പരമ്പരാഗത രാഷ്ട്രീയശൈലികളെയും നടപ്പുരീതികളെയും അടിമുടി ഉടച്ചുവാർത്തുകൊണ്ടാണ് ബി.ജെ.പി കേരള ഘടകത്തിൽ നേതൃമാറ്റം സംഭവിച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ എന്ന, വലിയ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത ഒരു ബിസിനസുകാരൻ അധ്യക്ഷസ്ഥാനത്ത് വരുമ്പോൾ ചർച്ചകൾ പലവഴിക്കാണ് ചൂടുപിടിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ പുത്തൻ പരീക്ഷണം മാത്രമല്ല, ഇന്ത്യൻ ഐ.ടി, ടെലിവിഷൻ രംഗത്തെയും ചൂടുപിടിപ്പിച്ച ഒരുകാലം കൂടിയാണ് ചർച്ചകളിൽ സജീവമാകുന്നത്. രാജീവ് നയിക്കുന്ന ബി.ജെ.പി മാത്രമല്ല, രാജീവിന്റെ ഭാര്യാപിതാവ് ടി.പി.ജി നമ്പ്യാര്‍ ആരംഭിച്ച ബി.പി.എല്‍ എന്ന കമ്പനിയുടെ ചരിത്രം കൂടി ഒരിക്കൽക്കൂടി ജീവൻവയ്ക്കുകയാണ്.

To advertise here,
placeholder
രാജീവ് ചന്ദ്രശേഖര്‍

തലശ്ശേരിയില്‍ നിന്ന് പോയി മൂന്നക്ഷരമുള്ള ബിപിഎല്‍ തുടങ്ങുമ്പോള്‍ തനിക്ക് നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു കൈമുതലുണ്ടായിരുന്നതെന്ന് ടി.പി.ജി നമ്പ്യാര്‍ പണ്ട് പല തവണ പറഞ്ഞിട്ടുണ്ട്. നമ്പ്യാരുടെ ആ നിശ്ചയദാർഢ്യമാണ് പിൽക്കാലത്ത് ഇന്ത്യയിലെ വീട്ടകങ്ങളില്‍ പല രൂപത്തില്‍ വിപ്ലവം തീര്‍ത്തത്. പിന്നീട് ബി.പി.എല്ലിനെ മൊബൈല്‍ നെറ്റ്​വര്‍ക്ക് കമ്പനിയിലേക്ക് പറിച്ച് നട്ട് മരുമകന്‍ രാജീവ് ചന്ദ്രശേഖറും ആ പാത പിന്തുടര്‍ന്നപ്പോള്‍ രാജ്യത്തിന് കിട്ടിയത് ആദ്യ മൊബൈല്‍ നെറ്റ്​വര്‍ക്കായിരുന്നു. പക്ഷേ, അന്നൊന്നും ഇതിന്റെ പിന്നില്‍ രാജീവ് ആണെന്ന് ആരുമറിഞ്ഞില്ല. 

placeholder
ടി.പി.ജി നമ്പ്യാര്‍

ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറി പാലക്കാടിന്റ ബി.പി.എല്‍ ആയ കഥ

വടക്കേ മലബാറിലെ കോടിയേരിയിലെ ഇടത്തരം ജന്മി കുടുംബത്തില്‍ നിന്ന് ലണ്ടനിലെത്തി പഠനം പൂര്‍ത്തിയാക്കി തിരിച്ച് മുംബൈയിൽ തിരിച്ചെത്തിയാണ് നമ്പ്യാർ ബി.പി.എൽ എന്ന സാമ്രാജ്യം സൃഷ്ടിക്കുന്നത്. 1962 വരെ ബി.പി.എല്‍ അറിയപ്പെട്ടിരുന്നത് ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറി എന്നായിരുന്നു. ഇതാണ് ടി.പി.ജി നമ്പ്യാര്‍ ഏറ്റെടുത്തതിനുശേഷം 1963 മുതല്‍ ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറി ഇന്ത്യാ ലിമിറ്റഡായി മാറിയത്. റേക്കാള്‍ എന്ന കമ്പനിയുടെ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയുടെ 51 ശതമാനം മുടക്കിയായിരുന്നു ടി.പി.ജിയുടെ ഏറ്റെടുക്കല്‍. കമ്പനിയുടെ രാജ്യത്തെ ഫാക്ടറി പാലക്കാട് ആരംഭിക്കുകയും ചെയ്തു. 

ഹെര്‍മെറ്റിക് സീല്‍ഡ് പാനല്‍ മീറ്ററുകള്‍ നിര്‍മിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ടെലിവിഷനും വീഡിയോ കാസറ്റും റിക്കോര്‍ഡും (വി.സി.ആര്‍) റഫ്രിജറേറ്ററും വാഷിങ് മെഷീനും വാക്വം ക്ലീനറുമടക്കവും പുറത്തിറക്കി ബി.പി.എല്‍ ഇന്ത്യൻ വീടുകൾ ഭരിച്ചു. അങ്ങനെ 2500 കോടി ആസ്തിയുള്ള വ്യവസായ സാമ്രാജ്യമായി അത് മാറുകയും ചെയ്തു. 1991 -ല്‍ ഉദാരവത്കരണം നടപ്പിലായപ്പോള്‍ കൊറിയന്‍ കമ്പനികളായ എല്‍.ജിയും സാംസങ്ങുമെല്ലാം വിപണി കീഴടക്കിയപ്പോള്‍ ബി.പി.എല്ലിന് ഇലക്ട്രോണിക്സ് രംഗത്ത് പിടിച്ചുനില്‍ക്കാനായില്ല.

പത്ത് ലക്ഷത്തില്‍ നിന്ന് 5000 കോടിവരെ

പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം പത്തു ലക്ഷം രൂപ വിറ്റുവരവുണ്ടായിരുന്ന ബി.പി.എല്‍, തൊണ്ണൂറുകളുടെ അവസാനത്തില്‍ അത് 2500 മുതല്‍ 4300 കോടി വരെ എത്തിച്ചു. രാജ്യത്തെ 300 നഗരങ്ങളിലായി 3500-ലേറെ ഡീലര്‍മാരുമായി ബി.പി.എല്‍. പടര്‍ന്നുപന്തലിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 118 ബി.പി.എല്‍. ഗ്യാലറികളും അഞ്ഞൂറിലേറെ സര്‍വീസ് സെന്ററുകളും കമ്പനിക്ക് സ്വന്തമായുണ്ടായിരുന്നു. വിപണി പിടിച്ചെടുക്കുന്നതില്‍ ബി.പി.എല്‍. അക്കാലത്ത് പുറത്തിറക്കിയ പരസ്യങ്ങള്‍ക്കും പ്രധാന സ്ഥാനമുണ്ടായിരുന്നു. ബിസിനസ് ടുഡേയുടെ സര്‍വേയില്‍ രാജ്യത്തെ മികച്ച പരസ്യ  കാമ്പയിന്‍ പദവിയും ബി.പി.എല്‍. കരസ്ഥമാക്കി. എന്നാല്‍, വെറും പരസ്യം മാത്രമല്ല, ഗുണമേന്മയിലും ഉല്‍പന്നങ്ങളുടെ നിലവാരത്തിലും കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കമ്പനിയെ വളര്‍ത്തിയതെന്നായിരുന്നു ടി.പി.ജി. നമ്പ്യാരുടെ അന്നത്തെ പ്രതികരണം. ഉദാരവല്‍ക്കരണത്തോടെ വിദേശ കമ്പനികള്‍ ഇന്ത്യയില്‍ ചുവടുറപ്പിച്ചെങ്കിലും ബി.പി.എല്ലിന് തുടക്കത്തില്‍ കാലിടറിയില്ല. ജപ്പാനിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ സാനിയോയുമായി കൈകോര്‍ത്ത് ബി.പി.എല്‍. വിപണിയില്‍ ചലനമുണ്ടാക്കി. ടെലികോം രംഗത്ത് മോട്ടോറോള അടക്കം ബി.പി.എല്ലിന്റെ പങ്കാളികളായി.

placeholder

കമ്പനി പൂട്ടിച്ച തൊഴിലാളി സമരം

പാലക്കാട്ട് നിന്നാണ് തുടക്കമെങ്കിലും ബി.പി.എല്ലിന്റെ ആസ്ഥാനമന്ദിരം ബെംഗളൂരുവിലായിരുന്നു. കമ്പനി വളര്‍ന്നപ്പോള്‍ ടി.പി.ജി. നമ്പ്യാര്‍ക്ക് പാലക്കാട്ടെ ഫാക്ടറിയോട് പഴയ താത്പര്യമില്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്നായിരുന്നു അദ്ദേഹം പണ്ടുനല്‍കിയ മറുപടി. തൊഴിലാളികള്‍ നടത്തിയ സമരമായിരുന്നു അതിന് കാരണം. കേരളം സ്വന്തം നാടാണെങ്കിലും ഇവിടെ വ്യവസായത്തിന് പറ്റിയ അന്തരീക്ഷമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പാലക്കാട്ടെ ഫാക്ടറിയില്‍ തൊഴിലാളികള്‍ സമരംചെയ്തപ്പോള്‍ ഫാക്ടറി പൂട്ടിയിട്ടാണ് ടി.പി.ജി. നമ്പ്യാര്‍ പ്രതികരിച്ചത്. കമ്പനി പൂട്ടിയതോടെ തൊഴിലാളികള്‍ പ്രയാസത്തിലായി. പിന്നാലെ സമരവും നിര്‍ത്തി. ഇതോടെ നമ്പ്യാര്‍ കമ്പനി വീണ്ടും തുറന്നു. കേരളത്തില്‍ മറ്റൊരു വ്യവസായ സംരംഭം തുടങ്ങാന്‍ അദ്ദേഹം താത്പര്യം കാണിക്കാതിരുന്നതും ഈ അനുഭവം കൊണ്ടായിരുന്നു. എന്നാല്‍, മരുമകന്‍ രാജീവ് ചന്ദ്രശേഖര്‍ ബി.പി.എല്‍ മൊബൈല്‍ നെറ്റ്​വര്‍ക്ക് ആരംഭിച്ചത് മറ്റൊരു ചരിത്രത്തിന് കൂടിയാണ് വഴിതുറന്നത്.

placeholder
രാജീവ് ചന്ദ്രശേഖര്‍

പൈലറ്റാവാന്‍ മോഹിച്ചു എത്തിയത് പാര്‍ലമെന്റില്‍

തൃശ്ശൂര്‍ ദേശമംഗലത്തിനടുത്ത് കൊണ്ടിയൂര്‍ സ്വദേശിയായ രാജീവ് ചന്ദ്രശേഖറിന് ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍കമ്മഡോറായിരുന്ന പിതാവ് എം.കെ ചന്ദ്രശേഖറായിരുന്നു റോള്‍മോഡല്‍. അതുകൊണ്ടു തന്നെ പൈലറ്റാവാണമെന്ന് സ്വപ്നം കണ്ടായിരുന്നു വിദ്യാഭ്യസം. രാജ്യത്തെ വിവിധയിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഷിക്കാഗോയിലെ ഇല്ലിനോയി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാന്തര ബിരുദവും നേടി. ഒപ്പം ഹാര്‍വാര്‍ഡ് യൂണിവേഴ്​സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കി.

1988 മുതല്‍ 1991 വരെ അമേരിക്കയില്‍ ജോലി ചെയ്തു. ആഗോള ചിപ് നിര്‍മാതാക്കളായ ഇന്റലില്‍ സീനിയര്‍ ഡിസൈന്‍ എന്‍ജിനീയറും സി.പി.യും ആര്‍ക്കിടെക്റ്റുമായിരുന്നു. ഇതിനുശേഷമാണ് രാജ്യത്ത് തിരിച്ചെത്തി 1995-ല്‍ ബി.പി.എല്‍ മൊബൈല്‍ സ്ഥാപിക്കുന്നത്. 1995 ഓക്ടോബര്‍ 25 ന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനവും തുടങ്ങി. ഇതോടെ വയര്‍ലെസ് മൊബൈല്‍ എന്ന വിപ്ലവം തന്നെയാണ് രാജ്യത്തുണ്ടായത്. മൊബൈല്‍ ഫോണ്‍ എന്നത് അത്യാഢംഭരത്തിന്റെ പ്രതീകമായി കണ്ടിരുന്ന കാലത്തായിരുന്നു രാജീവ് ബി.പി.എല്ലുമായി രംഗത്തെത്തുന്നത് എന്നോര്‍ക്കണം. മത്സരിക്കാന്‍  മറ്റൊരു ഇന്ത്യന്‍ മൊബൈല്‍ കമ്പനികളും കളത്തിലില്ലാത്തപ്പോഴായിരുന്നു അന്ന് ബിപിഎല്‍ മൊബൈല്‍ അടിച്ചുകയറിയത്. തുടര്‍ന്ന് പത്ത് വര്‍ഷത്തിനിപ്പുറം കമ്പനിയിലെ തന്റെ ഷെയറുകള്‍ രാജീവ് എസ്സാര്‍ ഗ്രൂപ്പിന് വില്‍ക്കുകയായിരുന്നു. 

2009- ല്‍ ബിപിഎല്‍ മൊബൈല്‍ ലൂപ് മൊബൈലായി മാറുകയും ചെയ്തു. ബി.പി.എല്‍ ടെലികോമിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനായി ടി.പി.ജി നമ്പ്യാരും മരുമകന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ചെന്നൈയിലെ കമ്പനി ലോ ബോര്‍ഡില്‍ (സി.എല്‍.ബി) കേസും നടന്നു. പിന്നീട് ഇരുവരും കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. ഒരുകാലത്ത് സ്പീക്ക് യുവര്‍ ലാംഗ്വേജ് എന്ന ടാഗ്​ലൈനില്‍ രാജ്യം കീഴടക്കിയ ബി.പി.എല്ലിന്റെ തളര്‍ച്ചയെ കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നു. ഇതിനുശേഷം 2006 ഏപ്രില്‍ മുതല്‍ 2018 വരെ കര്‍ണാടകയെ പ്രതിനിധീകരിച്ച് രാജീവ് രാജ്യസഭാംഗമായി. 2018 ല്‍ ആണ് ബിജെപിയിലേക്ക് വരുന്നത്. ആറ് വര്‍ഷത്തിനിപ്പുറം ബി.ജെ.പിയുടെ സംസ്ഥാനാധ്യക്ഷനുമായി.

placeholder
ഡെക്കോട്ട വിമാനം

ഡെക്കോട്ട വിമാനവും രാജീവ് ചന്ദ്രശേഖറും

1950 കളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായിരുന്നു വി.പി 905 എന്ന ഡെക്കോട്ട വിമാനം. സ്വാതന്ത്ര്യാനന്തരം ജമ്മു കശ്മീരിനെ ഇന്ത്യന്‍ യൂണിയനുമായി കൂട്ടിച്ചേര്‍ക്കുന്ന മിഷനുമായി ആദ്യം ജമ്മുവിലെത്തിയ വിമാനം എന്ന അപൂര്‍വ ചരിത്ര പശ്ചാത്തലവും ഇതിനുണ്ടായിരുന്നു. രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ എം.കെ. ചന്ദ്രശേഖര്‍ വായുസേന പൈലറ്റ് എന്ന നിലയ്ക്ക് ഡക്കോട്ട വിമാനങ്ങള്‍ യുദ്ധമുഖങ്ങളിലേക്ക് പറത്തിയിരുന്നു. ഇത് പിന്നീട് കാലപ്പഴക്കത്തെ തുടര്‍ന്ന് സേന ഒഴിവാക്കിയെങ്കിലും രാജീവ് ചന്ദ്രശേഖര്‍ വിമാനം കണ്ടെത്തി ലണ്ടനിലെത്തിച്ച് സ്വന്തം നിലയ്ക്ക് അറ്റകുറ്റപണി നടത്തി പറക്കാവുന്ന നിലയിലാക്കി സേനയ്ക്ക് തന്നെ സമ്മാനിച്ചു. വിമാനം 2024 ലെ റിപ്പബ്ലിക്​ദിന പരേഡില്‍ ആധുനിക യുദ്ധവിമാനങ്ങള്‍ക്കൊപ്പം പറന്ന് പുഷ്പവൃഷ്ടി നടത്തി. പിതാവിനോടുള്ള ആദരസൂചകമായിട്ടായിരുന്നു ഡെക്കോട്ടയുടെ റീ സ്റ്റോറിങ്ങും സേനയ്ക്ക് തിരിച്ച് നല്‍കലും. ബംഗ്ലാദേശ് യുദ്ധത്തിലടക്കം ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച വിമാനങ്ങളില്‍ ഒന്നുമായിരുന്നു ഡക്കോട്ട. ഇതിന്റെ സ്മരണ നിലനിര്‍ത്തി കൂടിയാണ് വിമാനം നവീകരിച്ച് അദ്ദേഹം സേനയ്ക്ക് സമ്മാനിച്ചത്. 2011-ല്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച നവീകരണം സജ്ജമാക്കാന്‍ ആറ് വര്‍ഷത്തിലേറെ എടുത്തു. പഴയ ടെയില്‍ നമ്പര്‍ ആയ വിപി 905 എന്ന നമ്പര്‍ നല്‍കി ഡക്കോട്ടയെ സേനയുടെ ഭാഗമാക്കുകയായിരുന്നു.

ഇക്കാലമത്രയും വെല്ലുവിളികള്‍ ഏറ്റെടുത്ത് അതിനെ നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടാണ് രാജീവ് ചന്ദ്രശേഖര്‍ തന്റെ വഴി വെട്ടിത്തെളിച്ച് മുന്നേറിയതെങ്കിലും കേരളത്തിലെ ബി.ജെ.പി അധ്യക്ഷനെന്ന ജോലി അത്ര എളുപ്പമാവില്ലെന്ന് തീര്‍ച്ച. അത്രമാത്രം രാഷ്ട്രീയ സാക്ഷരതയുള്ള നാട്ടില്‍ ഇടത് വലത് മുന്നണികള്‍ ശക്തമായിടത്തേക്കാണ് പുതിയ ദൗത്യവുമായി അദ്ദേഹത്തിന്റെ വരവ്. ഒ.രാജഗോപാലും കുമ്മനം രാജശേഖരനും ശ്രീധരന്‍ പിള്ളയും വി.മുരളീധരനും സുരേന്ദ്രനുമടക്കമുള്ള രാഷ്ട്രീയ പാരമ്പര്യമുള്ള നേതാക്കള്‍ പാര്‍ട്ടിയെ നയിച്ചിട്ടും നടക്കാതെ പോയ ഭരണസ്വപ്‌നമാണ് രാജീവിലൂടെ 2026 ല്‍ ബി.ജെ.പി പ്രതീക്ഷിക്കുന്നത്. അതിന് പണ്ട് സാങ്കേതികരംഗത്ത് പുറത്തെടുത്തത് പോലെയുള്ള, രാഷ്ട്രീയത്തിനപ്പുറമുള്ള മാജിക്ക് തന്നെ അദ്ദേഹത്തിന് പുറത്തെടുക്കേണ്ടിയും വരുമെന്ന് തീര്‍ച്ച.