
'ഒരേ അഭിലാഷങ്ങളുള്ളവരെ തമ്മിലകറ്റാന്‍ പര്‍വതങ്ങള്‍ക്കോ സമുദ്രങ്ങള്‍ക്കോ സാധിക്കില്ല'- 2024ല്‍ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ സമ്മിറ്റില്‍ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞ വാക്കുകളാണിത്. കസാഖ്സ്താനിലെ അസ്താനയില്‍ നടന്ന കഴിഞ്ഞ വര്‍ഷത്തെ യോഗത്തില്‍ ഷി ഇത് പറയുമ്പോള്‍ അതില്‍ ഒരല്‍പം അതിശയോക്തി കലര്‍ന്നിരുന്നു എന്ന് തന്നെ പറയേണ്ടിവരും. കാരണം എസ്.സി.ഓയിലെ അംഗങ്ങള്‍ക്കിടയില്‍ അന്ന് ഒരേ അഭിലാഷങ്ങളുണ്ടായിരുന്നുവെന്ന് പറയാന്‍ സാധിക്കില്ലായിരുന്നു. ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പോലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. എന്തിനധികം ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ നിര്‍ണായകമായ ആ യോഗത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങളിലൊന്നായ ഇന്ത്യയുടെ പ്രധാനമന്ത്രി പങ്കെടുത്തിട്ട് പോലുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നതല്ല സ്ഥിതി. ലോകം മുഴുവന്‍ ചൈനയിലേക്കും എസ്.സി.ഒ സമ്മിറ്റിലേക്കും ഉറ്റുനോക്കുകയാണ്. ഷിയും മോദിയും പുതിനുമെല്ലാം കൈകോര്‍ത്ത് നില്‍ക്കുകയാണ്. അവര്‍ക്കിടയില്‍ ഒരേ അഭിലാഷങ്ങളുണ്ട്. ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് കൃത്യമായ ബോധ്യവുമുണ്ട്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുന്നത്. 2018ലായിരുന്നു മോദിയുടെ അവസാന സന്ദര്‍ശനം. അതിനിടയില്‍ ചൈനയുമായുള്ള ബന്ധം പല ഉയര്‍ച്ചതാഴ്ചകള്‍ പിന്നിട്ടു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യ-ചൈന ബന്ധത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വീണ്ടുമെത്തിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ ലോകഭൗമരാഷ്ട്രീയ അന്തരീക്ഷത്തെ മൊത്തത്തില്‍ മാറ്റിമറിച്ചു. അവസാനമിപ്പോള്‍ ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന അമ്പത് ശതമാനത്തിലേറെയുള്ള താരിഫും കൂടിയായപ്പോള്‍ ഇന്ത്യയുടെയും പരിഗണനകള്‍ മാറി. ഇന്ത്യ-യുഎസ് ബന്ധം വഷളാവുകയും ഇന്ത്യയും ചൈനയും ബന്ധം മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ചൈനയില്‍ വെച്ച് നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ ഈ ഉച്ചകോടി ഏറെ നിര്‍ണായകമാവുകയാണ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനും ഇതില്‍ പങ്കെടുക്കുന്നുണ്ടെന്ന കാര്യം ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ലോകസാഹചര്യങ്ങള്‍ തന്നെ മാറ്റിമറിക്കുന്ന നിര്‍ണായകമായ തീരുമാനങ്ങളും കൂട്ടായ്മകളും പിറക്കാന്‍ സാധ്യതയുള്ളതാണ് ഈ സമ്മിറ്റെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുക്കുന്ന സമീപകാലത്തെ ഏറ്റവും നിര്‍ണായകമായ നയതന്ത്ര ഉച്ചകോടിയാണ് ഇതെന്നാണ് ചൈനയുടെ അസിസ്റ്റന്റ് വിദേശകാര്യമന്ത്രിയായ ലിയു ബിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഈ വാക്കുകള്‍ മാത്രം പരിഗണിച്ചാല്‍ തന്നെ ചൈന എത്രത്തോളം പ്രാധാന്യമാണ് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് നല്‍കുന്നതെന്ന കാര്യം വ്യക്തമാണ്. ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ പകച്ചു നില്‍ക്കുകയാണ് ലോകം. ലോകംനിയന്ത്രിക്കുന്ന പാശ്ചാത്യശക്തികള്‍ക്കുള്ള ബദലായി ആഗോള ദക്ഷിണ കൂട്ടായ്മയെ വളര്‍ത്തുകയും അതിന്റെ നേതൃത്വത്തിലേക്ക് വരികയുമാണ് ചൈന ലക്ഷ്യമിടുന്നത്. അതിന്റെ അടിത്തറയിടലായി ഈ ഉച്ചകോടി മാറുമെന്നാണ് ചൈന വിശ്വസിക്കുന്നത്. അമേരിക്കന്‍ സമ്മര്‍ദത്തെ നേരിടാന്‍ ഇന്ത്യയും റഷ്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കും ഇത്തരമൊരു കൂട്ടായ്മ ആവശ്യമായ സാഹചര്യത്തില്‍ ചൈന പ്രതീക്ഷിക്കുന്നത് പോലുള്ള കാര്യങ്ങള്‍ സംഭവിക്കാന്‍ തന്നെയാണ് സാധ്യതകളും. അതോടൊപ്പം ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം ഉള്‍പ്പടെയുള്ള വിഷയത്തിലും ഉച്ചകോടി നിര്‍ണായകമാവും. ഇസ്രായേല്‍ പാലസ്തീനില്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കെ പാലസ്തീന് പിന്തുണ നല്‍കുന്ന രീതിയിലുള്ള പ്രമേയങ്ങളും ഉച്ചകോടിയില്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
എന്താണ് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍
യൂറേഷ്യന്‍ രാജ്യങ്ങളുടെ (യുറോപ്പ്-ഏഷ്യ) രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ കൂട്ടായ്മയാണ് ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്.സി.ഒ). ഇതില്‍ അംഗങ്ങളായ രാജ്യങ്ങളുടെ വലുപ്പവും ജനസംഖ്യയും പരിഗണിക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സഹകരണ കൂട്ടായ്മകളിലൊന്നാണിത്. ലോകജനസംഖ്യയുടെ 43 ശതമാനവും ലോക ജിഡിപിയുടെ 23ശതമാനവും ഈ കൂട്ടായ്മയുടെ ഭാഗമാണെന്ന് പറയാം. ഷാങ്ഹായ് ഫൈവ് എന്ന കൂട്ടായ്മയുടെ പിന്തുടര്‍ച്ചയാണ് എസ്.സി.ഒ. ചൈന, റഷ്യ, കസാഖ്സ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ചേര്‍ന്ന് 1996 ഏപ്രില്‍ 26-നാണ് ഷാങ്ഹായ് ഫൈവ് രൂപീകരിച്ചത്. ചൈനയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളും തമ്മിലുള്ള അതിര്‍ത്തി ചര്‍ച്ചകളില്‍ നിന്നാണ് ഇത് ഉടലെടുത്തത്. പിന്നീട് ഉസ്ബകിസ്താനെയും ഉള്‍പ്പെടുത്തി.
ഈ ആറ് രാജ്യങ്ങളുടെ തലവന്‍മാര്‍ 2001 ജൂണില്‍ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചതോടെയാണ് ഈ കൂട്ടായ്മ ഔദ്യോഗികമായി നിലവില്‍ വന്നത്. 2015ല്‍ റഷ്യയില്‍ നടന്ന ഉച്ചകോടിയിലാണ് ഇന്ത്യയെയും പാകിസ്താനെയും സ്ഥിരാംഗങ്ങളായി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം കസഖ്സ്താനില്‍ നടന്ന ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും ഔദ്യോഗികമായി എസ്.സി.ഒയില്‍ അംഗങ്ങളായി. നിലവില്‍ ഇറാനും ബെലറൂസും കൂടി സ്ഥിരാംഗങ്ങളാണ്. ഇതിന് പുറമേ ശ്രീലങ്ക, തുര്‍ക്കി, കംബോഡിയ, അസര്‍ബൈജാന്‍, നേപ്പാള്‍, അര്‍മേനിയ, ഈജിപ്ത്, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, മാലദ്വീപ്, മ്യാന്‍മര്‍, യു.എ.ഇ എന്നിവര്‍ക്ക് ഡൈലോഗ് പാര്‍ട്ട്ണര്‍ പദവിയുമുണ്ട്. ഓര്‍ഗനൈസേഷന് രണ്ട് സ്ഥിരം ബോഡികളുണ്ട്. ബീജിങ് ആസ്ഥാനമായുള്ള എസ്.സി.ഒ. സെക്രട്ടേറിയറ്റും താഷ്‌കന്റിലെ പ്രാദേശിക തീവ്രവാദ വിരുദ്ധ ഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും.
അംഗരാജ്യങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുക, രാഷ്ട്രീയം, വ്യാപാരം, സമ്പദ് വ്യവസ്ഥ, ഗവേഷണം, സാങ്കേതികവിദ്യ, സംസ്‌കാരം, വിദ്യാഭ്യാസം, ഊര്‍ജം, ഗതാഗതം, ടൂറിസം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഫലപ്രദമായ സഹകരണം പ്രോത്സാഹിപ്പിക്കുക, മേഖലയില്‍ സമാധാനവും സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്താനും ഉറപ്പാക്കാനും സംയുക്ത ശ്രമങ്ങള്‍ നടത്തുക, ജനാധിപത്യപരവും നീതിയുക്തവും യുക്തിസഹവുമായ രാഷ്ട്രീയ സാമ്പത്തിക അന്താരാഷ്ട്രക്രമം സ്ഥാപിക്കുന്നതിലേക്ക് നീങ്ങുക എന്നിവയാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ പ്രധാന ലക്ഷ്യം. ബദല്‍ അന്താരാഷ്ട്ര രാഷ്ട്രീയ സാമ്പത്തിക ക്രമമെന്ന എസ്.സി.ഒയുടെ ലക്ഷ്യമാണ് അമേരിക്കയെയും മറ്റ് പാശ്ചാത്യ ശക്തികളെയും പ്രകോപിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സൈനിക-സാമ്പത്തിക കൂട്ടായ്മയായ നാറ്റോയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് എസ്.സി.ഒ നടത്തുന്നതെന്നാണ് അവരുടെ ആരോപണം. നിലവില്‍ നാറ്റോ കൂടുതല്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പുതിയ അന്താരാഷ്ട്ര സാഹചര്യത്തില്‍ എസ്.സി.ഒയുടെ സമ്മിറ്റ് കൂടുതല്‍ നിര്‍ണായകമാകുന്നു.

ഉച്ചകോടി നടക്കുന്നതെവിടെ? ആരൊക്കെ പങ്കെടുക്കുന്നു?
ചൈനയിലെ വടക്കേ അറ്റത്തുള്ള നഗരമായ തിയാന്‍ജിനിലാണ് ആഗസ്റ്റ് 31ന് ഈ വര്‍ഷത്തെ ഉച്ചകോടിക്ക് തുടക്കമായത്. 20 രാഷ്ട്രത്തലവന്‍മാരും പത്ത് അന്താരാഷ്ട്ര സംഘടനകളുടെ തലവന്‍മാരുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്, ബെലറൂസ് പ്രസിഡന്റ് അലക്‌സാന്‍ഡര്‍ ലൂകാഷെങ്കോ, കസാഖിസ്താന്‍ പ്രസിഡന്റ് കസിം ജോമാര്‍ട്ട് ടോകയേവ്, ഉസ്ബകിസ്താന്‍ പ്രസിഡന്റ് ഷാവ്കത് മിര്‍സിയോയേവ്, കിര്‍ഗിസ്താന്‍ പ്രസിഡന്റ് സാദിര്‍ ജാപറോവ്, താജിക്കിസ്താന്‍ പ്രസിഡന്റ് ഇമോമാലി റഹ്‌മോണ്‍ എന്നിവരാണ് പങ്കെടുക്കുന്ന പ്രധാന രാഷ്ട്ര തലവന്‍മാര്‍.
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍, മ്യാന്‍മര്‍ സൈനിക മേധാവി മിന്‍ ആങ് ഹ്ലയിങ്, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നീ രാഷ്ട്രത്തലവന്‍മാരും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ആസിയാന്‍ സെക്രട്ടറി ജനറല്‍ കാവോ കിം ഹോണ്‍ എന്നിവരും ഉച്ചകോടിയുടെ ഭാഗമാവും.
Content Highlights: shanghai cooperation organisation who’s attending
Published: 31 Aug 2025, 06:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented