
നവംബര്‍ 19-ന് എയര്‍ ഇന്ത്യ വിമാനസര്‍വീസുകള്‍ തടസ്സപ്പെടുത്തുമെന്നാണ് ഖലിസ്താന്‍ തീവ്രവാദി ഗുര്‍പത്‌വന്ത് സിങ് പന്നൂനിന്റെ ഭീഷണി. 19-ന് എയര്‍ ഇന്ത്യ വിമാനത്തില്‍ സിഖുകാര്‍ യാത്രചെയ്യരുതെന്നും അതു ജീവന്‍ അപകടത്തിലാക്കുമെന്നുമാണ് നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ.) തലവന്‍ ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍ സാമൂഹികമാധ്യമങ്ങളില്‍ ഭീഷണിമുഴക്കിയത്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം 19-ന് അടഞ്ഞുകിടക്കുമെന്നും പന്നൂന്‍ അവകാശപ്പെട്ടു. പിന്നാലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടു. കാനഡയിലേക്കും തിരിച്ച് ഇന്ത്യയിലേക്കും പോകുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ കനേഡിയന്‍ അധികൃതരോട് നിര്‍ദേശിച്ചിരിക്കുന്നത്. കനേഡിയന്‍ നഗരങ്ങളായ ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ ആഴ്ചയില്‍ ഒന്നിലധികം നേരിട്ടുള്ള ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.
കനിഷ്‌ക വിമാനദുരന്തത്തിന്റെ ഓര്‍മകള്‍ പേറുന്നതിനാല്‍ തന്നെ പന്നൂനിന്റെ ഭീഷണി ലാഘവത്തോടെ കാണാന്‍ ഇന്ത്യ തയ്യാറായേക്കില്ല. 1985 ജൂണ്‍ 23-നാണ് എയര്‍ ഇന്ത്യയുടെ എംപറര്‍ കനിഷ്‌ക (Emperor Kanishka) എന്ന ബോയിങ് വിമാനം കാനഡയിലെ മൊണ്‍ട്രിയലില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 307 യാത്രക്കാര്‍ക്കും 22 ജീവനക്കാര്‍ക്കും ജീവന്‍ നഷ്ടമായി. അത് പക്ഷേ ഒരു സാധാരണ അപകടമായിരുന്നില്ല, സിഖ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണമായിരുന്നു. ഇന്ത്യയ്‌ക്കെതിരായ പ്രതികാരമെന്നോണമാണ് അവര്‍ വിമാനം ബോംബുവച്ച് തകര്‍ത്തത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം. ലോകം കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നും. കാനഡയുടെ സുരക്ഷാ ഏജന്‍സികള്‍ക്കുമുണ്ടായ ഗുരുതരമായ വീഴ്ചകളാണ് ഭീകരാക്രമണത്തിലേക്ക് വഴിവെച്ചതെന്ന് വിവരം പിന്നീട് പുറത്തുവന്നു. എന്തായിരുന്നു കനിഷ്‌ക വിമാനത്തിന് സംഭവിച്ചത്? എന്തിനായിരുന്നു വിമാനം തകര്‍ത്തത്? ആരായിരുന്നു അതിന് പിന്നില്‍?

കനിഷ്‌കയുടെ അവസാനത്തെ യാത്ര
1985 ജൂണ്‍ 23-ന് രാത്രി 12.15-നാണ് എയര്‍ ഇന്ത്യയുടെ എംപറര്‍ കനിഷ്‌ക എന്ന ബോയിങ് 747-237 ബി വിമാനം ടൊറന്റോയിലെ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മോണ്‍ട്രിയലിലെ മിറാബെല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നത്. അറ്റകുറ്റപ്പണികള്‍ ഉണ്ടായിരുന്നതിനാല്‍ നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ 40 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്. ഒരു മണിക്ക് മോണ്‍ട്രിയല്‍ വിമാനത്താവളത്തില്‍ എത്തിയ വിമാനം (എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 182) പിന്നീട് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളവും മുംബൈ അന്താരാഷ്ട്ര വിമാനത്താവളവുമായിരുന്നു ലക്ഷ്യസ്ഥാനങ്ങള്‍. 329 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്; 307 യാത്രക്കാരും 22 ജീവനക്കാരും. ഹന്‍സ് സിങ് നരേന്ദ്രയായിരുന്നു വിമാനത്തിന്റെ ക്യാപ്റ്റന്‍. യാത്രക്കാരിലധികവും ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയവരായിരുന്നു. ഭൂരിഭാഗവും ഹിന്ദുക്കളുമായിരുന്നു. ചിലര്‍ സിഖുകാരും. അവരില്‍ പലരും അവധിക്കാലം ആഘോഷിക്കാനും ഇന്ത്യയിലെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാന്‍ കുടുംബത്തിനൊപ്പം പോകുന്നവരുമായിരുന്നു. ജീവനക്കാര്‍ ഇന്ത്യന്‍ പൗരന്മാരും.
ടൊറന്റോയില്‍ നിന്നും മോണ്‍ട്രിയലില്‍നിന്നും യാത്രക്കാരെ കയറ്റി അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ആറ് മണിക്കൂര്‍ നീണ്ട പറക്കലിനൊടുവില്‍ വിമാനം അയര്‍ലന്‍ഡിന്റെ വ്യോമമേഖലയില്‍ പ്രവേശിച്ചു. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. ക്യാപ്റ്റന്‍ നരേന്ദ്ര സിങ് ഹാന്‍സെയും അദ്ദേഹത്തിന്റെ സഹ പൈലറ്റ് സത്‌വീന്ദര്‍ സിങ് ഭിന്ദറും. ലണ്ടനിലേക്കുള്ള വിമാനത്തിന്റെ പാത സ്ഥിരീകരിക്കാന്‍ സത്‌വീന്ദര്‍ അയര്‍ലന്‍ഡിലെ ഷാനണ്‍ (Shannon) വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ (എ.ടി.സി.) മൈക്കല്‍ ക്വിനുമായി ബന്ധപ്പെട്ടു. ഗ്രീന്‍വിച്ച് സമയം രാവിലെ 7.13-ന് എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 182 മൈക്കല്‍ ക്വിനിന്റെ റഡാര്‍ സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായി. പരിഭ്രാന്തനായ അദ്ദേഹം പ്രദേശത്തുണ്ടായിരുന്ന മറ്റ് വിമാനങ്ങളോട് എയര്‍ ഇന്ത്യ വിമാനവുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മൈക്കല്‍ ക്വിന്‍ ഷാനണ്‍ എയര്‍പോര്‍ട്ടിലെ മറൈന്‍ റെസ്‌ക്യൂ സെന്ററിലേക്ക് വിളിക്കുകയും വിവരം കൈമാറുകയും ചെയ്തു. 7.30-യോടെ എടിസി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അടുത്തുള്ള ചരക്ക് കപ്പലുകളോടും ഐറിഷ് നേവല്‍ സര്‍വീസ് കപ്പല്‍ ലെ ഐസ്ലിങ്ങി (LÉ Aisling)നോടും വിമാനത്തിനായി തിരച്ചില്‍ നടത്താന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
ക്യൂബെക്കില്‍ നിന്ന് അയര്‍ലന്‍ഡിലെ ഡബ്ലിനിലേക്ക് ന്യൂസ് പ്രിന്റ് കയറ്റിക്കൊണ്ടുപോകുമ്പോഴാണ് ലോറന്‍ഷ്യന്‍ ഫോറസ്റ്റ് ( Laurentian Forest ) എന്ന കപ്പലിന് വിമാനത്തെ സംബന്ധിച്ച് അടിയന്തര സന്ദേശം ലഭിക്കുന്നത്. പ്രദേശത്തുതന്നെ ഉണ്ടായിരുന്ന കപ്പല്‍ നടത്തിയ തിരച്ചിലിലാണ് തുടക്കത്തില്‍ സമുദ്രത്തില്‍ മൃതദേഹങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തുന്നത്. പിന്നാലെ ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളും കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. യുദ്ധക്കപ്പലുകള്‍ മുതല്‍ ചെറു മത്സ്യബന്ധന ബോട്ടുകള്‍ തിരിച്ചിലിനെത്തി. ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 307 യാത്രക്കാരും 22 ജീവനക്കാരും കൊല്ലപ്പെട്ടു. പക്ഷേ, 132 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടവരില്‍ 268 പേര്‍ കനേഡിയന്‍ പൗരന്മാരായിരുന്നു. 27 ബ്രിട്ടീഷുകാരും 22 ഇന്ത്യക്കാരും. 12 പേരുടെ പൗരത്വം തിരിച്ചറിയാന്‍ സാധിച്ചില്ല. സങ്കടകരമായ ഒരു വസ്തുത യാത്രക്കാരില്‍ 80-ല്‍ അധികവും കുട്ടികളായിരുന്നു, അതില്‍ തന്നെ ആറ് ശിശുക്കളും.

അട്ടിമറി സ്ഥിരീകരിക്കപ്പെടുന്നു
കനിഷ്‌ക അപകടത്തില്‍പ്പെട്ടതിന് പിന്നലെ തന്നെ അട്ടിമറി സാധ്യതയും ഉയര്‍ന്നുകേട്ടിരുന്നു. വിമാനം ബോംബ് സ്‌ഫോടനത്തില്‍ തകരാനുള്ള സാധ്യത അന്നത്തെ വ്യോമയാന മന്ത്രിയും ചൂണ്ടിക്കാണിച്ചു. വിമാനത്തിന് സാങ്കേതിക തകരാറുണ്ടാകാനുള്ള സാധ്യത അന്വേഷണസംഘം പരിശോധിച്ചെങ്കിലും സ്ഥിരീകരിക്കാനായില്ല. ഇതോടെ ബോംബ് സ്ഫോടനം തന്നെയാകാം ദുരന്തത്തിന് ഇടയാക്കിയതെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘവും എത്തി. എട്ട് മൃതദേഹങ്ങളിലെ മുറിവുകള്‍ വിമാനം വെള്ളത്തില്‍ പതിക്കുന്നതിന് മുമ്പ് തന്നെ അവര്‍ പുറത്തേക്ക് തെറിച്ചു എന്ന് സൂചിപ്പിക്കുന്നതായിരുന്നു. ആകാശത്ത് വച്ച് വിമാനം തകര്‍ന്നതിന്റെ സൂചനയാണ് ഇത് നല്‍കിയത്. ഇരുപത്തിയാറ് മൃതദേഹങ്ങള്‍ ഹൈപ്പോക്‌സിയയുടെ (ഓക്‌സിജന്റെ അഭാവം) ലക്ഷണങ്ങള്‍ കാണിച്ചു. ഇരുപത്തിയൊന്ന് യാത്രക്കാരെ വസ്ത്രമില്ലാതെയാണ് കണ്ടെത്തിയത്. എയര്‍ ഇന്ത്യയില്‍ അന്നുണ്ടായിരുന്ന ഏറ്റവും മികച്ച പൈലറ്റുമാരില്‍ ഒരാളായിരുന്നു കനിഷ്‌കയുടെ ക്യാപ്റ്റന്‍ എച്ച്.എസ്. നരേന്ദ്ര. വ്യോമസേനയില്‍നിന്ന് എയര്‍ ഇന്ത്യയില്‍ എത്തിയ ആളായിരുന്നു വിമാനത്തിന്റെ സഹപൈലറ്റ് എസ്.എസ് ബിന്ദര്‍. അദ്ദേഹവും പരിചയസമ്പന്നന്‍. ഈ സാഹചര്യത്തില്‍ ഒരു അട്ടിമറിയാകാം ദുരന്തത്തിന് ഇടയാക്കിയതെന്ന നിഗമനത്തിലാണ് വിദഗ്ദ്ധര്‍
എത്തിയത്.
6,700 അടി ആഴത്തില്‍ കടലില്‍ കിടന്നിരുന്ന വിമാനത്തിന്റെ അവശിഷ്ടത്തില്‍ നിന്നും ബോംബ് സ്‌ഫോടനം നടന്നു എന്നത് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ആധുനിക സോണാര്‍ ഘടിപ്പിച്ച ബ്രിട്ടീഷ് കപ്പല്‍ ഗാര്‍ഡ്ലൈന്‍ ലൊക്കേറ്റര്‍, ഫ്രഞ്ച് കപ്പല്‍ ലിയോണ്‍ തെവ്‌നിന്‍ എന്നിവയാണ് ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ (എഫ്.ഡി.ആര്‍.), കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ (സി.വി.ആര്‍) ബോക്സുകള്‍ കണ്ടെത്താന്‍ ശ്രമം നടത്തിയത്. ജൂലായ് നാലോടെ ഗാര്‍ഡ്ലൈന്‍ ലൊക്കേറ്ററിന് സിഗ്‌നലുകള്‍ ലഭിച്ചു. ജൂലായ് ഒന്‍പതിന് കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കണ്ടെത്തി പുറത്തെത്തിച്ചു. അടുത്ത ദിവസം, എഫ്ഡിആറും വീണ്ടെടുക്കപ്പെട്ടു. കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡ് ഷിപ്പ് ജോണ്‍ കാബോട്ട് അന്വേഷണത്തില്‍ പങ്കെടുക്കുകയും വിമാനത്തിന്റെ വെള്ളത്തിനടിയിലുള്ള അവശിഷ്ടങ്ങള്‍ മാപ്പ് ചെയ്യുകയും ചെയ്തു. കാര്‍ഗോ ഹോള്‍ഡില്‍ ഒരു സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് എത്തിയത്. ഇതോടെ വാലറ്റത്താകാം സ്‌ഫോടനം നടന്നതെന്നും അത് വിമാനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകാമെന്നും പിളര്‍ന്ന് കടലില്‍ പതിച്ചുവെന്നും വിലയിരുത്തപ്പെട്ടു.

ടോക്യോ - മുംബൈ വിമാനത്തിലും അട്ടിമറിനീക്കം
കനിഷ്‌ക ദുരന്തമുണ്ടായ അന്നേ ദിവസംതന്നെ മറ്റൊരു വിമാനംകൂടി തകര്‍ക്കാന്‍ സിഖ് ഭീകരസംഘടനകള്‍ പദ്ധതിയിട്ടിരുന്നു. ടോക്യോ - മുംബൈ എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 301 വിമാനം ബോംബുവച്ച് തകര്‍ക്കാനായിരുന്നു പദ്ധതി. 1985 ജൂണ്‍ 23-ന് ടോക്കിയോയിലെ നരിറ്റ (Narita) എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ വിമാനത്തിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ബോംബ് സ്ഫോടനമുണ്ടായി. സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച ബോംബ് പ്രാദേശിക സമയം 6.19-ന് ബാഗേജ് കൈകാര്യം ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ചു. ജാപ്പനീസ് ബാഗേജ് ഹാന്‍ഡ്ലര്‍മാരായ ഹിഡെഹരു കോഡ (Hideharu Koda)യും ഹിഡിയോ അസാനോ(Hideo Asano)യും ഇറക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടു. മറ്റ് നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാനഡയിലെ വാന്‍കൂവറില്‍ നിന്ന് കനേഡിയന്‍ പസഫിക് ഫ്ളൈറ്റ് 003 വഴിയാണ് സ്യൂട്ട്കേസ് എത്തിച്ചത്. ഈ വിമാനത്തില്‍ ലഗേജുകളുടെ എക്സ്റേ പരിശോധനകളൊന്നും ഉണ്ടായിരുന്നില്ല. എയര്‍ ഇന്ത്യ 301 വിമാനത്തില്‍ തായ്ലന്‍ഡിലെ ബാങ്കോക്കിലേക്ക് കൊണ്ടുപോകാനും ഇടയില്‍ സ്‌ഫോടനം നടത്താനുമായിരുന്നു പദ്ധതി.
കനിഷ്‌ക വിമാനത്തില്‍ ബോംബ് പൊട്ടിത്തെറിക്കുന്ന അതേസമയം തന്നെ എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 301-ലും ബോംബ് പൊട്ടിത്തെറിക്കാനായിരുന്നു പ്രാഥമിക പദ്ധതി. 177 യാത്രക്കാരും ജോലിക്കാരുമായി ബാങ്കോക്കിലെ ഡോണ്‍ മുവാങ്ങ് വിമാനത്താവളത്തിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 301 തകര്‍ക്കാനായിരുന്നു തീവ്രവാദികള്‍ പദ്ധതിയിട്ടത്. പക്ഷേ, നരിറ്റ എയര്‍പോര്‍ട്ടില്‍ ബോംബ് പൊട്ടിത്തെറിച്ച് 55 മിനിറ്റിന് ശേഷമാണ് അയര്‍ലന്‍ഡ് തീരത്തിന്റെ തെക്കുപടിഞ്ഞാറന്‍ അറ്റത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടയില്‍ കനിഷ്‌ക വിമാനത്തിലെ ബോംബ് പൊട്ടിത്തെറിച്ചത്. ഡേ ലൈറ്റ് സേവിങ് ടൈം ജപ്പാന്‍ പിന്തുടരാതിരുന്നതാണ് തീവ്രവാദികളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. തത്ഫലമായി തീവ്രവാദികള്‍ ആസൂത്രണം ചെയ്തതിലും നേരത്തെ 301 പറന്നുയരുന്നതിന് മുമ്പ് തന്നെ നരിറ്റ വിമാനത്താവളത്തിലെ ബോംബ് പൊട്ടിത്തെറിച്ചു. പ്ലാന്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കനിഷ്‌കയ്ക്ക് സമാനമായി എയര്‍ ഇന്ത്യ 301 വിമാനത്തിനുള്ളിലും ബോംബ് പൊട്ടിത്തെറിച്ചേനെ.

ടോക്യോ വിമാനത്താവളത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെ ബോംബ് സ്ഫോടനമാണ് കനിഷ്‌ക വിമാന ദുരന്തത്തിന് ഇടയാക്കിയതെന്നകാര്യം സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ വിമാനം ലക്ഷ്യംവച്ചാണ് ടോക്യോ വിമാനത്താവളത്തില്‍ ബോംബ് എത്തിച്ചതെന്ന് കണ്ടെത്തിയതോടെ ആയിരുന്നു ഇത്. ഇത് സംബന്ധിച്ച തെളിവുകള്‍ ജപ്പാന്‍ കാനഡയ്ക്ക് കൈമാറി. തുടര്‍ന്ന് കനേഡിയന്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് വിമാനങ്ങളിലും ടിക്കറ്റ് ബുക്കുചെയ്ത രണ്ട് പേരെ കണ്ടെത്തി. വിമാനങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്നും കണ്ടെത്തി. ഒരേ തരത്തിലുള്ള പദ്ധതിയാണ് ഇട്ടിരുന്നതെങ്കിലും ഒന്ന് പാളുകയായിരുന്നു. അമേരിക്ക സന്ദര്‍ശനത്തിനിടെ രാജീവ് ഗാന്ധിയേയും ഹരിയാണ മുഖ്യമന്ത്രി ആയിരുന്ന ഭജന്‍ ലാലിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്ന രണ്ടുപേര്‍ ആയിരുന്നു അവരെന്ന് പിന്നീട് കണ്ടെത്തി. തീവ്രവാദ പരിശീലനം ലഭിച്ചവരായിരുന്നു അവര്‍. കാനഡയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും എക്സ് റേ പരിശോധനായന്ത്രം കേടുവന്നതും അവര്‍ക്ക് നീക്കങ്ങള്‍ എളുപ്പമാക്കി.
വിമാനദുരന്തത്തിലേക്ക് നയിച്ചത്
ഖലിസ്താന്‍ വാദവും അതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളുമായിരുന്നു കനിഷ്‌ക വിമാനദുരന്തത്തില്‍ കലാശിച്ചത്. സിഖുകാര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം സൃഷ്ടിക്കുക എന്ന ആശയത്തോടെയാണ് ഖലിസ്താന്‍ വാദം ആരംഭിച്ചത്. ഇന്ത്യയിലേയും പാകിസ്താനിലേയും പഞ്ചാബുകള്‍ ചേര്‍ത്ത് സ്വതന്ത്ര പരമാധികാര രാഷ്ട്രം, അതായിരുന്നു ഖലിസ്താനികളുടെ പരമമായ ലക്ഷ്യം. ഹരിയാണ, ഹിമാചല്‍ പ്രദേശ്, ചണ്ഡീഗഡ് എന്നിവ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളും ഖലിസ്താനില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ ആഗ്രഹിച്ചു. ഒരേ സമയം ഷിംലയും ലാഹോറും ഖലിസ്താന്റെ ഭാഗമാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. 1940-കളില്‍ ഖലിസ്താന്‍ എന്ന ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചതോടെയാണ് ഇത് ആദ്യമായി ഉയര്‍ന്നുകേട്ടത്. 'നിര്‍മലമായ ഭൂമി' എന്നതാണ് ഖലിസ്താന്‍ എന്ന പഞ്ചാബി വാക്കിന്റെ അര്‍ത്ഥം. 1984-ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ സമയത്ത് ഖലിസ്താനി പ്രസ്ഥാനം അതിന്റെ ഉച്ഛസ്ഥായിയിലായത്. പക്ഷേ, അതിനും എത്രയോ മുമ്പേ അതിന്റെ വിത്തുകള്‍ വിതയ്ക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനും വിഭജനത്തിനും തൊട്ടുമുമ്പുള്ള കാലത്തെ സിഖുകാര്‍ക്ക് വേറിട്ട ഒരു നാട് എന്ന സങ്കല്പം നിലവില്‍ വന്നിരുന്നു. ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയെന്ന മതപ്രാസംഗികന്‍ ഇതിനെ ഊതിക്കത്തിച്ചു. പിന്നാലെ യുവാക്കളുടേയും വിദ്യാര്‍ഥികളുടെയും പിന്തുണയും അവര്‍ക്ക് ലഭിച്ചു.

മറുവശത്ത് കാനഡയിലേക്കുള്ള സിഖുകാരുടെ കുടിയേറ്റം ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ്. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന സിഖ്കാരെ ബ്രിട്ടീഷ് കൊളംബിയയിലെ ഫലഭൂയിഷ്ഠമായ ഭൂമി ആകര്‍ഷിച്ചു. അവര്‍ അവിടെ ജീവിതം കെട്ടിപ്പടുക്കാന്‍ ആരംഭിച്ചു. 1970-കളോടെ സിഖുകാര്‍ കനേഡിയന്‍ സമൂഹത്തില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടുതുടങ്ങി. 1974 മെയ് മാസത്തില്‍ ഇന്ത്യ രാജസ്ഥാനിലെ പൊഖ്റാനില്‍ നടത്തിയ ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-കാനഡ ബന്ധം വഷളായി. സമാധാന ആണവോര്‍ജ്ജത്തിനായി കാനഡ നല്‍കിയ കാന്‍ഡ്യു റിയാക്ടറുകള്‍ സൈനിക ആവശ്യത്തിന് ഉപയോഗിച്ചുവെന്നായിരുന്നു കാനഡയുടെ ആരോപണം. നിലവിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോയായിരുന്നു അന്ന് പ്രധാനമന്ത്രി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഇതോടെ ഉലഞ്ഞു. പഞ്ചാബില്‍ ഖലിസ്താന്‍ പ്രസ്ഥാനത്തിന് പ്രാധാന്യം ലഭിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. കാനഡയുമായി തലമുറകളുടെ ബന്ധമുള്ളതിനാല്‍, രാഷ്ട്രീയ പീഡനം ചൂണ്ടിക്കാട്ടി നിരവധി സിഖുകാര്‍ കാനഡയില്‍ അഭയാര്‍ഥി പദവി തേടി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നതിനാല്‍ തന്നെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കാര്യമായൊന്നും ചെയ്യാത്ത കാനഡയിലേക്ക് പെട്ടെന്ന് ഖലിസ്താനികളുടെ കുത്തൊഴുക്ക് ഉണ്ടായി.
ഖലിസ്താന്‍ വാദം ശക്തിപ്രാപിച്ച 1983-ല്‍ സായുധരായ സിഖ് വിഘടനവാദികള്‍ ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലെയുടെ നേതൃത്വത്തില്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്ര സമുച്ചയം കൈയടക്കി. 1984 ജൂണ്‍ ആദ്യം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് ഉത്തരവിട്ടു. സായുധ പോരാട്ടത്തിന് നീക്കം നടത്തിയ ഭിന്ദ്രന്‍വാലയേയും അനുയായികളേയും അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്നുകയറി വധിച്ചത് ഈ സൈനിക നടപടിയിലൂടെയായിരുന്നു. സിഖ് വിഭാഗക്കാരില്‍ കടുത്ത പ്രതിഷേധത്തിന് സൈനിക നടപടി ഇടയാക്കി. ലോകമെമ്പാടുമുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കാനഡയിലും ഇതിന്റെ പ്രതിഭലനങ്ങളുണ്ടായി. ആയിരക്കണക്കിന് സിഖ് പ്രതിഷേധക്കാര്‍ വാന്‍കൂവറിലെയും മറ്റ് കനേഡിയന്‍ നഗരങ്ങളിലെയും തെരുവിലിറങ്ങി. ചിലര്‍ ഇന്ദിരാ ഗാന്ധിക്കും ഇന്ത്യന്‍ സര്‍ക്കാരിനുമെതിരേ പ്രതികാരത്തിന് ആഹ്വാനം ചെയ്തു. 1984 ഒക്ടോബര്‍ 31-ന് ഇന്ദിര ഗാന്ധി സിഖ് വിഭാഗക്കാരായ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെടുന്നത് ഇതേത്തുടര്‍ന്നാണ്. ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് പിന്നാലെ കാനഡയിലുള്ള ഖലിസ്താന്‍ വാദികളും പ്രതികാര നീക്കങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തി. ഇത് ചെന്നവസാനിച്ചത് കനിഷ്‌ക വിമാന ദുരന്തത്തിലും.
അന്വേഷണം ബബ്ബര്‍ ഖല്‍സയിലേക്ക്...
കനേഡിയന്‍ പ്രധാനമന്ത്രി ബ്രയാന്‍ മള്‍റോണി ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിളിച്ച് അനുശോചനം അറിയിച്ചെങ്കിലും ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചില്ല. ഇത് കാനഡിലെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധത്തിനിടയാക്കി. പിന്നാലെ സിഖ് ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സയാണ് സ്ഫോടനം നടത്തിയതെന്ന് കാനഡയിലെയും ഇന്ത്യയിലെയും അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ജാപ്പനീസ് അന്വേഷകസംഘം ബോംബ് ഭാഗങ്ങള്‍ തിരിച്ചറിയുകയും കാനഡയ്ക്ക് തെളിവുകള്‍ കൈമാറുകയും ചെയ്തു. ഇത് പ്രതികളിലൊരാളെ തിരിച്ചറിയാന്‍ കനേഡിയന്‍ പോലീസിനെ സഹായിച്ചു. കനേഡിയന്‍ പൗരനായ തല്‍വീന്ദര്‍ സിങ് പാര്‍മറും സിഖ് ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സയും ചേര്‍ന്ന് നടത്തിയ ഇരട്ട ബോംബാക്രമണ ശ്രമത്തിന്റെ ഭാഗമായിരുന്നു നരിറ്റയിലെ ആക്രമണം. ഇന്ദര്‍ജിത് സിങ് റിയാത്താണ് ബോംബുകള്‍ നിര്‍മിച്ചത്. അതേസമയം എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് 182 ബോംബാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍, ഇയാള്‍ വിമാനത്തില്‍ കയറാതെ ലഗേജ് ചെക്ക്-ഇന്‍ ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നു.

ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനും സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്നുപേരിട്ട സൈനിക നടപടിക്കെതിരായ സിഖ് ഭീകരവാദ സംഘടനകളുടെ പ്രതികാരമാണ് സ്ഫോടനത്തിന് പിന്നിലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 1986 ജനുവരി 22-ന് എയര്‍ ഇന്ത്യ 182 വിമാനം വീഴ്ത്താന്‍ കാരണമായത് ബോംബാണെന്ന് കനേഡിയന്‍ ഏവിയേഷന്‍ സേഫ്റ്റി ബോര്‍ഡ് കണ്ടെത്തി. തല്‍വീന്ദര്‍ സിങ് പര്‍മറിനും ഇന്ദര്‍ജിത് സിങ് റിയാത്തിനും എതിരെ ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, ഗൂഢാലോചന കുറ്റങ്ങള്‍ എന്നിവ ചുമത്തി. യുകെയിലെ കവന്‍ട്രിയില്‍ വെച്ച് പോലീസ് ഇന്ദര്‍ജിത് സിങ് റിയാത്തിനെ അറസ്റ്റ് ചെയ്തു. പിന്നീട് നീണ്ട കോടതി പോരാട്ടത്തെത്തുടര്‍ന്ന് ബ്രിട്ടീഷ്-കനേഡിയന്‍ ഇരട്ട പൗരനായ റിയാത്തിനെ കാനഡയിലേക്ക് കൈമാറാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സമ്മതിച്ചു. ബോംബ് നിര്‍മിച്ച ഇന്ദ്രജിത്ത് സിങ് റയാത്തിന് 10 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. പക്ഷേ, ഗൂഢാലോചന നടത്തിയവ റിപുദമന്‍ സിങ് മാലിക്, അജൈബ് സിങ് ബാഗ്രി അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെട്ടില്ല. 1988-ല്‍ കാനഡയില്‍ നിന്ന് രക്ഷപെട്ട പാര്‍മര്‍ പാക്‌സ്താനിലേക്ക് കടന്നു. 1992-ല്‍ ഇന്ത്യയില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു.
കാനഡയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചകളാണ് സ്ഫോടനത്തിന് വഴിതെളിച്ചതെന്ന് കാനഡ പിന്നീട് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഓപറേഷന്‍ ബ്ലൂ സ്റ്റാറിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് എതിരേ പ്രതികാരം ചെയ്യുമെന്ന് സിഖ് സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രതികാര നടപടിയെന്നോണം സിഖ് ഭീകരസംഘടനകള്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന സൂചന കാനഡയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടായിരുന്നുവെന്നും പിന്നീട് പുറത്തുവന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് പുറമേ വിമാനത്താവളങ്ങളിലെ എക്സ് റേ പരിശോധന ഇല്ലായിരുന്നതും ഭീകരര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളോട് കാനഡ സര്‍ക്കാര്‍ പിന്നീട് മാപ്പ് പറഞ്ഞെങ്കിലും ഇന്നും തീരാത്ത വേദനയായാണ് കനിഷ്‌ക ദുരന്തം.
Content Highlights: The Air India Flight 182, 'Kanishka' 1985 Bombing, The Investigation, And The Khalistani Hand
Published: 08 Nov 2023, 04:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented