2024 ജൂണ്‍ അഞ്ചിന് വന്‍ഭൂരിപക്ഷത്തോടെ മൂന്നാം ഭരണം കാത്തുനിന്ന നരേന്ദ്ര മോദി സര്‍ക്കാരിന് പ്രഹരമേറ്റപ്പോള്‍ ബിജെപി കേന്ദ്രങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയരംഗവും നടുക്കത്തിലായിരുന്നു. ഭരിക്കാന്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള ബിജെപിയുടെ മോഹം പൊലിഞ്ഞു. മൂന്നാമത് ഭരിക്കണമെങ്കില്‍ നിതീഷ്‌കുമാറിന്റെ ജെഡിയുവിന്റെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും സഹായം ചോദിക്കണമെന്ന സ്ഥിതിയായി. രാഷ്ട്രീയഗണിതങ്ങളും എക്സിറ്റ് പോള്‍ പ്രവചനങ്ങളും തിരഞ്ഞെടുപ്പ് വിദഗ്ധകരുടെ വിശകലനങ്ങളുമൊക്കെ അപ്രസക്തമാക്കി, ഭരണപക്ഷത്തെ പ്രഹരമേല്‍പ്പിച്ച് പ്രതിപക്ഷം മുന്നേറിയപ്പോള്‍ ന്യൂഡല്‍ഹി ഭായ് വീര്‍ സിങ് മാര്‍ഗിലെ എകെജി ഭവനിലിരുന്ന ഒരു നേതാവിന് ഒരു ഞെട്ടലുമുണ്ടായിരുന്നില്ല. മറിച്ച്, എല്ലാം കണക്കുകൂട്ടി സംഭവിച്ചതു പോലെ ഒരു പതിവ് പുഞ്ചിരി. ലോക്സഭയില്‍ സിപിഎം അംഗങ്ങളുടെ എണ്ണം വെറും മൂന്നാണെങ്കിലും ഭരണകക്ഷിക്ക് മുന്നൂറു സീറ്റ് പോലും നിലനിര്‍ത്താനാവാത്ത രാഷ്ട്രീയതന്ത്രങ്ങളൊരുക്കിയ സീതാറാം യെച്ചൂരിയായിരുന്നു ആ നേതാവ്. ഭിന്നതകളെല്ലാം മാറ്റിനിര്‍ത്തി, ബിജെപിയെ തളയ്ക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം ഒന്നിച്ച് അണിനിരത്തിയ 'ഇന്ത്യ' സഖ്യത്തിന്റെ ശില്‍പികളിലൊരാള്‍!

To advertise here,

'അഹങ്കാരത്തോടെ 400 സീറ്റ് അവകാശപ്പെടുകയായിരുന്നു അവര്‍ (ബിജെപി). ചാര്‍സൗ പാര്‍ (400 സീറ്റ് കടക്കും) എന്ന അവരുടെ മുദ്രാവാക്യം ശൂന്യതയിലായി. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം പോലും കിട്ടിയില്ല. നിത്യജീവിത പ്രശ്നങ്ങള്‍ക്ക്  പരിഹാരം കാണാനായി ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ വിധിയെഴുതിയ ജനങ്ങളുടേതാണ് ഈ വിജയം. ബിജെപിക്ക് അനുകൂലമല്ല ഈ ജനവിധി'-ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ മാധ്യമങ്ങള്‍ക്കു മുന്നില്‍ യെച്ചൂരി ഇങ്ങനെ വിലയിരുത്തി. രാജ്യത്തെ പ്രതിപക്ഷത്തിന് ആത്മവിശ്വാസം നല്‍കിയ ഈ മുന്നേറ്റം സാധ്യമാക്കാന്‍ അദ്ദേഹത്തിന് പുറത്തു മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കുള്ളിലും പട വെട്ടേണ്ടി വന്നതാണ് വാസ്തവം. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സിപിഎമ്മിന് അംഗബലം കുറഞ്ഞെങ്കിലും, ഇന്ത്യന്‍ രാഷ്ട്രീയത്തെ ജനാധിപത്യ-മതേതരദിശയില്‍ നയിക്കാനുള്ള ചാലകശക്തിയായി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അനിവാര്യത അടിവരയിട്ട നേതാവായിരുന്നു യെച്ചൂരി. ഇങ്ങനെ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചരിത്രത്തോട് ചേര്‍ത്തുവെയ്ക്കാന്‍ അദ്ദേഹത്തിനായി. ഇതിന് വലിയ വിയര്‍പ്പൊഴുക്കുകയും പഴി കേള്‍ക്കേണ്ടി വരികയും ചെയ്ത നേതാവാണ് യെച്ചൂരിയെന്ന് സിപിഎമ്മിലെ ആഭ്യന്തരകലാപങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

placeholder
സീതാറാം യെച്ചൂരിയും വി.എസ്. അച്യുതാനന്ദനും. ഫോട്ടോ: PTI

വി.എസ് പിന്തുണച്ച ബദല്‍രേഖ

സിപിഎമ്മിന്റെ വര്‍ഗശത്രുക്കളില്‍ ബിജെപിക്കൊപ്പം കോണ്‍ഗ്രസിനെയും പ്രതിഷ്ഠിച്ച്, നയപരമായ കാര്‍ക്കശ്യത്തില്‍ പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിച്ച പ്രകാശ് കാരാട്ടില്‍ നിന്നും സിപിഎമ്മിനെ ഇന്ത്യ സഖ്യത്തിലെത്തിക്കാന്‍ യെച്ചൂരിക്ക് എട്ടു വര്‍ഷം നിരന്തരം സമരം ചെയ്യേണ്ടി വന്നു. 2014 ഒക്ടോബറിലെ 'ബദല്‍ രേഖ'യിലൂടെയായിരുന്നു ഇതിന്റെ തുടക്കം. 2015ല്‍ വിശാഖപട്ടണം വേദിയാവുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കേന്ദ്രകമ്മിറ്റിയില്‍ യെച്ചൂരി തന്റെ സമീപനം അവതരിപ്പിച്ചു. ബിജെപിയെ മുഖ്യശത്രുവായി ഉയര്‍ത്തിക്കാട്ടണമെന്നും അതിനായുള്ള രാഷ്ട്രീയ അടവുനയം ആവിഷ്‌കരിക്കണമെന്നും ബദല്‍രേഖയില്‍ വാദിച്ചു. ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപിയാണ് മുഖ്യശത്രുവെന്ന് 'സിപിഎം പാര്‍ട്ടി പരിപാടി'യിലെ അന്തഃസത്ത ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഈ വാദം. അങ്ങനെ, 1978ലെ ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ദേശീയതലത്തില്‍ 'ഇടതു-ജനാധിപത്യ മുന്നണി' എന്ന ആശയത്തിലേക്കും വഴികാട്ടി. ബിജെപി വിരുദ്ധശക്തികളുടെ വിശാല ഐക്യനിര വാര്‍ത്തെടുത്ത് ഈ ലക്ഷ്യത്തിലേക്ക്  നടന്നടുക്കുകയായിരുന്നു യെച്ചൂരി കണ്ട ലക്ഷ്യം. പ്രകാശ് കാരാട്ടിന്റെ നേതൃത്വം ഇതിനെ എതിര്‍ത്തെങ്കിലും വി.എസ്.അച്യുതാനന്ദന്‍, മല്ലു സ്വരാജ്യം തുടങ്ങി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളെന്ന് വിശേഷിപ്പിക്കാവുന്ന ഒരു വലിയ തലമുറയുടെ പിന്തുണ യെച്ചൂരിക്കു ലഭിച്ചു. പശ്ചിമ ബംഗാള്‍ ഘടകം ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും അടുത്ത സിപിഎം നേതൃനിരയിലേക്ക് യെച്ചൂരിയെ അനിഷേധ്യനാക്കി.

അടുത്ത ജനറല്‍ സെക്രട്ടറിയാവാന്‍ പോവുന്ന യെച്ചൂരിക്ക് വി.എസ്.അച്യുതാനന്ദന്‍ 'അഭിനന്ദനം' നേര്‍ന്നതായിരുന്നു വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആരംഭദിനത്തിലെ ഏറ്റവും ചൂടുള്ള വാര്‍ത്തയും ചര്‍ച്ചയും. യെച്ചൂരി നേതൃത്വത്തിലേക്കു വരാതിരിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന മറുപക്ഷത്തിന്റെ നീക്കങ്ങള്‍ക്കിടെ, വിശാഖപട്ടണത്തു വെച്ച് വി.എസ്-യെച്ചൂരി കൂടിക്കാഴ്ച നടന്നിരുന്നു. കീഴടങ്ങരുതെന്ന് വി.എസ് യെച്ചൂരിയെ ഉപദേശിച്ചു. ജനറല്‍ സെക്രട്ടറിയായി വേണമെങ്കില്‍ താന്‍ തന്നെ പേരു നിര്‍ദേശിക്കാമെന്ന് വി.എസ് യെച്ചൂരിക്ക് ധൈര്യം പകര്‍ന്നിരുന്നുവെന്നാണ് വിവരം. എസ്.രാമചന്ദ്രന്‍ പിള്ളയെ നേതൃസ്ഥാനത്ത് അവരോധിക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും കേരള ഘടകത്തിന്റെയും നീക്കങ്ങളുടെയും തന്ത്രങ്ങളുടെയും വേദിയായിരുന്നു ആ സമ്മേളനം. പക്ഷേ, പാര്‍ട്ടിയില്‍ അംഗബലം കുറവെങ്കിലും സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര-ജനകീയമുഖമായിരുന്ന യെച്ചൂരിക്ക് പിന്തുണ ഏറെയുണ്ടായിരുന്നു. അവസാനദിവസം വരെ എസ്ആര്‍പിയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ വാദിച്ച കാരാട്ട് പക്ഷത്തിന്, യെച്ചൂരി മത്സരിക്കുമെന്ന സ്ഥിതി വന്നതോടെ പിന്മാറേണ്ടി വന്നു.

placeholder
സീതാറാ യെച്ചൂരി. ഫോട്ടോ: പി.പ്രമോദ് കുമാർ

ഉള്‍പ്പാർട്ടി യുദ്ധം; പ്രത്യയശാസ്ത്ര വിജയം

ഇങ്ങനെ, പാര്‍ട്ടിയില്‍ ആദ്യജയം നേടിയെങ്കിലും യെച്ചൂരിയുടെ വഴിയിലുടനീളം മുള്‍വേലി നിറഞ്ഞു. ഇതിനിടെ, ത്രിപുരയിലും ഭരണം നഷ്ടമായതോടെ സിപിഎമ്മിന്റെ സ്ഥിതി പരുങ്ങലിലായി. എന്നാല്‍, ബിജെപി കൂടുതല്‍ കരുത്താര്‍ജിക്കുന്ന രാഷ്ട്രീയസാഹചര്യം യെച്ചൂരിയിലെ പോരാളിക്കു മൂര്‍ച്ഛ കൂട്ടി. ബിജെപിയെ മുഖ്യശത്രുവായി ഉയര്‍ത്തിക്കാട്ടാനുള്ള ബദല്‍ രേഖയ്ക്ക് കൂടുതല്‍ തെളിച്ചം നല്‍കി, പ്രതിപക്ഷത്തിന്റെ വിശാല ജനാധിപത്യ-മതേതര ഐക്യം എന്ന ആശയത്തിന്റെ ഊര്‍ജം പാര്‍ട്ടിയിലേക്കു പ്രവഹിപ്പിച്ചു. 2019ല്‍ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തില്‍ യെച്ചൂരി ഈ അടവുനയം അവതരിപ്പിച്ചു. രാജ്യം ഫാസിസ്റ്റ് ഭീഷണി നേരിടുന്നതിനാല്‍ പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസിനെയും സഹകരിപ്പിക്കാനുള്ള അടവുനയം പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രകമ്മിറ്റിയില്‍ ചെറുത്തു തോല്പിച്ചു. പാര്‍ട്ടിയുടെ വര്‍ഗശത്രുവായ കോണ്‍ഗ്രസിനു വേണ്ടി വാദിക്കുന്ന നേതാവ് എന്ന പഴിയും യെച്ചൂരിക്ക് കേള്‍ക്കേണ്ടി വന്നു. സിപിഎമ്മിനുള്ളില്‍ യെച്ചൂരി ന്യൂനപക്ഷമായി മാറി. അദ്ദേഹത്തിന്റെ അടവുനയത്തെ പിന്തുണയ്ക്കാന്‍ അന്നും വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുണ്ടായിരുന്നു. പക്ഷേ, പാര്‍ട്ടിയുടെ രാഷ്ട്രീയ അടവുനയം കേന്ദ്രകമ്മിറ്റിയില്‍ അംഗീകരിച്ചെടുക്കാന്‍ പരാജയപ്പെട്ട ജനറല്‍ സെക്രട്ടറി പുറത്തു പോവേണ്ടി വരുമെന്ന സ്ഥിതിയായി. പക്ഷേ, അന്തിമ തീരുമാനമെടുക്കേണ്ട വേദി പാര്‍ട്ടി കോണ്‍ഗ്രസായതിനാല്‍ അവിടെ കാണാം എന്ന നിലപാടിലായിരുന്നു യെച്ചൂരി.

ബിജെപിയെ ചെറുക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ മറുപക്ഷം യെച്ചൂരിയെ വിചാരണ ചെയ്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കാനും കരുക്കള്‍ നീങ്ങിത്തുടങ്ങി. പാര്‍ട്ടി കോണ്‍ഗ്രസിനിടെ പിബി അംഗം വൃന്ദാ കാരാട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ ലേഖകന്‍ ഒരു ചോദ്യമുന്നയിച്ചു. -'പാര്‍ട്ടിയുടെ നയരേഖ അവതരിപ്പിച്ച് അംഗീകരിച്ചെടുക്കാനാവാതെ, കേന്ദ്രകമ്മിറ്റിയില്‍ ന്യൂനപക്ഷമായി മാറിയ ഒരു ജനറല്‍ സെക്രട്ടറിയെ വെച്ച് സിപിഎമ്മിനു മുന്നോട്ടു പോകാനാവുമോ?'. യെച്ചൂരിയെ പരസ്യമായി ന്യായീകരിക്കാന്‍ തയ്യാറാവാതെ, എല്ലാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നായിരുന്നു വൃന്ദയുടെ മറുപടി. എന്നാല്‍, പ്രത്യയശാസ്ത്ര വ്യക്തതയും തന്ത്രജ്ഞതയുമുള്ള യെച്ചൂരി അതിനകം തന്നെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ മനസിനെ കീഴടക്കിയിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തലേദിവസം ചേര്‍ന്ന കേന്ദ്രകമ്മിറ്റിയില്‍ തന്റെ ന്യൂനപക്ഷരേഖ അവതരിപ്പിച്ചു പ്രസംഗിക്കാന്‍ അദ്ദേഹം അനുവാദം ചോദിച്ചു. കേന്ദ്രകമ്മിറ്റി അതു സമ്മതിക്കുകയും ചെയ്തു. ഇതോടെ, സിസി തള്ളിയ തന്റെ വാദമുഖങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കു മുമ്പാകെ അവതരിപ്പിക്കാന്‍ യെച്ചൂരിക്കു സാധിച്ചു. സിസി അംഗീകരിച്ച രേഖ പ്രകാശ് കാരാട്ടും തള്ളിയ ന്യൂനപക്ഷരേഖ യെച്ചൂരിയും അവതരിപ്പിച്ചു.

'ബിജെപിക്കെതിരേയുള്ള സഖ്യത്തില്‍ കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ല' എന്നായിരുന്നു പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരടു രാഷ്ട്രീയ പ്രമേയത്തിന്റെ കാതല്‍. യെച്ചൂരിയുടെ രേഖയില്‍ കോണ്‍ഗ്രസ് സഹകരണത്തെക്കുറിച്ച് പരാമര്‍ശമുണ്ടായതായിരുന്നു തര്‍ക്കവിഷയം. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ കരടുപ്രമേയത്തില്‍ 'കോണ്‍ഗ്രസുമായി ധാരണ പാടില്ല' എന്ന പരാമര്‍ശം ഉണ്ടെന്നായിരുന്നു യെച്ചൂരിയെ എതിര്‍ക്കുന്നവരുടെ വാദം. 17-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ നയത്തെ ചുവടുപിടിച്ചാണ് വിശാഖപട്ടണത്തെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇതു തീരുമാനിച്ചതെന്നും അവര്‍ വാദിച്ചു. യെച്ചൂരി തന്റെ വാദങ്ങളെ ഇങ്ങനെ സമര്‍ഥിച്ചു. എന്താണ് 17-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയപ്രമേയം പറയുന്നത്? കോണ്‍ഗ്രസിന്റെ വര്‍ഗസ്വഭാവം കണക്കിലെടുത്ത്, സിപിഎമ്മിന് ആ പാര്‍ട്ടിയുമായി സഖ്യമോ ഐക്യമുന്നണിയോ പറ്റില്ല. ബിജെപിയും അതിന്റെ സഖ്യകക്ഷികളും ചെറുത്തു തോല്‍പ്പിക്കേണ്ട മുഖ്യ എതിരാളിയായി നാം കാണുന്നു. 17-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമേയത്തില്‍ എവിടെയും 'കോണ്‍ഗ്രസുമായി ധാരണ പാടില്ല' എന്നു പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍, 17-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേരില്‍ അത്തരമൊരു പരാമര്‍ശം 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രമേയത്തില്‍ (അത് തയ്യാറാക്കിയത് പ്രകാശ് കാരാട്ടായിരുന്നു) 'കോണ്‍ഗ്രസുമായി ധാരണ പാടില്ല' എന്ന പ്രയോഗം ഒളിച്ചു കടത്തുകയായിരുന്നു. അതൊഴിവാക്കണമെന്നാണ് സിസിയില്‍ ന്യൂനപക്ഷരേഖ അവതരിപ്പിച്ചവരുടെ ആവശ്യം. 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കാലത്ത് നാം പ്രതീക്ഷിച്ചതിനേക്കാള്‍ അപകടകരമായ ആഴത്തിലാണ് രാഷ്ട്രീയസാഹര്യം. വസ്തുനിഷ്ഠ സാഹചര്യങ്ങളുടെ വസ്തുനിഷ്ഠ വിശകലനമാണ് മാര്‍ക്സിസമെന്നു നാം തുടര്‍ച്ചയായി മറ്റുള്ളവരോടു പറയാറുണ്ട്. രാഷ്ട്രീയസാഹചര്യം മാറുമ്പോള്‍ അതനുസരിച്ചുള്ള സമീപനവും നാം സ്വീകരിക്കണം. ഹിന്ദുത്വ ഭീകരവാദികള്‍ക്ക് സ്വൈര്യവിഹാരവും കടന്നാക്രമണവും നടത്താവുന്ന വിധത്തില്‍ രാഷ്ട്രീയാധികാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അമാനവീകരണം നടന്നു കൊണ്ടിരിക്കുകയാണ് സമൂഹത്തില്‍. ഗോരക്ഷകര്‍ പോലുള്ള സ്വകാര്യ സേനകളുടെ അക്രമങ്ങള്‍ ഫാസിസ്റ്റ് രീതികളുടെ പ്രകടനങ്ങളാണ്. ഇരുട്ടി വെളുക്കുമ്പോള്‍ മാത്രം സംഭവിക്കുന്നതോ ഏതെങ്കിലുമൊരു കമ്മിറ്റിയില്‍ തീരുമാനിച്ച് തിയ്യതി കുറിച്ചു വരുന്നതോ അല്ല ഫാസിസമെന്ന് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ ജോര്‍ജ് ദിമിത്രോവ് നല്‍കിയ നിര്‍വചനം നാമോര്‍ക്കണം. ആരംഭഘട്ടത്തിലേ ഫാസിസത്തെ ചെറുക്കാത്തവര്‍ അതിനെ ശക്തിപ്പെടാന്‍ അവസരമൊരുക്കുക മാത്രമല്ല, അതിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നവരുമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഫാസിസം വളരാന്‍ നാം അനുവദിച്ചു കൂടാ. ബിജെപിയെ ചെറുക്കാനുള്ള ലക്ഷ്യം നേടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കരുതെന്ന് സിസിയുടെ ഭൂരിപക്ഷരേഖ പറയുന്നു. എന്നാല്‍, ഈ സര്‍ക്കാറിനെ താഴെയിറക്കാന്‍ ജനങ്ങള്‍ അണിനിരക്കുമ്പോള്‍ നാം അവരോടെന്തു മറുപടി പറയും? ലക്ഷ്യം നിറവേറി നിശ്ചയമായും കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഒരു സര്‍ക്കാരുണ്ടാവുമ്പോള്‍ നാമെന്ത് നിലപാടെടുക്കും? 1996ലും 2004ലും സര്‍ക്കാരുകളുണ്ടാക്കാന്‍ നാം കൈക്കൊണ്ട സമീപനം നമുക്കു മുന്നിലുണ്ടല്ലോ. ബിജെപിയെ പുറത്താക്കി, ഒരു മതേതര-ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാക്കണമെന്നേ അന്നൊക്കെ നാം ജനങ്ങളോടു നാം പറഞ്ഞിട്ടുള്ളൂ. ആ സര്‍ക്കാരുകളൊയൊക്കെ നാം പിന്തുണച്ചത് അന്നത്തെ അടവുനയങ്ങളുടെ ഭാഗമായിട്ടായിരുന്നു. രാജ്യത്തിന്റെ മതേതര-ജനാധിപത്യ ശിലകളെല്ലാം സംരക്ഷിക്കാന്‍ വേണ്ടി പോരാടേണ്ടതാണ് ഇന്നത്തെ സാഹചര്യം. അതിന് തയ്യാറുള്ള എല്ലാ ശക്തികളും ഏകോപിച്ചു പ്രവര്‍ത്തിക്കണം. സിപിഎം കോണ്‍ഗ്രസുമായി ചേരാന്‍ തയ്യാറല്ലെന്നു പറഞ്ഞ്, അങ്ങനെയൊരു പ്രവര്‍ത്തനം സാധ്യമാവുമോ? വിപ്ലവകാരികളെ സംബന്ധിച്ചിടത്തോളം അടവുനയത്തില്‍ രണ്ടു വശങ്ങളുണ്ടെന്നും ഒന്ന് വര്‍ഗസമരത്തിന്റെ മൂര്‍ച്ച കൂട്ടുക, രണ്ടാമത്തേത്, വര്‍ഗശത്രുവിനെ ദുര്‍ബലപ്പെടുത്തുകയും അവര്‍ക്കിടയിലെ വിള്ളല്‍ പ്രയോജനപ്പെടുത്തുകയും ചെയ്യലാണെന്നും സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ അടിവരയിട്ടു.

സിസി തള്ളിയ ഈ വാദങ്ങള്‍ക്ക് പാര്‍ട്ടി കോണ്‍ഗ്രസിനെ സ്വാധീനിക്കാനായി. പക്ഷേ, മറുപക്ഷം വിട്ടുവീഴ്ച ചെയ്തില്ല. കേരള ഘടകം ഉള്‍പ്പെടെ കോണ്‍ഗ്രസ് സഹകരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു. ചര്‍ച്ചകളില്‍ ഈ തര്‍ക്കം പ്രകടമായി. പ്രത്യയശാസ്ത്രയുദ്ധത്തില്‍ മത്സരത്തിന് കളമൊരുങ്ങി. ഫാസിസത്തെ ചെറുത്തു തോല്പിക്കാനുള്ള അടവുനയത്തിന് ആഹ്വാനം ചെയ്യുന്ന നയരേഖ പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനത്തിനു വിടാന്‍ തന്നെയായിരുന്നു യെച്ചൂരിയുടെ നീക്കം. പാര്‍ട്ടി കോണ്‍ഗ്രസ് ദിനങ്ങളിലെ ഒരു പത്രസമ്മേളനത്തില്‍ ഈ ചര്‍ച്ചകളെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. അതു കഴിഞ്ഞു കാറില്‍ കയറാനൊരുങ്ങവെ, ഈ ലേഖകന്‍ അദ്ദേഹത്തോടു സ്വകാര്യമായി ചോദിച്ചു.-'രാഷ്ട്രീയപ്രമേയത്തില്‍ തര്‍ക്കമുണ്ടായാല്‍ വോട്ടിട്ടു തീരുമാനിക്കാമെന്നു പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നുണ്ടോ?' വോട്ടിനിടേണ്ടെന്നു ഭരണഘടന പറയുന്നില്ലെന്നായിരുന്നു ചിരിച്ചു കൊണ്ടു യെച്ചൂരിയുടെ മറുപടി. ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു. പക്ഷേ, അത്രത്തോളം കാര്യങ്ങള്‍ നീങ്ങിയില്ല. രാഷ്ട്രീയസഖ്യമില്ലാതെ, കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് മറുപക്ഷത്തിനു വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു. യെച്ചൂരിയെ നേതൃസ്ഥാനത്തു നിന്നു പുറത്താക്കാന്‍ കരുനീക്കം നടത്തിയവര്‍ക്ക്, അദ്ദേഹത്തെ വീണ്ടും ജനറല്‍ സെക്രട്ടറിയാക്കുക മാത്രമല്ല, കേന്ദ്രകമ്മിറ്റി തള്ളിയ നയരേഖയും അംഗീകരിക്കേണ്ടി വന്നു.

placeholder
സീതാറാം യെച്ചൂരി കെ.സി വേണുഗോപൽ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ശരദ് പവാർ
എന്നിവർക്കൊപ്പം. ഫോട്ടോ: സാബു സ്കറിയാച്ചൻ

പാര്‍ട്ടിക്ക് ഉത്തരേന്ത്യന്‍ വിലാസം

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 309 സീറ്റുകള്‍ നേടി മോദി സമഗ്രാധിപത്യം നേടിയതോടെ, രാഷ്ട്രീയസാഹചര്യം കൂടുതല്‍ സംഘര്‍ഷഭരിതമായി. പ്രതിപക്ഷ പാര്‍ട്ടികളെ കൈകോര്‍ത്തു പിടിക്കാന്‍ യെച്ചൂരി കിണഞ്ഞു ശ്രമിച്ചു. കേന്ദ്രസര്‍ക്കാരിനെതിരേയുള്ള സമരമുഖങ്ങളില്‍ അദ്ദേഹം എല്ലാവരെയും കൈപിടിച്ചു നടത്തി. സോണിയാ ഗാന്ധി, ശരദ് പവാര്‍ ലാലു പ്രസാദ് യാദവ്, അഖിലേഷ് യാദവ്, അരവിന്ദ് കെജരിവാള്‍, എം.കെ.സ്റ്റാലിന്‍ തുടങ്ങീ വടക്കു മുതല്‍ തെക്കു വരെയുള്ള നേതാക്കള്‍ക്കരികില്‍ യെച്ചൂരി നിരന്തരം ഓടിയെത്തി. ഒടുവില്‍, 2022ലെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ അജയ്യനായിരുന്നു യെച്ചൂരി. കേന്ദ്രസര്‍ക്കാരിനെതിരേ ചെറുകിട-ഇടത്തരം-വന്‍കിട കര്‍ഷകരെല്ലാം ഒന്നിച്ച് സമരരംഗത്തിറങ്ങിയ രാഷ്ട്രീയസാഹചര്യത്തിലായിരുന്നു ഇന്ത്യ. ഇടതുപക്ഷത്തിനും നിര്‍ണായക പങ്കുണ്ടായിരുന്ന ആ കര്‍ഷകപ്രക്ഷോഭത്തിനു മുന്നില്‍ മോദി സര്‍ക്കാര്‍ കീഴടങ്ങി. പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ വിജയം പ്രതിപക്ഷത്തിന് കൂടുതല്‍ വീറേകി. അതിന്റെ സാക്ഷാല്‍ക്കാരം കൂടിയായിരുന്നു 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇന്ത്യ സഖ്യം. അതിന്റെ അണിയറനീക്കങ്ങളില്‍ യെച്ചൂരി സൂത്രധാരനായി. തമിഴ്നാട്ടിലും ബിഹാറിലും മഹാരാഷ്ട്രയിലുമൊക്കെ കോണ്‍ഗ്രസ് പങ്കാളികളായ ഇന്ത്യ സഖ്യത്തിനൊപ്പം സിപിഎം മത്സരിച്ചു. തമിഴ്നാട്ടിൽ സിപിഎം രണ്ടു സീറ്റ് നിലനിര്‍ത്തുക മാത്രമല്ല, രാജസ്ഥാനില്‍ ഒരു സീറ്റില്‍ വിജയിച്ച് ഉത്തരേന്ത്യയില്‍ കമ്മ്യൂണിസ്റ്റ് മേല്‍വിലാസം വീണ്ടെടുക്കുകയും ചെയ്തു. കര്‍ഷകപ്രക്ഷോഭം നയിച്ച കിസാന്‍സഭ നേതാവായിരുന്നു പാര്‍ലമെന്റിലേക്ക് വിജയിച്ച അമ്രാറാം എന്നത് സിപിഎമ്മിന്റെ വര്‍ഗരാഷ്ട്രീയത്തിന്റെ അംഗീകാരം കൂടിയായി. ഇങ്ങനെ, പ്രത്യയശാസ്ത്രത്തിന്റെ തിളക്കം മാത്രമല്ല, അതു പ്രയോഗികവത്കരിച്ചതിന്റെ തേരാളി കൂടിയായി ചരിത്രത്തിലേക്കു കയറിയ കമ്മ്യൂണിസ്റ്റ് നേതാവാണ് സീതാറാം യെച്ചൂരി.