ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് ചൈനയുടെ സാമ്പത്തികസഹായത്തോടെ പണിത വിമാനത്താവളം. അതാണ് മട്ടല രാജപക്‌സെ അന്താരാഷ്ട്ര വിമാനത്താവളം. 1740 കോടിയിലേറെ രൂപ ചെലവില്‍ നിര്‍മിച്ച വമ്പന്‍ വിമാനത്താവളം 2013-ല്‍ തുറന്നുകൊടുത്തെങ്കിലും അധികം വൈകാതെ തന്നെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വിമാനത്തില്‍ കയറാന്‍ ആളില്ലാത്തതിന് പുറമേ, ദേശാടനപ്പക്ഷികളുമായുള്ള കൂട്ടിയിടിയും ആനയും മാനും കാട്ടുപോത്തുമുള്‍പ്പെടെ വന്യജീവികള്‍ റണ്‍വേയില്‍ ഇറങ്ങുന്നതും പതിവായതോടെയാണ് വിമാനക്കമ്പനികള്‍ മട്ടലയെ കൈയൊഴിഞ്ഞത്. 2018-ല്‍ അവസാനത്തെ വിമാന കമ്പനിയും പ്രവര്‍ത്തനം നിർത്തിപ്പോയ വിമാനത്താവളം ഇപ്പോള്‍ ഇന്ത്യ-റഷ്യ സംയുക്തസംരംഭം പാട്ടത്തിന് എടുത്തിരിക്കുകയാണ്. വിമാനക്കമ്പനികളെല്ലാം കൈവിട്ട ഈ 'വെള്ളാന' വിമാനത്താവളം ഇന്ത്യയിലെ ശൗര്യ എയ്‌റോനോട്ടിക്‌സും റഷ്യയിലെ എയര്‍പോര്‍ട്‌സ് ഓഫ് റീജന്‍സ് മാനേജ്‌മെന്റ് കമ്പനിയും ചേര്‍ന്നാണ് 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. പാട്ടവ്യവസ്ഥകളൊന്നും പുറത്തുവന്നിട്ടുമില്ല. 

To advertise here,

ശ്രീലങ്കയുടെ തെക്കന്‍ പ്രവശ്യയില്‍ മട്ടല നഗരത്തിലാണ് രാജപക്‌സെ അന്താരാഷ്ട്ര വിമാനത്താവളം. ഹംബന്‍തോട്ടയില്‍നിന്ന് 18 കിലോമീറ്റര്‍ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. രാജ്യതലസ്ഥാനമായ കൊളംബോയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഇത് രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമാണ്. 2013 മാര്‍ച്ചില്‍ അന്നത്തെ ലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയാണ് വിമാനത്താവളം തുറന്നത്. രാജപക്‌സെ തന്നെയാണ് വിമാനത്താവളത്തിന്റെ നിര്‍മാണവും ആരംഭിച്ചത്. തുടക്കത്തില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെ നിരവധി എയര്‍ലൈനുകള്‍ വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് നടത്തിയിരുന്നു. പക്ഷേ, യാത്രക്കാര്‍ കുറഞ്ഞതോടെ വിമാനക്കമ്പനികള്‍ ഓരോന്നായി മട്ടല വിട്ടു. വിമാനത്താവളം നഷ്ടത്തിലായതോടെ വായ്പ തിരിച്ചടയ്ക്കാന്‍ മതിയായ വരുമാനം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പാട്ടത്തിന് നല്‍കാന്‍ ശ്രീലങ്ക ശ്രമം ആരംഭിക്കുന്നത്.

1740 കോടിയിലേറെ  ചെലവില്‍ ഒരു വിമാനത്താവളം

തലസ്ഥാനമായ കൊളംബോയിലെ ബന്ധരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചതോടെയാണ് ഒരു ബദല്‍ വിമാനത്താവളത്തിന്റെ ചര്‍ച്ചകള്‍ ശ്രീലങ്ക ആരംഭിക്കുന്നത്. ലങ്കന്‍ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ കൂടിയായിരുന്നു ഇത്. ഇതിന് പുതിയ വിമാനത്താവളം ഗുണകരമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു സര്‍ക്കാര്‍. പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ ജന്മസ്ഥലം കൂടിയായിരുന്ന ഹംബന്‍തോട്ടയ്ക്ക് സമീപം വിമാനത്താവളം നിര്‍മിക്കാനായിരുന്നു പദ്ധതി. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപം വിമാനത്താവളം പണിതാല്‍ അത് ടൂറിസത്തെ വളര്‍ത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. ഹമ്പന്‍തോട്ട ജില്ലയില്‍ തന്നെയുള്ള വീരവിള വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമാക്കി വികസിപ്പിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. പക്ഷേ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം പദ്ധതി ഉപേക്ഷിച്ചു. പിന്നീടാണ് ഹമ്പന്‍തോട്ടയില്‍നിന്ന് 18 കിലോമീറ്റര്‍ വടക്കുള്ള മട്ടല എന്ന ചെറുപട്ടണം ഇതിനായി തിരഞ്ഞെടുക്കുന്നത്. 

placeholder
ശ്രീലങ്കയുടെ ഭൂപടത്തിൽ മട്ടല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം | Photo: google.com/maps
ശ്രീലങ്കയുടെ ഭൂപടത്തിൽ മട്ടല അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്ഥാനം | Photo: google.com/maps

മട്ടലയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം പണിയുന്നതിനോട് ഗവണ്‍മെന്റിന്റെ സ്ട്രാറ്റജിക് എന്റര്‍പ്രൈസസ് മാനേജ്മെന്റ് ഏജന്‍സി (സെമ) എതിരായിരുന്നു. ബന്ധരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സൗകര്യങ്ങള്‍ വിപുലീകരിക്കാനും പുത്തലത്തെ എയര്‍ഫീല്‍ഡ് എമര്‍ജന്‍സി ലാന്‍ഡിങ് സ്ട്രിപ്പായി മെച്ചപ്പെടുത്താനുമാണ് സെമ ശുപാര്‍ശ ചെയ്തത്. പക്ഷേ മട്ടല വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി. 1740 കോടിയിലേറെ രൂപയാണ് പദ്ധതിക്ക് ചെലവായത്. 1500 കോടിയിലേറെ രൂപ ചൈനയിലെ എക്‌സിം ബാങ്കില്‍ നിന്ന് ഉയര്‍ന്ന പലിശയ്ക്ക് വികസന വായ്പയായി നിന്ന് ലഭിച്ചു. ഒന്നാം ഘട്ടത്തിന്റെ നിര്‍മാണം 2009 നവംബര്‍ 27-ന് ആരംഭിച്ചു. 2012 ഫെബ്രുവരി അവസാനത്തോടെ റണ്‍വേ, ടാക്‌സിവേ എന്നിവയുടെ നിര്‍മാണം നിശ്ചിത സമയത്തിന് മുമ്പേ പൂര്‍ത്തിയാക്കി. 2012 ഒക്ടോബര്‍ 16-ന് പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ഹോക്കര്‍ ബീച്ച് ക്രാഫ്റ്റ് ബി 200 കിങ് എയര്‍ പുതിയ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ആദ്യത്തെ വിമാനമായി. 

2013 ജനുവരി 24-ന്, അന്നത്തെ ശ്രീലങ്കന്‍ വ്യോമയാന മന്ത്രി പിയാങ്കര ജയരത്നെ 2013 മാര്‍ച്ച് 18-ന് വിമാനത്താവളം തുറക്കുമെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. 2013 ജനുവരി 29-ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 330-200 വിമാനത്താവളത്തില്‍ ഇറങ്ങി. ഇവിടെ ഇറങ്ങുന്ന രണ്ടാമത്തെ വിമാനമായിരുന്നു അത്. 2013 മാര്‍ച്ചില്‍, സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി നല്‍കി. മാര്‍ച്ച് 18-ന് സര്‍വീസ് പ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളം തുറന്നു. 12,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ കെട്ടിടം, 12 ചെക്ക്-ഇന്‍ കൗണ്ടറുകള്‍, രണ്ട് ഗേറ്റുകള്‍, ഏറ്റവും വലിയ വാണിജ്യ വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ മതിയായ റണ്‍വേ, പ്രതിവര്‍ഷം ഒരു ദശലക്ഷം യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷി എന്നിവ പുതിയ വിമാനത്താവളത്തിനുണ്ടായിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ മട്ടലയില്‍ ഇറങ്ങിയ ആദ്യ വാണിജ്യ വിമാനം ദുബായില്‍ നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനമായിരുന്നു. തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനവും ദുബായില്‍ നിന്നുള്ള ഫ്‌ലൈദുബായ് വിമാനവും വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തി.

placeholder
മട്ടല രാജപക്‌സെ അന്താരാഷ്ട്ര വിമാനത്താവളം | Photo : Paula Bronstein/Getty Images
മട്ടല രാജപക്‌സെ അന്താരാഷ്ട്ര വിമാനത്താവളം | Photo : Paula Bronstein/Getty Images

ലോകത്തിലെ ഏറ്റവും 'ശൂന്യ'മായ അന്താരാഷ്ട്ര വിമാനത്താവളം 

ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് കാടിനോട് ചേര്‍ന്നായിരുന്നു മട്ടല അന്താരാഷ്ട്ര വിമാനത്താവളം. അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ പേരിലാണ് വിമാനത്താവളം അറിയപ്പെട്ടത്. ഉദ്ഘാടനത്തിന് പിന്നാലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, മിഹിന്‍ ലങ്ക, സിനമണ്‍ എയര്‍, എയര്‍ അറേബ്യ, ഫ്ളൈ ദുബായ് തുടങ്ങിയ കമ്പനികള്‍ മട്ടലയില്‍ നിന്ന് സർവീസ് നടത്തിയിരുന്നു. പക്ഷേ സര്‍വീസ് ആരംഭിച്ച് ആറാഴ്ചയ്ക്ക് ശേഷം എയര്‍ അറേബ്യ വിമാന സര്‍വീസുകള്‍ അവസാനിപ്പിച്ചു. ഡിമാന്‍ഡ് കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ അറേബ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. കൊളംബോ വഴി ദുബായിലേക്ക് ഫ്‌ളൈ ദുബായ് നടത്തിയിരുന്ന പ്രതിദിന സര്‍വീസും വൈകാതെ അവസാനിപ്പിച്ചു. മട്ടലയില്‍ നിന്ന് ഗയയിലേക്കും മെഡാനിലേക്കും മിഹിന്‍ ലങ്ക സര്‍വീസുകള്‍ നടത്തിയിരുന്നുവെങ്കിലും അവരും പ്രവര്‍ത്തനങ്ങള്‍ വൈകാതെ നിര്‍ത്തി. സിനമണ്‍ എയര്‍ 2016-ല്‍ കൊളംബോയിലേക്ക് നേരിട്ടുള്ള ഫ്‌ലൈറ്റുകള്‍ ആരംഭിച്ചെങ്കിലും ലാഭകരമല്ലാത്തതിനാല്‍ 2018-ല്‍ പ്രവര്‍ത്തനം നിര്‍ത്തി. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് മട്ടലയില്‍ ഒരു ഹബുണ്ടായിരുന്നു. കൊളംബോ വഴി ബാങ്കോക്ക്, ബീജിങ്, ചെന്നൈ, ജിദ്ദ, മാലെ, റിയാദ്, ഷാങ്ഹായ്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുമുണ്ടായിരുന്നു. വലിയ നഷ്ടം നേരിട്ടതിനാല്‍ 2015 ജനുവരി 17-ന് അവര്‍ ഹബ് അടച്ചു. പിന്നാലെ സര്‍വീസുകളും. 2018 ആയപ്പോഴേയ്ക്കും എല്ലാ അന്താരാഷ്ട്ര വിമാനക്കമ്പനികളും മട്ടലയില്‍ നിന്നുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ചു. 

ദേശാടനപ്പക്ഷികളുടെ സഞ്ചാരപാതയിലായതും ആനയും മാനും കാട്ടുപോത്തുമുള്‍പ്പെടെയുള്ളവ റണ്‍വേയില്‍ ഇറങ്ങുന്നതും പതിവായതോടെയാണ് വിമാനക്കമ്പനികള്‍ മട്ടല ഉപേക്ഷിച്ചത്. വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് വിമാനങ്ങള്‍ ടേക്ക് ഓഫ് ചെയ്യുന്നതിലും ലാന്‍ഡ് ചെയ്യുന്നതിലും ബുദ്ധിമുട്ട് സൃഷ്ടിച്ചു. ആനകളുടേയും ദേശാടന പക്ഷികളുടെയും ആവാസ വ്യവസ്ഥയിലാണ് വിമാനത്താവളം നിര്‍മിച്ചത്. പദ്ധതിയുടെ ആസൂത്രണഘട്ടത്തില്‍ തന്നെ വന്യജീവി ഭീഷണിയെക്കുറിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നിര്‍മ്മാണം മുന്നോട്ട് പോയി. 200 ഓളം ആനകളെ മാറ്റിപ്പാര്‍പ്പിച്ച് വിമാനത്താവളം നിര്‍മിക്കുന്നതിനായി 2000 ഏക്കര്‍ വനം വെട്ടിത്തെളിച്ചു. ഈ പ്രദേശത്ത് പതിവായി വരുന്ന ദേശാടന പക്ഷികളേയും ഇത് ചെറുതായൊന്നുമല്ല ബാധിച്ചത്. ഇതോടെയാണ് ദേശാടന പക്ഷികള്‍ വിമാനങ്ങളുമായി കൂട്ടിയിടിക്കുന്നത് പതിവായത്. ഇതിനെല്ലാം പുറമേയാണ് വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ എത്താതെയായത്. 

വലിയ വിമാനത്താവളമാണെങ്കിലും സര്‍വീസുകള്‍ കുറഞ്ഞതോടെ ഫോര്‍ബ്‌സ് ഇതിനെ 'ലോകത്തിലെ ഏറ്റവും ശൂന്യമായ അന്താരാഷ്ട്ര വിമാനത്താവളം' എന്നാണ് വിശേഷിപ്പിച്ചത്. മട്ടലയില്‍ എത്തിയ പല വിമാനങ്ങളിലും ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഭൂരിഭാഗവും ട്രാന്‍സിറ്റ് യാത്രക്കാരായിരുന്നു. ഹംബന്തോട്ടയില്‍ നിന്നുള്ള പ്രാദേശിക യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാനത്താവളത്തിന് സാധിച്ചില്ല. 2014-ല്‍ 3,000 വിമാനങ്ങള്‍ സര്‍വീസ് നടത്തിയെങ്കിലും 21,000 യാത്രക്കാര്‍ക്ക് മാത്രമാണ് വിമാനത്താവളത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയതെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പിന്നീട് വെളിപ്പെടുത്തിയത്. സാമ്പത്തിക നഷ്ടം ചൂണ്ടിക്കാണിച്ചിട്ടും രാജ്യത്തെ പ്രധാന വിമാനക്കമ്പനിയായ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഹംബന്‍തോട്ടയില്‍ ഒരു ഹബ് പ്രവർത്തിപ്പിക്കാൻ പ്രസിഡന്റ് രാജപക്സെ സമ്മര്‍ദ്ദം ചെലുത്തി. അദ്ദേഹം തന്റെ ഭാര്യാ സഹോദരനെ എയര്‍ലൈനിന്റെ ചെയര്‍മാനായി നിയമിച്ചു. പക്ഷേ, 2015-ലെ തിരഞ്ഞെടുപ്പില്‍ രാജപക്‌സെ തോറ്റതോടെ ശ്രീലങ്കയുടെ സ്വന്തം വിമാനക്കമ്പനിയായ ശ്രീലങ്കന്‍ എയര്‍ലൈന്‍സും മട്ടലയെ കൈവിട്ടു. 

placeholder
മഹിന്ദ രാജപക്സെ | Photo : Buddhika Weerasinghe/Getty Images
മഹിന്ദ രാജപക്സെ | Photo : Buddhika Weerasinghe/Getty Images

രാജപക്സെ ഭരണത്തിലെ വെള്ളാന

ശ്രീലങ്കയില്‍ മൂന്നാമതൊരു അന്താരാഷ്ട്ര വിമാനത്താവളം എന്ന ആവശ്യത്തിന് പഴക്കം ഒരുപാടുണ്ട്. കൊളംബോ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ഗതാഗതം വര്‍ധിച്ചതും രാജ്യതലസ്ഥാനത്തിന് പുറത്തേക്ക് വളര്‍ച്ച എത്തുന്നില്ല എന്നതുമാണ് വിമാനത്താവളം നിര്‍മിക്കാന്‍ മറ്റൊരു നഗരത്തെ പരിഗണിക്കാന്‍ ശ്രീലങ്കയെ പ്രേരിപ്പിച്ചത്. സാമൂഹികവും സാമ്പത്തികവുമായ അസമത്വം തടയുന്നതിനായി ഉള്‍പ്രദേശങ്ങള്‍ വികസിപ്പിക്കണം എന്നതായിരുന്നു രജപക്‌സെ സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിനായി തിരഞ്ഞെടുത്തത് ജന്മസ്ഥലമായ ഹംബന്‍തോട്ടയും. വിമാനത്താവളത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല രജപക്‌സെയുടെ മാസ്റ്റര്‍ പ്ലാന്‍. ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായി ഹംബന്‍തോട്ടയെ മാറ്റുമെന്നായിരുന്നു ആശയം. ഒരു ആധുനിക നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. രാജപക്‌സെയുടെ സ്വപ്‌ന പദ്ധതി. ഇതിന്റെ ഭാഗമായിരുന്നു മട്ടല വിമാനത്താവളം. 

അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറമേ തുറമുഖം, വ്യവസായ മേഖല, കൂറ്റന്‍ കോണ്‍ഫറന്‍സ് സെന്റര്‍, ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയം, പാര്‍പ്പിട സമുച്ഛയങ്ങള്‍, ഹോട്ടലുകള്‍, ടൂറിസം സൗര്യങ്ങള്‍,  രാജ്യത്തെ ഏറ്റവും മികച്ച ഗതാഗത സൗകര്യം എന്നിവയെല്ലാം വിഭാവനം ചെയ്തിരുന്നു. പക്ഷേ ഉദ്ദേശിച്ച രീതിയില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ രാജപക്‌സെയ്ക്ക് സാധിച്ചില്ല. വിമാനത്താവളത്തിന് പുറമെ ക്രിക്കറ്റ് സ്റ്റേഡിയവും ഒരു അന്താരാഷ്ട്ര തുറമുഖവും ഹംബന്‍തോട്ടയില്‍ പൂര്‍ത്തിയായി.  1740 കോടിയിലേറെ രൂപ ചെലവിലാണ് വിമാനത്താവളം നിര്‍മിച്ചത്. വലിയ പദ്ധതിയായതിനാല്‍ തന്നെ ധനസഹായത്തിനായി ശ്രീലങ്കയ്ക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടിവന്നു. പക്ഷേ ആഭ്യന്തരയുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്നും യു.എസില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചില്ല. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം വഷളായതിനാല്‍ ചൈനയില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ശ്രീലങ്ക നിര്‍ബന്ധിതരായി. ശ്രീലങ്കയില്‍ പിടിമുറുക്കാന്‍ കാത്തിരുന്ന ചൈനയ്ക്ക് ഇത് അവസരം നല്‍കി. കുറഞ്ഞത് 40,000 കോടി രൂപയാണ് ലോണുകളുടെ രൂപത്തില്‍ മഹിന്ദ രാജപക്‌സെയുടെ ഭരണകാലത്ത് ചൈനയില്‍ നിന്ന് കൈപറ്റിയത്.

മഹിന്ദ രാജപക്‌സെ ഭരണകൂടത്തിന്റെ തിളക്കമാര്‍ന്ന നേട്ടമായി ഹംബന്‍തോട്ട മാറേണ്ടതായിരുന്നു. പക്ഷേ ആസൂത്രണത്തിലെ പാളിച്ചകളും വലിയ തോതിലുള്ള കടമെടുക്കലും പദ്ധതിയുടെ താളം തെറ്റിച്ചു. ഇത് വിമാനത്താവളത്തെയും ബാധിച്ചു. ദരിദ്രരായ പ്രദേശവാസികളെ വിമാനത്താവളം ഒരുതരത്തിലും ആകര്‍ഷിച്ചില്ല. മട്ടലയില്‍ നിന്നുള്ള വിമാനങ്ങളില്‍ യാത്രക്കാര്‍ കുറഞ്ഞത് വിമാനത്താവളത്തിന് കാര്യമായ നഷ്ടം വരുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സമീപമാണ് വിമാനത്താവളമെങ്കിലും മതിയായ ഗതാഗത സംവിധാനമോ, താമസസൗകര്യമോ ഉണ്ടായിരുന്നില്ല. ഇതിന് പുറമേയായിരുന്നു നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍. ഇതോടെ വിമാനത്താവളം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. മഹിന്ദ രാജപക്സെയുടെ ഭരണത്തിലെ വെള്ളാന എന്നാണ് മട്ടല വിമാനത്താവളം വിശേഷിപ്പിക്കപ്പെടുന്നത്.  പദ്ധതി രാജപക്‌സെയ്ക്കെതിരേ രാജ്യത്തിനുള്ളില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പ് ഉയരാന്‍ കാരണമായി. ചൈനീസ് പിന്തുണയില്‍ ചെലവേറിയ പദ്ധതികള്‍ കൊണ്ടുവന്നത് രാഷ്ട്രീയ എതിരാളികള്‍ ചോദ്യം ചെയ്തു. വന്‍നഷ്ടത്തിലായ ഈ വിമാനത്താവളമാകട്ടെ ശ്രീലങ്കയെ വലച്ച സാമ്പത്തികപ്രതിസന്ധിക്കുള്ള കാരണങ്ങളിലൊന്നുമായി.

placeholder
ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖം പൂർത്തിയായാൽ എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ഒരു ഗ്രാഫിക് (ഫയൽ ചിത്രം) | Photo : Paula Bronstein/Getty Images
ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖം പൂർത്തിയായാൽ എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ഒരു ഗ്രാഫിക് (ഫയൽ ചിത്രം) | Photo : Paula Bronstein/Getty Images

ചൈനയ്ക്ക് ഇന്ത്യയുടെ ചെക്ക്‌മേറ്റോ? 

വിമാനത്താവളം നഷ്ടത്തിലാകുകയും വായ്പ തിരിച്ചടയ്ക്കാന്‍ മതിയായ വരുമാനം ലഭിക്കാതിരിക്കുകയും ചെയ്ത ഘട്ടത്തിലാണ് ലങ്കന്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടിയത്. മഹിന്ദ രാജപക്‌സെയ്ക്ക് പിന്നാലെ അധികാരത്തിലെത്തിയ സര്‍ക്കാര്‍  വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്നതിനായി  ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. പക്ഷേ പുരോഗതി ഉണ്ടായില്ല. വിമാനത്താവളം നഷ്ടത്തില്‍ തന്നെ തുടര്‍ന്ന സാഹചര്യത്തില്‍ 2022-ല്‍ പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ വീണ്ടും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് വിമാനത്താവളം ഇന്ത്യ-റഷ്യ സംയുക്തസംരംഭം പാട്ടത്തിന് എടുത്തത്. ഇന്ത്യയിലെ ശൗര്യ എയ്‌റോനോട്ടിക്‌സും റഷ്യയിലെ എയര്‍പോര്‍ട്‌സ് ഓഫ് റീജന്‍സ് മാനേജ്‌മെന്റ് കമ്പനിയും ചേര്‍ന്നാണ് 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. പാട്ടവ്യവസ്ഥകളുടെ വിശദാംശം പുറത്തുവിട്ടില്ലെങ്കിലും വിമാനത്താവളത്തിന്റെ നടത്തിപ്പ് ഇന്ത്യന്‍- റഷ്യന്‍ കമ്പനികള്‍ സംയുക്തമായി ഏറ്റെടുക്കുന്നതോടെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ചൈനീസ് സ്വാധീനം തടയാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2000 ഏക്കര്‍ വിസ്തൃതിയുള്ള ഈ വിമാനത്താവളം ഇന്ത്യന്‍ കമ്പനി ഉള്‍പ്പെടുന്ന സംയുക്ത കമ്പനിക്ക് പാട്ടത്തിന് ലഭിക്കുന്നതോടെ ഇന്ത്യന്‍ താല്പര്യങ്ങള്‍ക്ക് പ്രധാന്യം ലഭിക്കും. 

ഹംബന്‍തോട്ട തുറമുഖം ചൈന ഏറ്റെടുത്തതോടെ ചൈനീസ് നാവികസേനയുടെ സാന്നിധ്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വര്‍ധിക്കുമെന്ന് ആശങ്ക ഇന്ത്യയ്ക്കുണ്ടായിരുന്നു. പക്ഷ ഹംബന്‍തോട്ട ഒരു പൂര്‍ണ്ണമായ ചൈനീസ് നാവിക താവളമായി വികസിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ലങ്കയില്‍ ഭരണം മാറിയതും അവര്‍ക്ക് തിരിച്ചടിയായി. രാജ്യത്ത് ചൈനീസ് നാവിക സൗകര്യവും അനുവദിക്കില്ലെന്ന് ശ്രീലങ്ക ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും ചൈനയുടെ സ്വാധീനം ഒഴിവാക്കാന്‍ സാധിച്ചിട്ടില്ല. 99 വര്‍ഷത്തെ പാട്ടത്തിന് ശ്രീലങ്ക ചൈനയ്ക്ക് കൈമാറിയ ഹംബന്‍തോട്ട തുറമുഖത്തിന് തൊട്ടടുത്താണ് മട്ടല വിമാനത്താവളം. ഏതൊരു നാവിക താവളത്തിന്റെയും ഒരു പ്രധാനഘടകം ലോജിസ്റ്റിക് സൗകര്യമാണ്. ഒപ്പം സമുദ്ര-വ്യോമ നിരീക്ഷണശേഷിയും ആവശ്യമാണ്. വിമാനത്താവളത്തിന്മേലുള്ള നിയന്ത്രണം ഇന്ത്യന്‍ കമ്പനിക്ക് ലഭിക്കുന്നതോടെ തുറമുഖത്തിന് മേല്‍ ഇന്ത്യയ്ക്ക് നിരീക്ഷണം സാധ്യമാകും. വിമാനത്താവളത്തിന്റെ നിയന്ത്രണമില്ലാതെ ചൈനീസ് നാവികസേനക്ക് ഹംബന്തോട്ടയില്‍ കാര്യമായ നീക്കവും സാധ്യമാകില്ല. ഇതോടെ ചൈനയുടെ നാവിക താവളത്തിന് മേല്‍ പിടിമുറുക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതെല്ലാമാണെങ്കിലും സര്‍വീസ് നടത്തി വിമാനത്താവളം ലാഭത്തിലാകാനുള്ള സാധ്യത കുറവാണ്. അതിനാല്‍ ശൗര്യ എയ്‌റോനോട്ടിക്‌സും എയര്‍പോര്‍ട്‌സ് ഓഫ് റീജന്‍സ് മാനേജ്‌മെന്റും വിമാനത്താവളത്തില്‍ എന്ത് പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത് എന്നത് അവ്യക്തമാണ്.