
അപ്രതീക്ഷിതമായിരുന്നു ചംപായി സോറനെന്ന ആദിവാസി നേതാവിന്റെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വരവും പടിയിറക്കവും. സോറന് കുടുംബത്തിന്റെ വിശ്വസ്തനെന്ന നിലയ്ക്കും ഝാര്‍ഖണ്ഡ് രൂപവത്കരണ സമര നേതാവെന്ന നിലയിലും രാഷ്ട്രീയത്തില്‍ ഇടംപിടിച്ച സോറന് ഒരിക്കല്‍ ഏറെ അകലെയായിരുന്നു മുഖ്യമന്ത്രി സ്ഥാനം. കാരണം ഝാര്‍ഖണ്ഡും ജെ.എം.എമ്മും എന്നും സോറന് കുടുംബത്തിന്റെ കൈയിലായിരുന്നു. പക്ഷേ, സോറന് കുടുംബത്തിലെ കലഹവും ഹേമന്ത് സോറന്റെ ജയില്‍വാസവും വഴിത്തിരിവായപ്പോള്‍ ജെ.എം.എമ്മിന് മുന്നില്‍ ചംപായി സോറന് മാത്രമായിരുന്നു പ്രശ്ന പരിഹാരം.
അങ്ങനെ അപ്രതീക്ഷിതമായി ഫെബ്രുവരി ആദ്യം മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തി. എന്നാല്‍, അതേ വേഗതയിലുള്ള പടിയിറക്കം പക്ഷേ, പഴയ ജെ.എം.എം നേതാവായിട്ടായിരുന്നില്ല. ചിലത് തീരുമാനിച്ചുറപ്പിച്ചായിരുന്നു. അതിന്റെ ഒടുവിലത്തെ അധ്യായമായിരിക്കുകയാണ് ചംപായിസോറന്റെ ബി.ജെ.പി. പ്രവേശനം. ഇത് പടിവാതില്‍ക്കലെത്തി നില്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.

അപമാനിതനായി പുറത്താക്കപ്പെട്ടതിന്റെ പകവീട്ടല്‍
തന്നെ അപമാനിച്ചു പുറത്താക്കിയെന്ന സങ്കടത്തോടെയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ചംപായി സോറന്റെ ജൂലായ് മാസത്തിലുള്ള പടിയിറക്കം. കാരണം ഹേമന്ത് സോറന് ജയില്‍മോചിതനായി എത്തിയപ്പോഴും തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സ്ഥാനത്തുനിന്നു മാറേണ്ടിവരില്ലെന്ന കണക്കുകൂട്ടലായിരുന്നു ഝാര്‍ഖണ്ഡ് കടുവയെന്ന വിളിപ്പേരുള്ള ചംപായി സോറന്. പക്ഷേ, ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുന്നത് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഗുണം ചെയ്യുമെന്നും മുഖ്യ എതിരാളിയായ ബി.ജെ.പിയേയും നരേന്ദ്ര മോദിയേയും തുറന്നുകാട്ടാനുള്ള അവസരമായി അത് ഉപയോഗിക്കാമെന്നുമുള്ള ഇന്ത്യാ സഖ്യത്തിന്റെ ആവശ്യത്തിന് മുന്നില്‍ ചംപായി സോറന് പുറത്തുപോവാനുള്ള വിധിയൊരുങ്ങുകയായിരുന്നു. പക്ഷേ, അന്ന് മുതല്‍ ചാംപയുടെ സങ്കടത്തെ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പി. തുടക്കമിടുകയും ചെയ്തിരുന്നു.
അധികാരം കുടുംബത്തില്‍നിന്ന് മാറിപ്പോവാതിരിക്കാനുള്ള ഹേമന്ത് സോറന്റെ തന്ത്രത്തിന്റെ ഇരയാണ് ചംപായി എന്ന പ്രസ്താവന നടത്തി അന്നു തന്നെ രംഗത്ത് വന്ന ബി.ജെ.പി. ഝാര്‍ഖണ്ഡിലെ ഓപ്പറേഷന് താമരയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതിന്റെ ഏറ്റവും ഒടുവിലത്തെ ക്ലൈമാക്സായി ചാംപയുടെ ബി.ജെ.പി. അംഗത്വം മാറുകയും ചെയ്തു.
ഝാര്‍ഖണ്ഡിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ആദിവാസി വോട്ടുകള്‍. അത് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റിയാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന ബി.ജെ.പി. കണക്കുകൂട്ടലാണ് ചംപായി സോറനിലേക്കെത്തിയത്. ആദിവാസികള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവെന്ന നിലയ്ക്ക് ചാംപയുടെ ബി.ജെ.പി. പ്രവേശനം പുതിയ വഴിത്തിരിവാകുമെന്നും ബി.ജെ.പി. കണക്കുകൂട്ടിയിരുന്നു. നിലവില്‍ 81 അംഗ നിയസമഭയില്‍ ഇന്ത്യാ സഖ്യത്തിന് 45 എം.എല്‍.എമാരുടെ പിന്തുണയാണുള്ളത്. ജെ.എം.എം.- 27, കോണ്‍ഗ്രസ്- 17, ആര്.ജെ.ഡി.- 1 എന്നിങ്ങനെയാണ് അംഗബലം. ബി.ജെ.പിക്ക് ഒറ്റയ്ക്ക് 24 എം.എല്‍.എമാരുമുണ്ട്. കേവല ഭൂരിപക്ഷത്തിന് 41 സീറ്റ് മതിയെന്നിരിക്കെ ചംപായിയെ കൂടെക്കൂട്ടുന്നതും അദിവാസി വികാരം അനുകൂലമാക്കുന്നതും വഴി ഇത്തവണ ഭരണം പിടിക്കാമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു.

ആദിവാസികളുടെ രക്ഷ പറഞ്ഞ് പടിയിറക്കം
ആദിവാസികളുടെ രക്ഷയെ ചൂണ്ടിക്കാട്ടിയായിരുന്നു ചംപായി സോറന്റെ ബി.ജെ.പി. പ്രവേശനം. അതിന് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റമെന്ന വാദത്തെ കാരണമാക്കുകയും ഹേമന്ത് സോറന് സര്‍ക്കാരിന് ഇതിനെതിരേ നടപടിയെടുക്കാനാവുന്നില്ലെന്ന വാദവും ചംപായി ഉയര്‍ത്തി. ബി.ജെ.പി. പ്രവേശനം ഉറപ്പിച്ച് ചംപായി എക്സില്‍ പുറത്തുവിട്ട സന്ദേശനം പറയുന്നതിങ്ങനെ.
സന്താല്‍പര്‍ഗാന ഇന്നനുഭവിക്കുന്ന പ്രധാനപ്രശ്നമാണ് ബംഗ്ലാദേശ് നുഴഞ്ഞുകയറ്റം. സന്താൾ സമുദായത്തില്‍ നിന്നുള്ള ആദ്യ ആദിവാസി നേതാവായ തിലക മുര്‍മു മാജ്ഹിയുടെ സ്മരണാര്‍ഥം പുണ്യസ്ഥലമായി കണക്കാക്കുന്ന ഇടമാണ് സന്താല്‍പര്‍ഗാന. ഇവിടേയ്ക്ക് ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം വര്‍ധിച്ചിരിക്കുന്നു. സന്താലിന്റെ പല ഭാഗങ്ങളിലും ആദിവാസികളേക്കാള്‍ കൂടുതലാണ് കുടിയേറ്റ ജനസംഖ്യ. ഇത് തടഞ്ഞില്ലെങ്കില്‍ ആദിവാസികളുടെ സംസ്കാരവും ജീവിതവും നഷ്ടപ്പെടും. അവരുടെ ഭൂമികള്‍ നഷ്ടപ്പെടും. പക്ഷേ, ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. അത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ്.
സന്താല്പര്ഗാനയിലെ പകൂര്‍, രാജ്മഹല്‍ എന്നിവടങ്ങളിലെല്ലാം ഇപ്പോള്‍ ബംഗ്ലാദേശി കുടിയേറ്റക്കാരാണ് കൂടുതല്‍. ഇത് ആദിവാസികളുടെ സാമൂഹിക സാമ്പത്തിക ജീവിതത്തെയാണ് അപകടത്തിലാക്കുന്നത്. അതുകൊണ്ടു തന്നെ ഈ കുടിയേറ്റം അവസാനിപ്പിക്കണം. അതിന് ബി.ജെ.പിക്ക് മാത്രമാണ് സാധിക്കുക. എന്റെ ബി.ജെ.പി പ്രവേശനത്തിന്റെ കാരണവും ഇതാണ്. രണ്ടാം ഹേമന്ത് സര്‍ക്കാരിന് കീഴില്‍ ട്രാന്‍സ്പോര്‍ട്ട്, പട്ടികജാതി, പട്ടികവര്‍ഗ, മന്ത്രിയായിരുന്നുവെങ്കിലും ഇത് വിട്ടൊഴിഞ്ഞാണ് ചംപായി ബി.ജെ.പിയോടൊപ്പം ചേര്‍ന്നത്.
ചംപായി സോറന്റെ പാര്‍ട്ടി വിടാനുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ ഹേമന്ത് സോറന് തിരിച്ചറിഞ്ഞിരുന്നു. താന്‍ അപമാനിതനായി പുറത്തായെന്ന ചാംപയിയുടെ പ്രസ്താവനയെ ബി.ജെ.പി. ഉപയോഗിക്കുമെന്ന തിരിച്ചറിവുമുണ്ടായിരുന്നു. ഈ തിരിച്ചറിവിലായിരുന്നു ഹേമന്ത് സോറന് ഇങ്ങനെ പ്രതികരിച്ചത്. അവര്‍ ഗുജറാത്തില്‍നിന്നും അസമില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും നേതാക്കളെ കൊണ്ടുവന്ന് വിഷംകുത്തിവെച്ച് ആദിവാസികളേയും ദളിതരേയും പിന്നാക്കക്കാരേയും ന്യൂനപക്ഷങ്ങളേയും തമ്മില്‍ തല്ലിക്കും. അവര്‍ സമൂഹത്തെ മാത്രമല്ല, വീടുകളും പാര്‍ട്ടികളും പിളര്‍ത്തുന്നു. പണം ഉപയോഗിച്ച് അവര്‍ എം.എല്‍.എമാരെ വാങ്ങുന്നു. ഇപ്പോള്‍ നേതാക്കളും അതില്‍ വീണ് പാര്‍ട്ടി മാറുന്നു.
കൊല്‍ക്കത്തയില്‍ പശ്ച മബംഗാള്‍ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയ ചംപായി സോറന് ഡല്‍ഹിയില്‍ എത്തിയതോടെ ജെ.എം.എം. വിട്ടേക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. പിന്നാലെ, തനിക്ക് മറ്റുവഴികള്‍ തേടേണ്ടിവന്നിരിക്കുന്നുവെന്നും മൂന്ന് സാധ്യതകളാണ് മുന്നിലുള്ളതെന്നും വ്യക്തമാക്കി ചംപായി സോറന് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹേമന്ത് സോറന്റെ പ്രസ്താവന. നേരത്തെ, ഹേമന്ത് സോറന്റെ സഹോദരഭാര്യയും എം.എല്‍.എയുമായ സീത സോറനും പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

കുടുംബകലഹം മുതലാക്കിയ ബി.ജെ.പി.
ഹേമന്ത് സോറനെ ഇ.ഡി. അറസ്റ്റുചെയ്തതിനെ തുടര്‍ന്ന് അധികാരമൊഴിഞ്ഞതോടെ ഭാര്യ കല്‍പ്പന സോറനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹേമന്ത് സോറന് താത്പര്യപ്പെട്ടിരുന്നത്. പക്ഷേ, അവകാശവാദവുമായി ഇളയ സഹോദരന് ബസന്ത് സോറന്, അന്തരിച്ച മൂത്ത സഹോദരന്റെ ഭാര്യ സീത സോറന് എന്നിവര്‍ രംഗത്തെത്തിയതോടെ കുടുങ്ങുകയും ചെയ്തു. ജെ.എം.എം. സ്ഥാപകന്‍ ഷിബു സോറന് പോലും ബസന്തിനെയായിരുന്നു പിന്തുണച്ചിരുന്നത്. എം.എല്‍.എ. പോലുമല്ലാത്ത ഭാര്യ കല്‍പ്പനയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പാര്‍ട്ടിക്കുള്ളിലും അമര്ശമുണ്ടായിരുന്നു. പക്ഷേ, ബസന്തിനെയോ സീതയെയോ മുഖ്യമന്ത്രിയാക്കാന്‍ താത്പര്യപ്പെടാതിരുന്ന ഹേമന്ത് സോറന് ചംപായി സോറനെ മുഖ്യമന്ത്രിയാക്കി താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തു.
2005 മുതല്‍ എം.എല്‍.എയാണ് ചംപായി സോറന്. ഉള്പ്പേര് രൂക്ഷമായ ജെ.എം.എമ്മിനെ പിളര്‍ത്തി സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമം നടത്തുമെന്ന കണക്കുകൂട്ടലില്‍ 31 എം.എല്‍.എമാരെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഹൈദരാബാദിലെത്തിച്ചായിരുന്നു അന്ന് വിശ്വാസ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. ഹേമന്ത് സോറനോടുള്ള പാര്‍ട്ടിക്കുള്ളിലെ ഈ ഉള്‍പ്പോരായിരുന്നു ബി.ജെ.പി. ലക്ഷ്യമിട്ടിരുന്നത്. അത് യാഥാര്‍ഥ്യമാവുകയും ചെയ്തു.
ആദിവാസി വിഭാഗത്തില്‍ പെടുന്ന മുതിര്‍ന്ന നേതാവ് ചംപായി സോറനെ മാറ്റിയതിലൂടെ ജെ.എം.എം. ആ വിഭാഗത്തെ വഞ്ചിച്ചെന്നും സോറന് കുടുംബത്തില്‍ ഝാര്‍ഖണ്ഡിനെ കൂട്ടിക്കെട്ടാനുള്ള ശ്രമത്തിന്റെ ഫലമാണ് ഈ നീക്കമെന്നുമായിരുന്നു അന്ന് ബി.ജെ.പി. നേതാവ് ബാബുലാലിന്റെ പ്രതികരണം. ഈ വര്‍ഷം നവംബര്‍- ഡിസംബര്‍ മാസത്തിലാണ് ഝാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

അന്ന് സീത സോറന്, ഇന്ന് ചംപായി സോറന്
പാര്‍ട്ടിക്കുള്ളിലെ കുടുംബ കലഹത്തില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ഹേമന്ത് സോറന്റെ സഹോദര ഭാര്യയും ജെ.എം.എം. എം.എല്‍.എ യുമായിരുന്ന സീത സോറന്റെ ബി.ജെ.പി. പ്രവേശനം. പാര്‍ട്ടി തന്നെ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മൂന്ന് തവണ എം.എല്‍.എ. ആയ സീത സോറന് ബി.ജെ.പി. ടിക്കറ്റെടുത്തത്. തുടര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തു. ഹേമന്ത് സോറന്റെ പിന്‍ഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് കരുതിയ ആളായിരുന്നു സീത സോറന്. എന്നാല്‍, ഹേമന്തിന്റെ ഭാര്യ കമല സോറനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് ഉയര്‍ത്തിയതോടെ സീത പാര്‍ട്ടിയുമായി അകലുകയായിരുന്നു. ഷിബു സോറന്റെ മൂത്ത മകന് ദുര്‍ഗ സോമന്റെ ഭാര്യയാണ് സീത സോറന്.
ഷിബു സോറന്റെ പിന്‍ഗാമിയാകുമെന്ന് കരുതിയിരുന്ന ദുര്‍ഗ സോറന് 2009-ല്‍ മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ജാമ മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ സീത സോറന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഒരു പതിറ്റാണ്ട് ദുര്‍ഗ സോറനെ വിജയിപ്പിച്ച ജാമയില്‍ നിന്ന് 2009-ല്‍ ആയിരുന്നു സീത സോറന് ആദ്യമായി ജനവിധി തേടിയത്. നഷ്ടപ്പെട്ടുപോയ ജാമ മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും അത്ര ശുഭകരമായിരുന്നല്ല കാര്യങ്ങള്‍. സീതയെ തന്റെ പിന്ഗാമിയാക്കുന്നതിന് പകരം അന്ന് ഹേമന്ത് സോറനെ ഷിബു സോറന് രാഷ്ട്രീയത്തിലിറക്കി.
2014-ലും 2019-ലും നടന്ന തിരഞ്ഞെടുപ്പില്‍ ജാമ മണ്ഡലത്തില്‍നിന്ന് കഷ്ടിച്ചായിരുന്നു സീതയുടെ വിജയം. അപ്പോഴേക്കും ഹേമന്ത് സോറന് പാര്‍ട്ടിയില്‍ കാലുറപ്പിച്ചു കഴിഞ്ഞിരുന്നു. സോറന്റെ അറസ്റ്റിനുശേഷം വീണ്ടും മുന്‍നിരയിലേക്ക് സീത എത്തുമെന്ന് കരുതിയിടത്ത് നിന്നാണ് കല്പ്പനയുടെ വരവ്. ഇത് സീതയെ പാര്‍ട്ടി വിടുന്നതിലേക്കു നയിക്കുകയും ചെയ്തു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ കല്‍പ്പന സോറന് പാര്‍ട്ടിയുടെ പ്രധാന മുഖമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഒരുപക്ഷേ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ എത്തിപ്പെടുകയും ചെയ്യാം. ഇതിന്റെ മുന്നോടിയായിട്ടായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഗാണ്ഡെ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കല്‍പ്പനയെ മത്സരിപ്പിക്കുകയും എം.എല്‍.എ. ആക്കുകയും ചെയ്തത്. എന്നാല്‍, പാര്‍ട്ടിയില്‍ കുടംബവാഴ്ചയാണെന്ന പ്രചാരണം നടത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാനായിരിക്കും ബി.ജെ.പി. ശ്രമം.
ഹേമന്ത് സോറന് ജയിലിലായപ്പോള്‍ ഝാര്‍ഖണ്ഡിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുന്‍പന്തിയിലായിരുന്നു കല്‍പ്പന സോറന്. 151 തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തു, ഇന്ത്യ സഖ്യത്തിന്റെ പ്രമുഖ നേതാക്കളുമായി വേദി പങ്കിട്ടു. ഡല്‍ഹിയിലെത്തി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെ സന്ദര്‍ശിച്ച് ദേശീയ ശ്രദ്ധയുമാകര്‍ഷിച്ചു. ഇതോടെ പാര്‍ട്ടിയില്‍ താന്‍ പൂര്‍ണമായും അവഗണിക്കപ്പെടുകയാണെന്ന തോന്നല്‍ സീതയ്ക്കുണ്ടുവുകയും പാര്‍ട്ടി വിടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ സന്തത സഹചാരിയെ പോലെ കൂടെയുണ്ടായിരുന്ന ചംപായി സോറനും പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.
Content Highlights: Jharkhand: Champai Soren Joins BJP Shakes Up Politics
Published: 29 Aug 2024, 03:30 pm IST
ABOUT THE AUTHOR

കെ.പി നിജീഷ് കുമാർ
nijeeshkuttiadi@mpp.co.inGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented