സി.പി.എമ്മിന് ലീഗിനോടുള്ള അയിത്തം മാറിയിട്ട് കാലം കുറച്ചായി. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ അല്ലയോ എന്ന് സി.പി.എമ്മില്‍ കൊടുമ്പിരി കൊണ്ടുള്ള രാഷ്ട്രീയ ചര്‍ച്ച പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും കേള്‍ക്കാതായിട്ടും കാലം കുറച്ചായി. സി.എ.എ. സമരം, വഖഹ് നിയമന വിവാദം, ഒടുവില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. ലീഗിനപ്പുറം അവരുടെ നട്ടെല്ലെന്ന് കരുതിപ്പോരുന്ന സമസ്തയെ തന്നെ അടുപ്പിക്കാൻ കഴിഞ്ഞതോടെ, പഴയതെല്ലാം മറന്ന് അവരെ വെടക്കാക്കി തനിക്കാക്കിയിരിക്കുകയാണിപ്പോള്‍ കേരളത്തിലെ സി.പി.എം. ശനിയാഴ്ചയാണ് കോഴിക്കോട്ട്‌ സി.പി.എമ്മിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നിശ്ചയിച്ചിട്ടുള്ളത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ലീഗിന് നേരത്തെ ക്ഷണമുണ്ടായിരുന്നെങ്കിലും അവസാനനിമിഷം പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനെ ലീഗിന്റെ 'സാങ്കേതിക രാഷ്ട്രീയ ബുദ്ധിമുട്ടുകള്‍' എന്നാണ്  മുഖ്യമന്ത്രിയും സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനും വിശേഷിപ്പിച്ചത്. മാത്രമല്ല, അവരെ ഇനിയും ക്ഷണിച്ചുകൊണ്ടേയിരിക്കുമെന്നും ലീഗിന്റെ മനസ്സ് തങ്ങള്‍ക്കൊപ്പമാണെന്നും പി. മോഹനന്‍ പറഞ്ഞു.

To advertise here,

പി. മോഹനന്‍ പറഞ്ഞ ലീഗിന്റെ 'രാഷ്ട്രീയ സാങ്കേതിക ബുദ്ധിമുട്ടുകള്‍' തന്നെയാവും വരുംനാളുകളില്‍ കേരള രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ച. പ്രത്യേകിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിരിക്കുന്ന സമയത്ത്. ലീഗിനെ കൂടെക്കൂട്ടിയാല്‍ വീണ്ടുമൊരു തുടര്‍ഭരണമെന്നത് സി.പി.എം സ്വപ്‌നം കണ്ടുതുടങ്ങിയിരിക്കുന്നു. ഈയൊരു കാലത്ത് തന്നെയാണ് സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി കോഴിക്കോട്ട്‌ നടക്കുന്നതും എം.വി.രാഘവന്റെ ചരമവാര്‍ഷികമടക്കം കടന്നുപോവുന്നതും സി.പി.എം. അനുകൂല ട്രസ്റ്റ് കണ്ണൂരില്‍ നടത്തുന്ന അനുസ്മരണ പരിപാടിക്ക് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ക്ഷണം ലഭിക്കുന്നത് എന്നതും ശ്രദ്ധേയം. ആദ്യം പങ്കെടുക്കുമെന്നറിയിച്ച കുഞ്ഞാലിക്കുട്ടി സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇത് ക്ഷണിച്ചുകൊണ്ടേയിരിക്കുകയെന്ന സി.പി.എമ്മിന്റെ തന്ത്രത്തിന്റെ കൂടി ഭാഗമാണ്. ഇവിടെയാണ് ലീഗിനെ കൂടെ കൂട്ടണമെന്ന ബദല്‍രേഖയവതരിപ്പിച്ച് സി.പി.എമ്മില്‍നിന്ന് തന്നെ പുറത്തേക്ക് പോവേണ്ടി വന്ന എം.വി. രാഘവനും പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ ബദല്‍രേഖയും ഒരിക്കല്‍ കൂടെ ഓര്‍മിക്കപ്പെടുന്നത്. പ്രമുഖ എഴുത്തുകാരനും സാസ്‌കാരിക പ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരി മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുന്നു.

placeholder
എം.എന്‍. കാരശ്ശേരി | ഫോട്ടോ: മധുരാജ് /മാതൃഭൂമി

പലസ്തീന്‍ ഐക്യദാര്‍ഢ്യവും സി.പി.എമ്മിന്റെ ഇരട്ടത്താപ്പും

ന്യൂനപക്ഷ സംരക്ഷണമാണ് സി.പി.എം. പറയുന്നതെങ്കില്‍ മ്യന്‍മറില്‍ അഭയാര്‍ഥികളായിപ്പോവുകയും കൊല്ലപ്പെടുകയും ചെയ്യുന്ന റോഹിംഗ്യനുകളും യെമനിലെ ഹൂതികളുമൊന്നും മുസ്ലീം അല്ലാത്തത് കൊണ്ടാണോ സി.പി.എം ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കാത്തതെന്ന് ചോദിക്കുന്നു പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എം.എന്‍. കാരശ്ശേരി. 2015, 2016, 2017 മൂന്ന് കൊല്ലത്തിനിടയില്‍ മ്യാന്‍മറില്‍നിന്ന് അഭയാര്‍ഥികളായി മാറിയത് ഏഴ് ലക്ഷം റോഹിംഗ്യന്‍സുകളാണ്. അവിടെ ഇക്കാലത്തിനിടെ കൊല്ലപ്പെട്ടത് 25,000 ആളുകളാണ്. നടുക്കടലില്‍ മുങ്ങിമരിച്ചവരെ കുറിച്ച് കണക്കില്ല. എന്തേ സി.പി.എമ്മിന് ആശങ്കയില്ലാത്തത്? എട്ടു കൊല്ലമായി ഹൂതികളും സൗദി അറേബ്യയുമായി യുദ്ധം നടക്കുന്നു. കൊല്ലപ്പെട്ടവരെ കുറിച്ച് എന്തെങ്കിലും ചര്‍ച്ചയുണ്ടോ? ചൈനയില്‍ ഭരണകൂടം തടവിലാക്കുകയും പീഡിപ്പിക്കുകയും അടിമപ്പണി ചെയ്യിക്കുകയും ചെയ്യുന്ന ഉയിഗുര്‍ മുസ്ലീംങ്ങളെ കുറിച്ച്   എന്തേ സി.പി.എമ്മിന് ആശങ്കയില്ലാത്തത്? ഇനിയുമുണ്ട് ഉദാഹരണങ്ങള്‍ ; പെഷവാറില്‍ സ്‌കൂളില്‍ താലിബാന്‍ ബോംബിട്ടുണ്ടായിരുന്നില്ലേ. 150 ആളുകള്‍ മരിച്ചതില്‍  134 പേർ കുട്ടികളായിരുന്നില്ലേ. എന്നിട്ട് ഇവിടെ കോഴിക്കോട്ട്‌ ചില സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമം അല്ലാതെ മറ്റെങ്കിലും കേരളത്തില്‍ നടന്നോ?  അപ്പോള്‍ മനുഷ്യസ്‌നേഹമൊന്നുമല്ല പകരം മുസ്‌ലിം ലീഗ് അല്ലാത്ത മുസ്ലീംങ്ങളുടെ വോട്ട് കിട്ടാനുള്ള കളിയാണ് സി.പി.എം. എന്നും കളിച്ചിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയെന്ന് ആര്‍ക്കാണ് അറിയാത്തത്.

സംസ്ഥാനത്ത് റോഡ് നന്നാക്കുന്നില്ലേയെന്നും പെന്‍ഷനും ശമ്പളവും കൊടുക്കുന്നില്ലേയെന്നും കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി കൊടുക്കുന്നത് നിര്‍ത്തുകയാണോ എന്നുമൊക്കെ കോടതിക്ക് പോലും ചോദിക്കേണ്ടി വരികയാണ്. ചീഫ് സെക്രട്ടറിക്കടക്കം കോടതിക്ക് മുന്നില്‍ നാണംകെട്ട് തലതാഴ്ത്തി തിരിച്ചുപോരേണ്ടി വന്നു. ഇതിനിടെ സി.പി.എമ്മിനും സര്‍ക്കാരിനും കിട്ടിയ പിടിവള്ളിയാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യവും ഹമാസും. ഒറ്റലക്ഷ്യം വോട്ടുബാങ്ക്. കേരളത്തിന് ഏറ്റവും കൂടുതല്‍ ദുരിതം  സമ്മാനിച്ച സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരാണ് സി.പി.എം. ഇത് കേരളത്തോടുള്ള താല്‍പര്യം കൊണ്ടായിരുന്നോ. അല്ല. പകരം ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കണം.

സദ്ദാം ഹുസൈനിന്റെ കുവൈത്ത് അധിനിവേശം കേരളത്തിലെ പ്രവാസികള്‍ക്ക് സമ്മാനിച്ചത് ചില്ലറ ദുരിതമായിരുന്നോ എന്ന് ചരിത്രം അന്വേഷിച്ചാല്‍ മനസ്സിലാകും. പക്ഷെ, സി.പി.എം. എന്താണ് ചെയ്തത്, ഒരു ദിവസം മുഴുവന്‍ നീളുന്ന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കോണ്‍ഗ്രസടക്കം അന്നതിന് പിന്തുണ നല്‍കി. സദ്ദാം ഹുസൈന്‍ എന്ത് സഹായമാണ് കേരളത്തിന് നല്‍കിയത്. 90-91 കാലത്ത് കുവൈത്ത് അധിനിവേശത്തില്‍ പതിനായിരക്കണക്കിന് മലയാളികള്‍ക്കാണ് അവിടെനിന്നും പോരേണ്ടി വന്നത്. അത് മലയാളികളെ ദുരിതത്തിലാക്കുകയല്ലേ ചെയ്തത്. അമേരിക്കയ്ക്ക് വേണ്ടി ഇറാനുമായി യുദ്ധം ചെയ്തത് സദ്ദാം ഹുസൈനല്ലേ. 20 -25 കൊല്ലം അവിടെ പ്രസിഡന്റായിരുന്നു. അതിന് മുമ്പ്  വൈസ് പ്രസിഡന്റായിരുന്ന സമയത്ത് അവിടേയുള്ള കമ്യൂണിസ്റ്റുകളേയും ഇസ്ലാമിസ്റ്റുകളേയും അടിച്ചമര്‍ത്തിയത് സദ്ദാം ഹുസൈനായിരുന്നു. അറിയപ്പെടുന്ന കമ്യൂണിസ്റ്റ് വിരുദ്ധനും ഇസ്ലാമിസ്റ്റ് വിരുദ്ധനുമായിരുന്ന  സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ഇവിടെ ഹര്‍ത്താല്‍ ആചരിച്ചില്ലേ സി.പി.എം. സദ്ദാം ഹുസൈൻ ഇവിടെയുള്ള തിരഞ്ഞെടുപ്പിനെ പോലും സ്വാധീനിച്ചത് ചരിത്രമല്ലേ? ഇതിനൊക്കെ സി.പി.എം. മറുപടി പറയണം.

placeholder
Jiffry Muthukoya Thangal | Photo: MBI
ജിഫ്രി മുത്തുക്കോയത്തങ്ങള്‍ | ഫോട്ടോ: മാതൃഭൂമി

അന്നും സമസ്തയില്‍ കുത്തിത്തിരിപ്പുണ്ടാക്കിയത് സി.പി.എം.

ഭരണവിരുദ്ധ വികാരത്തിനിടെ  സി.പി.എമ്മിന് കിട്ടിയ മറ്റൊരു പിടിവള്ളിയാണ് ഇസ്രയേല്‍-ഗാസ യുദ്ധം. മുസ്ലീം പ്രീണനനയം സ്വീകരിച്ച് ലീഗിനെ ഇങ്ങോട്ടേക്ക് ചാടിച്ചാല്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ നിസ്സാരമായി ഭരണത്തുടര്‍ച്ച നേടാമെന്ന ചിന്തയാണ് സി.പി.എമ്മിനുള്ളത്. ലീഗിന് ഏത് മുന്നണിയില്‍ നിന്നാലും പത്തോ പതിനഞ്ചോ സീറ്റുറപ്പാണ്. അത് തങ്ങളോടൊപ്പം ചേര്‍ക്കാനായാല്‍ ജനവിരുദ്ധ വികാരത്തിലും ഭരണത്തുടര്‍ച്ച നേടാമെന്ന് ചിന്തിക്കുന്നു സി.പി.എം. ഇതിനുള്ള ഗിമ്മിക്ക് കാട്ടലാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി.

കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചിടത്തോളം അധികാരമില്ലാതെ ഇനി മുന്നോട്ടുപോവാനില്ലെന്ന തിരിച്ചറിവ് അദ്ദേഹത്തിനുമുണ്ട്. കഴിഞ്ഞ തവണ എം.പിയായി ഡല്‍ഹിയില്‍ പോയത് കോണ്‍ഗ്രസിന് ഭരണം കിട്ടുമെന്നും കേന്ദ്രമന്ത്രി പദം മോഹിച്ചുമാണ്. പക്ഷെ എന്തുണ്ടായി, മോദി രണ്ടാമതും അധികാരത്തിലേറിയതോടെ പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാവില്ലെന്ന തിരിച്ചറിവുണ്ടായി. ഇതോടെ കേരളത്തിലേക്ക് വീണ്ടും തിരിച്ചുപോന്നു. അടുത്ത തിരഞ്ഞെടുപ്പിലേക്ക് അധികാരക്കസേരയുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സി.പി.എം സ്‌നേഹം. അതിന് സമസ്തയുടെ ഇടത് ചായ്‌വുള്ളവരുടെ പിന്തുണയും കിട്ടുന്നു.

സമസ്തയ്ക്കകത്ത് ഭിന്നസ്വരമുണ്ടയപ്പോഴൊക്കെ അതിന്റെ ഒരു വശത്ത്‌ സി.പി.എം ഉണ്ടായിരുന്നു. മുമ്പും കുഴപ്പം ഉണ്ടാക്കിയത് സി.പി.എമ്മാണ്. അവിടെ ലീഗ് വിരുദ്ധ ഗ്രൂപ്പുണ്ടാക്കി തങ്ങള്‍ക്കൊപ്പം ചേര്‍ക്കുക എന്ന ലക്ഷ്യമാണ് സി.പി.എമ്മിന്. 1974-89 വരെ സമസ്തയിലെ ഒരു സമ്മര്‍ദ ഗ്രൂപ്പായിരുന്നു എ.പി. സുന്നി. അന്നവര്‍ക്ക് പിന്തുണ കൊടുത്തവരില്‍ പ്രധാന കൂട്ടര്‍ സി.പി.എമ്മാണ്.എ.പി. വിഭാഗത്തെ പുറത്തെത്തിച്ച് കൂടെ കൂട്ടി. അരിവാള്‍ സുന്നിയെന്ന പേര് പോലും വീണത് അങ്ങനെയാണ്. ഇപ്പോള്‍ അതുപോലെ ഒരു രണ്ടാം എ.പി. അബൂബക്കര്‍ മുസ്‌ലിയാരാവാനാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ശ്രമിക്കുന്നത്.

മുസ്ലീം ലീഗും മുസ്സീം ലീഗ് അല്ലാത്ത മറ്റ് മുസ്ലീങ്ങളും യു.ഡി.എഫിന് വോട്ടു ചെയ്ത കാഴ്ച കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിവല്‍ കണ്ടു. എന്തായിരുന്നു അവരുടെ ലക്ഷ്യം മോദിയെ ഒഴിവാക്കുക. പക്ഷെ അത് സി.പി.എമ്മിന് കേരളത്തില്‍ സമ്മാനിച്ചത് സമാനതകളില്ലാത്ത തിരിച്ചടിയായിരുന്നില്ലേ. ആ തിരിച്ചറിവ് സി.പി.എമ്മിനുണ്ട്. ഇതോടെയാണ് എന്തു വിലകൊടുത്തും മുസ്സീം ലീഗിന്റേയും ന്യൂനപക്ഷത്തിന്റേയും വോട്ടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പലസ്തീന്‍ ഐക്യദാര്‍ഢ്യം പോലുള്ള പരിപാടി സി.പി.എം. നടത്തുന്നത്.  ഇത് അന്ന് സദ്ദാം ഹുസൈനിന്റെ കാര്യത്തിലെടുത്ത നിലപാടിന്റെ തനിയാവര്‍ത്തനമാണ് എന്നുമാത്രം. ബദല്‍രേഖാ വിവാദമെന്നത് സി.പി.എം. പോയിട്ട് എം.വി. രാഘവന്റെ മകന്‍ നികേഷ് കുമാര്‍ പോലും മറന്നുപോയി എന്നത് പിന്നീട് കേരള രാഷട്രീയം കണ്ടില്ലേ. അഖിലേന്ത്യാ ലീഗ്, വെല്‍ഫയര്‍പാര്‍ട്ടി, പി.ഡി.പി. എന്നിവരെയെല്ലാം കൂടെ കൂട്ടിയത് സി.പി.എമ്മല്ലേ. അപ്പോള്‍  പറച്ചില്‍ മാത്രമേയുള്ളൂവെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. 

placeholder
എം.വി. രാഘവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത | ഫോട്ടോ: മാതൃഭൂമി
  • ബദല്‍ രേഖയുടെ 38 വര്‍ഷം

1968-69 കാലത്തെ നക്സല്‍ ഭീഷണിക്ക് ശേഷം പര്‍ട്ടി നേരിട്ട ഏറ്റവും വലിയ അഭ്യന്തര പ്രശ്നമായിരുന്നു ബദല്‍രേഖാ വിവാദം. ജാതി-മത ശക്തികളുമായി സി.പി.എമ്മിന് ഒരുവിധ സഖ്യവും പാടില്ലെന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്ത് കൊണ്ട് കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്നും അതിനാല്‍ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നും വാദിക്കുന്നതായിരുന്നു ബദല്‍ രേഖ. എം.വി. രാഘവന്‍ ഉള്‍പ്പെടെയുളള ഒമ്പതോളം നേതാക്കള്‍ ബദല്‍രേഖയുമായി രംഗത്തെത്തിയപ്പോള്‍ പാര്‍ട്ടി ഒരുവേള വീണ്ടും പിളര്‍പ്പിലേക്ക് പോവുമോയെന്ന തോന്നല്‍ പോലുമുണ്ടായി. 1985 നവംബര്‍ 20 മുതല്‍ 24 വരെ എറണാകുളത്ത് നടന്ന സി.പി.എം. സംസ്ഥാന സമ്മേളനമായിരുന്നു വേദി. ആദ്യം വിയോജനക്കുറിപ്പെന്ന പേരിലും പിന്നീട് ബദല്‍രേഖയെന്നും അറിയപ്പെട്ടതിന് പിന്നിലുണ്ടായിരുന്നത് എം.വി.ആര്‍., ഇ.കെ. നായനാര്‍, പുത്തലത്ത് നാരായണന്‍, പി.വി. കുഞ്ഞിക്കണ്ണന്‍ എന്നിവരടങ്ങിയ പാര്‍ട്ടിയിലെ പ്രമഖ സംഘം. എന്നാല്‍ വിയോജനക്കുറിപ്പ് അവതരിപ്പിക്കാന്‍ സെക്രട്ടറിയേറ്റിന്റെ അനുമതി വേണം. സമ്മേളനം തുടങ്ങുന്നതിനു തലേന്ന് പതിവുപോലെ സെക്രട്ടേറിയറ്റ് യോഗം. എം.വി. ആറും കൂട്ടരും വിഷയം അവതരിപ്പിച്ചു. സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തോടൊപ്പം വിയോജനക്കുറിപ്പും അവതരിപ്പിക്കണം. എം.വി. ആറും പുത്തലത്തും പി.വി. കുഞ്ഞിക്കണ്ണനുമെല്ലാം കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാവര്‍ക്കും നിര്‍ബന്ധമാണെങ്കില്‍ കുറിപ്പ് അവതരിപ്പിച്ചോളൂ എന്ന് ഇ.എം.എസ്. പറഞ്ഞു. പക്ഷെ ബദല്‍ രേഖ അവതരിപ്പിച്ചില്ലെങ്കിലും ആ കുറിപ്പ് മാധ്യമങ്ങള്‍ക്കും സമ്മേളന പ്രതിനിധികള്‍ക്കും കിട്ടി. ആ കുറിപ്പാണ് ബദല്‍ രേഖ എന്ന പേരില്‍ സി.പി. എമ്മിനുള്ളില്‍ വലിയ കോളിക്കമുണ്ടാക്കിയത്. 1985-ലെ ബദല്‍രേഖ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ബദല്‍രേഖക്കു മുന്‍കൈ എടുത്ത എം.വി. രാഘവന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പാര്‍ട്ടിക്കു പുറത്തായി. 

അന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ്. സ്വന്തം രാഷ്ട്രീയ ജീവിതത്തില്‍ അതുവരെ നേരിട്ടതിതില്‍ വെച്ച് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു എം.വി.ആറും സംഘവും ഉയര്‍ത്തിക്കൊണ്ടുവന്ന ബദല്‍രേഖ. കാരണം ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതപോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതാണെന്ന സിദ്ധാന്തം ഉയര്‍ത്തി പാര്‍ട്ടിയില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു അന്ന് ഇ.എം.എസ്. അതിന്റെ ഭാഗമായിട്ടായിരുന്നു അഖിലേന്ത്യാ ലീഗ് പുറത്തു പോയത്. അന്നൊക്കെ എം.വി. രാഘവന്‍ ഒപ്പം നില്‍ക്കുകയും ചെയ്തിരുന്നു.  കേന്ദ്ര കമ്മിറ്റിയെ വെല്ലുവിളിച്ച് അതിന്റെ തലപ്പത്തിരിക്കുന്ന ഇ.എം.എസിനെ ചോദ്യം ചെയ്ത്, ഒരു സംസ്ഥാന കമ്മിറ്റി നേതാവായ എം.വി. രാഘവന്‍ കേന്ദ്ര കമ്മിറ്റിക്കെതിരെ, ഇ.എം.എസിനെതിരെ, വിയോജനക്കുറിപ്പ് അവതരിപ്പിച്ചിരിക്കുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്തതായിരുന്നു. പാസ്സായാല്‍ ഒരു ചരിത്രസംഭവമായി മാറുമായിരുന്നു. പക്ഷെ രേഖ പാസ്സായില്ല എന്നു മാത്രമല്ല എം.വി.ആര്‍. അടക്കമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോവേണ്ടിയും വന്നു. ഇക്കാലത്ത് പാര്‍ട്ടിയെ ചെങ്കൊടിക്ക് കീഴില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ വി.എസ്. വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ഇ.കെ. നായനാരടക്കം ബദല്‍രേഖയെ അനുകൂലിച്ചപ്പോള്‍ ഉള്‍പ്പാര്‍ട്ടി വേദികളില്‍ ഇതിനെ നഖശിഖാന്തം എതിര്‍ത്തവരില്‍ ഒരാളായിരുന്നു വി.എസ്. അച്യുതാനന്ദന്‍. എന്നാല്‍ ബദല്‍ രേഖ തയ്യാറാക്കാന്‍ ചൂക്കാന്‍ പിടിച്ച ഇ.കെ. നായനാര്‍ ഇതില്‍ ഒപ്പിട്ടിരുന്നില്ല എന്നത് വിരോധാഭാസമായി. ബദല്‍ രേഖയില്‍ ഒപ്പിട്ടവര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയെങ്കിലും ഒരു പിളര്‍പ്പില്‍നിന്ന് പാര്‍ട്ടിയെ രക്ഷപ്പെടുത്തിയവന്‍ എന്ന വീരപരിവേഷമായിരുന്നു അന്ന് വി.എസിന് ലഭിച്ചിരുന്നത്. പാര്‍ട്ടി എക്കാലത്തും ഓര്‍മിക്കുന്ന ചരിത്രരേഖയില്‍ എഴുതിച്ചേര്‍ത്ത ഇതേ ബദല്‍രേഖയെ കൂടെക്കൂട്ടിയാണ്‌ സി.പി.എം. ഇന്ന് ലീഗിന് പുറകെ പോവുന്നത് എന്നത് ശ്രദ്ധേയം.