സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രാധിപർ എന്ന 'ബഹുമതി'ക്ക് ഇരയാവുമ്പോള്‍ ടി.ജെ.എസിന് പ്രായം മുപ്പത്തിയേഴ് വയസ്സായിരുന്നു. 1965-ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ.ബി. സഹായിയെ ധിക്കരിച്ച് പട്‌ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിനായിരുന്നു ആ യുവ മാധ്യമപ്രവര്‍ത്തകനെ ഭരണകൂടം ജയിലിലടച്ചത്. പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനാണ് അന്ന് പട്‌നയില്‍ ജോര്‍ജിനായി കേസ് വാദിച്ചത്. 'എനിക്കൊരിക്കലും പേടിയുണ്ടായിട്ടില്ല. ഇന്നും പേടിയില്ല. അല്ലെങ്കിലും എന്നെ എന്ത് ചെയ്യാന്‍ സാധിക്കും? കൂടിപ്പോയാല്‍ ജയിലില്‍ ഇടാന്‍ അല്ലേ പറ്റൂ? അതിലൊന്നും പേടിച്ചിട്ട് കാര്യമില്ല' പതിറ്റാണ്ടുകള്‍ക്കിപ്പുറം തൊണ്ണൂറ്റിനാലാം വയസ്സില്‍ ജയിലനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. അതായിരുന്നു ടിജെഎസ് ജോര്‍ജ്. ആര്‍ക്കും വിലക്കെടുക്കാന്‍ സാധിക്കാതിരുന്ന നിര്‍ഭയനായ മാധ്യമപ്രവര്‍ത്തകന്‍. തൊണ്ണൂറ്റി നാലാം വയസ്സില്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇരുപത്തിയഞ്ച് വര്‍ഷമായി എഴുതിക്കൊണ്ടിരുന്ന 'പോയിന്റ് ഓഫ് വ്യൂ' എന്ന കോളം നിര്‍ത്തി വിശ്രമജീവിതത്തിലേക്ക് തിരിയുന്നതുവരെയും ടിജെഎസ് അങ്ങനെതന്നെ തുടര്‍ന്നു.
മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയമ്മ ജേക്കബിന്റെയും മകനായി 1928 മെയ് ഏഴിനാണ് ടിജെഎസ് ജോര്‍ജ് എന്ന തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് ജനിക്കുന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഓണേഴ്‌സ് ബിരുദം കരസ്ഥമാക്കിയ ശേഷമാണ് പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. 1950-ല്‍ ഫ്രീ പ്രസ് ജേണലില്‍ റിപ്പോര്‍ട്ടറായി മുംബൈയിലാണ് തുടക്കം. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എസ് സദാനന്ദിന്റെ നേതൃത്വത്തില്‍ ഫ്രീ പ്രസ് ജ്വലിച്ചുനില്‍ക്കുന്ന കാലമായിരുന്നു അത്. തുടക്കക്കാരനായ ജോര്‍ജിന്റെ റിപ്പോര്‍ട്ടിങ് ശൈലി സദാനന്ദിന് ഏറെ ബോധിച്ചു. വൈകാതെ മികച്ച അവസരങ്ങള്‍ അദ്ദേഹത്തിന് നല്‍കിത്തുടങ്ങി. കെ. ശിവറാം, എസ്. നടരാജന്‍, എം.വി കാമത്ത് തുടങ്ങിയ മികച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു അക്കാലത്ത് ഫ്രീപ്രസിലുണ്ടായിരുന്നത്. ടിജെഎസിന്റെ തൊട്ടടുത്ത കസേരയിലിരുന്ന് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ഫ്രീപ്രസിലെ അക്കാലത്തെ യുവ കാര്‍ട്ടൂണിസ്റ്റാണ് പിന്നീട് മറാട്ട സിംഹം സാക്ഷാല്‍ ബാല്‍ താക്കറെയായി മാറിയത്. സിനിമ റിപ്പോര്‍ട്ടിങ്ങും നടത്തിയിരുന്ന ടിജെഎസ് അക്കാലത്ത് രാജ്കപൂര്‍, നര്‍ഗീസ്, തുടങ്ങി ബോളീവുഡ് രാജാക്കന്‍മാരുമായെല്ലാം അടുപ്പം സ്ഥാപിച്ചു.
അതിനിടയില്‍ ഇന്ത്യയെ മനസ്സിലാക്കാനായി മൂന്നാം ക്ലാസ് റെയില്‍വേ ടിക്കറ്റുമായി രാജ്യം ചുറ്റാനിറങ്ങി. തന്റെ തോള്‍സഞ്ചിയുമെടുത്ത് നഗരങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുള്ള ദീര്‍ഘപ്രയാണങ്ങള്‍. ഫുട്പാത്തിലും പ്ലാറ്റ്‌ഫോമുകളിലുമായിരുന്നു അക്കാലത്ത് അന്തിയുറങ്ങിയത്. ജേര്‍ണലിസത്തോടുളള ഭ്രാന്ത് കാരണം ഏത് സാഹസത്തിനും തയ്യാറായിരുന്നു അയാള്‍. എന്നാല്‍, ടിജെഎസിന്റെ ഏറ്റവും വലിയ സാഹസം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 1952-ല്‍ ഒരു ചരക്കുകപ്പലില്‍ കുശിനിക്കാരനായി ലോകം കാണാനിറങ്ങി. അമ്പത് രൂപയായിരുന്നു കപ്പലിലെ ജോലിക്ക് പ്രതിഫലം. ആയിരങ്ങള്‍ കിട്ടിയിരുന്ന ഫ്രീപ്രസിലെ ജോലിക്കിടയില്‍നിന്നാണ് ഈ കുശിനിവേഷം ധരിച്ചതെന്നോര്‍ക്കണം. പാകിസ്താന്‍, യെമന്‍, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളെല്ലാം ചുറ്റി അവിടുത്തെ ജീവിതവും രാഷ്ട്രീയവുമെല്ലാം മനസ്സിലാക്കി. കടലിലൂടെയലഞ്ഞ് അയാള്‍ യുറോപ്പ് കണ്ടു; സൂയസും ഏഡനുമെല്ലാം കണ്ടു.. അഡോള്‍ഫ് ഹിറ്റ്‌ലറുടെ സ്മാരകങ്ങള്‍ കണ്ടു; ആ യാത്ര ഇംഗ്ലണ്ടിൻറെ മണ്ണിലവസാനിച്ചു ... തിരിച്ച് വീണ്ടും ഫ്രീ പ്രസിലേക്ക്. ആകെ 14 വര്‍ഷമായിരുന്നു ഫ്രീപ്രസില്‍ ജോലിചെയ്തത്. ഇതിനിടയില്‍ ലോകസഞ്ചാരാനുഭവങ്ങള്‍ പത്രത്തിലും പിന്നീട് പുസ്തകമായും പ്രസിദ്ധീകരിച്ചു.
പിന്നീട് അദ്ദേഹം പൂനെയിലേക്ക് പോയി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ഗാമിയായ കെകെ ബിര്‍ളയുടെ സര്‍ച്ച്‌ലൈറ്റില്‍ ചേര്‍ന്നു. നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് ഒട്ടും അനുകൂലമായ നാടായിരുന്നില്ല അക്കാലത്ത് ബിഹാര്‍. 1965-ല്‍ ബിഹാര്‍ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ വിദ്യാര്‍ഥി പ്രക്ഷോഭമുണ്ടായി. മുഖ്യമന്ത്രി കെബി സഹായുടെ പോലീസ് വിദ്യാര്‍ഥികളെ സെക്രട്ടേറിയേറ്റിന് മുന്നിലിട്ട് തല്ലിച്ചതച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്ത ടിജെഎസ് ഒന്നാം പേജില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫോട്ടോ സഹിതം വാര്‍ത്ത കൊടുത്തു. അത് ബിഹാറില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. പ്രകോപിതനായ മുഖ്യമന്ത്രി ആ യുവമാധ്യമപ്രവര്‍ത്തകനെ ജയിലില്‍ അടച്ചു. 21 ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ജയില്‍ മോചിതനായത്. ഇതിന് ശേഷം അമേരിക്ക, വിയറ്റ്‌നാം, സിംഗപ്പുര്‍, മനില എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അക്കാലത്തെ ഈ രാജ്യങ്ങളിലെ ഭരണാധികാരികളുമായെല്ലാം അടുത്ത സൗഹൃദം സ്ഥാപിച്ചു. ഇക്കാലത്താണ് ഹോമിചിന്റെ നാട്ടില്‍, ലിക്വാന്‍യുവിന്റെ സിംഗപ്പുര്‍ തുടങ്ങിയ പുസ്തകങ്ങള്‍ എഴുതുന്നത്. ലിക്വാന്‍യുവിന്റെ സിംഗപ്പുര്‍ എന്ന പുസ്തകം സിംഗപ്പുരിലും അദ്ദേഹത്തെ ഭരണകൂടത്തിൻറെ നോട്ടപ്പുള്ളിയാക്കി. പിന്നീട് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മൈക്കിള്‍ ഒനീലുമായി സഹകരിച്ച് ഹോങ്കോങ്ങില്‍നിന്ന് ഏഷ്യ വീക്ക് എന്ന വാരിക ആരംഭിച്ചു. പില്‍ക്കാലത്ത് ഇത് ടൈം ഗ്രൂപ്പ് ഏറ്റെടുത്തു.
ഇങ്ങനെ വിദേശ മാധ്യമപ്രവര്‍ത്തക ജീവിതത്തിന്റെ ദീര്‍ഘമായ അനുഭവവുമായാണ് അദ്ദേഹം 1981-ല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. 1983-ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ബാംഗ്ലൂര്‍ റസിഡന്റ് എഡിറ്ററായി. ഇന്ത്യന്‍ എക്‌സ്പ്രസ് ഫൗണ്ടേഷന്റെ മേധാവിയുമായി. വി.കെ കൃഷ്ണമേനോന്‍, എം.എസ് സുബ്ബലക്ഷ്മി, നര്‍ഗീസ്, പോത്തന്‍ ജോസഫ്, ലീ ക്വാന്‍ യ്യൂ തുടങ്ങിയവ മഹാന്‍മാരുടെ ജീവചരിത്രങ്ങളും സ്വന്തം ഓര്‍മക്കുറിപ്പുകളായ ‘ഘോഷയാത്ര’യും ഉള്‍പ്പെടെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതു ഗ്രന്ഥങ്ങള്‍ ടി.ജെ.എസ്. ജോര്‍ജ് എഴുതിയിട്ടുണ്ട്. പത്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മകന്‍ ജീത്ത് തയ്യില്‍ ഇംഗ്ലീഷിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ്.
Published: 03 Oct 2025, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented