
ഭരണഘടനാ ഭേദഗതിക്കായി കേവല ഭൂരിപക്ഷത്തിൽനിന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് പാർട്ടികളെ പിളർത്തി മുന്നേറുന്ന തിരക്കിനിടയിലാണ് രണ്ടാഴ്ചയ്ക്കിടയിൽ സംഭവിച്ച അപ്രതീക്ഷിതമായ രാഷ്ട്രീയ തിരിച്ചടികൾ ബി.ജെ.പിക്ക് വെല്ലുവിളിയാകുന്നത്. ആദ്യം അവഗണിച്ചും പരിഹസിച്ചും മർദിച്ചും അമർച്ചചെയ്യാമെന്ന് കരുതിയ യുവജന രോഷത്തിന് മുന്നിൽ ഗത്യന്തരമില്ലാതെ മുട്ടുമടക്കേണ്ടിവന്നു. സംഘത്തിലെ പ്രധാനിയായ ധർമ്മേന്ദ്ര പ്രധാനെ പോലും മോദിക്കും അമിത് ഷായ്ക്കും കൈവിടേണ്ടിവന്നു. പ്രധാൻ അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ രാജി എന്ന ആവശ്യത്തിലേക്ക് സമരം വളർന്നാലുണ്ടാക്കാവുന്ന ആഘാതം തിരിച്ചറിഞ്ഞ് പ്രധാനെ ഒഴിവാക്കി തടിയൂരുകയായിരുന്നു. മോദിയുഗം തുടങ്ങി ഈ 12 വർഷത്തിനിടയിൽ ഒരു ബി.ജെ.പി. പ്രമുഖൻ മന്ത്രിസഭയിൽനിന്ന് ജനകീയ പ്രതിഷേധത്തിനൊടുവിൽ രാജിവെക്കേണ്ടിവരുന്ന ആദ്യ കാഴ്ചയായിരുന്നു അത്. മാധ്യമപ്രവർത്തനത്തിൽനിന്ന് വിദേശകാര്യ സഹമന്ത്രി പദത്തിലേക്കെത്തിയ എം.ജെ. അക്ബറിന്റെ 'മീ ടൂ' വിവാദത്തെ തുടർന്നുണ്ടായ രാജി ഒരു രാഷ്ട്രീയ വെല്ലുവിളിപോലും സൃഷ്ടിക്കാതെ സംഭവിച്ചതായിരുന്നു.
പ്രധാന്റെ രാജിക്ക് പിന്നാലെ അയോധ്യ ക്ഷേത്രക്കൊള്ളയിലേക്ക് ചർച്ച തിരിയുന്നതിനിടെയാണ് പ്രശാന്ത് കിഷോറിന്റെ മാസ് എൻട്രി. ബി.ജെ.പി. അധ്യക്ഷന്റെ തട്ടകത്തിലാണ് പ്രശാന്ത് കിഷോർ അവരെ ഞെട്ടിച്ച് അട്ടിമറി വിജയം നേടിയത്. മധ്യപ്രദേശിൽ കോൺഗ്രസ് അവരുടെ സിറ്റിങ് സീറ്റായ ദാതിയ നിലനിർത്തിയെന്ന് പറയുമ്പോഴും ബി.ജെ.പിയിലെ പടലപ്പിണക്കം ജയസാധ്യത ഇല്ലാതാക്കി എന്ന് പറയുന്നതാവും കൂടുതൽ ശരി. മുൻ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി കൂടിയായ നരോത്തം മിശ്രയ്ക്ക് അവിടെ സീറ്റ് നിഷേധിച്ചത് പാർട്ടിയിലും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൂന്ന് തവണ ദാതിയയിൽനിന്ന് ജയിച്ച നേതാവാണ് നരോത്തം മിശ്ര. അദ്ദേഹത്തിന്റെ അനുയായികൾ പരസ്യമായ പ്രതിഷേധത്തിനും അക്രമങ്ങൾക്കും പോലും തുനിഞ്ഞു. പാർട്ടി ഓഫീസുകൾ തകർക്കപ്പെട്ടു. മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ഉയർന്നുകഴിഞ്ഞു.
കേവലം ഒരു ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് അപ്പുറം ബങ്കിപുരിലെ തോൽവിക്ക് വലിയ രാഷ്ട്രീയ മാനമുണ്ട്. ബിഹാർ രാഷ്ട്രീയത്തിൽനിന്ന് നിതീഷ് കുമാർ കളമൊഴിഞ്ഞ് രാജ്യസഭയിലേക്ക് വഴിമാറിയത് സമവാക്യങ്ങൾ ആകെ മാറ്റി. ബി.ജെ.പിയാകട്ടെ അവരുടെ സ്വപ്‌നം പൂർത്തീകരിച്ച് സാമ്രാട്ട് ചൗധരിയെ മുഖ്യമന്ത്രിയാക്കി. അങ്ങനെ മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറും കൈപ്പിടിയിലായെന്ന ആത്മവിശ്വാസത്തിൽ നിൽക്കെയാണ് പാർട്ടി ദേശീയ അധ്യക്ഷന്റെ കോട്ട തകർത്ത് ജൻസുരാജ് പാർട്ടി അക്കൗണ്ട് തുറന്നത്. ഓർക്കുക, മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ (പ്രശാന്ത് കിഷോർ മത്സരിച്ചിരുന്നില്ല) ജൻ സുരാജ് പാർട്ടിയുടെ സ്ഥാനാർഥികളിൽ 90 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശ് പോലും നഷ്ടമായ തിരിച്ചടിക്കൊടുവിലാണ് ഈ ബി.ജെ.പി. കോട്ടയിലെ വിജയം. അന്ന് 238 സ്ഥാനാർഥികൾ മത്സരിച്ചപ്പോൾ എല്ലാവരും തോറ്റു. ആകെ കിട്ടിയത് 3.4 ശതമാനം വോട്ട് മാത്രം.
1994 മുതൽ ബി.ജെ.പി. കോട്ടയായിരുന്ന മണ്ഡലമാണ് ഈ ഉപതിരഞ്ഞെടുപ്പിൽ അവരെ കൈവിട്ടത്. ബി.ജെ.പി. അധ്യക്ഷൻ നിതിൻ നബീൻ അഞ്ച് തവണയും അതിനുമുമ്പ് രണ്ട് തവണ അദ്ദേഹത്തിന്റെ പിതാവും പ്രതിനിധീകരിച്ച മണ്ഡലം (പഴയ പട്‌ന വെസ്റ്റ്) 50,000 വോട്ടിന് ജയിച്ച സീറ്റിൽ ഇത്തവണ 19,324 വോട്ടിനാണ് പ്രശാന്ത് കിഷോർ ജയിച്ചത്. ബി.ജെ.പിയുടെ വോട്ട് മൂന്നിലൊന്നായി കുറഞ്ഞു. ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റി പരീക്ഷിക്കേണ്ട അവസ്ഥയിലേക്ക് പോലും ബി.ജെ.പിക്ക് ഇവിടെ തന്ത്രങ്ങൾ പാളി.
3.79 ലക്ഷത്തിലേറെ വോട്ടർമാരുള്ള മണ്ഡലത്തിൽ കേവലം 34 ശതമാനം മാത്രമായിരുന്നു പോളിങ്. അതിൽത്തന്നെ ഒന്നര ലക്ഷത്തിലേറെ മുന്നോക്ക വിഭാഗക്കാരുണ്ട്. ബി.ജെ.പിയുടെ വോട്ട് പ്രധാന വോട്ടുബാങ്ക്. 100 ശതമാനവും നഗരവോട്ടർമാർ എന്ന് പറയാവുന്ന മണ്ഡലം. എന്നിട്ടും പാർട്ടിക്ക് അടിതെറ്റി. ഉറച്ച വോട്ട് ബാങ്കിൽ വിള്ളൽ വീണു. അതിൽ ചോദ്യപേപ്പർ ചോർച്ചയും അതിനോടുള്ള പ്രതികരണവും പുതിയ തലമുറ വോട്ടർമാരിൽ ഉണ്ടാക്കിയിരിക്കുന്ന അനിഷ്ടവും എല്ലാം വോട്ടിൽ പ്രതിഫലിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സി.ജെ.പി. പ്രതിഷേധത്തെ ബിഹാറിലും അടിച്ചൊതുക്കിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
നിതീഷ് കുമാർ മാറിയത് അദ്ദേഹത്തിന്റെ സമുദായമായ കുറുമികളിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം മുന്നോക്ക വിഭാഗക്കാരുടെ വോട്ടിൽ വലിയ തോതിൽ വിള്ളൽ വീഴ്ത്തി. ബി.ജെ.പി. ചിഹ്നത്തിൽ പട്ടിയേയോ പൂച്ചയേയോ പോലും നിർത്തിയാലും ജയിക്കും എന്നാണ് ഒരു ബി.ജെ.പി. എംപി പ്രചാരണത്തിനിടെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ആ അമിത ആത്മവിശ്വാസത്തിന്റെ മുഖത്തേറ്റ അടിയാണ് ഈ തോൽവി.
ബി.ജെ.പി. വിരുദ്ധ വോട്ടുകൾ ഒന്നാകെ പ്രശാന്ത് കിഷോറിലേക്ക് ഏകീകരിക്കുകയും ചെയ്തു. പ്രധാന പ്രതിപക്ഷമായ ആർ.ജെ.ഡി. സ്ഥാനാർഥി രേഖ കുമാരി ഗുപ്തക്ക് കിട്ടിയത് 14,273 വോട്ട് മാത്രമാണ്. കഴിഞ്ഞ തവണ രേഖ കുമാരി ഗുപ്തക്ക് ഇവിടെ 46,000 വോട്ട് ലഭിച്ചിരുന്നു. 64151 വോട്ട് പ്രശാന്ത് കിഷോറിന് കിട്ടിയപ്പോൾ ബി.ജെ.പി. സ്ഥാനാർഥിക്ക് കിട്ടിയത് 44,827 വോട്ടാണ്. പ്രത്യക്ഷത്തിൽ ആർ.ജെ.ഡിയുടെ ഇടത്തിലേക്ക് ജൻ സ്വരാജ് പാർട്ടി കടന്നുകയറിയതായി തോന്നാം. എന്നാൽ, ബി.ജെ.പി. തോൽവി ഉറപ്പിക്കാൻ ആർ.ജെ.ഡി. വോട്ടുകൾ പ്രശാന്ത് കിഷോറിന് മറിക്കുകയായിരുന്നുവെന്ന ആരോപണവും ബി.ജെ.പി. തന്നെ ഉന്നയിച്ചുകഴിഞ്ഞു. ആർ.ജെ.ഡി. അധ്യക്ഷൻ തേജസ്വി യാദവ് പേരിന് മണ്ഡലത്തിൽ പ്രചാരണത്തിന് ആകെ രണ്ട് ദിവസം മാത്രമാണ് എത്തിയത്. ആർ.ജെ.ഡി. അത്ര സജീവമല്ല എന്ന തോന്നലും ബി.ജെ.പിയുടെ മുഖ്യ എതിരാളി പ്രശാന്ത് കിഷോറാണെന്ന് തിരിച്ചറിഞ്ഞ് മുസ്ലിം വോട്ടുകൾ ഏകീകരിക്കുന്നതിന് ഇടയാക്കി. മറുവശത്ത് ബി.ജെ.പി. അധ്യക്ഷൻ നിതിൻ നബീൻ തന്നെ നാല് തവണ എത്തി പ്രചാരണം കൊഴുപ്പിച്ചിട്ടും വലിയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.
പ്രശാന്ത് കിഷോർ വിജയക്കൊടി പാറിക്കുന്നതോടെ ജെഡിയു ആർ.ജെ.ഡി. രാഷ്ട്രീയത്തിനും ഇനി മാറ്റംവരാം. ഈ അട്ടിമറി വിജയം ബിഹാർ രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്കോ എന്ന സൂചനകൂടി നൽകുന്നു. കോൺഗ്രസിന്റെ പ്രതാപം തകർത്ത് ബിഹാർ മണ്ഡൽ പ്രക്ഷോഭകാലത്താണ് ലാലു-നിതീഷ് സഖ്യത്തിലേക്ക് ചാഞ്ഞത്. പിന്നീട് അവർ ഇരു ധ്രുവങ്ങളിലായപ്പോഴും സംസ്ഥാന രാഷ്ട്രീയം അവരുടെ കൈയിലായിരുന്നു. എന്നും അവിടെ ജൂനിയർ പാർട്ണറായിരുന്ന ബി.ജെ.പി. ഇടക്കാലത്ത് സീറ്റിൽ മുന്നിലെത്തിയിട്ടും മുഖ്യമന്ത്രിയായി നിതീഷ് തുടർന്നു. ബി.ജെ.പി.ക്കൊപ്പവും ലാലുവിനൊപ്പവും തരാതരം കൂടി നിതീഷ് തുടർച്ചയായി 20 വർഷം ബിഹാർ ഭരിച്ചപ്പോഴും പിന്നാക്ക വോട്ട് ബാങ്ക് അദ്ദേഹത്തിനൊപ്പം നിന്നു. പല ഘട്ടത്തിലും അധികാരം കൈയകലെ നഷ്ടമായിട്ടും ലാലുവിനും തേജസ്വിക്കുമൊപ്പമായിരുന്നു യാദവ-മുസ്ലിം വോട്ട് ബാങ്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25 സീറ്റിലേക്ക് ആർജെഡി വീണു. 2010-ൽ 20 സീറ്റിൽ നിന്നാണ് നിതീഷിനൊപ്പം ചേർന്ന് ആർജെഡി 2015-ൽ 80 സീറ്റിലേക്ക് കുതിച്ചത്. ഒരുകാലത്ത് നിതീഷിന്റെ വിശ്വസ്തനായിരുന്ന തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോർ ഒരുവേള അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിയാകുമെന്ന് പോലും കരുതപ്പെട്ടു. ജെഡിയു ഉപാധ്യക്ഷനായിരിക്കെയാണ് നിതീഷുമായി ഇടഞ്ഞ് പാർട്ടിക്ക് പുറത്താകുന്നത്. ഇത്തവണ പ്രശാന്ത് കിഷോർ മുന്നോട്ടുവച്ച മുദ്രാവാക്യംതന്നെ ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തോടുള്ള ജനവികാരമായിരിക്കും തിരഞ്ഞെടുപ്പെന്നായിരുന്നു.
ഒപ്പംനിന്ന വിവിധ സമുദായങ്ങൾ കൂട്ടത്തോടെ ബി.ജെ.പിയെ കൈവിടുന്ന സാഹചര്യമാണുണ്ടായത്. അതിൽതന്നെ ഭുമീഹാർ സമുദായം ഇടഞ്ഞത് ബി.ജെ.പിക്ക് വലിയ ക്ഷീണമായി. വിജയ് സിൻഹയെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതാണ് അവരെ ചൊടിപ്പിച്ചത്. ഗാന്ധി മൈതാനത്ത് യോഗം ചേർന്ന് സമുദായം ഇത്തവണ ബി.ജെ.പിക്ക് വോട്ട് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതാദ്യമായാണ് നിതീഷിന്റെ അസാന്നിധ്യത്തിൽ 40 വർഷത്തിനിടെ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരത് തിവാരി ഏറ്റുമുട്ടൽ കൊലപാതകത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടിയെടുക്കാത്തത് ബ്രാഹ്മണ സമുദായത്തിന്റെ രോഷത്തിന് കാരണമായി. തൊഴിലില്ലായ്മയും വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളും പ്രശാന്ത് കിഷോർ മുഖ്യപ്രചാരണ വിഷയങ്ങളാക്കി.
ആർ.ജെ.ഡി. മികച്ച പോരാട്ടത്തിന് ശ്രമിക്കാതിരുന്നതും പ്രശാന്ത് കിഷോറിന്റെ വിജയത്തിലേക്ക് നയിച്ചതിൽ ഒരു പ്രധാന ഘടകമാണെങ്കിൽ എന്നും ഉറച്ചുനിന്ന മുസ്ലിം സമൂഹം ആർ.ജെ.ഡിയെ കൈവിട്ടത് ഒരു ഉപതിരഞ്ഞെടുപ്പ് പ്രതിഭാസത്തിനപ്പുറം അത് നീണ്ടാൽ ആർ.ജെ.ഡിക്കും അത് വെല്ലുവിളിയാണ്. ബി.ജെ.പിയുടെ ആഘാതം അതിന്റെ അധ്യക്ഷന്റെ തട്ടകം കൈവിട്ടതിലേക്ക് നയിച്ചതെന്നും കൂടെനിന്ന മധ്യവർഗ നഗരവോട്ടർമാർ മാറി ചിന്തിക്കുന്നുവെന്നതാണ്. മോദി പ്രഭാവത്തെ മറികടക്കുന്ന രാഷ്ട്രീയ എതിരാളികളില്ല എന്ന ആത്മവിശ്വാസമായിരുന്നു ബി.ജെ.പിയുടെ മുഖ്യ ആയുധം.
അവിടെയാണ് സിജെപിയുടെ കുടക്കീഴിൽ യുവാക്കൾ ജാതിയും മതവും മാറ്റിവെച്ച് തിരുത്താൻ ഇറങ്ങിപ്പുറപ്പെട്ടത്. ആൺ-പെൺ വേർതിരിവില്ലാതെ അവർ സമരം നയിച്ച് നിയന്ത്രിച്ച് മുൻ പരിചയം ഏതുമില്ലാതെ സർക്കാരിനെതിരെ നിരന്തരം ചോദ്യങ്ങൾ ചോദിച്ചു. സമൂഹമാധ്യമങ്ങൾ മോദിക്കും ബി.ജെ.പിക്കും എന്നും ലീഡ് സമ്മാനിച്ചിടത്താണ് ഇൻസ്റ്റ പ്ലാറ്റ്‌ഫോമാക്കി മീമിയും ടാഗ് ലൈനുകളും വിപ്ലവകരമായ ചിന്തകളും ട്രോളുകളുമായി നിറഞ്ഞത്. പതിവ് വിട്ട് വെർട്ടിക്കൽ ലൈവുമായി മോദി മറുപടി പറഞ്ഞിട്ടും അവരെ തൃപ്തരാക്കാനായില്ല.
ഈ ഉപതിരഞ്ഞെടുപ്പ് ഫലം പോലും ബി.ജെ.പിക്ക് ഷോക് ട്രീറ്റിമെന്റാണ്. യുപി തിരഞ്ഞെടുപ്പിലേക്ക് ഇനി അധികം ദൂരമില്ല. യുവാക്കളുടെ എതിർപ്പും മധ്യവർഗത്തിന്റെ അപ്രീതിയും ലക്ഷണങ്ങളാണ്. അതിനൊപ്പം അയോധ്യ ക്ഷേത്രക്കൊള്ള ചർച്ചയാകുന്നതുപോലും ബി.ജെ.പി. ഭയക്കുന്നു. അത് ചെറുതല്ലാത്ത പ്രത്യാഘാതം യുപിയിൽ സൃഷ്ടിച്ചേക്കാം. ബിഹാറിൽനിന്ന് ആ കാറ്റ് യുപിയിൽ എങ്ങനെ വീശുമെന്നത് 2029 ൽ ബി.ജെ.പിക്ക് വെല്ലുവിളിയുണ്ടോ എന്ന് അടയാളപ്പെടുത്തുന്നതായിരിക്കാം. മോദി പ്രധാനമന്ത്രിയായ ശേഷം വിജയങ്ങൾ ആവർത്തിക്കുന്ന ബി.ജെ.പിക്ക് അപ്രതീക്ഷിച്ച ഷോക്കുകൾ നൽകിയത് എന്നും ഉപതിരഞ്ഞെടുപ്പുകളാണ്. യോഗി ആദിത്യനാഥിന്റെ ഗൊരഖ്പുരും വിനോദ് ഖന്നയുടെ ഗുരുദാസ്പുരും കൈവിട്ടെങ്കിലും പൊതുതിരഞ്ഞെടുപ്പിൽ അത് തിരിച്ചുപിടിച്ചു.
ബങ്കിപ്പുരിലെ ജനങ്ങൾ അപരിചിതമായ സ്‌കൂൾ ബാഗ് ചിഹ്നത്തിൽ വിശ്വാസം അർപ്പിക്കാൻ മടിക്കാത്തത് ബിജെപിക്കുള്ള പാഠമാണ്. 2030 ആകുമ്പോഴേക്ക് ജെഡിയു കൂടുതൽ മെലിയാം. എങ്ങനെ തിരഞ്ഞെടുപ്പ് ജയിക്കണമെന്ന് അറിയാവുന്ന പ്രശാന്ത് കിഷോർ ഒരു പാർട്ടിയായി വളരുമോ? സഖ്യത്തിന് ആരുടെ കൈ പിടിക്കും? ബിജെപിക്ക് അവിടെ ബദൽ ഒരു മഹാസഖ്യമായി പരിവർത്തനം ചെയ്യപ്പെടുമോ..? ജൻസുരാജ് വളർന്നാൽ അത് തളർത്തുക ജെഡിയുവിനെയോ അതോ ആർ.ജെ.ഡിയോ? വെല്ലുവിളി ബിജെപിക്ക് മാത്രമല്ലെന്ന് ചുരുക്കം.
Published: 04 Aug 2026, 06:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented