തിരുവനന്തപുരം: ശബരിമലയിലും തിരുവിതാംകൂർ ദേവസ്വം ബോർഡിലും ചിലതിരുത്തലുകൾ വേണ്ടിവരും. അതിനുള്ള പുതുവഴിയാണ് ദേവസ്വം ബോർഡ് ചെയർമാനായി കെ. ജയകുമാറിനെ നിയമിക്കാനുള്ള സർക്കാരിന്റെ തീരുമാനം. ദേവസ്വം ബോർഡ് പ്രൊഫഷണലാകണമെന്ന് നിയുക്ത പ്രസിഡന്റ് പറയുന്നു. സ്പെഷ്യൽ കമ്മിഷണർ, ഉന്നതാധികാര സമിതി ചെയർമാൻ തുടങ്ങിയനിലയിൽ ശബരിമലയെ നന്നായി അറിയുന്ന, ഭക്തൻകൂടിയായ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ‘മാതൃഭൂമി’ പ്രതിനിധി എം.കെ. സുരേഷുമായി സംസാരിക്കുന്നു.
? ശബരിമലയിൽ ഇപ്പോൾ ആശങ്കയുടെ കാലമാണ്. എന്തൊക്കെ മാറ്റങ്ങളാണ് മനസ്സിലുള്ളത്
* ചുമതലയേറ്റിട്ടില്ലാത്തതിനാൽ പൊതുകാര്യങ്ങൾ മാത്രമേ ഇപ്പോൾ പറയാനാകൂ. ഞാനങ്ങോട്ടുചെന്ന് വെട്ടാക്കുളം വെട്ടും എന്നൊന്നും പറയാനില്ല. കൈയെത്തുംദൂരത്തുള്ള തീർഥാടനം കുറ്റമറ്റതാക്കുന്നതിലാണ് ആദ്യശ്രദ്ധ. ഭക്തർക്ക് എല്ലാസൗകര്യങ്ങളും നൽകി, തീർഥാടകകേന്ദ്രിതമായ തീർഥാടനക്കാലം. അതാണ് ലക്ഷ്യം. ദേവസ്വം ബോർഡ് എന്ന ഉപകരണത്തിലൂടെമാത്രമേ എല്ലാം ചെയ്യാനാകൂ. ആ ഉപകരണത്തെ ഭംഗിയാക്കി, ജീവനക്കാർക്ക് പരിശീലനം നൽകി, വിശാലകാഴ്ചപ്പാടിൽ ബോർഡിനെ പ്രൊഫഷണലാക്കണം.
പരിശീലനം, ഓഡിറ്റ്-അക്കൗണ്ടബിലിറ്റി, അതിനുവേണ്ട മാർഗനിർദേശങ്ങൾ, സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകും. ആർക്കും തകർക്കാനാവാത്തവിധം സ്ഥാപനത്തെ ആധുനികമാക്കുകയെന്നതാണ് വെല്ലുവിളിയായി ഏറ്റെടുക്കേണ്ടത്. അഴിമതി നടത്തണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽപ്പോലും നടക്കാത്ത സംവിധാനമുണ്ടാകണം. നിങ്ങളുടെ പൈസ, നിങ്ങളുടെ സ്വർണം എല്ലാം സൂപ്പർ സേഫ് എന്ന് ഭക്തരോട് പറയാൻ സാധിക്കണം. അതാണ് അന്തിമസന്ദേശം.
? ശബരിമലയെയും ദേവസ്വം ബോർഡിനെയും ചുറ്റിപ്പറ്റി വിവാദങ്ങളാണ്. എങ്ങനെ നേരിടും
*കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്ന കാര്യങ്ങളെപ്പറ്റി ഒന്നും പറയുന്നില്ല. ഇനി അങ്ങനെയൊന്നും സംഭവിക്കരുത്. ശബരിമലയിൽ ഇത് അവസാനത്തേതാകണം. എന്തുകൊണ്ടിത് സംഭവിച്ചു, ഇനി സംഭവിക്കാതിരിക്കാൻ എന്തുചെയ്യണം എന്നതാണ് പ്രധാനം. ഇവിടെയാണ് തിരുത്തൽ വേണ്ടത്.
? ഏങ്ങനെയാണ് തിരുത്തൽ
* അതൊക്കെ തീർഥാടനംകഴിഞ്ഞ് പരിശോധനകൾക്കുശേഷം. ഈ തീർഥാടനത്തിന് ഇപ്പോഴത്തെ ദേവസ്വം ബോർഡ് ചെയ്ത ക്രമീകരണങ്ങളുടെ തുടർച്ചമതി. ആവശ്യമുണ്ടെങ്കിൽമാത്രമേ മാറ്റംവരുത്തേണ്ടതൂള്ളൂ. ബോർഡിലെ ജീവനക്കാരെല്ലാം മോശപ്പെട്ടവരാണ് എന്നഭിപ്രായമില്ല. കഴിവിലും മനോഭാവത്തിലും പരിശീലനത്തിലൂടെ മാറ്റം വരുത്താവുന്നതേയുള്ളൂ. ഞാനൊരു പരിശീലനകേന്ദ്രത്തിന്റ മേധാവിയാണല്ലോ. എടുത്തുചാടി ചെയ്യാനിറങ്ങിയാൽ വഴിയിൽക്കിടക്കുമെന്നറിയാം. അതിനാൽ സൂക്ഷിച്ചേ എന്തും ചെയ്യൂ.
? ഇപ്പോഴത്തെ വിവാദങ്ങൾ വിശ്വാസത്തകർച്ച ഉണ്ടാക്കിയെന്ന് കരുതുന്നുണ്ടോ
* ഭക്തരുടെ വിശ്വാസം നിലനിർത്തുകയെന്നത് പ്രധാനമാണ്. വിശ്വാസം കുറച്ചു നഷ്ടമായി. ദേവസ്വത്തിലുള്ള വിശ്വാസവും വീണ്ടെടുക്കണം. രാഷ്ട്രീയമല്ല, ദുരയാണ് പ്രശ്നം. അല്ലെങ്കിൽ ആരെങ്കിലും സ്വർണപ്പാളി എടുത്തുകൊണ്ടുപോകുമോ. അത്യാഗ്രഹം ‘ചിന്താവിഷ്ടയായ സീത’യിൽ കുമാരനാശാൻ എഴുതിയതുപോലെ ‘ദുരയും ദുർവ്യതിയാനാസക്തിയും’. ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിപ്രകാരം സംഭാവന സ്വീകരിക്കാം. അതെന്തുചെയ്യുന്നു എന്ന് പണം നൽകിയവർ ചേദിക്കുമ്പോൾ ഉത്തരം നൽകണം.
? കാലങ്ങളായി ദേവസ്വം ബോർഡിന്റെ അധ്യക്ഷസ്ഥാനത്തേക്ക് രാഷ്ട്രീയനിയമനമാണ് നടക്കാറുള്ളത്. അതിനാണിപ്പോൾ മാറ്റംവന്നത്. ഇതിനെ മുന്നണിവ്യത്യാസമില്ലാതെ എല്ലാവരും സ്വാഗതം ചെയ്തിട്ടുമുണ്ട്.
* പ്രസിഡന്റ് പദവി പ്രതീക്ഷിച്ചതല്ല. അമ്മയെ തല്ലിയാൽ നാലഭിപ്രായമുള്ള, എന്തിലും തർക്കമുള്ള കേരളത്തിൽ എല്ലാവരും അംഗീകരിക്കുന്നത് ചെറിയകാര്യമല്ല. തിരിച്ചിറങ്ങുമ്പോഴും ഈ അംഗീകാരം ഉണ്ടാകണം. വേറെ താത്പര്യങ്ങളില്ല, ബദ്ധപ്പാടുമില്ല. ലളിതമായി ജീവിക്കാനാണ് ആഗ്രഹവും. പ്രസംഗം, എഴുത്ത്, വായന ഇതൊക്കെയായി ജീവിതം. ഇനി പ്രസംഗവും സാംസ്‌കാരിക പരിപാടികളുമൊക്കെ തീർഥാടനകാലത്തെങ്കിലും കുറയ്ക്കേണ്ടിവരും.
Content Highlights: New Devaswom Board Chairman K Jayakumar outlines his vision for professionalizing the board and improving pilgrimage experience at Sabarimala. Learn about his reform plans.
Published: 09 Nov 2025, 07:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented