസത്തിന് യോഗ്യമല്ലാതായി. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആണവ മലിനീകരണമുള്ള മേഖലകളിലൊന്നാണ് മാര്‍ഷല്‍ ദ്വീപ്. ആണവബോംബ് പരീക്ഷണങ്ങളുടെ ആരോഗ്യവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളാല്‍ മാര്‍ഷല്‍ ദ്വീപുവാസികള്‍ ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്. 

placeholder
ബിക്കിനി അറ്റോള്‍

മാര്‍ഷല്‍ ദ്വീപുകളിലെ നിരവധി അറ്റോളുകളിലൊന്നാണ് ബിക്കിനി അറ്റോള്‍. ഈ  ദ്വീപിനെ ആയിരുന്നു അമേരിക്ക പ്രധാന പരീക്ഷണവേദിയായി തിരഞ്ഞെടുത്തത്. മാര്‍ഷല്‍ ദ്വീപുകളുടെ പടിഞ്ഞാറന്‍ ഭാഗത്താണ് ബിക്കിനി അറ്റോള്‍ സ്ഥിതി ചെയ്യുന്നത്. 'പിക്കിന്നി' എന്ന മാര്‍ഷലീസ് പദത്തില്‍ നിന്നാണ് ബിക്കിനി എന്ന സ്ഥലപ്പേരുണ്ടായതെന്നാണ് കരുതപ്പെടുന്നത്. സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രത്തിന് ബിക്കിനി എന്ന പേരുവന്നതും ഇതില്‍ നിന്നുതന്നെ.

ക്രോസ് റോഡ്‌സ്, കാസില്‍ ബ്രാവോ

ബിക്കിനി അറ്റോളില്‍ അമേരിക്ക ആദ്യത്തെ സെറ്റ് ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയത് 1946-ലാണ്. ഓപ്പറേഷന്‍ ക്രോസ് റോഡ്‌സ് എന്ന രഹസ്യപേരിലാണ് ഇതറിയപ്പെട്ടിരുന്നത്. രണ്ട് ഡിറ്റോണേറ്റുകളടങ്ങിയ ഏബിള്‍ എന്നറിയപ്പെടുന്ന അണുബോംബ് ലക്ഷ്യസ്ഥാനത്തിന് 160 മീറ്റര്‍ ഉയരത്തില്‍ സ്‌ഫോടനം സംഭവിച്ചു. 649 മീറ്റര്‍ ഉയരത്തില്‍ സ്‌ഫോടനം നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍, കണക്കുകൂട്ടല്‍ പിഴച്ചു. ഏബിള്‍ പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. 

placeholder
ഓപ്പറേഷന്‍ ക്രോസ് റോഡ്‌സ് | Photo: Getty Images

രണ്ടാമത്തെ അണുബോംബ് പരീക്ഷണം യു.എസ്. നാവികസേനയുടെ നേതൃത്വത്തില്‍ സമുദ്രത്തില്‍ നിന്നായിരുന്നു. ലോകത്തിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ആറ്റോമിക് സ്‌ഫോടനമായിരുന്നു ബേക്കര്‍ എന്നറിയപ്പെട്ടിരുന്ന പരീക്ഷണം. ഹെലന്‍ ഓഫ് ബിക്കിനി എന്നാണ് ബേക്കറില്‍ പരീക്ഷിച്ച ബോംബ് അറിയപ്പെട്ടത്. സമുദ്രത്തില്‍ 27 അടി താഴ്ചയിലുള്ള കപ്പലിനടിയില്‍ വെച്ചാണ് ബേക്കര്‍ എന്ന പേരുള്ള ബോംബ് പരീക്ഷിച്ചത്. കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ നിരീക്ഷിക്കാനായിരുന്നു ബേക്കറിന്റെ പരീക്ഷണം. ലക്ഷ്യസ്ഥാനത്തുള്ള കപ്പലുകളേയും അന്തര്‍വാഹിനികളേയും സ്‌ഫോടനം നിഷ്പ്രഭമാക്കി. വില്‍സണ്‍ ക്ലൗഡ് എന്നാണ് സ്‌ഫോടനത്തിന്റെ ഫലമായി പുറത്തുവന്ന ഭീകരമായ പുകയെ വിശേഷിപ്പിക്കുന്നത്.

അമേരിക്ക നാഗസാക്കിയില്‍ വിക്ഷേപിച്ച ബോംബിന് സമാനമായിരുന്നു ബേക്കറിന്റേയും രൂപകല്‍പന. വിജയകരമായ ഈ പരീക്ഷണം വന്‍തോതിലുള്ള ആണവ വികിരണമാണ് സമുദ്രത്തിലുണ്ടാക്കിയത്. സ്‌ഫോടനം നടന്നതിനു ശേഷം ഈ പ്രദേശം മുഴുവന്‍ വികിരണങ്ങളാല്‍ മലിനമാവുകയും വാസയോഗ്യമല്ലാതായി മാറുകയും ചെയ്തു. പരീക്ഷണാടിസ്ഥാനത്തില്‍ കപ്പലുകളില്‍ പാര്‍പ്പിച്ചിരുന്ന 90% പന്നികളും എലികളും സ്‌ഫോടനം മൂലമോ റേഡിയേഷന്‍ മൂലമോ ചത്തൊടുങ്ങി. പരീക്ഷണത്തിനായി വിന്യസിച്ചിരുന്ന 57 കപ്പലുകളില്‍ 10 കപ്പലുകള്‍ സ്‌ഫോടനത്തിനു പിന്നാലെ സമുദ്രത്തില്‍ മുങ്ങി. ബാക്കി കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അണുവിമുക്ത ശ്രമങ്ങള്‍ക്ക് ശേഷവും മിക്ക കപ്പലുകളിലും ആണവമാലിന്യത്തിന്റെ സാന്നിധ്യം തുടര്‍ന്നു. ആണവവികിരണം മൂലം കപ്പലുകള്‍ പിന്നീട് സമുദ്രത്തില്‍ മുക്കിക്കളയേണ്ടി വന്നു. 

placeholder
യു.എസ്. പരീക്ഷണത്തില്‍ സമുദ്രത്തിലേക്ക് താഴ്ന്ന മുങ്ങിക്കപ്പല്‍ | Photo: Getty Images

സ്‌ഫോടനത്തിന് അരനൂറ്റാണ്ടിന് ശേഷം 1997-ല്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി ബിക്കിനി അറ്റോളിന്റെ അവസ്ഥയെക്കുറിച്ച് പഠനം നടത്തുകയും റേഡിയേഷന്‍ എക്‌സ്‌പോഷര്‍ കാരണം ഈ പ്രദേശം അപ്പോഴും വാസയോഗ്യമല്ലെന്ന് അറിയിച്ചിരുന്നു. ലോകത്തെ ഏറ്റവും ആദ്യത്തെ ആണവദുരന്തം എന്നാണ് അറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാനായ ഗ്ലെന്‍ ടി സീബോഗ് ബേക്കറിന്റെ പരീക്ഷണത്തെ വിശേഷിപ്പിച്ചത്. ഈ സെറ്റില്‍ മൂന്നാമതായി പരീക്ഷിക്കാനിരുന്ന ചാര്‍ളി എന്ന ആണവ ബോംബിന്റെ പരീക്ഷണം പല കാരണങ്ങളാല്‍ റദ്ദാക്കി. ബേക്കര്‍ ബോംബിന്റെ സ്‌ഫോടനം പ്രതീക്ഷിച്ചതിലും കൂടുതല്‍ ആണവ വികിരണമുണ്ടാക്കിയെന്ന കാരണത്താലായിരുന്നു ചാര്‍ളി പരീക്ഷണം റദ്ദാക്കിയതിന്റെ പ്രധാന കാരണം. ബേക്കര്‍ പരീക്ഷണത്തിന് ശേഷം ടാര്‍ഗെറ്റ് കപ്പലുകളെ അണുവിമുക്തമാക്കാന്‍ യു.എസ് നേവിക്ക് കഴിഞ്ഞില്ലെന്നതിനാലാണ് പരീക്ഷണം റദ്ദാക്കിയതെന്ന് അന്ന് യു.എസ്. വ്യക്തമാക്കിയിരുന്നു.

ബിക്കിനി അറ്റോളിലെ രണ്ടാമത്തെ സെറ്റ് പരീക്ഷണങ്ങള്‍ ആരംഭിച്ചത് 1954-ലാണ്. ആദ്യത്തെ പരീക്ഷണത്തിന്റെ രഹസ്യപേര് ഓപ്പറേഷന്‍ കാസില്‍ എന്നായിരുന്നു. കാസില്‍ ബ്രാവോ എന്ന ബോംബാണ് പരീക്ഷിച്ചത്. അമേരിക്കയുടെ ആദ്യത്തെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണമായിരുന്നു അത്. 1954 മാര്‍ച്ച് ഒന്നിന് നടത്തിയ പരീക്ഷണം ദ്വീപിനേയും ദ്വീപുനിവാസികളേയും തെല്ലൊന്നുമല്ല ബാധിച്ചത്. മാര്‍ഷല്‍ ദ്വീപസമൂഹത്തില്‍ മുഴുവന്‍ ഈ പരീക്ഷണം ആണവ വികിരണ മാലിന്യം വിതറി. നാഗസാക്കിയിലും ഹിരോഷിമയിലും നടന്ന ആണവായുധ സ്‌ഫോടനങ്ങളേക്കാള്‍ ആയിരം ഇരട്ടി തീവ്രമായിരുന്നു കാസില്‍ ബ്രാവോയുടെ അനന്തരഫലം. കാസില്‍ ബ്രാവോ പരീക്ഷണത്തിലൂടെ പുറത്തുവരാന്‍പോകുന്നത് അത്യന്തം അപകടകാരികളായ റേഡിയോ ആക്ടീവ് വിഷധൂളികളാണെന്നത് അമേരിക്കന്‍ ഭരണകൂടത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് അമേരിക്കന്‍ വന്‍കരയില്‍നിന്ന് ആയിരക്കണക്കിന് കിലോ മീറ്റര്‍ ദൂരത്തിലുള്ള മാര്‍ഷല്‍ ദ്വീപുകളെ അവര്‍ പരീക്ഷണങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. പരീക്ഷണത്തിന് മുന്‍പ് ദ്വീപിലുണ്ടായ പോളിനേഷ്യന്‍ ജനതയെ മുഴുവന്‍ അമേരിക്ക അവരുടെ ജന്മഭൂമിയില്‍നിന്നും നിര്‍ബന്ധിച്ച് നാടുകടത്തിയതിനു ശേഷമായിരുന്നു പരീക്ഷണം. 

കാസില്‍ ബ്രാവോ 

അമേരിക്ക ബിക്കിനി അറ്റോളില്‍ നടത്തിയ ആണവായുധ പരീക്ഷണങ്ങളില്‍ പ്രധാനം 'കാസില്‍ ബ്രാവോ' എന്ന വിളിപ്പേരുള്ള പരീക്ഷണമായിരുന്നു. അമേരിക്ക നടത്തിയ ആദ്യത്തെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം. ശാസ്ത്രജ്ഞരേയും സൈന്യത്തേയും ഞെട്ടിച്ചുകൊണ്ടായിരുന്നു കാസില്‍ ബ്രാവോ ബിക്കിനി അറ്റോളിന് മുകളില്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിന്റെ ശക്തി അളക്കാനായി സ്ഥാപിച്ച ഉപകരണങ്ങള്‍ പോലും സ്‌ഫോടനത്തിന്റെ ശക്തിയില്‍ നാമാവശേഷമായിപ്പോയിരുന്നു. മാര്‍ഷല്‍ ദ്വീപുകളില്‍ അതുവരെ പരീക്ഷിച്ചതില്‍ ഏറ്റവും മാരമായ ആണവായുധം എന്നാണ് കാസില്‍ ബ്രാവോയെ വിശേഷിപ്പിക്കുന്നത്. 

അന്തരീക്ഷത്തില്‍ വെച്ചുതന്നെയായിരുന്നു പരീക്ഷണം. ഒരു വിമാനത്തില്‍ നിന്ന് 20 കിലോ ടണ്‍ അണുബോംബ് പുറത്തേക്ക് വലിച്ചെറിഞ്ഞാണ് അന്ന് അമേരിക്ക തങ്ങളുടെ പരീക്ഷണം നടത്തിയത്. ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച 'ലിറ്റില്‍ ബോയ്' എന്ന ആറ്റംബോംബിനെക്കാള്‍ 1000 മടങ്ങ് ശേഷിയുള്ള ഹൈഡ്രജന്‍ ബോംബാണ് അന്ന് അമേരിക്ക ബിക്കിനി അറ്റോളില്‍ പരീക്ഷിച്ചത്. സത്യത്തില്‍ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. പ്രതീക്ഷിച്ചതിലും രണ്ടര മടങ്ങ് വര്‍ധിച്ച സ്ഫോടനമാണ് ഉണ്ടായത്. സ്‌ഫോടനത്തിന്റെ ഫലമായി മധ്യ പസഫിക് സമുദ്രത്തിന് മുകളിലെ നീലാകാശത്ത്, ഭീമാകാരമായ ചുവന്ന അഗ്നിജ്വാല ദൃശ്യമായി. മാര്‍ഷല്‍ ദ്വീപിലെ ബിക്കിനി അറ്റോളിന് നാലരമൈല്‍ ചുറ്റളവിലുള്ള പ്രദേശം വന്‍ സ്ഫോടന ശബ്ദത്തില്‍ വിറങ്ങലിച്ചു. അന്തരീക്ഷത്തില്‍ കൂണ്‍ ആകൃതിയില്‍ സ്‌ഫോടനത്തിന്റെ പുക രൂപപ്പെട്ടു. 

placeholder
കാസില്‍ ബ്രാവോ പരീക്ഷണം

പരീക്ഷണത്തെ കുറിച്ച് അറ്റോമിക് ഹെറിറ്റേജ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയായിരുന്നു: ''1.2 മൈല്‍ വ്യാസത്തിലാണ് സ്ഫോടനത്തിന്റെ കുഴി രൂപപ്പെട്ടത്. സ്ഫോടനകേന്ദ്രത്തില്‍നിന്ന് 7000 സ്‌ക്വയര്‍ മൈല്‍സ് ചുറ്റളവില്‍ റേഡിയോ ആക്ടീവ് ചാരം പെയ്തിറങ്ങി. ദ്വീപുനിവാസികളെ ഭയപ്പെടുത്തിക്കൊണ്ട്, മണിക്കൂറുകള്‍ക്കകം അന്തരീക്ഷം വെളുത്ത പൊടിപോലുള്ള പദാര്‍ഥത്താല്‍ മൂടപ്പെട്ടു. ഈ വെളുത്ത ചാരം മാരകശേഷിയുള്ള റേഡിയോ ആക്ടീവ് അവശിഷ്ടങ്ങളാണെന്ന് ആര്‍ക്കും മനസ്സിലായില്ല. കുട്ടികള്‍ മഞ്ഞാണെന്ന് തെറ്റിദ്ധരിച്ച് അതില്‍ കളിച്ചു. ചില കുട്ടികള്‍ അതെടുത്ത് ഭക്ഷിച്ചു.''

ലിഥിയം ഡ്യൂട്ടിറൈഡും ദ്രവഡ്യൂട്ടീറൈഡും സെക്കന്‍ഡറിയായി ഉപയോഗിച്ച് നിര്‍മിച്ച ബോംബില്‍ കൂടുതല്‍ സംഹാരശക്തിക്കു വേണ്ടി മറ്റ് പല ഐസോടോപ്പുകളും ചേര്‍ത്തിരുന്നു. പരീക്ഷണസ്ഫോടനത്തില്‍ ഇവ ഫിഷൻ പ്രക്രിയയിലൂടെ പിളര്‍ന്നപ്പോള്‍ അന്തരീക്ഷത്തിലും ജലത്തിലുമെത്തിയത് മാരകവിഷമുള്ള റേഡിയോ ആക്ടീവ് അവശിഷ്ടങ്ങളായിരുന്നു. 30 വര്‍ഷം ആയുസ്സുള്ള 'സ്‌ട്രോണ്‍ഷ്യം-90' എന്ന റേഡിയോ ആക്ടീവ് ഐസോടോപ്പായിരുന്നു ഏറ്റവും വിനാശകരമായ വിഷം. വായുവിലും ശാന്തസമുദ്രത്തിലും കലര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിഷം തീരപ്രദേശങ്ങളിലെ ജനവാസമേഖലകളിലെത്തി. പസഫിക് സമുദ്രം പൊതുവേ പ്രക്ഷുബ്ധവും കൂടിയ കാറ്റും അനുഭവപ്പെട്ടിരുന്ന സമയമായിരുന്നു അത്. സ്‌ഫോടനം സംഭവിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മഴയും പെയ്തതോടെ അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്ന റേഡിയോ ആക്ടീവ് വിഷധൂളികള്‍ പസഫിക്ക് മേഖലയിലെ ദ്വീപുകളില്‍ പെയ്തിറങ്ങി.

പസഫിക്ക് ദ്വീപുകളിലെ മനുഷ്യരെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. മഴ കൊള്ളേണ്ടി വന്ന മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു. അന്നുവരെ കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങള്‍ ജനങ്ങളെ ബാധിക്കാന്‍ തുടങ്ങി. ദ്വീപുനിവാസികളില്‍ പലരും വര്‍ഷങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞു. പലരും കാന്‍സറിനും മറ്റ് പല അപൂര്‍വരോഗങ്ങള്‍ക്കും അടിമകളായി. കാസില്‍ ബ്രാവോ പരീക്ഷണത്തിന്റെ വിഷധൂളികള്‍ കാറ്റിലൂടെ ഇന്ത്യയുള്‍പ്പെടെയുള്ള ലോകത്തിലെ മിക്ക രാജ്യങ്ങളിലുമെത്തി. കാസില്‍ ബ്രാവോ ഹൈഡ്രജന്‍ ബോംബ് പുറന്തള്ളിയ റേഡിയോ ആക്ടീവ് വിഷം ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിലും വായുവിലും ജലത്തിലുമായി നിലനില്‍ക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

കാസില്‍ ഓപ്പറേഷനു ശേഷവും 1958 വരെ ബിക്കിനി അറ്റോളില്‍ അമേരിക്ക തങ്ങളുടെ പരീക്ഷണങ്ങള്‍ തുടര്‍ന്നിരുന്നു. മൂന്നാം സെറ്റ് പരീക്ഷണങ്ങള്‍ 1958 ജൂലൈയിലാണ് ആരംഭിച്ചത്. പത്ത് പരീക്ഷണങ്ങളാണ് അവസാന സെറ്റില്‍ നടത്തിയത്. 

രോഗികളാക്കപ്പട്ട് ജന്മസ്ഥലം നഷ്ടപ്പെട്ട ദ്വീപുനിവാസികള്‍

ആണവായുധ പരീക്ഷണങ്ങള്‍ക്ക് മുന്‍പ് ബിക്കിനി ദ്വീപിലേയും പരിസര ദ്വീപുകളിലേയും അഞ്ഞൂറിലധികം കുടുംബങ്ങളെ മറ്റ് അറ്റോളുകളിലേക്ക് മാറ്റിയിരുന്നു. മിക്കവരേയും വിമാനമാര്‍ഗം റോംഗറിക്, കിലി, ഖ്വാജലീന്‍ അറ്റോളുകളിലേക്കാണ് പോയത്. എന്നാല്‍, ആണവ വികിരണത്തിന്റെ ഫലമായി ജീവിതമാര്‍ഗങ്ങള്‍ പാടെ നശിപ്പിക്കപ്പെട്ട ആളുകള്‍ ദ്വീപുകളില്‍ ആവശ്യത്തിന് ഭക്ഷണം പോലും കിട്ടാതെ വലഞ്ഞു. പലയിടത്തായി ചിതറിക്കിടന്ന ബിക്കിനിയനുകള്‍ക്ക് പിന്നീടൊരിക്കലും പഴയ രീതിയിലുള്ള സ്വാസ്ഥ്യജീവിതം തിരികെ ലഭിച്ചില്ല. ആദ്യഘട്ടങ്ങളില്‍ യു.എസ്. നേവി ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചിരുന്നെങ്കിലും പതിയെ അവഗണിക്കാന്‍ ആരംഭിച്ചു. ജനങ്ങളുടെ സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ അറ്റോളുകളിലെത്തിയ ഗവേഷകരെല്ലാം ഒന്നടങ്കം ആവശ്യപ്പെട്ടത് ജനങ്ങളെ വാസയോഗ്യമായ സ്ഥലങ്ങളിലേക്ക് ഉടന്‍ മാറ്റണമെന്നായിരുന്നു. ജനങ്ങളുടെ ദുരിതം പുറത്തുവരാന്‍ ആരംഭിച്ചതോടെ ലോകത്തിന്റെ പല ഭാഗത്തുനിന്നും അമേരിക്കയ്‌ക്കെതിരേ നിശ്ശിത വിമര്‍ശനങ്ങളും ഉയരാന്‍ ആരംഭിച്ചു. 

1969-കളില്‍ ബിക്കിനിയിലെ റേഡിയേഷന്റെ അളവ് കുറഞ്ഞുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിലിയിലും മറ്റ് ദ്വീപുകളിലും താമസിക്കുന്ന 540 ബിക്കിനി അറ്റോള്‍ കുടുംബങ്ങള്‍ക്ക് സ്വന്തം അറ്റോളിലേക്ക് പോകാമെന്ന് അന്നത്തെ പ്രസിഡന്റ് ലിന്‍ഡണ്‍ ബി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബിക്കിനിയിലെ പ്രധാന സമുദ്രോത്പന്നമായ തേങ്ങാ ഞണ്ടുകള്‍ എന്നറിയപ്പെടുന്ന ഞണ്ടുകളില്‍ ഉയര്‍ന്ന തോതില്‍ റേഡിയോ ആക്ടിവിറ്റി നിലനിര്‍ത്തുന്നതിനാല്‍ അത് കഴിക്കാന്‍ കഴിയില്ലെന്ന് ആണവോര്‍ജ്ജ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബിക്കിനിയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ചു. 

നിരന്തരമായ ആണവപരീക്ഷണങ്ങള്‍ മൂലം ബിക്കിനി അറ്റോള്‍ അപ്പോഴേക്കും തീര്‍ത്തും വാസയോഗ്യമല്ലാതായി തീര്‍ന്നിരുന്നു. വിഷധൂളികളുടെ സാന്നിധ്യത്താല്‍ അറ്റോള്‍ കൃഷിക്കും മത്സ്യബന്ധനത്തിനുമൊന്നും അനുയോജ്യമല്ലാതായി തീര്‍ന്നു. ആളുകള്‍ ജന്മസ്ഥലം പൂര്‍ണമായും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ഇവിടേക്ക് മനുഷ്യരാരും സന്ദര്‍ശിക്കാതെയായി. സമുദ്രസഞ്ചാരികളോ സ്‌പോര്‍ട് ഡൈവര്‍മാരോ ഇടയ്ക്ക് അറ്റോല്‍ സന്ദര്‍ശിക്കാറുണ്ടെങ്കിലും 2017 വരെ ബിക്കിനിയില്‍ ജനവാസം പോലുമില്ലായിരുന്നു. 

1987-ല്‍ വീടുകളും കെട്ടിടങ്ങളും മറ്റും വീണ്ടെടുക്കുന്നതിനായി ഏതാനും ആളുകള്‍ ബിക്കിനിയിലേക്ക് മടങ്ങിയിരുന്നു. നിര്‍മ്മാണ ജോലിക്കാര്‍ ബിക്കിനിയില്‍ ആദ്യം ഒരു ഹോട്ടല്‍ നിര്‍മിക്കാന്‍ ആരംഭിച്ചു. ജനറേറ്ററുകള്‍, കടല്‍ജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍, വൈദ്യുതി ലൈനുകള്‍ എന്നിവ സ്ഥാപിച്ചു. ഏകദേശം നൂറു പേരാണ് അവിടെ വീണ്ടും ജീവിക്കാന്‍ ആരംഭിച്ചത്. എന്നാല്‍, പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ക്ക് വീണ്ടും അറ്റോള്‍ ഒഴിഞ്ഞുപോവേണ്ടി വന്നു. ബിക്കിനിയിലെ കിണറുകളിലെ വെള്ളം ആണവമാലിന്യം കലര്‍ന്നതാണെന്നും പച്ചക്കറികളില്‍ പലതിലും വിഷപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന ഫ്രഞ്ച് സംഘത്തിന്റെ കണ്ടെത്തലുകളെ തുടര്‍ന്നായിരുന്നു അത്. അതിനകംതന്നെ അവിടെയുണ്ടായിരുന്ന ജനങ്ങള്‍ പല തരം രോഗത്തിന്റെ പിടിയിലകപ്പെട്ടിരുന്നു. സ്ത്രീകള്‍ക്ക് ഗര്‍ഭം അലസല്‍ പതിവായി, ചാപിള്ള, ജനിതക വൈകല്യങ്ങളോടെയുള്ള കുട്ടികള്‍ ജനിക്കാന്‍ തുടങ്ങി.  പല തലമുറകളോളം ആളുകളെ അര്‍ബുദങ്ങള്‍ വേട്ടയാടാനും തുടങ്ങി. പിന്നീട് അമേരിക്കയുടെ ഇടപെടലില്‍ ദ്വീപ് നിവാസികളെ വീണ്ടും ഒഴിപ്പിച്ചു. 

1985-ല്‍ ബിക്കിനി ദ്വീപ് നിവാസികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സമര്‍പ്പിച്ച പരാതിയുടെ ഫലമായി ബിക്കിനി അറ്റോള്‍ ഉള്‍പ്പെടെയുള്ള ദ്വീപ് ശൃംഖലയുടെ ശുചീകരണത്തിന് ധനസഹായം നല്‍കാന്‍ യു.എസ്. സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. 1991-ല്‍ ഇതിനുള്ള നടപടികളും ആരംഭിച്ചു. ആദ്യത്തെ അണുവിമുക്ത പദ്ധതി 1998-ല്‍ പൂര്‍ത്തികീരിച്ചെങ്കിലും പിന്നീടും ഇവിടെ പുനരധിവാസം അനുവദിക്കാന്‍ കഴിയാത്തത്ര ഉയര്‍ന്ന തോതില്‍ റേഡിയേഷന്‍ അളവുള്ളതായി പഠനങ്ങള്‍ വ്യക്തമാക്കി. വിനോദസഞ്ചാരത്തിന് ആ റേഡിയേഷന്‍ അളവ് തടസമല്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അപൂര്‍വമായി ബിക്കിനി ദ്വീപിലേക്ക് ആളുകളെത്തി തുടങ്ങി. പരീക്ഷണത്തിനായി ഉപയോഗിച്ച കപ്പലുകള്‍ മുങ്ങിയ ഭാഗമുള്‍പ്പെടെ സ്‌കൂബ ഡൈവിങ്ങിനായി തുറന്നുകൊടുത്തു. രണ്ട് വര്‍ഷത്തിനിപ്പുറം ഈ മേഖലയില്‍ മത്സ്യബന്ധനവും പുനഃരാരംഭിച്ചു. 

placeholder
അമേരിക്കയില്‍നിന്നുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ട കാസില്‍ ബ്രാവോ അറുപതാം വാര്‍ഷികത്തില്‍ മാര്‍ഷല്‍ ദ്വീപിലെ ഒരു അറ്റോളിലെ ജനങ്ങള്‍ നടത്തിയ പ്രതിഷേധം | Photo: Getty Images

നഷ്ടപരിഹാരം- നീതി കാത്ത് മാര്‍ഷലീസ് ജനത

വാസയോഗ്യമല്ലാതാക്കി മാര്‍ഷല്‍ ദ്വീപുകളിലെ പല അറ്റോളുകളേയും നശിപ്പിച്ചതിന്റെ പ്രതിഫലമായി 1956 മുതല്‍ 1998 വരെ അമേരിക്ക മാര്‍ഷല്‍ ദ്വീപുകള്‍ക്ക് പല രീതിയില്‍ 700 മില്യണ്‍ ഡോളറിലധികം സഹായം നല്‍കിയിട്ടുണ്ട്. 1988-ലാണ് അമേരിക്ക-മാര്‍ഷല്‍ ദ്വീപ് വിഷയത്തില്‍ സ്വതന്ത്ര വിചാരണ നടത്താനായി ആദ്യമായി ഒരു അന്താരാഷ്ട്ര ട്രിബ്യൂണല്‍ സ്ഥാപിക്കപ്പെടുന്നത്‌. മാര്‍ഷല്‍ ദ്വീപുകള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനും പുനരധിവാസ ചെലവുകള്‍ക്കുമായി 2.3 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ ഉത്തരവ്. അമ്പത് വര്‍ഷത്തോളം അമേരിക്ക മാര്‍ഷല്‍ ദ്വീപുകള്‍ക്ക് സഹായം ഉറപ്പാക്കി സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, 1990-കളോടെ 600 മില്യണ്‍ ഡോളര്‍ മാര്‍ഷല്‍ ദ്വീപുകള്‍ക്ക് നല്‍കിയെന്നും തങ്ങളുടെ ബാധ്യത അവസാനിപ്പിച്ചെന്നും അവകാശപ്പെട്ട് അമേരിക്ക രംഗത്തെത്തുകയും ദ്വീപിലെ ആളുകള്‍ക്ക് വൈദ്യസഹായം കൊടുക്കുന്നത് നിര്‍ത്തുകയും ചെയ്തു. ഇതിനെതിരേ മാര്‍ഷല്‍ ദ്വീപ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു. 

മാര്‍ഷല്‍ ദ്വീപ് നിവാസികളുടെ റേഡിയേഷനുമായി ബന്ധപ്പെട്ട ആരോഗ്യ, സ്വത്ത് നഷ്ടങ്ങള്‍ക്ക് പരിഹാരമായി അമേരിക്ക നല്‍കിയ 45.8 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം 2009-ഓടെ പൂര്‍ണമായും തീര്‍ന്നിരുന്നു. ട്രിബ്യൂണലിന്റേയും മാര്‍ഷലീസ് ജഡ്ജിമാരുടേയും മേല്‍നോട്ടത്തിലായിരുന്നു നഷ്ടപരിഹാര വിതരണം. ധനസഹായം നല്‍കുന്നത് തുടരാന്‍ അമേരിക്ക ബാധ്യസ്ഥരാണെന്ന് ടിബ്യൂണല്‍ വീണ്ടും ഉത്തരവിട്ടിരുന്നെങ്കിലും അതിന്മേല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ല. ആണവദുരന്തം നടന്ന് 69 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അര്‍ഹരായ മാര്‍ഷലീസ് ജനങ്ങളില്‍ പകുതിയോളം പേരും നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയോ യാതൊരു സഹായവും ലഭിക്കാതെ രോഗബാധിതരായി മരണപ്പെടുകയോ ചെയ്തു. നഷ്ടപരിഹാരത്തിന് മേലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. 

മാര്‍ഷലിന്റെ പരാതി

ആണവായുധ കരാര്‍ ലംഘനത്തിനെതിരേ 2014-ല്‍ മാര്‍ഷല്‍ ദ്വീപുകള്‍ പരാതികളുമായി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെ ഒമ്പത് ആണവ രാഷ്ട്രങ്ങള്‍ക്കെതിരേയാണ് അവര്‍ രംഗത്തെത്തിയത്. ആണവായുധം കൈയില്‍വെച്ച രാഷ്ട്രങ്ങള്‍ മനുഷ്യാവകാശത്തെ ലംഘിക്കുകയാണെന്നായിരുന്നു പ്രധാന ആരോപണം. അമേരിക്ക, റഷ്യ, യു.കെ., ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ തുടര്‍ച്ചയായി 1968-ലെ ആണവ നിര്‍വ്യാപനക്കരാര്‍ ലംഘിക്കുകയാണ്. ആണവായുധങ്ങള്‍ കൈവശം വെക്കുന്നതിനെതിരേയുള്ള അന്താരാഷ്ട്ര കരാറിന്റെ ഭാഗം ആറിന്റെ ലംഘനമാണ് ആണവായുധരാഷ്ട്രങ്ങള്‍ നടത്തുന്നതെന്ന പരാതിയാണ് മാര്‍ഷല്‍ ദ്വീപ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍, അന്താരാഷ്ട്ര നീതിന്യായ കോടതി ഈ കേസുകള്‍ തള്ളി. 

ആണവ നിര്‍വ്യാപന കരാര്‍

ലോകത്ത് ആണവായുധങ്ങളുടെ  ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള ഉടമ്പടിയാണ് 'ആണവ നിര്‍വ്യാപന കരാര്‍' (NPT - Non-Proliferation of Nuclear weapons Treaty). 1970 മാര്‍ച്ച് 5-ന് ഈ ഉടമ്പടി നിലവില്‍ വന്നു. ആണവ നിരായുധീകരണം ഉറപ്പാക്കുക, ആണവായുധങ്ങളും അതിന്റെ സാങ്കേതികവിദ്യയും പ്രചരിപ്പിക്കുന്നത് തടയുക, ആണവോര്‍ജം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നീ  പ്രധാന ലക്ഷ്യങ്ങളാണ് ഉടമ്പടിക്കുള്ളത്. 1967 ജനുവരി ഒന്നിന് മുമ്പ് ഏതെങ്കിലും അണ്വായുധം നിര്‍മിച്ച് സ്ഫോടനം നടത്തുകയോ, വിതരണം ചെയ്യുകയോ ചെയ്ത രാജ്യങ്ങളെയാണ് ഈ കരാര്‍ പ്രകാരം ആണവശക്തിയായി കണക്കാക്കുന്നത്. ഈ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്ക, റഷ്യ, ബ്രിട്ടണ്‍, ഫ്രാന്‍സ്, ചൈന എന്നീ അഞ്ച് രാജ്യങ്ങളാണ് ആണവശക്തികള്‍. ആണവായുധങ്ങള്‍ കൈവശമുള്ള 'മറ്റ് രാജ്യ'ങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്താന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. ആണവായുധം സ്വായത്തമാക്കിയ രാഷ്ട്രങ്ങളുടെ പട്ടികയാണ് 'ന്യൂക്ലിയര്‍ ക്ലബ്ബ്'' (Nuclear club)

ഇതുവരെ വരെ 187 രാജ്യങ്ങള്‍ കരാറില്‍ ഒപ്പിടുകയും 178 രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. എന്നിരുന്നാലും ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാന്‍, ഇസ്രായേല്‍, ഉത്തര കൊറിയ, പാകിസ്താന്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങള്‍ ഇതുവരെ കരാര്‍ അംഗീകരിച്ചിട്ടില്ല. ഇതില്‍ ഇന്ത്യ, ഉത്തര കൊറിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ഇതുവരെ കരാറില്‍ ഒപ്പുവെച്ചിട്ടില്ല. 1996-ല്‍ കരാര്‍ നിലവില്‍വന്നശേഷം 10 തവണ മാത്രമേ ലോകത്ത്  ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളൂ. ഈ നൂറ്റാണ്ടില്‍ ഉത്തര കൊറിയ  മാത്രമാണ് മാനദണ്ഡം ലംഘിച്ച് ആണവായുധങ്ങള്‍ പരീക്ഷിച്ചത്. പ്രബലരായ ആണവശക്തികളും ഇന്ത്യയും ആണവ നിര്‍വ്യാപനക്കരാറില്‍ ഒപ്പ് വെച്ചിട്ടില്ല. 'ആണവായുധങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ല, എന്നാല്‍ ആണവ സ്ഫോടന പരീക്ഷണങ്ങള്‍ നടത്തില്ല, ആണവോര്‍ജം സമാധാനപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കും'എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 

അമേരിക്കയുമായി വീണ്ടും കരാര്‍ 

ആണവായുധ പരീക്ഷണങ്ങളുടെ ബന്ധപ്പെട്ട നഷ്ടപരിഹാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും മാര്‍ഷല്‍ ദ്വീപുകളും അമേരിക്കയും തമ്മില്‍ വളരെ ശക്തമായ നയതന്ത്രബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. മാര്‍ഷലീസ് പൗരന്മാര്‍ക്ക് അമേരിക്കയില്‍ വിസ ഇല്ലാതെ പഠിക്കാം. യു.എസ്സിന്റെ സൈന്യത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍, യു.എസ്. പൗരന്മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശമ്പളത്തില്‍ മാര്‍ഷലീസ് പൗരന്മാര്‍ക്ക് ജോലി ചെയ്യാം. മാര്‍ഷല്‍ ദ്വീപ്- അമേരിക്ക മിലിട്ടറി യൂഎസ് ആന്റ് ഓപ്പറേറ്റിങ് റൈറ്റ്‌സ് കരാറിന്റെ ഭാഗമായി അമേരിക്കയ്ക്ക് 2066 വരെ, ആവശ്യമെങ്കില്‍ 2086 വരെ ഖ്വാജലീന്‍ അറ്റോളിന്റെ ഒട്ടുമിക്ക മേഖലകളേയും മിസൈല്‍ പീരക്ഷണത്തിനായി ഉപയോഗിക്കാന്‍ അനുമതിയുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളും നിലനില്‍ക്കുന്നുണ്ട്. കോംപാക്ട് ഓഫ് ഫ്രീ അസോസിയേഷന്റെ ഭാഗമായി മാര്‍ഷല്‍ ദ്വീപിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത് അമേരിക്കയില്‍ നിന്നാണ്. ദ്വീപിന് സാമ്പത്തിക സുസ്ഥിരത നേടാന്‍ സഹായം നല്‍കുമെന്ന കരാറിന്റെ ഭാഗമായാണ് യു.എസിന്റെ സാമ്പത്തിക പിന്തുണ. ദ്വീപിന്റെ പ്രധാന വരുമാന പങ്കാളിയും അമേരിക്ക തന്നെ. വരുമാന മാര്‍ഗമായി ദ്വീപിന്റെ പ്രദേശങ്ങളില്‍ മത്സ്യബന്ധനം നടത്താനുള്ള അവകാശം മാര്‍ഷല്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്നുണ്ട്. 

പുതിയ കരാറുകള്‍ സുരക്ഷിതവും സ്വതന്ത്രവുംസമൃദ്ധവുമായ പസഫിക് മേഖല കെട്ടിപ്പടുക്കുന്നതില്‍ അമേരിക്കയ്ക്കുള്ള പ്രതിബദ്ധതയാണ് വര്‍ധിപ്പിക്കുന്നത്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള ശക്തവും ചരിത്രപരവുമായ സഹകരണത്തെയും ജനങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് അമേരിക്ക പ്രതികരിച്ചു. ഏറ്റവും പുതിയതായി മൂന്ന് കോംപാക്ട് ഓഫ് ഫ്രീ അസോസിയേഷന്‍ കരാറുകളില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് ഒപ്പുവെച്ചിട്ടുണ്ട്. കരാറുകളില്‍ ഭേദഗതി വരുത്താനുള്ള കരാര്‍, സാമ്പത്തിക ബന്ധത്തിന്റെ നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍, ട്രസ്റ്റ് ഫണ്ട് കരാര്‍ എന്നിവയാണത്. നഷ്ടപരിഹാര ചര്‍ച്ചകള്‍ക്കിടയിലും, ദ്വീപ് നേരിടുന്ന ദുരവസ്ഥയ്ക്ക് പിന്നില്‍ അമേരിക്കയാണെന്ന ആവര്‍ത്തനത്തിനിടയിലും റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ഐലന്‍ഡുകളും അമേരിക്കയും തമ്മിലുള്ള സജീവമായ അന്തര്‍ധാരയിലേക്കാണ് പുതിയ കരാര്‍ വിരല്‍ചൂണ്ടുന്നത്.