മോഷണം നടന്നതായി മനസ്സിലാക്കിയ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥാനത്ത് തന്നെ വജ്രം കണ്ടെത്തുകയായിരുന്നു.

ഫ്രാന്‍സിലെ ലൂവ്ര് മ്യൂസിയത്തില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന കൊള്ള ലോകത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. ഫ്രഞ്ച് തലസ്ഥാനനഗരയിലെ വിഖ്യാത മുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തില്‍ പട്ടാപ്പകല്‍ എല്ലാ അതിസുരക്ഷകളെയും വെട്ടിച്ചുകൊണ്ടാണ് അമൂല്യമായ വസ്തുക്കള്‍ കൊള്ളയടിക്കപ്പെട്ടത്. വെറും ഏഴ് മിനിറ്റ് കൊണ്ടാണ് എല്ലാം നടന്നത്. നെപ്പോളിയന്‍ ഒന്നാമന്റെയും മൂന്നാമന്റെയും കാലത്തുള്ള എട്ട് അമൂല്യ ആഭരണങ്ങളാണ് ഞായറാഴ്ച മോഷ്ടാക്കള്‍ കവര്‍ന്നത്. ഇവയ്ക്ക് 10.2 കോടി ഡോളര്‍ (ഏകദേശം 894 കോടി രൂപ) മൂല്യമാണ് കണക്കാക്കുന്നത്. വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴും പലര്‍ക്കും ഇത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. സിനിമയിലല്ലാതെ ഇതെല്ലാം ഇത്ര പെര്‍ഫെക്ഷനില്‍ നടക്കുമോ എന്നായിരുന്നു പലരും വിശ്വസിച്ചിരുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് ഹീസ്റ്റ് സിനിമകളായ നൗ യു സീ മി 3, ഓഷ്യന്‍സ് 14 തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയുള്ള പിആര്‍ സ്റ്റണ്ടാണിതെന്ന് പോലും വിശ്വസിച്ചു. കൊള്ള നടന്ന് ഒരാഴ്ചയോളം പിന്നിടുമ്പോള്‍ രണ്ടു പേര്‍ പോലീസിന്റെ പിടിയിലായെങ്കിലും ഇവരാണോ യഥാര്‍ഥ പ്രതികളെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം നാലുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ മ്യൂസിയത്തിന്റെ തെക്കുകിഴക്കന്‍ റോഡില്‍ യന്ത്രഗോവണി ഘടിപ്പിച്ച ട്രക്ക് നിര്‍ത്തിയിട്ട് മ്യൂസിയത്തിന്റെ ജനലിലേക്ക് ചാരിവെച്ചു. രണ്ടുപേര്‍ മുകളിലേക്ക് കയറി ഗ്ലാസ് കട്ടർ ഉപയോഗിച്ച് ജനലിന്റെ ചില്ലറുത്ത് ഉള്ളിലേക്ക് കയറി. നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെയും പത്‌നിയുടേതും ഉള്‍പ്പടെ അമൂല്യമായ ഫഞ്ച് രാജകീയ രത്‌നങ്ങള്‍ സൂക്ഷച്ചിട്ടുള്ള അപ്പോളോ ഗാലറിയായിരുന്നു അവരുടെ ലക്ഷ്യം. മ്യൂസിയത്തിനകത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യിലുണ്ടായിരുന്നു ചെറിയ ആയുധങ്ങള്‍ കാണിച്ച് ഭയപ്പെടുത്തി. ചില്ലുകള്‍ തകര്‍ത്ത് കിരീടവും ആഭരണങ്ങളും കൈക്കലാക്കി ജനലുവഴി തന്നെ പുറത്തുകടന്നു. പുറത്ത് ബൈക്കില്‍ കാത്തിരുന്ന രണ്ടുപേര്‍ക്ക് ആഭരണങ്ങള്‍ എറിഞ്ഞുകൊടുത്തു. അതിനിടയില്‍ മോഷ്ടിച്ച ആഭരണങ്ങളില്‍ ഒരെണ്ണം റോഡില്‍ വീണുപോയി. എന്നാല്‍ അതെടുക്കാന്‍ മെനക്കെടാതെ അവര്‍ ആ ബൈക്കുകളില്‍ കയറി ചീറിപ്പാഞ്ഞുപോയി. വെറും നാല് മിനിറ്റിൽ എല്ലാം അവസാനിച്ചു. മികച്ച പരിശീലനവും ആസൂത്രണവും സാങ്കേതിക മികവും എല്ലാം ഒത്തുചേര്‍ന്ന പ്രൊഫഷണല്‍ കൊള്ള. പുരാവസ്തു കൊള്ള നടന്നാല്‍ പിന്നീടുള്ള 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. അതിനുള്ളില്‍ അവ വീണ്ടെടുക്കാനായില്ലെങ്കില്‍ അവ എന്നന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. ഇത്തരം ആഭരണങ്ങള്‍ വിഘടിപ്പിച്ച് അമൂല്യ രത്‌നങ്ങളും മറ്റും വില്‍ക്കാനാണ് കൂടുതല്‍ സാധ്യത. അങ്ങനെ സംഭവിച്ചാല്‍ പ്രതികള്‍ പിടിയിലായാലും ആ ആഭരണങ്ങള്‍ പഴയ രൂപത്തില്‍ വീണ്ടെടുക്കാന്‍ സാധിക്കില്ല.
894 കോടി രൂപയുടെ ആഭരണങ്ങള്‍
24 സിലോണ്‍ ഇന്ദ്രനീലങ്ങള്‍, 1083 മരതകങ്ങള്‍ എന്നിവ പതിച്ച കിരീടം, എട്ട് ഇന്ദ്രനീലവും വജ്രങ്ങളും പിടിപ്പിച്ച സ്വര്‍ണമാല, 32 മരതകങ്ങളും 1138 വജ്രങ്ങളുമുള്ള മാല, മരതകക്കമ്മല്‍, രണ്ട് ഇന്ദ്രനീലങ്ങളും നാല്‍പ്പതോളം ചെറുവജ്രങ്ങളുമുള്ള കമ്മല്‍, വജ്രപ്പതക്കം, 212 മുത്തുകളും 2990 വജ്രങ്ങളും പതിച്ച ടിയാര എന്നിവയാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. 1354 വജ്രങ്ങളും 56 മരതകങ്ങളുമുള്ള സ്വര്‍ണക്കിരീടമാണ് മോഷ്ടാക്കളില്‍ നിന്ന് വീണു പോയത്. ഇത് മ്യൂസിയത്തിന് സമീപത്ത് വച്ചുതന്നെ കണ്ടെടുത്തു. നഷ്ടപ്പെട്ടവയ്ക്ക് 10.2 കോടി ഡോളര്‍ (ഏകദേശം 894 കോടി രൂപ) മൂല്യമാണ് കണക്കാക്കുന്നത്. നെപ്പോളിയന്‍ മൂന്നാമന്‍ തന്റെ രാജ്ഞിക്ക് കല്യാണ സമ്മാനമായി നല്‍കിയതാണ് ഈ ടിയാര. 1852 ല്‍ നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ ആഭരണം പല രാജകുടുംബങ്ങളും സ്വകാര്യ വ്യക്തികളും കൈമാറി 1993ലാണ് ലൂവ്രിലേക്ക് എത്തപ്പെടുന്നത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും അമൂല്യമായ വസ്തുക്കളില്‍ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.
ലൂവ്രിലെ മോഷണത്തിന്റെ കൂടെ ഒരു ഇന്ത്യന്‍ വജ്രവും വീണ്ടും ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തിയിട്ടുണ്ട്. ലൂവ്രിലെ മോഷണത്തിനിടയില്‍ തങ്ങളുടെ തൊട്ടടുത്തുണ്ടായിട്ടും മോഷ്ടാക്കള്‍ എടുക്കാതിരുന്ന റീജന്റ് എന്ന വജ്രമാണത്. കവര്‍ച്ച നടന്നതിന്റെ തൊട്ടടുത്തായിരുന്നു ഇതുണ്ടായിരുന്നത്. 140.6 കാരറ്റ് തൂക്കവും നൂറ്റാണ്ടുകളുടെ സംഭവബഹുലമായ ചരിത്രവുമുള്ള അമൂല്യമായ റീജന്റ് വജ്രം മോഷ്ടാക്കള്‍ എടുക്കാതിരുന്നതിന് കാരണമാണ് പലര്‍ക്കുമറിയേണ്ടത്. അതും ഒരുകാലത്ത് ലൂയി പതിനഞ്ചാമന്റെയും പതിനാറാമന്റെയും കിരീടത്തിലും സാക്ഷാല്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ഉടവാളിലും അലങ്കരിച്ചിരുന്നു അമൂല്യമായ ഈ വജ്രം.
മോഷ്ടാക്കള്‍ ബാക്കിവെച്ച ഇന്ത്യയുടെ റീജന്റ്
തകര്‍ക്കാനാകാത്തത് എന്നര്‍ഥം വരുന്ന ഗ്രീക്ക് പദമായ Adamas എന്ന വാക്കില്‍ നിന്നാണ് ഡയമണ്ട് എന്ന പദമുണ്ടാകുന്നത്. ഈ വാക്കിന്റെ അര്‍ഥം പോലെ തന്നെ പ്രകൃതിദത്തമായ ഏറ്റവും കടുപ്പമേറിയ വസ്തുവാണ് ഡയമണ്ട് എന്ന വജ്രം. വജ്രം മുറിക്കാന്‍ വജ്രം തന്നെയാണ് ഉപയോഗിക്കാറുള്ളത്. ഭൂമിക്കടിയിലെ ആയിരക്കണക്കിന് വര്‍ഷത്തെ കൊടും ചൂടും സമ്മര്‍ദവും മൂലമാണ് കാര്‍ബണുകള്‍ വജ്രമായി മാറുന്നത്. ആഴമാര്‍ന്ന നദികളില്‍ നിന്നോ ഭൂഗര്‍ഭ കുഴികളില്‍ നിന്നോ ഒക്കെയാണ് ഇവ ഖനനം ചെയ്‌തെടുക്കുന്നത്. വജ്രത്തിന്റെ കാഠിന്യവും പരിശുദ്ധിയും ഭംഗിയുമെല്ലാം പുരാതനകാലം മുതല്‍ക്കേ അതിനെ വിലപിടിപ്പുള്ള വസ്തുവാക്കി മാറ്റിയിരുന്നു. 1905ല്‍ ദക്ഷിണാഫ്രിക്കയിലുള്ള പ്രീമിയര്‍ ഡയമണ്ട് ഖനിയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട കള്ളിനന്‍ ആണ് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും ഭാരമുള്ള വൈരക്കല്ല്.
ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്ന് കണ്ടെത്തിയ അമൂല്യമായ രത്‌നമാണ് പിറ്റ് ഡയമണ്ട് അഥവാ റീജന്റ് ഡയമണ്ട്. ആന്ധ്രപ്രദേശിലെ പ്രശസ്തമായ ഗോല്‍കൊണ്ടാ വജ്രഖനിയില്‍ നിന്ന് 1698ലാണ് ഇത് ഖനനം ചെയ്തെടുത്തത്. 426 കാരറ്റായിരുന്നു കണ്ടെടുത്തപ്പോഴുള്ള തൂക്കം. അന്നത് സ്വന്തമാക്കിയ ജാംചന്ദ് എന്ന പാര്‍സി വ്യാപാരി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മദ്രാസിലെ ഉദ്യോഗസ്ഥനായിരുന്ന വില്യം പിറ്റ്‌സിന് വിറ്റു. ഇതോടെയാണ് ഇത് പിറ്റ്‌സ് ഡയമണ്ട് എന്നറിയപ്പെട്ടു തുടങ്ങിയത്. എന്നാല്‍ ഖനിയില്‍ നിന്നും വജ്രം കണ്ടെടുത്ത ഒരു അടിമ ഇത് തന്റെ കാലിലെ മുറിയിലൊളിപ്പിച്ച് കടത്തിയെന്നും പിന്നീട് വില്‍ക്കാല്‍ ശ്രമിച്ചപ്പോള്‍ ഇതിന്റെ മൂല്യം മനസ്സിലാക്കിയ ഒരു വ്യാപാരി അടിമയെ കൊന്നുകളഞ്ഞെന്നുമുള്ള കഥയും പ്രചാരത്തിലുണ്ട്. വില്യം പിറ്റ്‌സ് ഇത് പിന്നീട് ഇംഗ്ലണ്ടില്‍ കൊണ്ടുപോയി ചെത്തി മിനുക്കിയെടുത്തു. രണ്ട് വര്‍ഷം നീണ്ട ചെത്തിമനുക്കലിന് 5000 പൗണ്ട് ചെലവായി. ഇതോടെ 410 കാരറ്റുള്ള ഡയമണ്ട് 140.5 കാരറ്റായി ചുരുങ്ങി. ബാക്കി ഭാഗങ്ങള്‍ വിറ്റഴിച്ചു. മോഷ്ടാക്കളുടെ ഭീഷണിയെ തുടര്‍ന്ന് വില്യം പിറ്റ്‌സ് വജ്രം സൂക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയായി. അദ്ദേഹത്തിന് ഉറക്കം പോലും നഷ്ടമായി. വൈകാതെ പിറ്റ്‌സ് ഫ്രാന്‍സിലെ റീജന്റായിരുന്ന ഒര്‍ലന്‍സ് ഡ്യൂക്കിന് വിറ്റു. അതിനുശേഷമാണ് ഇത് റീജന്റ് ഡയമണ്ട് എന്നറിപ്പെട്ട് തുടങ്ങിയത്. വൈകാതെ ഫ്രാന്‍സിന്റെ ഭരണാധികാരിയായിരുന്ന ലൂയി 15ാമന്റെ 1722 ലെ കിരീടധാരണ ചടങ്ങില്‍ ഈ വജ്രം കിരീടത്തിന്റെ ഭാഗമാക്കി. മേരി ആന്റോനെറ്റിന്റെ തൊപ്പിയെയും വജ്രം അലങ്കരിച്ചു.
1792ല്‍ ഫ്രഞ്ച് വിപ്ലവകാലത്ത് ഇത് മറ്റ് രാജകീയ ആഭരണങ്ങള്‍ക്കൊപ്പം കൊള്ളയടിക്കപ്പെട്ടിരുന്നു. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ഖജനാവിലാണ് റീജന്റ് ഡയമണ്ട് പിന്നീട് കാണപ്പെടുന്നത്. യുദ്ധച്ചിലവിനായി നെപ്പോളിയന്‍ ഈ വജ്രം പണയംവെച്ചു. 1887ല്‍ നടന്ന ഫ്രഞ്ച് രാജകീയ ആഭരണങ്ങളുടെ പ്രദര്‍ശനത്തിലാണ് റീജന്റ് വജ്രം പിന്നീട് പ്രത്യക്ഷപ്പെട്ടത്. ഈ വജ്രം കിരീടത്തിലും ഉടവാളിലുമെല്ലാമായി ഉപയോഗിച്ചിരുന്ന ലൂയി പതിനാറാമന്റെയും മേരി ആന്റോനെറ്റിന്റെയും നെപ്പോളിയന്റെയും ദുരന്തപര്യവസാനങ്ങളും കണ്ടെടുത്ത അടിമയുടെ കൊലപാതകവുമെല്ലാം കാരണം ശപിക്കപ്പെട്ട വജ്രമെന്നും ഇത് വിശേഷിപ്പിക്കപ്പെട്ടിരുന്നു. ദീര്‍ഘകാലമായി ലൂവ്ര് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി തുടരുകയാണ് റീജന്റ് വജ്രം.
എന്തുകൊണ്ട് റീജന്റ് മോഷ്ടിക്കപ്പെട്ടില്ല?
ലൂയി രാജാക്കന്‍മാരുടെയും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെയും പോലും ചരിത്രത്തിന്റെ ഭാഗമായ റീജന്റ് വജ്രത്തിന്റെ ഇന്നത്തെ മൂല്യം കണക്കാക്കല്‍ പ്രായോഗികമല്ല. എങ്കിലും ഏകദേശം 60 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് (528 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഇതിന്റെ മൂല്യമെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ പറയുന്നത്. ഇതും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കണക്കാക്കിയ മൂല്യമാണ്. എന്നിട്ടും മോഷ്ടാക്കള്‍ എടുത്ത മറ്റ് ആഭരണങ്ങളുടെ അടുത്ത് തന്നെ ഉണ്ടായിരുന്ന ഈ വജ്രം എന്തുകൊണ്ട് മോഷ്ടിക്കപ്പെട്ടില്ല എന്നത് പലരെയും ആശ്ചര്യപ്പെടുത്തുന്നുണ്ട്. മോഷണം നടന്നതായി മനസ്സിലാക്കിയശേഷം സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നേരത്തെ ഉണ്ടായിരുന്ന സ്ഥാനത്ത് തന്നെ വജ്രം കണ്ടെത്തുകയായിരുന്നു. വജ്രം മോഷ്ടിക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചിട്ടില്ലെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് കേസിലെ പ്രോസിക്യൂട്ടറായ ലോര്‍ ബെക്കാവു വ്യക്തമാക്കിയിരുന്നു. ഇതോടെ വജ്രത്തിന്റെ ‘ശാപകഥ’ അറിയാവുന്നതിനാലാണ് മോഷ്ടാക്കള്‍ ഇത് എടുക്കാതിരുന്നെന്ന രീതിയിലുള്ള കഥകളും പ്രചരിച്ചു. എന്നാല്‍ വജ്രത്തിന്റെ തനതായ ഷേപ്പും മറ്റും ലോകപ്രശസ്തമായതിനാല്‍ ഇത് വില്‍ക്കല്‍ എളുപ്പമാകില്ലെന്നും അതിനാലാണ് മോഷ്ടാക്കള്‍ ഇത് എടുക്കാതിരുന്നതെന്നുമാണ് പോലീസ് കരുതുന്നത്. എന്തായാലും വിപ്ലവങ്ങളെയും മഹായുദ്ധങ്ങളെയും അതിജീവിച്ച ഇന്ത്യയുടെ റീജന്റ് വജ്രം ഇപ്പോള്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയൊരു മ്യൂസിയം കൊള്ളയെയും അതിജീവിച്ചിരിക്കുകയാണ്.
Content Highlights: Louvre, louvre museum, louvre museum robbery, Regent diamond, crime
Published: 28 Oct 2025, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented