
രക്തസാക്ഷികളായ തമിഴ് പുലികളെ ശ്രീലങ്കന്‍ തമിഴര്‍ അനുസ്മരിക്കുന്ന മാവീരര്‍ നാളിലാണ് ആ വീഡിയോ പുറത്തുവന്നത്. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴത്തിന്റെ (എല്‍.ടി.ടി.ഇ.) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്റെ മകള്‍ ദ്വാരക എന്നാണ് വീഡിയോയില്‍ സ്ത്രീ അവകാശപ്പെട്ടത്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇവിടെയുള്ളതെന്നും ഒരു ദിവസം, ഈഴം സന്ദര്‍ശിച്ച് തന്റെ ജനങ്ങളെ സേവിക്കുമെന്നും സാരി ധരിച്ച് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീ പറഞ്ഞു. എല്‍.ടി.ടി.ഇയെ നേരിട്ട് നേരിടാന്‍ കഴിയാതെ വന്നപ്പോഴാണ് ലങ്കന്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയെന്നും 12 മിനിറ്റ് ദൈര്‍ഘ്യമുള്ള തന്റെ പ്രസംഗത്തില്‍ യുവതി പറഞ്ഞു. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നാനാത്വത്തില്‍ ഏകത്വത്തിന് ഊന്നല്‍ നല്‍കി എല്‍.ടി.ടി.ഇയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നും തമിഴിൽ അവര്‍ പ്രഖ്യാപിച്ചു.
ശ്രീലങ്കയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തമിഴരെ പരിഗണിക്കണമെന്ന് വിദേശത്ത് താമസിക്കുന്ന തമിഴ് വംശജരെ യുവതി ഓര്‍മിപ്പിച്ചു. പ്രത്യേക തമിഴ് രാഷ്ട്രവും സ്വയംഭരണവും വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച യുവതി, തമിഴ് സമരം സിംഹള ജനതയ്ക്കെതിരെയല്ലെന്നും നിരപരാധികളെ കൈയേറ്റം ചെയ്ത സര്‍ക്കാരിനും അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കുമെതിരെയാണെന്നും വ്യക്തമാക്കി. ആഭ്യന്തര യുദ്ധത്തിന്റെ അവസാന നാളുകളില്‍ പ്രഭാകരനും കുടുംബവും മരിച്ചതായി ശ്രീലങ്കന്‍ സൈന്യം പ്രഖ്യാപിച്ച് ഏകദേശം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഭാകരന്റെ മകളുടേത് എന്ന പേരില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സത്യത്തില്‍ ആ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത് ദ്വാരക പ്രഭാകരന്‍ തന്നെയെയാണോ? യുദ്ധത്തില്‍ കൊല്ലപ്പെട്ടു എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പറയുന്ന ദ്വാരകയുടെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നതിന് പിന്നിലെന്ത്? കൃത്രിമമായി സൃഷ്ടിച്ചതാണെങ്കില്‍ ആരാണിതിന് പിന്നില്‍, അതല്ല ശ്രീലങ്കന്‍ തമിഴര്‍ പറയും പോലെ ദ്വാരക തന്നെയാണോ അത് ?
ദ്വാരക, പ്രഭാകരന്റെ മകള്‍
1986-ല്‍ ശ്രീലങ്കയിലെ ജാഫ്‌നയിലാണ് ദ്വാരക (തമിഴര്‍ ദുവാരാഗ എന്ന് വിളിക്കുന്നു) ജനിച്ചത്. പ്രഭാകരന്റെയും മതിവതനി (Mathivathani)യുടെയും രണ്ടാമത്തെ കുട്ടിയായിരുന്നു അവര്‍. ചാള്‍സ് ആന്റണി, ബാലചന്ദ്രന്‍ എന്നീ രണ്ട് ആണ്‍മക്കള്‍ക്കിടയില്‍ ജനിച്ച പെണ്‍കുട്ടി. പ്രിയപ്പെട്ട അംഗരക്ഷകനായ മയൂരന്റെ യഥാര്‍ഥ പേരായ 'ദുവാരകന്‍' എന്ന പേരില്‍ നിന്നാണ് പ്രഭാകരന്‍ മകള്‍ക്ക് 'ദ്വാരക' എന്ന് പേരിട്ടത്. മറ്റ് മക്കള്‍ക്ക് പേരിട്ടതും ഇതുപോലെ തന്നെയണ്. ചാവക്കച്ചേരിയില്‍ മരിച്ച ഉറ്റ സുഹൃത്തും എല്‍.ടി.ടി.ഇ. സൈനിക കമാന്‍ഡറുമായ 'ചാള്‍സ് ആന്റണി' എന്ന സീമാന്റെ പേരാണ് മൂത്ത മകന് പ്രഭാകരന്‍ നല്‍കിയത്. സൈനിക പോരാട്ടത്തില്‍ മരിച്ച മതിവതനിയുടെ സഹോദരന്‍ ബാലചന്ദ്രന്റെ പേര് ഇളയമകനും നല്‍കി. മാതാവ് മതിവതനിയുടെ കുടുംബത്തിനൊപ്പം ഡെന്മാര്‍ക്കിലാണ് ദ്വാരക വളര്‍ന്നത്. 1990-ല്‍ ഇന്ത്യന്‍ സമാധാനസേന ലങ്കവിട്ടതിന് പിന്നാലെ അമ്മ മതിവതനിക്കൊപ്പം അവര്‍ ജാഫ്‌നയിലേക്ക് മടങ്ങി. ജാഫ്‌നയിലെ ജോണ്‍ ബോസ്‌കോയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദ്വാരക കിളിനോച്ചി (Killionchi )യിലേക്കും പിന്നീട് വാന്നി (Wanni)യിലേക്കും മാറി. യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം സംഘര്‍ഷമേഖലയിലായിരുന്നു അവര്‍. അവസാന ഘട്ടത്തില്‍ മുല്ലൈവായ്ക്ക(Mullivaikkal)ലിലെ ബങ്കറിലോ കണ്ടെയ്നറിലോ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് ലങ്കന്‍ സേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രഭാകരന്റെ കുടുംബത്തെ അപ്പാടെ കൊലപ്പടുത്തിയെന്ന ശ്രീലങ്കന്‍ സേനയുടെ അവകാശവാദം പക്ഷേ, തമിഴരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നില്ല. പ്രഭാകരന്റെ കുടുംബം യുദ്ധത്തിനിടെ രക്ഷപെട്ടു എന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. 2008-ല്‍ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ മതിവതനിയും ദ്വാരകയും യൂറോപ്പിലേക്ക് പലായനം ചെയ്തെന്ന വാര്‍ത്ത പരന്നിരുന്നു. യൂറോപ്പിലെ ഒരു അജ്ഞാതസ്ഥലത്ത് താമസിച്ച് ദ്വാരക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എന്നാണ് ഒരു വിഭാഗത്തിന്റെ അവകാശവാദം. യുദ്ധത്തിന്റെ സമയത്ത് അവര്‍ വെടിനിര്‍ത്തല്‍ മേഖലയില്‍ ആയിരുന്നോ എന്നോ, സംഘര്‍ഷ മേഖലയില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്നത് സംബന്ധിച്ചോ വ്യക്തമാക്കാന്‍ ഇവര്‍ തയ്യാറാകുന്നുമില്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ യാതൊരു സ്ഥിരീകരണവുമില്ല. ഒപ്പം യൂറോപ്പില്‍ എവിടെയാണ് താമസിച്ചത് എന്നത് സംബന്ധിച്ചും വിവരം നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. എന്നാല്‍ ശ്രീലങ്കന്‍ സൈന്യം പ്രഭാകരന്റെ ഭാര്യ മതിവതാനിയുടെയും ദ്വാരകയുടെയും മരണം സ്ഥിരീകരിച്ചിരുന്നു.

ആദ്യം പ്രഭാകരന്‍, ഇപ്പോള്‍ ദ്വാരക
2009-ല്‍ പ്രഭാകരനേയും കുടുംബത്തേയും കൊലപ്പെടുത്തിയാണ് ശ്രീലങ്ക പ്രഖ്യാപിച്ചത്. പക്ഷേ, വി. പ്രഭാകരനും അദ്ദേഹത്തിന്റെ കുടുംബവും ജീവിച്ചിരുപ്പുണ്ടെന്ന് അവകാശവാദങ്ങള്‍ ഇതാദ്യമായല്ല പുറത്തുവരുന്നത്. അടുത്തിടെ തമിള്‍ ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്‍ പ്രഭാകരനും കുടുംബവും ജീവിച്ചിരുപ്പുണ്ടെന്ന അവകാശവാദം ഉയര്‍ത്തിയിരുന്നു. കൃത്യസമയത്ത് അവര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്നായിരുന്നു അവകാശവാദം. ''പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ട്. അതിനെക്കുറിച്ച് തമിഴ് പ്രവാസികളോട് പറയുന്നതില്‍ സന്തോഷമുണ്ട്. പ്രഭാകരനെക്കുറിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉടന്‍ ഉത്തരം ലഭിച്ചേക്കാം. തമിഴ് ഈഴത്തെ മോചിപ്പിക്കാനുള്ള തന്റെ അടുത്ത പദ്ധതി അദ്ദേഹം ഉടന്‍തന്നെ പ്രഖ്യാപിക്കും. ലോകമെമ്പാടുമുള്ള തമിഴര്‍ പ്രഭാകരനെ സ്വാഗതം ചെയ്യാന്‍ മുന്നോട്ട് വരണം. ശ്രീലങ്കയില്‍ രാജപക്‌സെ ഭരണം അവസാനിച്ചതിനാലാണ് ഈ വെളിപ്പെടുത്തല്‍. മഹിന്ദ രാജപക്‌സെയുടെ ഭരണം അവസാനിച്ചതും നിലവിലെ ആഗോള സാഹചര്യങ്ങളും കണക്കിലെടുത്ത് പ്രഭാകരന് പുറത്തുവരാനുള്ള അനുയോജ്യസമയമാണിത്.'' ഈ വര്‍ഷം ഫെബ്രുവരിയില്‍ പി. നെടുമാരന്‍ പറഞ്ഞു.
പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന നെടുമാരന്റെ അവകാശവാദം ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തെയും പുലി പ്രഭാകരനെയും ഒരിടവേളയ്ക്ക് ശേഷം ജനശ്രദ്ധയിലെത്തിച്ചുവെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈ അവകാശവാദം അന്നുതന്നെ തള്ളിക്കളഞ്ഞിരുന്നു. 2009 മേയ് 18-ന് വടക്കന്‍ മുല്ലൈത്തീവ് (Mullaitivu) ജില്ലയിലെ മുല്ലൈവായ്ക്ക(Mullivaikkal)ലില്‍വെച്ച് പ്രഭാകരനെ വധിച്ചെന്നാണ് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെടുന്നത്. പ്രഭാകരന്‍ മരിച്ചുകിടക്കുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിരുന്നു. ശ്രീലങ്കയില്‍ പ്രത്യേക തമിഴ് രാഷ്ട്രം ആവശ്യപ്പെട്ട എല്‍.ടി.ടി.ഇക്കും അനുകൂലികള്‍ക്കുമെതിരേ ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്വീകരിച്ച വ്യാപക സൈനിക നടപടിക്ക് പിന്നാലെയായിരുന്നു പ്രഖ്യാപനം. എന്നാല്‍, ഇതെല്ലാം തള്ളിക്കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അവകാശവാദവുമായി നെടുമാരന്‍ രംഗത്തെത്തിയത്. സൈനിക നടപടി വംശഹത്യയാണെന്നും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണമെന്നുമാണ് നെടുമാരന്‍ ആവശ്യപ്പെട്ടത്.

പ്രഭാകരനും കുടുംബത്തിനും സംഭവിച്ചതെന്ത് ?
ശ്രീലങ്കയില്‍ മേധാവിത്വമുള്ള സിംഹളരുടെ അടിച്ചമര്‍ത്തലില്‍നിന്ന് സ്വന്തം ജനത്തിന്റെ, തമിഴ് ജനതയുടെ മോചനം. അതായിരുന്നു ലോകം പുലി പ്രഭാകരനെന്ന വിളിച്ച വേലുപ്പിള്ള പ്രഭാകരന്റെ ലക്ഷ്യം. തമിഴന്റെ മോചനം സായുധപോരാട്ടത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നയാള്‍ വിശ്വസിച്ചു. അതിനായി ആയുധമെടുത്ത് പോരാടി. ഒപ്പം ഒരു സംഘത്തെ വളര്‍ത്തിക്കൊണ്ടുവന്നു. അവര്‍ക്ക് പരിശീലനം നല്‍കി. കൊല്ലാനും ചാവാനും അവരെ ശീലിപ്പിച്ചു. വിവാഹം പോലും അവര്‍ക്ക് നിഷേധിച്ചു. പ്രഭാകരനെ പുലി പ്രഭാകരനാക്കിയത് പക്ഷേ, ശ്രീലങ്കയിലെ അധികാരവര്‍ഗമാണ്. അവരാണ് അയാളെ നാണംകുണുങ്ങിയില്‍ നിന്ന് ആരേയും കൊല്ലാന്‍ മടിയില്ലാത്ത പുലിത്തലവനിലേക്ക് വളര്‍ത്തിയത്. 1958-ലെ വംശീയ കലാപമാണ് അന്ന് ബാലനായിരുന്ന പ്രഭാകരനില്‍ വലിയ മാറ്റമുണ്ടാക്കിയത്. തന്റെ ജീവിതത്തെ നടുക്കിയ ഒരു സംഭവമായിട്ടാണ് പ്രഭാകരന്‍ ഇതിനെ വിശേഷിപ്പിച്ചത്.
തമിഴ് ജനതയുടെ മോചനം എന്ന ന്യായമായ ആവശ്യവുമായി പോരിനിറങ്ങിയ പ്രഭാകരന് പക്ഷേ, പാതിയില്‍ വഴിതെറ്റി. തമിഴര്‍ക്ക് വിമോചനത്തിന് പകരം ദുരിതം തന്നെയാണ് പ്രഭാകരനും സമ്മാനിച്ചത്. വിമോചന പോരാളിയില്‍ നിന്ന് ഒരു ഭീകരവാദ സംഘടനയുടെ തലവന്‍ എന്ന കുപ്രസിദ്ധിയിലേക്ക് അദ്ദേഹം അധഃപതിച്ചു. അനിവാര്യമായ പതനമായിരുന്നു അതിന്റെ അനന്തരഫലം. പ്രഭാകരന്റെ ഏകാധിപത്യ പ്രവണത അനുയായികളേയും അദ്ദേഹത്തില്‍നിന്ന് അകറ്റി. രഹസ്യങ്ങളുടെ കാവല്‍ക്കാരനായിരുന്ന കേണല്‍ കരുണ കൂറ് മാറിയത് എല്‍.ടി.ടി.ഇയുടെ പതനത്തിന് ആക്കംകൂട്ടി. തീവ്രനിലപാടുള്ള മഹിന്ദ രാജപക്‌സെ പ്രസിഡന്റായി എത്തിയതോടെ തകര്‍ച്ച പൂര്‍ണമായി. 2009 മേയ് 18-ന് ശ്രീലങ്കന്‍ സൈന്യം പ്രഭാകരന്റെ മരണം സ്ഥിരീകരിച്ചു. വഴിതെറ്റിപ്പോയ ഒരു വിമോചന പോരാട്ടത്തിന്റെ അന്ത്യമായിരുന്നു അത്. വിപ്ലവത്തിലൂടെ മാത്രമേ സ്വാതന്ത്ര്യം സഫലമാകൂ എന്ന് വിശ്വസിച്ച ഒരു പോരാളിയുടെ ജീവിതത്തിന്റേയും അന്ത്യം!
2009 മെയ് 18-നാണ് ശ്രീലങ്ക പ്രഭാകരനെ വധിച്ചതായി പ്രഖ്യാപിക്കുന്നത്. ആ വര്‍ഷം ജനുവരിയില്‍ തന്നെ പുലികളുടെ ഭരണസിരാകേന്ദ്രമായിരുന്ന മുല്ലൈത്തീവ് സൈന്യം പിടിച്ചെടുത്തിരുന്നു. ശ്രീലങ്കന്‍ സൈന്യം എല്‍.ടി.ടി.ഇക്കെതിരെ സമ്പൂര്‍ണ ആക്രമണം അഴിച്ചുവിടുകയും മുല്ലൈത്തീവ് മേഖലയിലെ പ്രഭാകരന്റെ ഒളിത്താവളം വളയുകയുമായിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ഥന സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. മേയ് 16-ന് എല്‍.ടി.ടി.ഇ. സൈനികമായി പരാജയപ്പെട്ടതായി പ്രസിഡന്റ് മഹിന്ദ രാജപക്‌സെ പ്രഖ്യാപിച്ചു. പിറ്റേന്ന് എല്‍.ടി.ടി.ഇ. പരാജയം സമ്മതിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രത്യേക സേന പ്രഭാകരനെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ശ്രീലങ്കന്‍ സൈനിക വക്താവ് പറഞ്ഞത്. മുല്ലൈത്തീവിലെ വനത്തില്‍നിന്ന് കവചിത വാഹനത്തില്‍ അനുയായികളോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രഭാകരന്‍ കൊല്ലപ്പെട്ടത്. രണ്ട് മണിക്കൂര്‍ നീണ്ട വെടിവയ്പ്പിന് ശേഷം, ശ്രീലങ്കന്‍ സൈന്യം തൊടുത്തുവിട്ട റോക്കറ്റ് വാനിലേക്ക് ഇടിക്കുകയും അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രഭാകരന്റെ മരണം എല്‍.ടി.ടി.ഇ. ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2009 മെയ് 24-ന് എല്‍.ടി.ടി.ഇയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ തലവന്‍ സെല്‍വരസ പത്മനാഥന്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ''അതുല്യനായ നേതാവ് രക്തസാക്ഷിത്വം വഹിച്ചു'' എന്ന് പറഞ്ഞിരുന്നു.

ദ്വാരകയും പ്രഭാകരനും സത്യമോ മിഥ്യയോ?
ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ അവസാനഘട്ടത്തില്‍, 2009-ല്‍ പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നതാണ് ശ്രീലങ്കന്‍ തമിഴ് പ്രവാസികളില്‍ ചിലര്‍ വിശ്വസിക്കുന്നത്. നെറ്റിയില്‍ ആഴത്തിലുള്ള മുറിവോടെ സൈന്യം കാണിച്ച ശരീരം വ്യാജമായിരുന്നുവെന്നാണ് അവരുടെ വാദം. ഇതിന് മുമ്പ് തന്നെ പ്രഭാകരന്‍ രക്ഷപെട്ടു എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഒരു ദിവസം അദ്ദേഹം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്നും അവര്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ അങ്ങനെ പ്രചരിപ്പിക്കുന്നു. പ്രഭാകരനെ വീരാരാധനയോടെ കാണുന്ന തമിഴ്നാട്ടിലെ ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ക്കിടയിലും ഈ കഥയ്ക്ക് സ്വീകാര്യതയുണ്ട്. പക്ഷേ, ഇത്രയും കാലം അവര്‍ എവിടെ മറഞ്ഞിരിക്കുന്നു എന്ന മറു ചോദ്യത്തിന് അവരുടെ പക്കല്‍ കൃത്യമായ ഉത്തരമില്ല. പ്രഭാകരന്റെ മകള്‍ ദ്വാരകയുടേത് എന്ന പേരില്‍ നവംബര്‍ 27-ന് വീഡിയോ പുറത്തുവരുന്നതിന് മുമ്പ് തന്നെ ചില പാശ്ചാത്യ രാജ്യങ്ങളിലെ ശ്രീലങ്കന്‍ തമിഴര്‍ പ്രഭാകരന്റെ ഭാര്യയും മകളും ഒരു യൂറോപ്യന്‍ രാജ്യത്തുണ്ടെന്ന് പ്രചരിപ്പിച്ചിരുന്നു. ഇവരില്‍ ചിലര്‍ അവരുടെ പേരില്‍ പണം സ്വരൂപിക്കുകയും ചെയ്യുന്നതായും ആക്ഷേപമുണ്ട്. ശ്രീലങ്കയിലും വിദേശത്തുമുള്ള ചില തമിഴര്‍ രണ്ട് സ്ത്രീകളുമായി ടെലിഫോണില്‍ സംസാരിച്ചതായി പോലും അവകാശപ്പെട്ടിരുന്നു.
ദ്വാരക ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവില്ലെങ്കിലും ഡെന്‍മാര്‍ക്കില്‍ താമസിക്കുന്ന മതിവതിനിയുടെ മൂത്ത സഹോദരി അരുണ, ദ്വാരക ഉടന്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്ന വീഡിയോ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് പി. നെടുമാരനുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന എല്‍.ടി.ടി.ഇ അനുഭാവിയും കവിയുമായ കാശി അനന്തനും നവംബര്‍ 27 -ന് ദ്വാരകയുടെ വീഡിയോ പുറത്തുവരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ യുദ്ധത്തിന് ശേഷം പ്രഭാകരനെക്കുറിച്ചോ അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചോ ഒരു വിവരവുമില്ലെന്ന് പ്രഭാകരന്റെ അനന്തരവന്‍ കാര്‍ത്തിക് മനോഹരന്‍ ഒരു യൂട്യൂബ് വീഡിയോയില്‍ വെളിപ്പെടുത്തി. കഴിഞ്ഞ 14 വര്‍ഷമായി ഞങ്ങള്‍ ദ്വാരകയെക്കുറിച്ച് കേട്ടിട്ടില്ല. അമ്മാവനും അമ്മായിയും ജീവിച്ചിരിപ്പുണ്ടെന്നത് ശരിയാണെങ്കില്‍ അവര്‍ സംസാരിക്കാനായി പുറത്തുവരട്ടെ എന്നും ഡെന്മാര്‍ക്കില്‍ താമസിക്കുന്നുവെന്ന് കരുതപ്പെടുന്ന കാര്‍ത്തിക് മനോഹരന്‍ വ്യക്തമാക്കി. ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം കാനഡയിലും ലണ്ടനിലും താമസിക്കുന്ന എല്‍.ടി.ടി.ഇ. അനുഭാവികളാണ് വീഡിയോയ്ക്ക് പിന്നില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത വീഡിയോ സംപ്രേഷണം ചെയ്യാനുള്ള പദ്ധതി ഒരു മാസം മുമ്പ് ആസൂത്രണം ചെയ്തു എന്നാണ് വിവരം.
പ്രചരണങ്ങള്‍ക്ക് പിന്നിലാര്, ലക്ഷ്യമെന്ത് ?
എല്‍.ടി.ടി.ഇ തലവന്‍ വി. പ്രഭാകരന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്ന് ശ്രീലങ്ക പ്രഖ്യാപിച്ചിട്ട് നീണ്ട പതിനാല് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചിന്നിച്ചിതറിപ്പോയ അദ്ദേഹത്തിന്റെ തീവ്ര അനുയായികള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. പ്രഭാകരന്റേയും കുടുംബത്തിന്റേയും വിയോഗവും പ്രസ്ഥാനത്തിന്റെ തകര്‍ച്ചയുമായി കടുത്ത ആധാരകരില്‍ പലരും പൊരുത്തപ്പെട്ടിട്ടില്ല. ശ്രീലങ്കന്‍ തമിഴ് സമൂഹത്തിനിടയില്‍ പ്രഭാകരന്‍ ഇന്നും തീവ്രമായി ആരാധിക്കപ്പെടുന്ന വ്യക്തിത്വമാണ്. ഈ തീവ്രആരാധനയുടെ ഭാഗമായുള്ള ഏറ്റവും പുതിയ നാടകമാണ് നവംബര്‍ 27-ന് പുറത്തുവന്ന ദ്വാരകയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോ എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അതിനായി തിരഞ്ഞെടുത്ത ദിവസത്തിനും വലിയ പ്രത്യേകതയുണ്ട്. നവംബര്‍ 27-നാണ് എ.ടി.ടിഇ രക്ഷസാക്ഷികളെ ആദരിക്കാന്‍ തമിഴര്‍ മാവീരര്‍ നാള്‍ ആചരിക്കുന്നത്. അന്നാണ് സാരിയുടുത്ത ഒരു യുവതി ദ്വാരക എന്ന് അവകാശപ്പെട്ട് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീലങ്കയിലെയും മറ്റിടങ്ങളിലെയും തമിഴരെ വീഡിയോ ആശ്ചര്യപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങളിലുള്ള ലങ്കന്‍ തമിഴ് വംശജര്‍ക്കിടയില്‍ ദ്വാരകയുടെ പ്രസംഗം വലിയ കോളിളക്കം സൃഷ്ടിച്ചു. 12 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ തമിഴ് ഈഴത്തിനായുള്ള പോരാട്ടം തുടരാന്‍ താന്‍ നാട്ടിലേക്ക് മടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നാണ് അവര്‍ ഊന്നിപ്പറഞ്ഞത്. നവംബര്‍ 27-ന് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീ ശരിക്കും പ്രഭാകരന്റെ മകളാണോ? അല്ല എന്നതിനാണ് തെളിവുകള്‍ അധികം. ദ്വാരക അമ്മയോടൊപ്പമോ അല്ലാതെയോ ജീവിച്ചിരിപ്പുണ്ടെന്ന് ലോകത്തെ വിശ്വസിപ്പിക്കാനാണ് എല്‍.ടി.ടി.ഇ. അനുകൂലികള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, അതിന് അവര്‍ വ്യക്തമായ ചില തെളിവുകള്‍ കൊണ്ടുവരേണ്ടതുണ്ട്. പ്രത്യേകിച്ചും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ കാലഘട്ടത്തില്‍ ഇത്തരം ഒരു വീഡിയോ ആര്‍ക്കും നിര്‍മിക്കാമെന്ന സാഹചര്യത്തില്‍. ഇനി ദ്വാരക ജീവിച്ചിരുപ്പുണ്ടെന്ന് സമ്മതിച്ചാല്‍ തന്നെ 2009-ല്‍ വടക്കന്‍ ശ്രീലങ്കയില്‍ നിന്ന് യുദ്ധത്തിനിടെ രക്ഷപ്പെട്ടിട്ട് ഇത്രയും കാലം പൊതുമധ്യത്തില്‍ വതാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യം അവശേഷിക്കുകയാണ്.

അവകാശവാദങ്ങള്‍ തള്ളി ശ്രീലങ്ക
പ്രഭാകരന്‍, ഭാര്യ മതിവതനി, മക്കളായ ചാള്‍സ് ആന്റണി, ദ്വാരക, ബാലചന്ദ്രന്‍ എന്നിവര്‍ കൊല്ലപ്പെട്ടുവെന്ന് പരക്കെ അറിയപ്പെടുന്നതും വിശ്വസിക്കപ്പെടുന്നതുമാണ്. പ്രഭാകരനും അദ്ദേഹത്തിന്റെ മൂത്ത മകന്‍ ചാള്‍സ് ആന്റണിയും ഏറ്റുമുട്ടലില്‍ വെവ്വേറെ കൊല്ലപ്പെട്ടപ്പോള്‍, ഇളയ മകന്‍ ബാലചന്ദ്രനെ പിടികൂടിയ ശേഷം സൈന്യം വെടിവച്ചു കൊന്നുവെന്നാണ് ആരോപണം. പക്ഷേ, മതിവതനിയുടേയും ദ്വാരകയുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഇരുവരുടെയും ഫോട്ടോകളും പുറത്തുവന്നിരുന്നില്ല. എല്‍.ടി.ടി.ഇയുടെ ഇന്റലിജന്‍സ് മേധാവി പൊട്ടു അമ്മന്‍ ശ്രീലങ്കയില്‍ കൊല്ലപ്പെട്ടെങ്കിലും മൃതദേഹം കണ്ടെത്താനായിട്ടില്ല. ഇതാണ് ഇവര്‍ മരിച്ചിട്ടില്ലെന്ന വാദത്തിന് ഒരു വിഭാഗത്തിന് ശക്തി പകരുന്നത്. ഇത് മുതലെടുത്തുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ഒരു വിഭാഗം ഇറങ്ങിപ്പുറപ്പെടുന്നത്.
നേരത്തെ നെടുമാരന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന പ്രസ്താവനയുമായി ശ്രീലങ്കന്‍ മുന്‍മന്ത്രി എം.പി. ശിവാജിലിംഗം രംഗത്തെത്തിയിരുന്നു. തിരിച്ചറിഞ്ഞ മൃതദേഹം പ്രഭാകരന്റേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ശിവാജിലിംഗം പറഞ്ഞത്. പ്രഭാകരന്‍ ജീവിച്ചിരിക്കുന്നു എന്ന അവകാശവാദം നെടുമാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ ശിവലിംഗം, അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും സത്യമാണെങ്കില്‍ ലോകത്ത് എല്ലായിടത്തുമുള്ള തമിഴ് ജനത സന്തോഷവാന്മാരായിരിക്കുമെന്നും പറഞ്ഞിരുന്നു. തമിഴ് ഈഴം സ്ഥാപിക്കാനുള്ള സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്റെ അവകാശവാദം ശ്രീലങ്ക തള്ളിക്കളഞ്ഞിരുന്നു. അവകാശവാദത്തെ ഫലിതമെന്നാണ് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. 2009 മേയ് 19-ന് പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ഡി.എന്‍.എ. തെളിവുകളിലൂടെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ പ്രതിരോധ വക്താവ് കേണല്‍ നളിന്‍ ഹെരാതും പ്രതികരിച്ചു. ഇപ്പോള്‍ ദ്വാരക പ്രഭാകരന്‍ എന്ന് അവകാശപ്പെടുന്ന വീഡിയോ സൃഷ്ടിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ഉപയോഗിക്കുന്നതായി സൂചന നല്‍കുന്ന വിവരം ലഭിച്ചതായാണ് ശ്രീലങ്കന്‍ സര്‍ക്കാരുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.
Content Highlights: Is Velupillai Prabhakaran's daughter Duwaraka Prabhakaran alive?
Published: 01 Dec 2023, 04:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented