
ഇന്ത്യയെ സംബന്ധിച്ച് ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല ഖലിസ്താൻ വിഘടനവാദികളെ കൊണ്ടുള്ള തലവേദന. പല പേരിലും രൂപത്തിലും ഇവർ രാജ്യത്തിനകത്തും പുറത്തും ഇന്ത്യയെ ലക്ഷ്യംവെച്ചുകൊണ്ട് ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തെപ്പോലും ബാധിക്കുംവിധം ഇവർ വളർന്നു. പതിറ്റാണ്ടുകളായി തുടരുന്ന സ്വന്തം രാഷ്ട്രമെന്ന ആവശ്യം ഇപ്പോഴും ഇക്കൂട്ടർ ഉന്നയിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് ദുഃസ്വപ്നത്തിൽ പോലും സാധിച്ചുകൊടുക്കാൻ സാധിക്കാത്ത ഈ ലക്ഷ്യത്തിനായി വിഘടനവാദികൾ നടത്തുന്ന ആക്രമണസംഭവങ്ങളിൽ ഇതിനകം പൊലിഞ്ഞത് ഒട്ടേറെ മനുഷ്യജീവനുകളാണ്.....
സിഖുകാർക്കായി സ്വതന്ത്ര രാഷ്ട്രം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ഖലിസ്താൻ വിഘടനവാദികളുടെ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിനെ തീവ്രസംഘടനയായി (Foreign Terrorist Organisation) യു.എസ് പ്രഖ്യാപിക്കണമെന്നാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ആവശ്യം. അമേരിക്കയെ ഇക്കാര്യം രാജ്യം അറിയിച്ചിട്ടുമുണ്ട്. എട്ട് ലക്ഷത്തിനടുത്ത് സിഖുകാരുണ്ട് യു.എസ്സിൽ. അത്രതന്നെ അയൽരാജ്യമായ കാനഡയിലുമുണ്ട്. സ്വത്വരാഷ്ട്രീയ സംഘടനകളോട് ഏറ്റുമുട്ടുമ്പോൾ നല്ല ജാഗ്രത പാലിക്കണമെന്ന് വ്യക്തമായ ബോധ്യമുള്ള രാജ്യങ്ങളാണിത്. കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം ഉലഞ്ഞതിന് പിന്നിലും ഇതേ ശക്തികളുടെ സ്വാധീനമാണ്. മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിൽ യു.എസ്സിന്റെ അമരത്ത് ഇപ്പോൾ ട്രംപ് ആണ്. വിഘടവാദത്തിനെതിരേ സന്ധിയില്ലാ പോരാട്ടത്തിനിറങ്ങുമെന്ന് ട്രംപ് പ്രഖ്യാപിക്കുമ്പോൾ ഖലിസ്താനോടുള്ള നയം അറിയാൻ ഇന്ത്യയും കാത്തിരിക്കുകയാണ്.
ഇന്ത്യയുടെ ആവശ്യം
ദിവസങ്ങൾക്ക് മുമ്പായിരുന്നു യു.എസ് ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് ഇന്ത്യ സന്ദർശിച്ചത്. ഈ അവസരത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അവർക്ക് മുന്നിൽ ഉന്നയിച്ച ഏറ്റവും വലിയ ആശങ്കയായിരുന്നു സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്വതന്ത്ര നിലനിൽപ്പ്. സിഖ്‌സ് ഫോർ ജസ്റ്റിസിനെ തീവ്രസംഘടനയായി പ്രഖ്യാപിക്കണമെന്ന രാജ്യത്തിന്റെ ആവശ്യം മന്ത്രി തുൾസിക്ക് മുന്നിൽവെച്ചു. കൂടാതെ, ഇക്കൂട്ടർക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായും മറ്റ് തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു.
2019-ലാണ് യുഎപിഎ പ്രകാരം എസ്‌എഫ്‌ജെയെ ഇന്ത്യ നിരോധിക്കുന്നതും തീവ്രസംഘടനയായി പ്രഖ്യാപിക്കുന്നതും. ഹിതപരിശോധനയുടെ മറവിൽ പഞ്ചാബിൽ സംഘടന വിഘടനവാദത്തിനും തീവ്രപ്രത്യയശാസ്ത്രങ്ങൾക്കും ശ്രമിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. വിദേശങ്ങളിലെ സുരക്ഷിത താവളങ്ങളിൽ നിന്ന് മറ്റ് രാജ്യങ്ങളിലെ ഇന്ത്യാവിരുദ്ധ ശക്തികളുമായി ഇവർ പ്രവർത്തിക്കുന്നുവെന്നും അന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

പുൽവാമ ആക്രമണത്തെ ഭീകരപ്രവർത്തനമായി കണക്കാക്കാനാകില്ലെന്ന് മുതൽ കശ്മീരിലെ വിഘടനവാദികളെ പിന്തുണച്ച് വരെ രംഗത്തെത്തിയ സംഘടനയാണ് ഈ പറയുന്ന സിഖ്സ് ഫോർ ജസ്റ്റിസ്. ഇന്ത്യ അന്വേഷിക്കുന്ന കുറ്റവാളികൾക്ക് ആവശ്യമായ സഹായമെത്തിച്ച് സംരക്ഷിക്കുന്നതായും സംഘടനയ്ക്കെതിരേ ആരോപണം നിലനിൽക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ, മൂന്ന് രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടെ ഒരു ഡസനോളം കേസുകൾ എസ്‌എഫ്‌ജെക്കും പന്നൂനുമെതിരായി രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ ആവശ്യങ്ങൾക്ക് യു.എസ് പച്ചക്കൊടി കാണിച്ചാൽ അത് പന്നൂനേയും സംഘടനയേയും തളർത്തുമെന്ന കൃത്യമായ ബോധ്യമാണ് ഇന്ത്യയുടെ നീക്കത്തിന് പിന്നിൽ. യുഎസ് തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതോടെ സിഖ്സ് ഫോർ ജസ്റ്റിസിന് ലഭിക്കുന്ന പിന്തുണയിൽ കാര്യമായ ഇടിവുണ്ടാകും. അത് ഇനി ഭൗതികമായാലും സാമ്പത്തികമായാലും. സംഘടന കൈവശം വച്ചിരിക്കുന്നതും നിയന്ത്രിക്കുന്നതുമായ സകല ആസ്തികളും സർക്കാരിന്റെ റഡാറിന് കീഴിലായിരിക്കും. എന്തിന്, പിന്നീടങ്ങോട്ട് ഒരു ഇടപാട് നടത്തുന്നത് പോലും എളുപ്പമായിരിക്കില്ല. അൽ ഖ്വയ്ദ, ഐ.എസ്, ഹമാസ്, ഇന്ത്യൻ മുജാഹിദീൻ എന്നിവയുൾപ്പെടെ 77 സംഘടനകളുടെ പട്ടികയിലേക്ക് സിഖ്സ് ഫോർ ജസ്റ്റിസിനേയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
എന്താണ് സിഖ്‌സ് ഫോർ ജസ്റ്റിസ്?
2007-ലാണ് ഗുർപത്‌വന്ത് സിങ് പന്നൂൻ സിഖ്‌സ് ഫോർ ജസ്റ്റിസ് അഥവാ എസ്‌എഫ്‌ജെ സ്ഥാപിക്കുന്നത്. ഇന്ത്യയുടെ അധീനതയിലുള്ള പഞ്ചാബിൽ സിഖ് ജനതയ്ക്ക് പരമാധികാരം നേടാനുള്ള ലക്ഷ്യത്തിനായി ഖലിസ്താൻ എന്നറിയപ്പെടുന്ന ഒരു രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് ഇവരുടെ ആവശ്യം. എസ്എഫ്ജെയുടെ വെബ്സൈറ്റിലും പറയുന്നത് ഇതേ കാര്യമാണ്. സിഖ് അവകാശങ്ങൾ ഉയർത്തിപ്പിടിക്കുമ്പോഴും ആത്യന്തികമായി അധികാരം തന്നെയായിരുന്നു സംഘടനാ രൂപീകരണത്തിന്റെ ലക്ഷ്യം.
1960-ൽ പഞ്ചാബിലെ ഖാൻകോട്ട് ഗ്രാമത്തിൽ ജനിച്ച പന്നൂൻ സംസ്ഥാനത്ത് വിഘടനവാദം ശക്തമായി തുടരുന്ന കാലത്താണ് വളരുന്നത്. തുടർന്ന്, 1990-ൽ പഞ്ചാബ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് ഇയാൾ യു.എസിലേക്ക് കുടിയേറുന്നത്. അവിടേയും, ഖലിസ്താൻ പ്രവർത്തനങ്ങളിൽ ഇയാൾ സജീവമായിരുന്നു. 2000-ത്തിന്റെ തുടക്കാകാലം മുതൽ തന്നെ യു.എസ്സിലേയും കാനഡയിലേയും സിഖ് പ്രവാസികൾക്കിടയിൽ പന്നൂൻ ഖലിസ്താന് വേണ്ടിയുടെ പ്രചരണങ്ങളിൽ ഏർപ്പെട്ടു. എന്നാൽ, 2018-ൽ ഒരുപടികൂടെ കടന്ന് ഖലിസ്താൻ റഫറണ്ടം (ഹിതപരിശോധന) എന്ന പ്രഖ്യാപനവുമായി പന്നൂൻ രംഗത്ത് വരുന്നതോടെയാണ് ഇയാൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
വഴിതെറ്റിയ ഹിതപരിശോധന
2018-ൽ പ്രഖ്യാപിച്ചെങ്കിലും ഈ റഫറണ്ടം പൂർണതോതിൽ നയമായി എസ്എഫ്ജെ അവതരിപ്പിക്കുന്നത് 2020-ലാണ്. പഞ്ചാബിൽ പ്രത്യേക സിഖ് രാഷ്ട്രത്തിനായുള്ള പിന്തുണ അളക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് പന്നൂനും കൂട്ടരും ജനഹിതപരിശോധനയുമായി രംഗത്തുവരുന്നത്. തികച്ചും സമാധാനപരവും ജനാധിപത്യപരവുമായ ലക്ഷ്യങ്ങളാണ് റഫറണ്ടത്തിന് പിന്നിലെന്നായിരുന്നു പന്നൂന്റെ അവകാശവാദം. 2020-ൽ ഇന്ത്യയിലെ യുഎസ് അംബാസഡർക്ക് അയച്ച കത്തിൽ ഇന്ത്യ റഫറണ്ടത്തിനെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും ഇയാൾ പരാതി ഉന്നയിച്ചു. അവരുടെ പ്രവർത്തകരെ തടങ്കലിലാക്കുന്നതിനോടും പന്നൂൻ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഈ ഹിതപരിശോധനകളാണ് ഇക്കാലമത്രയും എസ്എഫ്ജെ ഏറ്റെടുത്തിട്ടുള്ളതിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. ഇന്ത്യയിൽ നിന്ന് പഞ്ചാബിനെ വേർപെടുത്തുമെന്നും അതിനായി ജനഹിതപരിശോധന നടത്തുമെന്നും ഇവർ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ ഫലം ഐക്യരാഷ്ട്രസഭയ്ക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു. ഈ പ്രക്രിയ വലിയ വിജയമാണെന്നും ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പന്നൂനും സംഘവും പറയുമ്പോൾ വോട്ടെടുപ്പിനെ ശുദ്ധ അസംബന്ധമായാണ് മേഖലയിലെ വിദഗ്ധർ നോക്കിക്കാണുന്നത്.
ആദ്യമായി ലണ്ടൻ കേന്ദ്രീകരിച്ച് നടത്തിയ വോട്ടെടുപ്പ് വലിയ പരാജയമായതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. 2000-ത്തിൽ താഴെ ആളുകൾ മാത്രമാണ് തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്. അതും കൃത്യമായ തിരിച്ചറിയൽ രേഖകളോ ഒരു വോട്ടിങ് പ്രക്രിയയ്ക്ക് പാലിക്കേണ്ട മര്യാദകളോ കാറ്റിൽപ്പറത്തിക്കൊണ്ടായിരുന്നു എസ്എഫ്ജെ വോട്ടെടുപ്പ് നടത്തിയത്. ഈ രീതിയിൽ ഊരോ പേരോ വ്യക്തമാക്കാതെ ആർക്കും വന്ന് വോട്ട് ചെയ്ത് പോകാനാകുന്ന ഒരു സംവിധാനമാണ് സംഘം ഒരുക്കിയത്.
സിഖ് വിഘടനവാദത്തിന്റെ തുടക്കക്കാലത്തും പിന്നീടിങ്ങോട്ടും ഇന്ത്യയിലേയും പാകിസ്താനിലേയും പഞ്ചാബുകൾ ഉൾപ്പെടുന്നതായിരുന്നു ഈ പറയുന്ന 'സിഖ് രാഷ്ട്രം'. ഹരിയാണയും ഹിമാചലും മുതൽ ലാഹോർ വരെ തങ്ങളുടെ ഭാഗമാക്കണമെന്നായിരുന്നു ഇവരുടെ ആഗ്രഹവും. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ ഈ രീതിയിലല്ല മുന്നോട്ട് പോകുന്നത്. ഇന്ത്യൻ പഞ്ചാബിന്റെ കാര്യത്തിൽ മാത്രമാണ് എസ്എഫ്ജെയ്ക്ക് ഈ അങ്കലാപ്പുള്ളത്. ഇന്ത്യയിലെ പഞ്ചാബിനേക്കാൾ നാലിരട്ടി വലിപ്പമുള്ളതും സിഖ് ജനതയുടെ ചരിത്രരപമായ മാതൃരാജ്യവുമായ പാകിസ്താനിലെ പഞ്ചാബിനെക്കുറിച്ചുള്ള നയം ഇവർ സൗകര്യപൂർവം മറന്നമട്ടാണ്. സിഖ് വിശ്വാസവുമായി ഏറെ ബന്ധപ്പെട്ട് നിൽക്കുന്ന ഗുരു നാനാക്കിന്റെ ജന്മസ്ഥലവും പാകിസ്താനിലെ പഞ്ചാബിലാണ്. ഈ അവസരവാദമാണ് രാഷ്ട്രീയമായി രൂപകൽപന ചെയ്ത ഒന്നാണോ ഇപ്പോഴത്തെ ഖലിസ്താൻ വാദം എന്ന ചോദ്യത്തെ പ്രസക്തമാക്കുന്നത്.
സംഘടനയ്ക്കും ഈ പദ്ധതിക്കും പാകിസ്താൻ പിന്തുണയേകുന്നുണ്ടെന്ന വാദം പഞ്ചാബ് പോലീസ് നേരത്തെ ഉന്നയിച്ചിരുന്നു. കറാച്ചി ആസ്ഥാനമായുള്ള ഒരു വെബ്സൈറ്റുമായി എസ്എഫ്ജെ വെബ്സൈറ്റ് അവരുടെ ഡൊമൈൻ പങ്കിടുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. റഫറണ്ടം 2020-ന് പിന്തുണയേകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് പന്നൂൻ നേരിട്ടയച്ച കത്തും പഞ്ചാബ് പോലീസിന്റെ രേഖകളിലുണ്ട്.
വീണവരിൽ സാക്ഷാൽ ഇന്ദിരയും
സ്വതന്ത്ര ഇന്ത്യയോളം തന്നെ പഴക്കമുള്ളതാണ് ഇപ്പോൾ നമ്മൾ കാണുന്ന ഈ ഖലിസ്താൻ വാദം. അന്ന് പക്ഷേ അതിന് പ്രത്യേക സംഘടനയോ പേരോ ഒന്നും ഇല്ലായിരുന്നു എന്ന് മാത്രം. സിഖുകൾക്ക് പരമാധികാരമുള്ള ഒരു രാഷ്ട്രം. ഇത്രമാത്രമായിരുന്നു അന്നത്തെ വാദം. ഏറിയും കുറഞ്ഞും ഇന്നും ഖലിസ്താൻവാദികളുടെ പരമമായ ലക്ഷ്യം ഈ രാഷ്ട്രം തന്നെയാണ്. പിന്നീടാണ് ഭിന്ദ്രൻവാലയും മതപ്രാസംഗികന്മാരുമെല്ലാം ചിത്രത്തിലേക്ക് കടന്നുവരുന്നത്. പതുക്കെ പതുക്കെ ആവശ്യമെന്നതിലുപരി അവകാശമാണെന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിമറഞ്ഞു. 1980-കളിൽ പ്രതിഷേധങ്ങൾ തീ പിടിച്ച നിലയിലേക്കെത്തിയതോടെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ബ്ലൂസ്റ്റാർ ഓപ്പറേഷന് ഉത്തരവിടുന്നതും സായുധപോരാട്ടത്തിന് അറുതിവരുത്തണമെന്ന് തീരുമാനിക്കുന്നതും.

എന്നാൽ, പ്രതീക്ഷിച്ച പര്യവസാനമല്ല ഈ സൈനിക നടപടികൾക്കുണ്ടായത് എന്നത് മറ്റൊരു കഥ. ഇന്ദിരയ്ക്കെതിരേ കടുത്ത പ്രതിഷേധത്തിലേക്ക് സിഖ് വിഭാഗങ്ങൾ നീങ്ങി. സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാൽ ഇന്ദിര കൊല്ലപ്പെടുന്നതിന് കാരണമായും ഇതേ ശത്രുതയാണ്. ഇന്ദിരയുടെ മരണംകൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല. കാനഡയിലെ ഖലിസ്താനികളും രാജ്യത്തിനെതിരേ പ്രതികാരത്തിനൊരുങ്ങി. 1985 ജൂൺ 23-ന് കാനഡയിലെ മൊൺട്രിയലിൽനിന്ന് മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യയുടെ കനിഷ്‌ക വിമാനം സ്ഫോടനത്തിൽപ്പെട്ട അറ്റ്ലാന്റിക്കിലേക്ക് തകർന്നുവീണു. 351 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്.
ഹിന്ദു ക്ഷേത്രങ്ങളും ലക്ഷ്യം
പന്നൂന്റെ നേതൃത്വത്തിൽ എസ്എഫ്ജെ ഹിന്ദു ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നത് ഏറെ ആശങ്കയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി പേർ ഇക്കാര്യത്തിൽ തങ്ങളുടെ ആശങ്ക അറിയിച്ചിട്ടുമുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് യു.എസിലെ കാലിഫോർണിയയിലുള്ള ബാപ്‌സ് ഹിന്ദുക്ഷേത്രത്തിനുനേരെ ആക്രമണമുണ്ടായത്. ക്ഷേത്രച്ചുവരുകളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും അക്രമികൾ എഴുതിവെച്ചു. ലോസ് ആഞ്ജലീസിൽ ഖലിസ്താൻ ഹിതപരിശോധന നടക്കാനിരിക്കേയായിരുന്നു ക്ഷേത്രത്തിനെതിരായ ആക്രമണം. ഇന്ത്യയ്ക്കെതിരേ മാത്രമല്ല, പ്രധാനമന്ത്രി മോദിയേയും ഇവർ അധിക്ഷേപിച്ചു.
ഇത് ആദ്യമായിട്ടല്ലായിരുന്നു യു.എസ്സിൽ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതും രാജ്യത്തിനെതിരേ മുദ്രാവാക്യങ്ങൾ എഴുതിവയ്ക്കുന്നതും. ഖലിസ്താൻ വിഘടനവാദികൾ തന്നെയാണ് ഈ ആക്രമണങ്ങളുടെയെല്ലാം പിന്നിൽ എന്നാണ് രാജ്യം ഉറച്ചുവിശ്വസിക്കുന്നത്. പല ആക്രമണങ്ങളിലും ഇത് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. മാസങ്ങൾ മുമ്പ് കാലിഫോർണിയയിലെ സാക്രമെന്റോയിലെ ബാപ്‌സ് ക്ഷേത്രം ആക്രമിച്ചതിന് പിന്നാലെയാണ് ആരാധനാലയത്തിന് നേരെ വീണ്ടും ആക്രമണമുണ്ടാകുന്നത്. ഇതോടെ, ക്ഷേത്രത്തിൽ നാശനഷ്ടമുണ്ടാക്കിയതിനെ അപലപിച്ചുകൊണ്ട് രാജ്യം രംഗത്തെത്തി. മറ്റ് ആരാധനാലയങ്ങൾക്ക് ആവശ്യമായ സുരക്ഷ നൽകണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. യു.എസ്സിൽ മാത്രമല്ല, കാനഡയിലും ഹിന്ദുക്ഷേത്രങ്ങൾക്കുനേരെ ഖലിസ്താനികൾ അതിക്രമം നടത്തിയിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അടിച്ചമർത്തിയ വിഘടനവാദം വീണ്ടും ശക്തിയാർജിക്കുന്നത് 2020-കളിലാണ്. പഞ്ചാബിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനുറച്ച് ദീപ് സിദ്ധുവിന്റെ നേതൃത്വത്തിൽ വാരിസ് പഞ്ചാബ് ദേ എന്ന സംഘടന രൂപംകൊള്ളുന്നതും ഇതേ കാലഘട്ടത്തിലാണ്. അധികം വൈകാതെ അമൃത്പാലിനെ പോലെയുള്ള നേതാക്കളും മുന്നിലേക്കെത്തി. ഒന്നയഞ്ഞ അക്രമസംഭവങ്ങളുടെ രണ്ടാം എപ്പിസോഡ് എന്ന് പറയാനാകുന്ന തിരിച്ചുവരവായിരുന്ന ഖലിസ്താനികളുടേത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഖലിസ്താൻ നേതാക്കൾ സ്വതന്ത്രമായി വിഹരിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുളവാക്കുന്നതാണ്. രാജ്യസുരക്ഷയ്ക്ക് വിലങ്ങുതടിയായി ഈ വിഘടനവാദികൾ നിൽക്കുന്നത് ഇനിയും സർക്കാർ കയ്യുംകെട്ടി നോക്കിനിൽക്കുമെന്നും കരുതാനാവില്ല. ഖലിസ്താൻ എന്ന ഭീഷണി ഇനി എത്രനാൾ ഇന്ത്യയ്ക്കു മുന്നിലുണ്ടാകും എന്നതാണ് ഇനി നാം കണ്ടറിയേണ്ടത്.
Content Highlights: India urges the US to designate Sikhs for Justice (SFJ) as a terrorist organization
Published: 25 Mar 2025, 10:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented