ഴുത്തൊപ്പം ഉള്ളികൊണ്ട് മൂടി ഒരു പ്രതിഷേധം.... കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകരാണ് വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. വിളവെടുത്ത ഉള്ളിക്ക് ന്യായമായ വില ലഭിക്കാത്തതാണ് കര്‍ഷകരെ ഇങ്ങനെ ഒരു പ്രതിഷേധത്തിലേക്ക് നയിച്ചത്. ഉള്ളിയുടെ കയറ്റുമതി നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. ആഭ്യന്തരവിപണിയില്‍ ഉള്ളിവില ഉയര്‍ന്നതിന് പിന്നാലെ ഈ വര്‍ഷം ഓഗസ്റ്റിലാണ് 40 ശതമാനം കയറ്റുമതി തീരുവ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതിനെതിരേ ഉള്ളി കര്‍ഷകര്‍ അന്ന് തന്നെ രംഗത്ത് വന്നു. ഒക്ടോബറില്‍ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നു. ഡിസംബര്‍ എട്ടിന് ഉള്ളിയുടെ കയറ്റുമതി ഇന്ത്യ പൂര്‍ണമായും നിരോധിക്കുകയും ചെയ്തു.

To advertise here,

ഉള്ളിവില നിയന്ത്രിക്കാന്‍ ഇന്ത്യ കയറ്റുമതി നിരോധിച്ചതോടെ പണി കിട്ടിയത് രാജ്യത്തെ കര്‍ഷകര്‍ക്കാണ്. നല്ല വില ലഭിക്കേണ്ട സമയത്താണ് കയറ്റുമതി നിരോധനം. അതിന് പുറമേ, പ്രതിസന്ധി പരിഹരിക്കാന്‍ അയല്‍രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളെ സമീപിച്ചാല്‍ ഇന്ത്യന്‍ ഉള്ളിക്ക് അന്താരാഷ്ട്ര വിപണി നഷ്ടപ്പെടുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. എന്തുകൊണ്ടാണ് ഉള്ളി കയറ്റുമതി നിരോധിച്ച് വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്? ഇന്ത്യയില്‍ ഉള്ളി വില എല്ലായ്‌പ്പോഴും ചര്‍ച്ചാ വിഷയമാണ് എന്നത് തന്നെ കാരണം. തിരഞ്ഞെടുപ്പുകളെ പോലും സ്വാധീനിച്ച ചരിത്രവുമുണ്ട് ഉള്ളിക്ക്. 

placeholder
കര്‍ണാടകയില്‍ ഉള്ളി കൃഷി ചെയ്യുന്ന കര്‍ഷകര്‍ (ഫയല്‍ ചിത്രം) | Photo: V.P.Ullas/ Mathrubhumi

ഇന്ത്യയുടെ ഉള്ളിപ്പെരുമ

ലോകത്ത് ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിവര്‍ഷം 300 ലക്ഷം മെട്രിക് ടണ്ണിലധികം ഉള്ളിയാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. ആഗോളതലത്തില്‍ ഇന്ത്യന്‍ ഉള്ളിക്ക് ആവശ്യക്കാരേറെയാണ്. കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 4522 കോടി രൂപ വിലമതിക്കുന്ന 25.5 ലക്ഷം മെട്രിക് ടണ്‍ ഉള്ളിയാണ് 2022-23 വര്‍ഷത്തില്‍ രാജ്യം കയറ്റിയയച്ചത്. നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, യുഎ.ഇ, ഇന്‍ഡോനീഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ ഉള്ളിയുടെ പ്രധാന ആവശ്യക്കാര്‍. ഖാരിഫ്, ലേറ്റ് ഖാരിഫ്, റാബി എന്നിങ്ങനെ മൂന്ന് സീസണുകളിലായാണ് ഇന്ത്യയില്‍ ഉള്ളി കൃഷി ചെയ്യുന്നത്. ഖാരിഫ് സീസണില്‍ ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ വിളയിറക്കുകയും ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ വിളവെടുക്കുകയും ചെയ്യും. ലേറ്റ് ഖാരിഫ് സീസണില്‍ ഒക്ടോബറിനും നവംബറിനുമിടയില്‍ വിത്ത് വിതയ്ക്കുകയും ജനുവരി മുതല്‍ മാര്‍ച്ച് വരെ വിളവെടുക്കുകയും ചെയ്യുന്നു. റാബി ഡിസംബറിനും ജനുവരിക്കും ഇടയില്‍ നട്ടുപിടിപ്പിച്ച് മാര്‍ച്ച് അവസാനം മുതല്‍ മേയ് വരെ വിളവെടുക്കുന്നു. ഇതില്‍ റാബി സീസണിലാണ് ആകെ ഉള്ളി ഉത്പാദനത്തിന്റെ 70 ശതമാനവും നടക്കുന്നത്. ഈ സമയത്ത് വിളയുന്ന ഉള്ളിക്ക് ഈര്‍പ്പം കുറവായതിനാല്‍ വളരെക്കാലം സൂക്ഷിക്കാന്‍ സാധിക്കും. മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെ ഇതാണ് ഉപയോഗിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഉള്ളിക്ഷാമം പരിഹരിക്കാന്‍ ഖാരിഫ് സീസണും സഹായിക്കുന്നു. 

രാജ്യത്ത് ഏറ്റവുമധികം ഉള്ളി ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. ആകെ ഉത്പാദനത്തിന്റെ 40 ശതമാനം വരുമിത്. മധ്യപ്രദേശിന്റെ സംഭാവന 17 ശതമാനമാണ്. കര്‍ണാടക, ഗുജറാത്ത്, ബിഹാര്‍, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഹരിയാണ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ഉള്ളി വ്യാപകമായി കൃഷി ചെയ്യുന്നു. മഞ്ഞ്, ഉയര്‍ന്ന താപനില, കാലംതെറ്റിയുള്ള മഴ എന്നിവ വിളവിനെ ബാധിക്കുമെന്നതിനാല്‍ ഉള്ളികൃഷിയില്‍ കാലാവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023-ലെ റാബി സീസണില്‍ ഉള്ളി കൃഷിചെയ്യുന്ന പ്രദേശത്തിന്റെ വിസ്തീര്‍ണ്ണം മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ കുറഞ്ഞുവെന്നാണ് കണക്കുകള്‍ പറയുന്നത്. കൃഷിയിടത്തിന്റെ ഈ കുറവ് ഉള്ളി ഉത്പാദനത്തില്‍ ആറ് ശതമാനത്തിന്റെ കുറവുണ്ടാക്കി. ഒപ്പം മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലുണ്ടായ അപ്രതീക്ഷിത മഴയും ആലിപ്പഴ വര്‍ഷവും റാബി വിളനാശത്തിനിടയാക്കി. ഫെബ്രുവരിയില്‍ ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലും കാലാവസ്ഥാമാറ്റം പ്രതികൂലമായി. കൃഷിയുടെ അവസാനഘട്ടത്തിലെ ഉയര്‍ന്ന താപനില കാരണം ഇവിടങ്ങളില്‍ ഉള്ളി നേരത്തെ തന്നെ പാകമായി. ഒപ്പം മാര്‍ച്ചില്‍ പെയ്ത അപ്രതീക്ഷിത മഴ ഉള്ളിയുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചു. ഇത് ഉള്ളി പെട്ടെന്ന് നശിക്കുന്നതിന് കാരണമായി. പരിഭ്രാന്തരായ കര്‍ഷകര്‍ വിളവ് വേഗത്തില്‍ വിറ്റ് ഒഴിവാക്കാനും ശ്രമിച്ചു. 

placeholder
ഇന്ദിര ഗാന്ധി | ഫോട്ടോ മാതൃഭൂമി ആർക്കൈവ്‌സ്‌

ഉള്ളി വിലയിലെ രാഷ്ട്രീയം

ദക്ഷിണേഷ്യന്‍ വിഭവങ്ങളുടെ പ്രധാനഘടകമായ ഉള്ളിക്ക് മേഖലയുടെ രാഷ്ട്രീയത്തിലും നിര്‍ണായക സ്വാധീനമുണ്ട്. പ്രത്യേകിച്ചും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മാത്രമല്ല, രാജ്യത്തിന്റെ പൊതുതിരഞ്ഞെടുപ്പില്‍ പോലും ഉള്ളിവില പലപ്പോഴും നിര്‍ണായകമായിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം 1980-ലെ പൊതുതിരഞ്ഞെടുപ്പാണ്. രാഷ്ട്രീയത്തില്‍ ഉള്ളിയുടെ പ്രാധാന്യം വ്യക്തമായി അടിവരയിടുന്നതായിരുന്നു ആ തിരഞ്ഞെടുപ്പ്. 1975 മുതല്‍ 1977 വരെ നീണ്ട അടിയന്തരാവസ്ഥ, ജനവികാരം എതിരാക്കിയതോടെ 77-ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി കടുത്ത പരാജയം ഏറ്റുവാങ്ങി. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനെ പരാജയപ്പെടുത്തി അധികാരത്തിലെത്താന്‍ ഇന്ദിര ഗാന്ധിയെ സഹായിച്ചത് ഉള്ളിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഉള്ളി വിലയെ ജനകീയ സമരമുറയാക്കിയാണ് ഇന്ദിരാ ഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയത്. ആ പൊതുതിരഞ്ഞെടുപ്പ് പിന്നീട് 'ഉള്ളി തിരഞ്ഞെടുപ്പ്' എന്നാണ് അറിയപ്പെട്ടത്. പക്ഷേ, ഒരു വര്‍ഷത്തിനുള്ളില്‍ വില ആറ് രൂപയായി ഉയര്‍ന്നു. അന്നത്തെ സാഹചര്യത്തില്‍ ഇത് വലിയ തുകയായിരുന്നു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ പ്രതിപക്ഷ എംപി ഉള്ളികൊണ്ടുള്ള മാല ധരിച്ച് രാജ്യസഭയിലെത്തിയാണ് പ്രതിഷേധിച്ചത്. 

1998-ല്‍ ഉള്ളിവില കുത്തനെ ഉയര്‍ന്ന് കിലോയ്ക്ക് 40 മുതല്‍ 50 രൂപ വരെയായി. ആ വര്‍ഷം ദീപാവലി സീസണില്‍, കോണ്‍ഗ്രസ് നേതാവ് ഛഗന്‍ ഭുജ്ബല്‍ (Chhagan Bhujbal)  അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി മനോഹര്‍ ജോഷിക്ക് ഒരു പെട്ടി ഉള്ളി അയച്ചുകൊടുത്ത് പ്രതിഷേധിച്ചു. ഇതോടെ മുംബൈയില്‍ 45 രൂപയ്ക്ക് വിറ്റിരുന്ന ഉള്ളി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 രൂപയ്ക്ക് ലഭ്യമാക്കാന്‍ ജോഷി നിര്‍ബന്ധിതനായി. 1998-ല്‍ ഡല്‍ഹി, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉള്ളി വില നിര്‍ണായക ഘടകമായിരുന്നു. കുതിച്ചുയര്‍ന്ന ഉള്ളിവില ഇരുസംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ പരാജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന് അധികാരം നഷ്ടപ്പെട്ടു. പിന്നീട് അധികാരത്തില്‍ തിരിച്ചെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതുപോലെ, രാജസ്ഥാനില്‍, ബി.ജെ.പിയുടെ മുഖ്യമന്ത്രി ഭൈറോൺ സിങ് ഷെഖാവത്തിനും (Bhairon Singh Shekhawat) ഉള്ളിവില പ്രതിസന്ധിമൂലം പരാജയം രുചിക്കേണ്ടിവന്നു. ഇതോടെ ബി.ജെ.പി മാത്രമല്ല, മിക്കവാറും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് സീസണില്‍ ഉള്ളി വിലയെക്കുറിച്ച് ജാഗ്രത പുലര്‍ത്തിവരുന്നു. 2010-ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന് വിലക്കയറ്റം നേരിടാന്‍ ഉള്ളിയുടെ കയറ്റുമതി നിരോധിക്കേണ്ടി വന്നിരുന്നു.

placeholder
Representational Image | File Photo: PTI
രാജ്കോട്ടിലെ കാര്‍ഷിക ചന്തയില്‍ ഉള്ളി ലേലത്തിനായി കാത്തിരിക്കുന്ന കര്‍ഷകര്‍ | Photo: PTI 

സര്‍ക്കാരിന് പേടി, ഉള്ളി കയറ്റുമതിക്ക് നിരോധനം

മൂന്ന് സീസണുകളിലായി ഉള്ളി കൃഷി ചെയ്യുന്നുവെങ്കിലും വിളവെടുക്കുന്ന ഉള്ളി ഒറ്റയടിക്ക് വിപണിയിലെത്തുന്നില്ല. പകരം വില നിയന്ത്രിക്കാനായി പല ഘട്ടങ്ങളിലായാണ് കര്‍ഷകര്‍ ഇവ വിപണിയിലെത്തിക്കുന്നത്. ഇതോടെ ഉത്പന്നങ്ങള്‍ അധികമായി എത്തുന്നത് മൂലമുള്ള വിലയിടിവ് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കും. ഖാരിഫ് സീസണില്‍ വിളയുന്ന ഉള്ളി ഫെബ്രുവരി വരെയും ലേറ്റ് ഖാരിഫ് സീസണിലേത് മേയ്-ജൂണ്‍ വരെയും വിപണനം ചെയ്യുന്നു. ഖാരിഫ്, ലേറ്റ് ഖാരിഫ് സീസണുകളിലെ ഉള്ളിയില്‍ ഉയര്‍ന്ന അളവില്‍ ഈര്‍പ്പം അടങ്ങിയിട്ടുണ്ട്. ഇതുമൂലം ഇത് പരമാവധി നാല് മാസം വരെയാണ് സൂക്ഷിക്കാന്‍ കഴിയുക. ഇതില്‍ നിന്ന് വ്യത്യസ്തമാണ് റാബി സീസണില്‍ വിളയുന്ന ഉള്ളി. ഈര്‍പ്പം കുറവായതിനാല്‍ തന്നെ ആറ് മാസക്കാലം ഇവ സൂക്ഷിച്ചുവെയ്ക്കാന്‍ സാധിക്കും. ഒക്ടോബര്‍ മുതല്‍ മണ്‍സൂണ്‍ ആരംഭം വരെയുള്ള കാലത്ത് വിപണിയില്‍ എത്തുന്ന ഉള്ളി, റാബി സീസണില്‍ കൃഷി ചെയ്യുന്നവയാണ്. ഉള്ളിക്കൃഷിയിലും അതിന്റെ സംഭരണത്തിലും കാലാവസ്ഥയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. അതിനാല്‍ തന്നെ കാലാവസ്ഥയിലുണ്ടാകുന്ന ഏതൊരു ചെറിയ മാറ്റവും ഉള്ളിയുടെ ഉത്പാദനത്തേയും വിപണനത്തേയും കാര്യമായി ബാധിക്കുകയും വിപണിയെ പിടിച്ചുലയ്ക്കുകയും ചെയ്യും. 

സാധാരണയായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കര്‍ണാടകയില്‍ നിന്നും ആന്ധ്രയില്‍ നിന്നും വിപണിയില്‍ ഉള്ളി എത്തുന്നതാണ് പതിവ്. പക്ഷേ, ഈ വര്‍ഷം കര്‍ണാടകയിലും ആന്ധ്രപ്രദേശിലും ഉള്ളിക്കൃഷി 60-70% കുറഞ്ഞു. ഉള്ളിവിലയിലെ ഇടിവ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി കര്‍ഷകര്‍ കൃഷിയിറക്കുന്നത് കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വലിയ തോതില്‍  ഉള്ളി സംഭരിച്ചുവെങ്കിലും കയറ്റുമതി 64 ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഇതേ വര്‍ഷം 25.5 ലക്ഷം മെട്രിക് ടണ്‍ ഉള്ളിയാണ് രാജ്യത്ത് നിന്ന് കയറ്റിയയച്ചത്. ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കയറ്റുമതിയായിരുന്നു ഇത്. പിന്നാലെയാണ് വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയിലെ ലഭ്യത വര്‍ധിപ്പിക്കുന്നതിനുമായി ഓഗസ്റ്റില്‍ സര്‍ക്കാര്‍ ഉള്ളിക്ക് കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത്. നാസിക്കിലെ മൊത്തക്കച്ചവട വിപണിയില്‍ ഓഗസ്റ്റ് ഒന്നിന് ക്വിന്റലിന് 1,370 രൂപയായിരുന്നു ശരാശരി വില. ഓഗസ്റ്റ് 19-ന് ഇത് ക്വിന്റലിന് 2,050 രൂപയായി ഉയര്‍ന്നു. ഓഗസ്റ്റ് മാസത്തില്‍ വില ഉയരുകയും സെപ്റ്റംബറില്‍ ഇത് തുടരുമെന്ന് പ്രവചിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ്  കയറ്റുമതിക്ക് നികുതി ഏര്‍പ്പെടുത്തിയത്. 40 ശതമാനം കയറ്റുമതി തീരുവയാണ് ഏര്‍പ്പെടുത്തിയത്. പക്ഷേ ഇതിനെതിരേ ഉള്ളി വ്യാപകമായി കൃഷി ചെയ്യുന്ന മഹാരാഷ്ട്രയിലെയടക്കം കര്‍ഷകര്‍ അന്ന് തന്നെ രംഗത്ത് വന്നു. പിന്നാലെ ഒക്ടോബറില്‍ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നു. ഡിസംബര്‍ എട്ടിന് ഉള്ളിയുടെ കയറ്റുമതി ഇന്ത്യ പൂര്‍ണമായും നിരോധിക്കുകയും ചെയ്തു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട്, അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് നിരോധനം.

placeholder
കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചതിനെതിരേ എന്‍സിപി എംഎല്‍എ അനില്‍ ദേശ്മുഖും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് അംബാദാസ് ദന്‍വെയും പ്രതിഷേധിക്കുന്നു | Photo: ANI

പണി കിട്ടിയത് അയല്‍ക്കാര്‍ക്ക് 

ലോകത്തിലെ ഏറ്റവും വലിയ ഉള്ളി കയറ്റുമതിക്കാരായ ഇന്ത്യ, കയറ്റുമതി നിരോധിച്ചത് ഏഷ്യയിലുടനീളം അലയൊലികള്‍ സൃഷ്ടിച്ചു. ഏഷ്യന്‍ രാജ്യങ്ങളുടെ ഉള്ളി ഇറക്കുമതിയുടെ പകുതിയിലധികവും ഇന്ത്യയില്‍നിന്നുള്ളതായിരുന്നു. ആഭ്യന്തര വിലയിലെ വര്‍ധനവിന് പിന്നാലെ ഡിസംബര്‍ 8-ന് ഇന്ത്യ നിരോധനം കൊണ്ടുവന്നതോടെ ഇന്ത്യന്‍ ഉള്ളിയെ ആശ്രയിച്ചിരുന്ന രാജ്യങ്ങളില്‍ ഇത് വിലക്കയറ്റത്തിന് കാരണമായി. ഇതോടെ ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ അവര്‍ നിര്‍ബന്ധിതരായി. ഇന്ത്യയുടെ കയറ്റുമതി നിരോധനം ഏറ്റവുമധികം ബാധിച്ചത് ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളെയാണ്. ഉള്ളി ഒരു പ്രധാന പാചക വിഭവമായ ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ ഇത് ഉള്ളിവില കുതിച്ചുയരാന്‍ കാരണമായി. പിന്നാലെ ചൈന, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനുള്ള ശ്രമം ബംഗ്ലാദേശ് തുടങ്ങി. അടുത്ത് തന്നെ പൊതുതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്ന ബംഗ്ലാദേശ്, വിലവര്‍ധനവിന്റെ ആഘാതം ലഘൂകരിക്കാന്‍ സബ്സിഡി നിരക്കില്‍ ഉള്ളി വില്‍പ്പന ആരംഭിച്ചു. 

ഇന്ത്യന്‍ ഉള്ളിയുടെ പ്രധാന ഉപഭോക്താക്കളിലൊരാളായ നേപ്പാളിലും കാര്യങ്ങള്‍ വഷളായി. നിലവില്‍ ഉള്ളി ഇറക്കുമതിക്കായി നേപ്പാള്‍ ഇന്ത്യയെ മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഉള്ളി വിതരണത്തിലെ കുറവ് നേപ്പാളില്‍ വലിയ സ്വാധീനമാണുണ്ടാക്കുക. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്ന് വലിയ അളവില്‍ ഉള്ളി ഇറക്കുമതി ചെയ്യുന്നത് നേപ്പാളിന് പ്രായോഗികമായി സാധ്യമല്ല. പെട്ടെന്ന് നശിച്ചുപോകുന്ന ചരക്കാണ് എന്നത് തന്നെയാണ് കാരണം. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകാന്‍ സമയമെടുക്കുകയാണെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനുള്ള സാധ്യത തേടുകയാണവര്‍. പാകിസ്താന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതിക്കായി നേപ്പാള്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്ന് 190 ടണ്‍ ഉള്ളിയാണ്  നേപ്പാള്‍ ഇറക്കുമതി ചെയ്തത്. നിരോധനം അതിര്‍ത്തി വഴിയുള്ള അനധികൃത ഉള്ളി കടത്തുന്നതിനും കാരണമായി. ബദല്‍ സാധ്യതകള്‍ പ്രായോഗികമല്ലാത്തതിനാല്‍, ക്ഷാമം പരിഹരിക്കുന്നതിനായി ഉള്ളി അയക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി അഭ്യര്‍ഥിക്കാനുള്ള തീരുമാനം നേപ്പാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

placeholder
Representational Image | Photo: Archives
ഉള്ളി | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

കര്‍ഷകര്‍ക്ക് ആശങ്ക, പ്രതിഷേധം

കയറ്റുമതി നിരോധനം അന്താരാഷ്ട്രതലത്തില്‍ ഉള്ളിയുടെ വില മാത്രമല്ല, ആഭ്യന്തര വിപണിയില്‍ കര്‍ഷകരുടെ വരുമാനത്തെ ബാധിക്കുന്നതരത്തില്‍ വിലയിടിവിനും കാരണമായി. ഉയര്‍ന്ന വില ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകരാണ് വെട്ടിലായത്. ആദ്യം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തുകയും പിന്നീട് കയറ്റുമതി നിരോധനം കൊണ്ടുവരികയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിഷേധിച്ചു. ഒക്ടോബറിലെ നിയന്ത്രണത്തിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ  ഉള്ളി വിപണിയായ മഹാരാഷ്ട്രയിലെ ലസല്‍ഗാവില്‍ ഉള്ളിയുടെ ശരാശരി മൊത്തവില ആദ്യ അഞ്ച് ദിവസങ്ങളില്‍ 24 ശതമാനത്തോളം കുറഞ്ഞിരുന്നു. പിന്നാലെ കയറ്റുമതി നിരോധനത്തെ തുടര്‍ന്ന് ഉള്ളി വില കുത്തനെ ഇടിഞ്ഞു. ഇതോടെ പ്രധാന ഉള്ളി ഉത്പാദക സംസ്ഥാനമായ മഹാരാഷ്ട്രയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ നൂറുകണക്കിന് ഉള്ളി കര്‍ഷകര്‍ ദേശീയപാത ഉപരോധിച്ചു. നാസിക്കിലെ ലസല്‍ഗാവ്, നന്ദ്ഗാവ്, പിംപല്‍ഗാവ് എന്നിവിടങ്ങളിലെ ഉള്ളി മാര്‍ക്കറ്റുകളിലെ പ്രതിഷേധങ്ങള്‍ ഈ വിപണികളിലെ പ്രവര്‍ത്തനം താല്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കാരണമായി. മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും സമാനമായ തിരിച്ചടി നേരിടുകയാണ്. 

ഇടത്തരം ന ഉള്ളിക്ക് ക്വിന്റലിന് 4,500 മുതല്‍ 6,000 രൂപ വരെയും നല്ല ഗുണനിലവാരമുള്ള ഉള്ളിക്ക് 7,000 മുതല്‍ 8,000 രൂപ വരെയും വില ലഭിച്ചിരുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ നിരോധം വന്നതോടെ ഇത് യഥാക്രമം 800 മുതല്‍ 1200 വരെയും 2000 മുതല്‍ 2500 വരെയും വില കുറഞ്ഞു. കയറ്റുമതി നിരോധനം വന്നതിന് ശേഷം മൊത്തക്കച്ചവട വിപണിയില്‍ ഉള്ളിയുടെ വില 60 ശതമാനത്തോളമാണ് കുറഞ്ഞത്. ഇതോടെ വിലത്തകര്‍ച്ചക്കെതിരേ വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. ഉള്ളി കൃഷി ചെയ്യുന്നത് കര്‍ഷകനാണെങ്കിലും രാഷ്ട്രീയക്കാരാണ് അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വില നിശ്ചയിക്കുന്നതെന്നാണ് കര്‍ഷകരുടെ ആരോപണം. നിരോധനം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഇല്ലെങ്കില്‍ വലിയ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നുമാണ് അവര്‍ പറയുന്നത്. കര്‍ഷകരെ കൂടുതല്‍ നഷ്ടത്തില്‍ നിന്ന് രക്ഷിക്കാന്‍ ഉള്ളിക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നും കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്നുമാണ് പ്രധാന ആവശ്യം. ഇന്ത്യന്‍ ഉള്ളിക്ക് അന്താരാഷ്ട്ര വിപണി നഷ്ടപ്പെടുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. അതേസമയം, ഉള്ളിവില തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും എന്ന ഭയം സര്‍ക്കാരിനുള്ളതിനാല്‍ തന്നെ ഇക്കാര്യത്തില്‍ മാറ്റം വരുത്തുമോ എന്ന് കാത്തിരുന്ന് കാണണം.