പാര്‍ലമെൻ്ററി ജനാധിപത്യത്തിലെ പ്രധാനപ്പെട്ട ഒന്നാണ് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെൻ്റും തുടർന്ന് രൂപീകരിക്കപ്പെടുന്ന പാര്‍ലമെൻ്ററി കമ്മിറ്റികളും. ഭരണനിർവഹണവുമായി ബന്ധപ്പെട്ട പാര്‍ലമെൻ്ററി കമ്മിറ്റികൾ ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ നിലവിൽ ഉള്ള മുപ്പത്തിലധികം പാര്‍ലമെൻ്ററി കമ്മിറ്റികളിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മറ്റിയാണ് സർക്കാരിൻ്റെ പൊതുധനകാര്യ ഇടപാടുകളെ സൂഷ്മമായി പരിശോധിക്കുവാൻ അധികാരമുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC). ഈ കമ്മിറ്റിയെ പാര്‍ലമെൻ്ററി കമ്മിറ്റികളുടെ മാതാവ് എന്നു കൂടി വിശേഷിപ്പിക്കുന്നു. ലോക്​സഭാ സ്പീക്കർ നിയമിക്കുന്ന കമ്മിറ്റിയുടെ ഏറ്റവും പ്രധാന പ്രത്യേകത പ്രതിപക്ഷ അംഗമാകും ഈ കമ്മറ്റിയുടെ ചെയർമാൻ എന്നതാണ്. ലോക്​സഭയിലെയും (15) രാജ്യസഭയിലെയും (7) ഉൾപ്പെടെ 22 അംഗങ്ങൾ ഉൾപ്പെടുന്നതാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി.

To advertise here,

സ്പീക്കർ രൂപികരിക്കുന്ന കമ്മിറ്റിയുടെ ചെയർമാൻ പദത്തിൽ ഒരു പ്രതിപക്ഷാംഗം ചെയർമാനായി വരണമെന്ന് പാര്‍ലമെൻ്ററി ജനാധിപത്യം വ്യവസ്ഥ ചെയ്യുമ്പോൾ രാജ്യത്തെ സർക്കാറിൻ്റെ സാമ്പത്തിക ക്രയവിക്രിയങ്ങൾ സുതാര്യമാകണമെന്ന നിഷ്കർഷയുള്ള കാര്യമായി മാറുന്നു. ഈ കമ്മിറ്റിയുടെ  ചെയർമാൻ പദത്തിലേക്ക് വരുന്ന പ്രതിപക്ഷ അംഗം പാര്‍ലമെൻ്ററി രംഗത്തെ പ്രഗൽഭൻമാരൊ സീനിയർ അംഗങ്ങളൊ ആകും എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ആർ. വെങ്കിട്ടരാമൻ, പി.വി. നരസിംഹറാവു, എ.ബി വാജ്പേയി, ഐ.കെ ഗുജറാൾ, ജസ്വന്ത് സിംഗ്, ഡോ. മുരളി മനോഹർ ജോഷി,  മല്ലികാർജുൻ ഖാർഖെ തുടങ്ങിയ അധി പ്രഗൽഭരായ അംഗങ്ങൾ ഈ കമ്മറ്റിയുടെ ചെയർമാൻമാരായി ഇരുന്നിട്ടുണ്ട്. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനായി ലോക്സഭാ സ്പീക്കർ ഓം ബിർള കെ.സി വേണുഗോപാലിനെ നിയമിച്ചിരിക്കുകയാണ്. അതിലൂടെ ഈ സുപ്രധാന കമ്മറ്റിയെ പറ്റിയുള്ള ചർച്ചകൾ സജീവമായി നടക്കുന്നു.

ഈ പദത്തിലേക്ക് എത്തുന്ന മൂന്നാമത്തെ മലയാളിയാണ് കെ.സി വേണുഗോപാൽ. സി.എം സ്റ്റീഫൻ, കെ.വി തോമസ് എന്നിവരാണ് പദവി അലങ്കരിച്ച മറ്റു മലയാളികൾ. പബ്ലിക് അക്കൗണ്ട്സ്  കമ്മറ്റിയുടെ ചരിത്രം, അധികാരങ്ങൾ, വർത്തമാന പ്രാധാന്യം എന്നിവ പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ.

placeholder
ആർ.വെങ്കിട്ടരാമൻ, പി.വി.നരസിംഹറാവു, എ.ബി.വാജ്​പെയി, ഐ.കെ.ഗുജ്‌റാള്‍, ജസ്വന്ത് സിങ്, മുരളി മനോഹർ ജോഷി, കെ.സി.വേണുഗോപാൽ എന്നിവർ

പി.എ.സിയുടെ ചരിത്രം

1921-ൽ മോണ്ടഗ്യു-ചെoസ്ഫോർഡ് പരിഷ്കാരങ്ങളുടെ ഭാഗമായി പൊതു അക്കൗണ്ടുകൾക്കു വേണ്ടിയുള്ള കമ്മിറ്റി ആദ്യമായി രൂപീകരിക്കപ്പെട്ടു. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ ഫിനാൻസ് അംഗം ആയിരുന്നു കമ്മിറ്റിയുടെ ചെയർമാൻ. 1949 ൽ ഇടക്കാല സർക്കാർ ഭരണകാലത്ത്, അന്നത്തെ ധനമന്ത്രി കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചു. ഇത്, സ്വാഭാവികമായും എക്സിക്യൂട്ടീവ് വിഭാഗത്തെ വിമർശിക്കാനും സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും പരിമിതിയുണ്ടാക്കി.1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നതോടെ കമ്മിറ്റിയുടെ ഘടനയിൽ വലിയ മാറ്റങ്ങൾ വരികയും ഒരു പ്രധാന പാർലമെന്ററി കമ്മിറ്റി യായി മാറുകയുമാണ്ടായത്. ധനമന്ത്രിക്ക് കമ്മിറ്റിയിലെ അംഗത്വം ഇല്ലാതാവുകയും പൂർണമായും മന്ത്രിമാർ അല്ലാത്ത പാര്‍ലമെൻ്റംഗങ്ങളുടെ ഒരു കമ്മറ്റിയായി മാറി. 1954-55 മുതലാണ് രാജ്യസഭയിലെ അംഗങ്ങളെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത്. 1966-67 വരെ, ഭരണകക്ഷിയുടെ ഒരു മുതിർന്ന അംഗം സ്പീക്കറാൽ കമ്മിറ്റിയുടെ ചെയർമാനായി നിയമിക്കപ്പെടുന്ന രീതിയായിരുന്നു. 1967-ൽ, ആദ്യമായി, ലോക്‌സഭയിലെ പ്രതിപക്ഷത്തെ ഒരു അംഗം സ്പീക്കറാൽ ചെയർമാനായി നിയമിക്കപ്പെട്ടു. സ്വതന്ത്ര പാർട്ടിയിടെ എം.ആർ മസാനിയാണ് ആദ്യമായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ ആയ ആദ്യ പ്രതിപക്ഷാംഗം. ഈ കീഴ്‌വഴക്കം ഇന്നുവരെ തുടർന്നുകൊണ്ടിരിക്കുന്നു.

പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടെ ഉത്തരവാദിത്വങ്ങൾ

 സർക്കാർ ചെലവുകൾക്കായി പാർലമെന്റ് അനുവദിച്ച ഫണ്ടുകളുടെ അക്കൗണ്ടുകൾ വിശകലനം ചെയ്യുകയും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) സമർപ്പിച്ച റിപ്പോർട്ടുകൾ പോലുള്ള പാർലമെന്റിന്റെ മുമ്പിൽ വെച്ചിട്ടുള്ള മറ്റ് അക്കൗണ്ടുകളും പരിശോധിക്കുകയും ചെയ്യുക എന്നതാണ് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടെ പ്രധാന ഉത്തരവാദിത്വങ്ങൾ.

placeholder
സ്പീക്കർ ഓം ബിർള. ഫോട്ടോ: PTI

പബ്ലിക്  അക്കൗണ്ട്സ് കമ്മിറ്റിക്ക് വീണ്ടും പ്രാധാന്യം കൈവരുമ്പോൾ

2014, 2019 ൽ നിന്നും വ്യത്യസ്തമായി പ്രതിപക്ഷത്തിനു കൃത്യമായ സ്വാധീനമുള്ള ഒരു ലോക്സഭയാണ് 2024 ൽ തിരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കോൺഗ്രസ് മുഖ്യ പ്രതിപക്ഷ പാർട്ടിയിൽ നിന്നും പ്രതിപക്ഷ പാർട്ടിയായി മാറി. രാഹുൽ ഗാന്ധി പ്രതിപക്ഷത്തെ പ്രധാന നേതാവിൽ നിന്നും അംഗീകൃത പ്രതിപക്ഷ നേതാവായി മാറി. വ്യക്തി കേന്ദ്രീകൃതമായ നരേന്ദ്ര മോദി ഭരണം എൻഡിഎ എന്ന മുന്നണി ഭരണത്തിലേക്കു ചുരുക്കപ്പെട്ടു. പ്രതിപക്ഷം ഒരു ശക്തമായ ഒരു ഇന്ത്യ മുന്നണി എന്ന നിലയിൽ സഭയിൽ സജീവമായി മാറി. ഈയൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക ക്രയവിക്രിയങ്ങളും അവയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും എല്ലാം സൂഷ്മമായി വിലയിരുത്താനുള്ള ഒരു ആത്മവിശ്വാസം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു കൈവരും. പ്രതിപക്ഷത്ത് നരേന്ദ്ര മോദിക്കെതിരേ മുൻകാലങ്ങളിൽ സഭയ്ക്കകത്തും പുറത്തും രാഹുൽ ഗാന്ധിയോടൊപ്പം നിലകൊണ്ട ഒരു വ്യക്തി കൂടിയായ കെ.സി വേണുഗോപാൽ തന്നെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടെ ചെയർമാൻ ആയി വരുമ്പോൾ രാജ്യത്തെ ഭരണം സുതാര്യം ആവണം എന്നാഗ്രഹിക്കുന്ന പൊതു സമൂഹത്തിന് പ്രതീക്ഷകൾ ഏറെയാണ്. 

കമ്മിറ്റിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി

പാർലമെൻ്റിൽ സമർപ്പിക്കുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ (സിഎജി) ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കലാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പ്രധാന ഉത്തരവാദിത്വങ്ങളിൽ ഒന്ന്. പക്ഷേ,  എത്രത്തോളം ഓഡിറ്റ് റിപ്പോർട്ടുകൾ പാര്‍ലമെൻ്റിൽ സമർപ്പിക്കപ്പെടുന്നുണ്ട് എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. 2019- 23 കാലഘട്ടത്തിൽ ശരാശരി 22 റിപ്പോർട്ടുകൾ മാത്രമാണ് പാര്‍ലമെൻ്റിന് മുമ്പാകെ സമർപ്പിക്കപ്പെട്ടത് എന്ന് ദി ഹിന്ദു മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് 2015ൽ 55 റിപ്പോർട്ടുകൾ പാര്‍ലമെൻ്റിൽ സമർപ്പിക്കപ്പെട്ടുവെങ്കിൽ 2020ൽ അത് കേവലം 14 ആയി ചുരുങ്ങി എന്നും 75% കുറവ് സിഎജി റിപ്പോർട്ട് സമർപ്പണത്തിൻ്റെ കാര്യത്തിൽ ഉണ്ടായി എന്നും പ്രമുഖ മാധ്യമ പ്രവർത്തകനായ ആകാർ പട്ടേൽ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രസർക്കാരിൻ്റെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി നിരീക്ഷിക്കുന്ന സിഎജി റിപ്പോർട്ടുകൾ പാര്‍ലമെൻ്റിൽ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ 2023 നവംബറിൽ 80 ലധികം വരുന്ന റിട്ടയർഡ് ബ്യൂറോക്രാറ്റ്സ്, രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്ത് നൽകിയിരുന്നു. സാമ്പത്തിക ക്രയവിക്രിയങ്ങൾ വസ്തുനിഷ്ഠമായി ഓഡിറ്റ് ചെയ്യേണ്ട സിഎജിയിലും ഉദ്യോഗസ്ഥ ഒഴിവുകൾ നികത്തുന്നതിൽ ഈ കാലയളവിൽ ഗണ്യമായി കുറവുണ്ടായി എന്നതും ഒരു വസ്തുതയാണ്. 2013- 14 കാലഘട്ടത്തിൽ സിഎജിയിൽ 48253 ഉദ്യോഗസ്ഥരുണ്ടായിരുന്നുവെങ്കിൽ 2021-22 കാലത്തെ കണക്കുകൾ പ്രകാരം 41675 ഉദ്യോഗസ്ഥരായി ചുരുങ്ങി. 2015-16 ൽ 789 IA & AS ഓഫീസർമാർ ഉണ്ടായിരുന്നുവെങ്കിൽ 2021 -22 ൽ അത് 533 ആയി കുറഞ്ഞു.

placeholder
പഴയ പാർലമെന്റിന്റെയും പുതിയ പാർലമെന്റിന്റെയും കെട്ടിടങ്ങൾ. ഫോട്ടോ: സാബു സ്ക്കറിയാച്ചൻ

അതു കൊണ്ട് തന്നെ സിഎജി യിൽ ഉണ്ടാകുന്ന ഒഴിവുകളിൽ എത്രയും പെട്ടെന്ന് നിയമനം നടത്താൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുക എന്നതു പ്രതിപക്ഷത്തിൻ്റെ പ്രധാന ആവശ്യമായി വരേണ്ടതുണ്ട്. ഓഡിറ്റ് ചെയ്യപ്പെട്ട സിഎജി റിപ്പോർട്ടുകൾ പാര്‍ലമെൻ്റിനു മുമ്പാകെ സമർപ്പിക്കപ്പെടുന്നു എന്നു ഉറപ്പുവരുത്തേണ്ടതുമുണ്ട്. അതിൽ വസ്തുനിഷ്ഠമായ വിമർശനാത്മകമായ വിശകലനം നടത്തുവാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു കഴിയേണ്ടതുണ്ട്. 

'പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയിലൂടെയാണ് ജനങ്ങൾ സർക്കാരിൻ്റെ  ധനകാര്യ ഇടപെടലുകളെ നിരീക്ഷിക്കുന്നതെന്നും കമ്മറ്റിയുടെ  സർക്കാരിൻ്റെ ഫണ്ട് ദുരപയോഗം, അഴിമതി, പണം പാഴാക്കൽ  തുടങ്ങിയവ ൾപ്പെടെയുള്ള ശ്രദ്ധയിൽ കൊണ്ടുവരിക എന്നതാണ് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയുടെ ഉത്തരവാദിത്വമെന്ന് ' കമ്മിറ്റിയുടെ നൂറാം വാർഷിക വേളയിൽ 2021 ഡിസംബറിൽ ഇന്ത്യൻ പ്രസിഡണ്ട് ശ്രീ രാംനാഥ് ഗോവിന്ദ് എടുത്തു പറയുകയുണ്ടായി. പതിനെട്ടാം ലോക്‌സഭ തികച്ചും ഏകപക്ഷീയമായി പോവരുത് എന്ന് തെരെഞ്ഞെടുപ്പിലൂടെ ജനം വിധി എഴുതി. അതിൻ്റെ പ്രതിഫലനം പാര്‍ലമെൻ്റിൻ്റെ പ്രവർത്തനത്തിൽ ചെറിയ തോതിലെങ്കിലും കണ്ടു തുടങ്ങിയ സാഹചര്യത്തിൽ കൂടുതൽ സി എ ജി റിപ്പോർട്ടുകൾ പാര്‍ലമെൻ്റിലും തുടർന്നു പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു മുമ്പാകെ പരിശോധനയ്ക്കു വിധേയമാകും എന്നും പ്രതീക്ഷിക്കാം. അതുവഴി സർക്കാർ പ്രവർത്തനങ്ങൾ സുതാര്യമാണെന്ന് ജനങ്ങൾക്ക് ഉറപ്പുവരുത്താം. ജനതയുടെ കണ്ണും ശബ്ദമാകുവാൻ കെ.സി. വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു കഴിയട്ടെ.