റന്‍സി അച്ചടി ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും ചൈനയിലേക്ക് മാറ്റി നേപ്പാള്‍. ഏറ്റവും പുതിയതായി ആയിരം രൂപയുടെ (നേപ്പാളീസ് റുപ്പി) 430 മില്യൺ നോട്ടുകള്‍ അച്ചടിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാള്‍ രാഷ്ട്ര ബാങ്ക്,  ചൈന ബാങ്ക് നോട്ട് പ്രിന്റിങ് ആൻഡ്  മിന്റിങ് കോര്‍പ്പറേഷന് കത്ത് നല്‍കി.16.985 മില്യണ്‍ ഡോളറാണ് ഇതുവഴി നേപ്പാളില്‍ നിന്ന് ചൈനീസ് സമ്പദ് വ്യവസ്ഥയിലേക്ക് ഒഴുകുന്നത്. കറന്‍സി അച്ചടി കരാർ ഏറ്റെടുക്കാനെത്തിയവരില്‍ ഏറ്റവും ലാഭകരമായ കമ്പനി ചൈനയുടേതാണെന്നാണ് നേപ്പാളിന്റെ വിശദീകരണം. കഴിഞ്ഞ മൂന്ന് വര്‍ഷമായി നേപ്പാള്‍ കറന്‍സി അച്ചടി പൂര്‍ണമായും ചൈനീസ് കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. ഈയിനത്തില്‍ മാത്രം 63 മില്യൺ  ഡോളറാണ് ചൈനയുടെ വരുമാനം. ഒരുകാലത്ത് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ ഇന്ത്യയെ മാത്രം ആശ്രയിച്ചിരുന്ന നേപ്പാള്‍ എന്തുകൊണ്ടാണ് ഈ തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞത്? നേപ്പാളിന്റെ മനംമാറ്റത്തിന് പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രമാണോ?

To advertise here,

നേപ്പാളും കറന്‍സി അച്ചടിയും

വെള്ളി നിറത്തിലുള്ള മൊഹര്‍ നാണയത്തെ പുനഃസ്ഥാപിച്ചുകൊണ്ട് 1932ലാണ് നേപ്പാളില്‍ ആദ്യമായി നേപ്പാളീസ് റുപീ അവതരിപ്പിക്കുന്നത്. 1945ലാണ് 5,10,100 എന്നിവയുടെ ബാങ്ക് നോട്ടുകള്‍ നേപ്പാള്‍ ബാങ്ക് പുറത്തിറക്കിയത്. സ്വന്തമായി കറന്‍സി അച്ചടിക്കാനുള്ള സംവിധാനങ്ങള്‍ നേപ്പാളിനില്ല. അതിനാല്‍ വിദേശരാജ്യങ്ങളെ ആശ്രയിച്ചേ മതിയാകൂ. 1945 മുതല്‍ 1955 വരെ ഇന്ത്യയിലെ നാസിക്കിലെ സെക്യൂരിറ്റി പ്രസ്സിലായിരുന്നു നേപ്പാളിന്റെ കറന്‍സികള്‍ അച്ചടിച്ചിരുന്നത്. തുടര്‍ന്നുള്ള ദശാബ്ദങ്ങളില്‍ നേപ്പാള്‍ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നെങ്കിലും 2015 വരെ അവരുടെ ചില നോട്ടുകള്‍ ഇന്ത്യയില്‍ അച്ചടിക്കുന്നത് തുടര്‍ന്നിരുന്നു.

നേപ്പാള്‍ കറന്‍സി അച്ചടിക്കാനുള്ള കരാര്‍ ഒരു ഇന്ത്യന്‍ കമ്പനിക്ക് അവസാനമായി ലഭിച്ചത് 2023 ജനുവരിയിലായിരുന്നു. 50 നേപ്പാളി രൂപയുടെ 300 ദശലക്ഷം നോട്ടുകള്‍ രൂപകല്‍പന ചെയ്യാനും അച്ചടിക്കാനും വിതരണം ചെയ്യാനും കൈമാറാനുമുള്ള കരാറാണ് അന്ന് സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന് ലഭിച്ചത്. 5.048 ദശലക്ഷം ഡോളറായിരുന്നു കരാര്‍ തുക. അതിനുശേഷം ഇന്ത്യയില്‍ നിന്നുള്ള പ്രസ്സുകളില്‍ കറന്‍സി അച്ചടിക്കാന്‍ നേപ്പാള്‍ ബാങ്ക് താല്‍പര്യം പ്രകടിപ്പിച്ചില്ല.

കഴിഞ്ഞ ആറ് വര്‍ഷമായി നേപ്പാള്‍ രാഷ്ട്ര ബാങ്ക് (NRB) 1,000, 500 എന്നിങ്ങനെ മൂല്യമുള്ള നോട്ടുകള്‍ പുറത്തിറക്കിയിട്ടില്ല. ബാങ്കുകളിലെ എടിഎമ്മുകളില്‍ നോട്ടുകള്‍ക്ക് ക്ഷാമം നേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പഴയ നോട്ടുകള്‍ കാഷ് ഡിസ്‌പെന്‍സ് ചെയ്യുമ്പോള്‍ കുടുങ്ങിപ്പോകുന്നതും പരാതിക്കിടയാക്കി. 1,000, 500 നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള കരാര്‍ സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയിരുന്നെങ്കിലും ഇവ ഗുണനിലവാരം കുറഞ്ഞവയാണെന്ന് പറഞ്ഞ് റദ്ദാക്കിയിരുന്നു. കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് നിയമപ്രശ്‌നങ്ങളിലേക്കെത്തുകയും അച്ചടി അനിശ്ചിതത്വത്തിലാവുകയും ചെയ്തു. അതേസമയം 2016 മുതല്‍ പല തവണയായി ചൈനീസ് കമ്പനികള്‍ നേപ്പാള്‍ കറന്‍സി അച്ചടിക്കാനുള്ള താല്‍പര്യപത്രവും നേടിത്തുടങ്ങി. ഇപ്പോള്‍ നേപ്പാളിന്റെ എല്ലാ നോട്ടുകളും അച്ചടിക്കുന്നത് ചൈനയിലാണ്.

ചെലവ് മാത്രമാണോ പ്രശ്‌നം?

അല്ല, കറന്‍സി അച്ചടി ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് മാറാനുള്ള നേപ്പാളിന്റെ തീരുമാനത്തിന് പിന്നില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്. കറന്‍സി അച്ചടിക്കാനുള്ള ആഗോള ടെന്‍ഡറില്‍ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്തത് ചൈനീസ് കമ്പനിയായിരുന്നു, കൂടാതെ അവര്‍ ആധുനിക സുരക്ഷാ സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്തു. ഇതാണ് കരാര്‍ ചൈനയിലേക്ക് മാറ്റാനുള്ള കാരണമെന്നാണ് നേപ്പാള്‍ ബാങ്കിന്റെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റൊരു വിഷയവും ഇതിന് പിന്നിലുണ്ട്. നേപ്പാളിന്റെ പുതിയ നോട്ടുകളില്‍ ഇന്ത്യയുമായുള്ള തര്‍ക്കപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടം ചേര്‍ത്തിട്ടുണ്ട്. ഇത് അച്ചടിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതും, ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതുമായ നടപടിയാണ്. ഇന്ത്യന്‍ കമ്പനിക്ക് കരാര്‍ നല്‍കാത്തതിന് പിന്നില്‍ ഈ വിഷയവുമുണ്ടെന്ന വിശകലനവും പുറത്തുവരുന്നു. നേപ്പാളിന്റെ പുതിയ കറന്‍സി നോട്ടുകളില്‍ തര്‍ക്കപ്രദേശങ്ങളായ ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ രാജ്യത്തിന്റെ ഭാഗമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം നോട്ടുകള്‍ അച്ചടിക്കാന്‍ ഇന്ത്യ വിമുഖത കാണിച്ചു. ഇതാണ് മറ്റ് വഴികള്‍ തേടാന്‍ നേപ്പാളിനെ പ്രേരിപ്പിച്ചത്.

ചൈനീസ് സര്‍ക്കാര്‍ കമ്പനിയായ ചൈന ബാങ്ക്‌നോട്ട് പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ (സിബിപിഎംസി) ആണ് ഇപ്പോള്‍ നേപ്പാളിന്റെ കറന്‍സി അച്ചടിക്കുന്നത്. അടുത്തിടെ, 1000 രൂപയുടെ 430 ദശലക്ഷം നോട്ടുകള്‍ രൂപകല്‍പന ചെയ്യാനും അച്ചടിക്കാനുമുള്ള കരാര്‍ നേപ്പാള്‍ രാഷ്ട്ര ബാങ്ക് സിബിപിഎംസിക്ക് നല്‍കി. ഏകദേശം 16.985 ദശലക്ഷം ഡോളര്‍ ചെലവുള്ള പദ്ധതിയാണിത്. ചൈനയ്ക്കുള്ള ആധുനികവും മികച്ച നിലവാരവുമുള്ള അച്ചടി സേവനങ്ങള്‍ നേപ്പാളിനെ മാത്രമല്ല, സമീപ രാജ്യങ്ങളെയെല്ലാം ചൈനയിലേക്ക് ആകര്‍ഷിക്കുകയാണ്.

കറന്‍സി അച്ചടിയുടെ ആഗോള കേന്ദ്രമായി ചൈന

നേപ്പാള്‍ മാത്രമല്ല, ഇന്ത്യയുടെ മിക്ക അയല്‍രാജ്യങ്ങളും സമാനമായി അവരുടെ കറന്‍സി അച്ചടി ചൈനയിലേക്ക് മാറ്റിയിട്ടുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, തായ്​ലൻഡ്, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ കറന്‍സി ചൈനയില്‍ അച്ചടിക്കാന്‍ ആരംഭിച്ചതോടെ ഏഷ്യയിലെ കറന്‍സി അച്ചടിയുടെ ഒരു പ്രധാന കേന്ദ്രമായി ചൈന മാറി. അതില്‍ പ്രധാനം ചൈനയുടെ ആധുനിക അച്ചടി സാങ്കേതികവിദ്യയാണ്. മികച്ച സുരക്ഷാസംവിധാനങ്ങളും

അച്ചടി നിലവാരവുമുള്ളതാണ് ഇവ. വാട്ടര്‍മാര്‍ക്കുകള്‍, ഹോളോഗ്രാഫിക് ഫീച്ചറുകള്‍, സുരക്ഷാ ത്രെഡുകള്‍, നിറം മാറുന്ന മഷി തുടങ്ങിയ സംവിധാനങ്ങളാണ് സിബിപിഎംസി ഉപയോഗിക്കുന്നത്. കള്ളനോട്ട് നിര്‍മ്മാണം തടയുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി 'കളര്‍ഡാന്‍സ്' എന്ന പുതിയ ഹോളോഗ്രാഫിക് ഫീച്ചറും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.

1948-ല്‍ സ്ഥാപിതമായ, 'മിന്റ് ഓഫ് ചൈന' എന്ന് വിളിക്കപ്പെടുന്ന ചൈന ബാങ്ക്‌നോട്ട് പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന് (സിബിപിഎംസി) ചൈനയില്‍ അങ്ങോളമിങ്ങോളം നിരവധി പ്രിന്റിങ് പ്രസ്സുകളും മിന്റുകളുമുണ്ട്. ഡിസൈനര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, ഗുണനിലവാര വിദഗ്ധര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 30,000 മുതല്‍ 40,000 വരെ ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്.

ബ്രിട്ടീഷ് സ്ഥാപനമായ ഡി ലാ റൂവിന്റെ ബാങ്ക്‌നോട്ട് അച്ചടി ബിസിനസ്സ് ഏറ്റെടുത്തതോടെയാണ് സിബിപിഎംസി ലോകത്തിലെ ഒന്നാം നമ്പര്‍ കറന്‍സി പ്രിന്ററായി മാറിയത്. ബ്രിട്ടീഷ് പൗണ്ട് ഉള്‍പ്പെടെ ഏകദേശം 140 രാജ്യങ്ങള്‍ക്കായി കറന്‍സി നിര്‍മ്മിച്ചിരുന്ന ഡി ലാ റൂ ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്‌നോട്ട് പ്രിന്ററായിരുന്നു.

ഡി ലാ റൂവിനെ പൂര്‍ണമായി സിബിപിഎംസി പൂര്‍ണമായും ഏറ്റെടുത്തിരുന്നില്ല. അതിന്റെ ഉപസ്ഥാപനമായ ചൈന ഗ്രൂപ്പ് വിംഗര്‍ട്ട് പ്രിന്റിംഗ് കമ്പനി ലിമിറ്റഡിന്റെ അച്ചടി യൂണിറ്റിനെയാണ് ചൈനീസ് കമ്പനി വാങ്ങിയത്. ഡി ലാ റൂവിന്റെ യുകെ ആസ്ഥാനമായുള്ള സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഡിസൈനുകളും സ്വന്തമാക്കുന്നതിനൊപ്പം പതിറ്റാണ്ടുകളായി ഡി ലാ റൂ വളര്‍ത്തിയെടുത്ത ഉപഭോക്തൃ ശൃംഖലയും ചൈനീസ് കമ്പനിക്ക് സ്വന്തമായി. ഇതിലൂടെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ നിരവധി രാജ്യങ്ങളിലേക്ക് ചൈനീസ് കമ്പനി അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഫലത്തില്‍ ചൈനീസ് കമ്പനിയുടെ ആഗോളസ്വാധീനം വര്‍ധിച്ചു. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ വളരെക്കാലമായി വിശ്വസിച്ചിരുന്ന ഒരു ബ്രാന്‍ഡിന്റെ നിയന്ത്രണം ലഭിച്ചതോടെയാണ് ഈ രംഗത്തെ ചൈനയുടെ ആധിപത്യവും ആരംഭിക്കുന്നത്.

ആഗോള കറന്‍സി അച്ചടി കമ്പനികള്‍

സിബിപിഎംസി പോലെ ലോകത്ത് വലിയ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന, ആധിപത്യം പുലര്‍ത്തുന്ന പൊതു-സ്വകാര്യ കമ്പനികള്‍ വേറെയുമുണ്ട്.

  • ചൈന ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ (സിബിപിഎംസി): ലോകത്തിലെ ഏറ്റവും വലിയ കറന്‍സി അച്ചടി കമ്പനി.
  • നാഷണല്‍ പ്രിന്റിങ് ബ്യൂറോ (എന്‍പിബി): ജപ്പാന്റെ കമ്പനി, നൂതന സാങ്കേതികവിദ്യയ്ക്കും സുരക്ഷയ്ക്കും പേരുകേട്ട കമ്പനി
  • ഗോസ്‌നാക്ക്: റഷ്യന്‍ സ്ഥാപനം, റൂബിള്‍ ഉള്‍പ്പെടെ മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി നോട്ടുകള്‍ അച്ചടിക്കുന്നു. സുരക്ഷ ഉറപ്പാക്കുന്നതിലാണ് വൈദഗ്ധ്യം.
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രിന്റിങ് വര്‍ക്ക്‌സ് (ഇപ്പോള്‍ ചൈനയുടെ ഡി ലാ റൂവിന്റെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്നു): യുകെയില്‍ അച്ചടി സൗകര്യങ്ങളുള്ള ഒരു സ്വകാര്യ സ്ഥാപനമാണിത്. ഇതിനെ 2013-ല്‍ ഫ്രാന്‍സിലെ ഡി ലാ റൂ ഏറ്റെടുക്കുകയും പിന്നീട് ചൈന ബാങ്ക്‌നോട്ട് പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ സ്വന്തമാക്കുകയും ചെയ്തു.
  • യുഎസ് ബ്യൂറോ ഓഫ് എന്‍ഗ്രേവിംഗ് ആന്‍ഡ് പ്രിന്റിങ്: ഡോളര്‍ നോട്ടുകള്‍ അച്ചടിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഈ കമ്പനിയാണിത്. ലോകത്തിലെ ഏറ്റവും വലിയ കറന്‍സി അച്ചടിശാലകളിലൊന്ന് ഇവര്‍ക്കാണ്. ഇത് യുഎസ് കറന്‍സി മാത്രമാണ് നിര്‍മ്മിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ക്ക് ഇവരുടെ സേവനം ലഭ്യമല്ല.
  • ഇന്ത്യ സെക്യൂരിറ്റി പ്രസ്സ്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (ആര്‍ബിഐ) വേണ്ടി ഇന്ത്യന്‍ രൂപ അച്ചടിക്കുന്നു. ഇവ പൂര്‍ണമായും ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.

സ്വകാര്യ കമ്പനികള്‍

  • ഡി ലാ റൂ: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്‌നോട്ട് പ്രിന്ററാണിത്. ഏകദേശം 140 രാജ്യങ്ങള്‍ക്കായി കറന്‍സി, പാസ്പോര്‍ട്ടുകള്‍, തപാല്‍ സ്റ്റാമ്പുകള്‍ എന്നിവ നിര്‍മ്മിക്കുന്നു. ഇതിന്റെ കറന്‍സി വിഭാഗം പിന്നീട് ചൈന ഏറ്റെടുത്തു.
  • ഗീസെക്ക് & ഡെവ്രിയന്റ്: സ്വകാര്യ ജര്‍മ്മന്‍ കമ്പനി. സുരക്ഷാ അച്ചടിയിലും ബാങ്ക്‌നോട്ട് നിര്‍മ്മാണത്തിലും ഒരു ആഗോള സ്ഥാനം.യൂറോ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കായി ഇത് കറന്‍സി അച്ചടിക്കുന്നു.
  • ഓബര്‍തര്‍: ഏകദേശം 50 രാജ്യങ്ങള്‍ക്കായി നോട്ടുകള്‍ അച്ചടിക്കുന്ന ഒരു പ്രമുഖ ഫ്രഞ്ച് കമ്പനി.
  • ക്രെയിന്‍: ഇപ്പോള്‍ അമേരിക്കന്‍ സ്ഥാപനമായ ക്രെയിനിന്റെ ഉടമസ്ഥതയിലുള്ള ഈ സ്വീഡിഷ് കമ്പനി. യുഎസ് ഡോളറിന് പേപ്പര്‍ നല്‍കുന്ന കമ്പനി കൂടിയാണിത്.
  • ഫോര്‍ട്രസ്: ഓസ്ട്രേലിയന്‍ സ്വകാര്യ കമ്പനി. പോളിമര്‍ ബാങ്ക്‌നോട്ട് അച്ചടിയില്‍ വൈദഗ്ധ്യം. കടലാസില്‍ നിന്ന് മാറി കൂടുതല്‍ കാലം നിലനില്‍ക്കുന്ന പോളിമര്‍ കറന്‍സിയിലേക്ക് മാറുന്ന രാജ്യങ്ങള്‍ക്ക് അച്ചടിക്കുള്ള പോളിമര്‍ വിതരണം ചെയ്യുന്ന കമ്പനി കൂടിയാണിത്.