രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ വധം ബിജെപിയെയും ആർഎസ്എസിനെയും എക്കാലവും വേട്ടയാടുന്ന ഒന്നാണ്. രാജ്യസ്‌നേഹവും ദേശീയതയും ഈ സംഘടനകൾ പ്രധാന പ്രചരാണയുധമാക്കുമ്പോൾ എതിരാളികൾ ഇവരെ പ്രതിക്കൂട്ടിലാക്കുന്നത് ഗാന്ധി ഘാതകൻ ഗോഡ്‌സെയയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ്.

To advertise here,

1948 ജനുവരി 30-ന് നാഥുറാം വിനായക് ഗോഡ്സെ മഹാത്മാ ഗാന്ധിയെ വെടിവച്ചുകൊന്നു. ഗോഡ്സെ ആർഎസ്എസുകാരനായിരുന്നോ അതോ ഹിന്ദു മഹാസഭയിൽ അംഗമായിരുന്നോ എന്നതൊക്കെ ഗാന്ധിവധം നടന്ന് 78 വർഷം പിന്നിടുമ്പോഴും തർക്കത്തിലുള്ള കാര്യമാണ്.

എന്നാൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള അപകീർത്തി കേസ് പരിഗണിക്കുന്ന പുണെയിലെ കോടതിയിൽ തിങ്കളാഴ്ച നടന്ന വിസ്താരത്തിനിടയിൽ സവർക്കറുടെ കൊച്ചുമകൻ നടത്തിയ വെളിപ്പെടുത്തൽ ആർഎസ്എസിനെ അക്ഷരാർഥത്തിൽ പ്രതിക്കൂട്ടിലാക്കി.

മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെ രാഷ്ട്രീയ സ്വയംസേവക് സംഘത്തിലെ (ആർ.എസ്.എസ്) 'സജീവ' അംഗമായിരുന്നുവെന്ന് സവർക്കറുടെ കൊച്ചുമകൻ സത്യകി കോടതിയിൽ പറയുകയുണ്ടായി.

ഗാന്ധിയെ വധിച്ചത് ഗോഡ്സെ ഒറ്റയ്ക്കാണെങ്കിലും, കൊലപാതക ഗൂഢാലോചനയിൽ മറ്റുചിലരുടെ പങ്കും നേരത്തെ കണ്ടെത്തിയതാണ്. അന്നത്തെ സർക്കാർ കുറ്റം ചുമത്തിയവരിൽ വീർ സവർക്കറും ഉൾപ്പെട്ടിരുന്നു. വി.ഡി. സവർക്കറുടെ സഹോദരൻ നാരായൺ സവർക്കറുടെ മകനായ അശോക് സവർക്കറുടെ മകനാണ് സത്യകി. സത്യകിയുടെ അമ്മ ഹിമാനി സവർക്കർ, നാഥുറാം ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്‌സെയുടെ മകളാണ്.

മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ സവർക്കർ, നാഥുറാം ഗോഡ്‌സെ, ഗോപാൽ ഗോഡ്‌സെ എന്നിവരും ഉണ്ടായിരുന്നു. കേസിൽ സവർക്കറെ കോടതി വെറുതെ വിട്ടപ്പോൾ നാഥുറാം ഗോഡ്‌സെയെയും ഗോപാൽ ഗോഡ്‌സെയെയും ശിക്ഷിച്ചു. നാഥുറാം ഗോഡ്‌സെയ്ക്ക് വധശിക്ഷയും ഗോപാൽ ഗോഡ്‌സെയ്ക്ക് ജീവപര്യന്തം തടവുശിക്ഷയും നൽകി. തന്റെ മുത്തശ്ശൻ ഗോപാൽ ഗോഡ്‌സെയും അദ്ദേഹത്തിന്റെ സഹോദരൻ നാഥുറാം ഗോഡ്‌സെയും സജീവ ആർഎസ്എസ് പ്രവർത്തകർ തന്നെ ആയിരുന്നുവെന്നാണ് സത്യകി പറഞ്ഞിരിക്കുന്നത്.

രാഹുലിനെതിരെ നൽകിയ അപകീർത്തി കേസ് ഫലത്തിൽ സവർക്കറുടെ കൊച്ചുമകന്റെ ആർഎസ്എസിനെതിരായ വെളിപ്പെടുത്തലായി മാറിയതാണ് തിങ്കളാഴ്ച കോടതിയിൽ കണ്ടത്. ഗാന്ധി വധത്തിൽ വിഡി സവർക്കറുടെ ചരിത്രപരമായ പങ്കിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.

എംഎൽഎമാരുടെയും എംപിമാരുടെയും കേസുകൾ കൈകാര്യം ചെയ്യുന്ന പുണെയിലെ പ്രത്യേക കോടതി ജഡ്ജി അമോൽ ഷിന്ദേയുടെ മുമ്പാകെയുള്ള വിസ്താരത്തിനിടയിൽ, ഗോഡ്‌സെ കുടുംബവും സവർക്കർ കുടുംബവും ബന്ധുക്കളാണെന്നും സവർക്കറും ഗാന്ധി വധത്തിൽ പ്രതിയായിരുന്നുവെന്നും സത്യകി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാറിന്റെ ക്രോസ് വിസ്താരത്തിനിടെ ഗാന്ധി വധത്തിലെ പ്രതികളുടെ പേരുകൾ അക്കമിട്ട് നിരത്തുകയും ചെയ്തു.

1-ാം പ്രതി നാഥുറാം ഗോഡ്‌സെ, 2-ാം പ്രതി നാരായൺ ആപ്‌തെ, 3-ാം പ്രതി വിഷ്ണു കർക്കറെ, 4-ാം പ്രതി മദൻലാൽ പഹ്വ, 5-ാം പ്രതി ശങ്കർ കിസ്തയ്യ, 6-ാം പ്രതി ഗോപാൽ ഗോഡ്‌സെ, 7-ാം പ്രതി വിനായക് ദാമോദർ സവർക്കറും 8-ാം പ്രതി ഡോ. ഡി.എസ്. പർച്ചൂർ എന്നിങ്ങനെയാണെന്നും സാത്യകി കോടതിയിൽ വ്യക്തമാക്കി.

'ഈ പ്രതികളിൽ നാഥുറാം ഗോഡ്സെയ്ക്കും നാരായണൻ ആപ്തെക്കും വധശിക്ഷ വിധിച്ചു എന്നത് സത്യമാണ്. ഗോപാൽ ഗോഡ്സെയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയും ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം അദ്ദേഹം പുണെയിൽ താമസമാക്കുകയും ചെയ്തു എന്നത് സത്യമാണ്. അദ്ദേഹം ഏകദേശം 35 വർഷത്തോളം പുണെയിൽ താമസിക്കുകയും അവിടെത്തന്നെ അന്തരിക്കുകയും ചെയ്തു എന്നത് സത്യമാണ്. പുണെയിൽ താമസിക്കുന്ന കാലയളവിൽ ഗോപാൽ ഗോഡ്സെ പത്രങ്ങളിൽ ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിരുന്നു എന്നത് സത്യമാണ്', സത്യകി ജഡ്ജിയോട് പറഞ്ഞു.

സത്യകിയുടെ തുറന്നുപറച്ചിലിനിടെ അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇടപെടൽ നടത്തുകയും ഈ മാനനഷ്ടക്കേസിന് മഹാത്മാഗാന്ധിയുടെ മരണവുമായോ ആർഎസ്എസുമായോ യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. സത്യകിയുടെ വെളിപ്പെടുത്തലിൽ ആർഎസ്എസ് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

വെടിയേറ്റ ശേഷം മഹാത്മാഗാന്ധി ഏകദേശം 20 മിനിറ്റോളം ആ സ്ഥലത്ത് വേദന സഹിച്ചു കിടന്നുവെന്നും സത്യകി കോടതിയിൽ പറയുകയുണ്ടായി. അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ ആരും തയ്യാറായില്ല. അന്നത്തെ സർക്കാരിന് ഗാന്ധിജിയോടുള്ള അനാസ്ഥയായിരുന്നു അതെന്നും സത്യകി അഭിപ്രായപ്പെട്ടു.

2023-ൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ സവർക്കർക്കെതിരെ രാഹുൽ അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് വിസ്താരം നടക്കുന്നത്.

സവർക്കറുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിയുടെ പേരിൽ പ്രധാനമായും രണ്ട് കേസുകളാണ് ഉണ്ടായിരുന്നത്. അതിലൊന്ന് കഴിഞ്ഞദിവസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.