സിന്ധു നദീജല ഉടമ്പടിയുടെ താല്‍ക്കാലിക റദ്ദാക്കല്‍, പാക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ തകര്‍ച്ച, രൂക്ഷമായ തൊഴിലില്ലായ്മ, വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍, രാഷ്ട്രീയ അസ്ഥിരത ഒപ്പം അടിക്കടിയുള്ള പ്രകൃതിദുരന്തങ്ങളും.. ഏതാണ്ട് തളര്‍ച്ചയിലോടുന്ന എഞ്ചിനാണ് പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥ. പ്രതിസന്ധിയിലാണ്ട രാജ്യം കരകയറാനുള്ള വഴികള്‍ കണ്ടെത്തുന്നതേയുള്ളൂ. അതിനിടെയാണ് പാക് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന കശ്മീരിൽ  സാധാരണക്കാരായ ഇന്ത്യക്കാരെ കൊലചെയ്യുന്നത്.

To advertise here,

ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും നിലപാട് കടുപ്പിച്ചുകഴിഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമ്പോഴും പാകിസ്താനില്‍ നിന്നുള്ള ഭീഷണികള്‍ നിലയ്ക്കുന്നില്ല. സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയാല്‍ വെള്ളത്തിന് പകരം ചോരയൊഴുകുമെന്ന് പാകിസ്താനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ബിലാവല്‍ ഭൂട്ടോയാണ് പരസ്യമായി മുന്നറിയിപ്പ് നല്‍കിയത്. ഈ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും സൈനികനടപടികളിലേക്ക് നീങ്ങിയാല്‍ അത് പൊതുവേ ദുര്‍ബലമായ പാകിസ്തനെ കൂടുതല്‍ തകര്‍ച്ചയിലേക്കെത്തിക്കും. ഇന്ത്യയും പാകിസ്താന്‍ നേര്‍ക്കുനേര്‍ നിന്നാല്‍ അത് കൂടുതല്‍ ക്ഷീണം നല്‍കുന്നത് പാകിസ്താനായിരിക്കാം. കാരണം രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും പാകിസ്താന് ഇതത്ര നല്ല കാലമല്ലെന്നത് തന്നെ. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ സുപ്രധാന ഉടമ്പടികള്‍ റദ്ദാക്കിയതോടെ പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. രാജ്യത്തിന്റെ ഓഹരി വിപണി ദിവസങ്ങളായി ഇടിവിലാണ്. നിക്ഷേപകര്‍ രാജ്യത്തെ കൈവിടുകയാണ്. സമ്പദ്​വ്യവസ്ഥയിലെ തകര്‍ച്ച, ഭീമമായ വായ്പാ ബാധ്യതകള്‍, പണപ്പെരുപ്പം, ആസന്നമായ കാര്‍ഷിക പ്രതിസന്ധി എന്നിവ തലയ്ക്ക് മുകളില്‍ തൂങ്ങുന്നതിനാല്‍ ഒരു സൈനിക നടപടിയെ അതിജീവിക്കാനുള്ള പാകിസ്താന്റെ ശേഷി സംശയത്തിലായിരിക്കുകയാണ്. എന്താണ് പാകിസ്താന്റെ നിലവിലെ സാമ്പത്തിക സ്ഥിതി? തളര്‍ച്ചയ്ക്ക് കാരണമെന്താണ്? സൈനിക നടപടികള്‍ എങ്ങനെയാവും രാജ്യത്തെ ബാധിക്കുക? 

പാകിസ്താന്റെ വഴി; വളര്‍ച്ചയില്‍ നിന്ന് തളര്‍ച്ചയിലേക്ക്

പാളിപ്പോയ സാമ്പത്തിക പരിഷ്‌കരണങ്ങളും വര്‍ധിച്ചുവരുന്ന ജനസംഖ്യയും കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ പാകിസ്താനെ ദക്ഷിണേഷ്യയിലെ ഏറ്റവും സമ്പന്നമായ സമ്പദ്​വ്യവസ്ഥകളിലൊന്നില്‍ നിന്ന് ഏറ്റവും ദരിദ്രമായ സ്ഥിതിയിലേക്കാണ് കൊണ്ടെത്തിച്ചത്. 1970-കളുടെ തുടക്കത്തില്‍ പാകിസ്താന്റെ ആളോഹരി വരുമാനം ശ്രീലങ്കയുടേതോ ബംഗ്ലാദേശിലേയോ ഇന്ത്യയുടേയോ ആളോഹരി വരുമാനത്തെക്കാളും ഒന്നര ഇരട്ടിയോളം കൂടുതലായിരുന്നു. എന്നാല്‍,  90 കളോടെ സ്ഥിതി മാറിത്തുടങ്ങി. തുടര്‍ച്ചയായ സാമ്പത്തിക അസന്തുലിതാവസ്ഥയെ തുടര്‍ന്ന് രാജ്യത്തിന്റെ പൊതുകടം ഉയര്‍ന്നു, ഇത് പലിശഭാരത്തിലേക്ക് കൊണ്ടെത്തിച്ചു. തിരിച്ചടയ്‌ക്കേണ്ട വായ്പകളുടെ വലിയ ഭാരം രാജ്യത്തിനുമേലുണ്ട്. അതിനിടെ ഐഎംഎഫിന്റെ മേല്‍നോട്ടത്തില്‍ സ്വീകരിച്ച സാമ്പത്തിക തിരുത്തല്‍ നയങ്ങളും നിലപാടുകളും സാഹചര്യങ്ങളെ നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. എങ്കിലും പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറിയിരുന്നില്ല. 2023 ആയപ്പോഴേക്കു, പാകിസ്താന്റെ പ്രതിശീര്‍ഷ വരുമാനം മറ്റ് മൂന്ന് രാജ്യങ്ങളുടെ പകുതിയായി കുറഞ്ഞു.

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, ഭരണത്തിലെ അസ്ഥിരത, സാമ്പത്തിക സമ്മര്‍ദങ്ങള്‍, സൈന്യത്തിന്റെ കൂടിയ ഇടപെടലുകള്‍ എന്നിവയാണ് പാകിസ്താന്റെ സ്ഥിതി കൂടുതല്‍ ദുര്‍ബലമാക്കിയത്. മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തടവിനെച്ചൊല്ലിയും ബലൂചിസ്ഥാനിലെ പ്രക്ഷോഭത്തെച്ചൊല്ലിയും രാജ്യം രാഷ്ട്രീയ അസ്ഥിരതയ്ക്ക് സാക്ഷ്യം വഹിച്ചതിനൊപ്പം സാമ്പത്തിക പ്രതിസന്ധികള്‍ കൂടി ആരംഭിച്ചതോടെ പാപ്പരത്തവും രാജ്യത്തെ ചൂഴ്ന്നു. രാജ്യത്തെ ചായ ഉപഭോഗം കൂടിയതിനാല്‍, ചായപ്പൊടി ഇറക്കുമതി ചെയ്യാന്‍ വായ്പ എടുക്കേണ്ട സ്ഥിതിയിലേക്കെത്തി. ചായയുടെ ഉപഭോഗം കുറയ്ക്കാന്‍ ആസൂത്രണ മന്ത്രി അഹ്സന്‍ ഇഖ്ബാല്‍ പാകിസ്താനികളോട് അഭ്യര്‍ഥിക്കേണ്ട അവസ്ഥ വരെ വന്നതും ലോകം കണ്ടു. രാജ്യത്തെ വിദേശനാണ്യ ശേഖരത്തിന്റെ അപകടകരമായ അവസ്ഥയാണ് അഹ്സന്‍ ഇഖ്ബാലിന്റെ പ്രസ്താവനയിലൂടെ തെളിഞ്ഞത്.

പണപ്പെരുപ്പം രൂക്ഷം, നെഗറ്റീവ് വളര്‍ച്ച 

2023 മെയ് മാസത്തിലാണ് പാകിസ്താനിലെ പണപ്പെരുപ്പം 38.50% എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. സാമ്പത്തിക വളര്‍ച്ച നെഗറ്റീവ് ആയി രേഖപ്പെടുത്തി. വിദേശനാണ്യശേഖരം 3.7 ബില്ല്യണ്‍ ഡോളറായി കൂപ്പുകുത്തി. രണ്ടാഴ്ചത്തേക്കുള്ള നിയന്ത്രിത ഇറക്കുമതിക്ക് മാത്രം മതിയാവുന്ന തരത്തിലായിരുന്നു ഈ ശേഖരം. അതിനൊപ്പം വായ്പ പലിശനിരക്ക് 22% ആയി ഉയരുകയും ചെയ്തതോടെ പാകിസ്ഥാന്റെ 350 ബില്യണ്‍ ഡോളര്‍ സമ്പദ്​വ്യവസ്ഥ ബുദ്ധിമുട്ടി. ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിന്റെ പേരില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (FATF) ഗ്രേ ലിസ്റ്റില്‍ തുടര്‍ന്നത് വായ്പകള്‍ ലഭ്യമാക്കുന്നതിനെ തടസ്സപ്പെടുത്തി. കടമുയരുകയും ജിഡിപി താഴുകയും ചെയ്തു, വരുമാനത്തിന്റെ പകുതിയിലേറെയും പലിശ തിരിച്ചടവിനായി മാറ്റിവെച്ചതോടെ പാകിസ്താന്‍ കടക്കെണിയിലായി. കടക്കെണിയിലായപ്പോള്‍ ശ്രീലങ്ക, ഘാന, നൈജീരിയ പാക് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിനേക്കാള്‍ മോശം അവസ്ഥയിലുണ്ടായിരുന്നത്. 

2025 ആരംഭിച്ചതോടെ പണപ്പെരുപ്പത്തില്‍ വലിയ കുറവാണ് റെക്കോര്‍ഡ് ചെയ്തത്. ഐ.എം.എഫ് കണക്കുകള്‍ പ്രകാരം 5.1 ശതമാനമാണ് പാകിസ്താന്റെ പണപ്പെരുപ്പം. വളര്‍ച്ചയും നെഗറ്റീവ് പിന്നിട്ടിട്ടുണ്ട്. എന്നാല്‍, ഇതൊന്നും പാകിസ്താന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിയെന്ന് പറയാന്‍ മാത്രം പ്രാപ്തമല്ല. 2025 സാമ്പത്തിക വര്‍ഷത്തെ പാകിസ്താന്റെ വായ്പ ബാധ്യത 22 ബില്ല്യണ്‍ ഡോളറാണ്. അതില്‍ 13 ബില്യണ്‍ ഡോളറും ഉഭയകക്ഷി നിക്ഷേപമായി നല്‍കാനുള്ളതാണ്. കാലാവസ്ഥ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ അടുത്തിടെ ഐഎംഎഫ് പാകിസ്താന് 1.3 ബില്ല്യണ്‍ ഡോളര്‍ വായ്പ അനുവദിച്ചിരുന്നു. എന്നാല്‍, പാകിസ്താന്‍ നിലവില്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതൊന്നും പര്യാപ്തമല്ല. അതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക നടപടികള്‍ തന്നെ ആവശ്യമാണ്. 

പെഹല്‍ഗാമിന് പിന്നാലെ തകര്‍ന്ന ഓഹരിവിപണി

സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക, പാക് പൗരന്മാര്‍ക്കുള്ള വിസ ഇളവ് പദ്ധതിയായ സാര്‍ക്ക് വിസ എക്‌സംപ്ഷന്‍ സ്‌കീം റദ്ദാക്കുക, സൈനിക അറ്റാഷെകളെ പുറത്താക്കുക, ഇരു ഹൈക്കമ്മീഷനുകളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്ക്കുക, അട്ടാരി ചെക്ക്​പോസ്റ്റ് അടയ്ക്കുക എന്നിവയുള്‍പ്പെടെയുള്ള ശക്തമായ നയതന്ത്ര നടപടികളാണ് പ്രാഥമികമായി ഇന്ത്യ കൈക്കൊണ്ടത്. ഇന്ത്യയിലുള്ള പാക് പൗരന്മാര്‍ മെയ് ഒന്നിനകം രാജ്യം വിടണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. 

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമ്മര്‍ദാവസ്ഥയോട് നിക്ഷേപകര്‍ പ്രതികരിച്ചത് അനുകൂലമായിരുന്നല്ല. ഏപ്രില്‍ 23 മുതല്‍ക്കേ പാകിസ്താന്‍ ഓഹരി വിപണിയില്‍ വന്‍ ആഘാതമാണ് പ്രകടമായത്. വ്യാപാരം തുടങ്ങി ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ ബെഞ്ച്മാര്‍ക്ക് കറാച്ചി-100 സൂചിക (കെഎസ്ഇ-100) 2%ല്‍ അധികം അഥവാ 2,500 പോയിന്റ് ഇടിഞ്ഞു. കറാച്ചി സ്റ്റോക്ക് മാര്‍ക്കറ്റില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം കനത്ത നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 

വരാനിരിക്കുന്ന സാമ്പത്തികമായ അപകടസാധ്യതകളും മറ്റ് ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാട്ടി ഐഎംഎഫ് പാകിസ്താന്റെ ജിഡിപി വളര്‍ച്ചാ പ്രവചനം 2.6% ആയി കുറച്ചിരുന്നു, തുടര്‍ന്ന് ഏപ്രില്‍ 23ന് സൂചിക 1,204 പോയിന്റ് ഇടിഞ്ഞിരുന്നു. ഇതിനുപിന്നാലെയായിരുന്നു മറ്റ് നഷ്ടക്കണക്കുകളും. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും (എഡിബി) പാകിസ്താന്റെ 2025ലെ ജിഡിപി വളര്‍ച്ചാ പ്രവചനം, 2024 ഡിസംബറില്‍ പ്രവചിച്ച 3%-ല്‍ നിന്ന് 2.5% ആയി കുറച്ചിട്ടുണ്ട്. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള നിലവിലെ പ്രശ്‌നം വലിയ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുമോ എന്ന നിക്ഷേപകരുടെ ആശങ്കയാണ് വിപണിയില്‍ പ്രതിഫലിച്ചതെന്ന് സെക്യൂരിറ്റീസ് നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. 

ജല കരാര്‍ റദ്ദാക്കല്‍; പാക് കാര്‍ഷികമേഖലയ്ക്ക് തിരിച്ചടി

1960 സെപ്തംബര്‍ ഒമ്പതിനാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധുനദീജല കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇന്ത്യ-പാകിസ്താൻ  വിഭജനവുമായി ബന്ധപ്പെട്ടാണ് സിന്ധുനദിയിലെ ജലം പങ്കുവെയ്ക്കുന്നതിനെ ചൊല്ലി പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് കരാര്‍ രൂപപ്പെട്ടത്. ഇതുപ്രകാരം കിഴക്കന്‍ നദികളായ സത്ലജ്, ബിയാസ്, രവി എന്നിവ ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചിനാബ് എന്നിവ പാകിസ്താനുമാണ് അനുവദിച്ചിരിക്കുന്നത്. ഏകപക്ഷീയമായി കരാര്‍ റദ്ദാക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥകളൊന്നും ഇതില്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ താല്‍ക്കാലികമായി റദ്ദാക്കാനുള്ള പഴുതുകളുണ്ട്. കരാറിന്റെ നിയമപരമായ പരിമിതികള്‍, നദികളുടെ പ്രഭവസ്ഥാനത്തുള്ള രാജ്യം എന്ന നിലയിലുള്ള ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ മുന്‍തൂക്കമാണ് കരാര്‍ റദ്ദാക്കുന്നതിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്. 

പാകിസ്താന്റെ ജിഡിപിയില്‍ 21 ശതനമാനവും സംഭാവന ചെയ്യുന്നത് കാര്‍ഷിക മേഖലയാണ്. ഗോതമ്പ്, അരി, കരിമ്പ്, പച്ചക്കറി-പഴവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാന പാകിസ്താനിലെ വിളകള്‍. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് കൃഷി ഏറ്റവുമധികമുള്ളത്. ജലസേചനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായി കാര്‍ഷികമേഖലയുടെ 80 ശതമാനവും ആശ്രയിക്കുന്നത് സിന്ധു, ഝലം, ചെനാബ് നദികളേയും അവയോട് ചേര്‍ന്നുള്ള ചെറുനദികളേയുമാണ്. നദികളില്‍നിന്ന് കാര്‍ഷിക ഭൂമികളിലേക്ക് വെള്ളം വിതരണം ചെയ്യുന്ന കനാലുകളുടെ വിപുലമായ ശൃംഖല തന്നെ രാജ്യം ഒരുക്കിയിട്ടുണ്ട്. വരള്‍ച്ചാ സമയങ്ങളില്‍ തടയണ നിര്‍മിച്ചും ജലവിതരണം നിയന്ത്രിച്ചുമാണ് പ്രശ്നപരിഹാരം. ഒപ്പം ഝലം നദിയിലെ മംഗ്ല, സിന്ധു നദിയിലെ ടര്‍ബേല ഡാമുകളും വേനല്‍കാലത്ത് ജലലഭ്യത ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷി, ജലവൈദ്യുതി ഉത്പാദനം, കുടിവെള്ള വിതരണം എന്നിവയും ഇതേ നദികളെ ആശ്രയിച്ചാണ്. 

പാകിസ്താന്റെ കാര്‍ഷിക-സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സിന്ധുനദീജല കരാര്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റില്ല. അങ്ങനെയിരിക്കെ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് പാകിസ്താന്റെ കാര്‍ഷിക സമ്പദ്​വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വിളവെടുപ്പ് കാലങ്ങളില്‍ ജലത്തിന്റെ ഒഴുക്ക് കുറയ്ക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇതിലൂടെ പാകിസ്താന് ഉണ്ടാകാനിടയുള്ള ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരാര്‍ റദ്ദാക്കുന്നതോടെ കടുത്ത ജലക്ഷാമത്തിന് കാരണമാകും. ജലലഭ്യത കുറയുന്നത് നഗര-ഗ്രാമീണ മേഖലകളെയാകും കാര്യമായി ബാധിക്കുക. കൃഷിയാണ് പാകിസ്താന്റെ പ്രധാന വരുമാനമാര്‍ഗം. കാര്‍ഷിക മേഖലയിലെ തകര്‍ച്ച പാകിസ്താന്റെ പ്രധാന വരുമാന സ്രോതസ്സാണ് ഇല്ലാതാക്കുക. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കുറയുന്നത് പാകിസ്താന്റെ ആഗോള വ്യാപാരത്തെ പോലും ദുര്‍ബലപ്പെടുത്തും. 

2022-23 ലെ സാമ്പത്തിക സര്‍വേ പ്രകാരം പാക് സമ്പദ് വ്യവസ്ഥയില്‍ 23 ശതമാനം സംഭാവന ചെയ്യുന്നത് കാര്‍ഷികമേഖലയാണ്. ലോകബാങ്കിന്റെ 'പാകിസ്താന്‍: ഗെറ്റിംഗ് മോര്‍ ഫ്രം വാട്ടര്‍' (2019) റിപ്പോര്‍ട്ട് അനുസരിച്ച്, രാജ്യത്തെ 90% ഭക്ഷ്യവിളകള്‍ക്കും ജലസേചനം നല്‍കുന്നത് സിന്ധുനദീതട സംവിധാനമാണ്. 2022ല്‍ 4.8 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയ പ്രധാന കയറ്റുമതി ഉത്പന്നങ്ങളായ ഗോതമ്പ്, അരി, പരുത്തി എന്നിവ, നിര്‍ണായക വളര്‍ച്ചാ കാലയളവില്‍ വേണ്ട ജലക്ഷാമം കൊണ്ട് ദുര്‍ബലപ്പെടുന്ന സ്ഥിതിയിലാണുള്ളത്. ഇനിയും ജലസേചനം തടസ്സപ്പെട്ടാല്‍ കാര്‍ഷികമേഖലയെ ബാധിക്കുന്നതിനൊപ്പം ഇത് സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ സമ്മര്‍ദം നല്‍കും. 

ക്ഷീണം മാറാതെ പാകിസ്താന്‍

2020കള്‍ക്ക് ശേഷമാണ് പാകിസ്താന്‍ രൂക്ഷമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചത്. ശ്രീലങ്കയില്‍ സംഭവിച്ചതുപോലെ കടക്കെണിയും രൂപയുടെ വിലയിടിവും വിദേശനാണ്യക്കമ്മിയുമാണ് പാകിസ്താനെയും വട്ടംചുറ്റിച്ചു. സാമ്പത്തിക അസ്ഥിരതയ്‌ക്കൊപ്പം 2023ല്‍ നേരിടേണ്ടി വന്ന പ്രളയം പാകിസ്താന് അധികവിനയായി. ജൂണ്‍-സെപ്റ്റംബര്‍ കാലയളവിലുണ്ടായ പ്രളയത്തില്‍ രണ്ടരലക്ഷം കോടിയുടെ നാശനഷ്ടങ്ങളാണുണ്ടായത്. 1700-ലേറെപ്പേര്‍ മരിച്ചു. വന്‍തോതില്‍ കൃഷിനശിച്ചു. അതിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാനെന്നപേരില്‍ ഒരുവര്‍ഷത്തിനിടെ പലിശ ഏഴേകാല്‍ ശതമാനം കൂട്ടി 17 ശതമാനമാക്കി. കൂടുതല്‍ നികുതി അടിച്ചേല്‍പ്പിച്ചു. അതിനിടെയായിരുന്നു ഭരണപ്രശ്‌നങ്ങള്‍. വാങ്ങിയ കടത്തിന്റെ ഗഡുക്കള്‍ അടയ്ക്കാനാവാതെ വീണ്ടും വീണ്ടും കടമെടുപ്പിന് ശ്രമിക്കുന്നതിനിടെ ഇമ്രാന്‍ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവിശ്വാസത്തെത്തുടര്‍ന്ന് പുറത്തായി. സാമ്പത്തിക അച്ചടക്കം പാലിച്ച് പ്രതിസന്ധിയെ മറികടക്കുമെന്ന് പിന്നീട് അധികാരത്തിലെത്തിയ ഷഹബാസ് ഷരീഫ് സര്‍ക്കാര്‍ വാക്കുനല്‍കിയെങ്കിലും സാമ്പത്തികത്തളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരുന്നു. സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇന്ത്യാവിരുദ്ധനിലപാടിലെ തീവ്രതകൂട്ടാന്‍ മത്സരിക്കുകയായിരുന്നു പാകിസ്താനിലെ സര്‍ക്കാരുകളും പാര്‍ട്ടികളും. ദീര്‍ഘകാലമായി തുടരുന്ന തകര്‍ച്ചയുടെ ആഘാതത്തില്‍ നിന്ന് മുക്തി നേടുന്നതിന് മുന്‍പേയാണ് ഭീകരവാദത്തെ കൂട്ടുപിടിച്ച് പാകിസ്താന്റെ പ്രവര്‍ത്തനങ്ങള്‍. 

തിരിച്ചടി നല്‍കാന്‍ ഇന്ത്യ, പാകിസ്താന് മുന്നിലെന്ത്?

സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പുനരാലോചനയില്ലാത്തതാണെന്നാണ് പാകിസ്താന്‍ പ്രതികരിച്ചത്. ഇന്ത്യയുടെ അഞ്ചിന നടപടി വിലയിരുത്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദേശീയ സുരക്ഷാ സമിതി യോഗം വിളിച്ചുചേര്‍ത്തിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ 'ഉറച്ചതും വ്യക്തവുമായ' മറുപടി നല്‍കുമെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൈനികനടപടിയുണ്ടാവുമെന്ന സൂചനയാണിത് നല്‍കുന്നത്. സൈനികസംഘത്തെ സജ്ജമാക്കുന്നതടക്കമുള്ള നടപടികളിലേക്ക് ഇന്ത്യ കടന്നുകഴിഞ്ഞു. അതിനിടെ കറാച്ചിയില്‍ മിസൈല്‍ പരീക്ഷണം നടത്താന്‍ പാകിസ്താന്‍ തയ്യാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സാമ്പത്തിക ദൗര്‍ബല്യങ്ങള്‍ മൂലം ഇന്ത്യയുമായി ഒരു നീണ്ട സൈനിക സംഘര്‍ഷം നിലനിര്‍ത്താനോ ആരംഭിക്കാനോ ഉള്ള സാമ്പത്തിക സ്ഥിതിയിലല്ല പാകിസ്താന്‍ ഏതൊരു സംഘര്‍ഷവും രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.