സമ്പത്ത് പുനര്‍വിതരണവും സാമ്പത്തിക സര്‍വെയും സംബന്ധിച്ച കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പരാമര്‍ശം വലിയ ചർച്ചയാണ് ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പിൽ. വർഗീയ പ്രസംഗത്തിന് വഴിവെച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിന്റെ ചിറകരിയാൻ ഉപയോഗിച്ച പ്രധാന ആയുധങ്ങളിൽ ഒന്നായിരുന്നു ഇത്. ഇതിനിടയിൽ കോണ്‍ഗ്രസ് ഓവര്‍സീസ് ചെയര്‍മാന്‍ സാം പിത്രോദയുടെ 'അമേരിക്കന്‍ മോഡല്‍ സ്വത്തുവിഭജനം' ബി.ജെ.പി.ക്ക് വീണുകിട്ടുകയും ചെയ്തു.

To advertise here,

'അമേരിക്കയില്‍ നൂറ് മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒരു വ്യക്തി മരണപ്പെട്ടാല്‍ 45 ശതമാനം മാത്രമാകും അനന്തരാവകാശികള്‍ക്ക് ലഭിക്കുക. 55 ശതമാനം സമ്പത്ത് സര്‍ക്കാരിലേക്ക് പോകും. അത് പിന്നീട് ക്ഷേമ പദ്ധതികള്‍ക്കായി വിനിയോഗിക്കും. സര്‍ക്കാര്‍ സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്ന, സമ്പത്തില്‍ ഒരു പങ്ക് പൊതുജനങ്ങള്‍ക്കു നല്‍കുന്ന ഈ നിയമം ന്യായമായ കാര്യമാണെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യയില്‍ അത്തരത്തിലുള്ള ഒരു നിയമമില്ല. പത്തു ദശലക്ഷം ആസ്തിയുള്ള ഒരാള്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ മക്കള്‍ക്കാണ് മുഴുവന്‍ സമ്പത്തും ലഭിക്കുക. സമ്പത്തിന്റെ പുനര്‍വിതരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ നമുക്ക് പുതിയ നയങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും സംസാരിക്കേണ്ടിവരും. അവ അതിസമ്പന്നരുടേയല്ല, ജനങ്ങളുടെ താത്പര്യത്തെ മുന്‍നിര്‍ത്തിയുള്ളതായിരിക്കും.' - ഇതായിരുന്നു സാം പിത്രോദയുടെ പരാമര്‍ശം.

placeholder
Sam Pitroda | Photo: Mathrubhumi \ P G Unnikrishnan
സാം പിത്രോദ

പിത്രോദയുടെ അഭിപ്രായം കോണ്‍ഗ്രസിനെതിരായി നടത്തിവരുന്ന മുസ്ലിംപ്രീണന ആക്ഷേപമായാണ് പ്രധാനമന്ത്രി നരേന്ദ്ര  മോദി തിരഞ്ഞെടുപ്പ് പ്രചരണറാലികളില്‍ ഉപയോഗിച്ചത്. കുടുംബനാഥന്റെ മരണത്തിനുശേഷം സ്വത്ത് അനന്തരാവകാശികള്‍ക്ക് നല്‍കാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും മോദി യോഗങ്ങളിൽ വാദിച്ചു. പിത്രോദയുടെ പരാമര്‍ശത്തോടെ കോണ്‍ഗ്രസ് പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം. കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം കട്ടെടുത്ത് അത് നിയമപരമായ കൊള്ളയാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും ആരോപിച്ചു.

placeholder
നരേന്ദ്ര മോദി

ഇതിന് പിന്നാലെ പിത്രോദയുടെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. എങ്ങനെയാണ് ഇത്തരത്തിലൊന്ന് ഇന്ത്യയില്‍ നടപ്പിലാക്കാനാവുകയെന്നും രാജ്യത്ത് ഒരു ഭരണഘടനയുണ്ട്, ഇത്തരത്തിലൊരു കാര്യം ചെയ്യാന്‍ ഒരിക്കലും ഭരണഘടനയുടെ അനുവദിക്കില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതിരോധം. ശേഷം തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി പിത്രോദയും രംഗത്തെത്തി.

എന്നാല്‍,പിന്തുടര്‍ച്ചാനികുതി നിയമം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ആശയമല്ല എന്നതാണ് ശ്രദ്ധേയം. എസ്റ്റേറ്റ് ഡ്യൂട്ടി, മരണനികുതി എന്നൊക്കെയുള്ള പേരുകളില്‍ ഈ നികുതി സമ്പ്രദായം 1985 വരെ ഇന്ത്യയിലുണ്ടായിരുന്നു. വരുമാനം കുറവായിരുന്നതിനാലും സ്വത്തിന്റെ മൂല്യനിര്‍ണയം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിയമയുദ്ധങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യങ്ങളിലേക്ക് കടന്നതിനാലുമൊക്കെയാണ് രാജീവ് ഗാന്ധി സർക്കാർ 39 വർഷം മുമ്പ് എസ്റ്റേറ്റ് ഡ്യൂട്ടി നിര്‍ത്തലാക്കുന്നത്. എന്താണ് പിന്തുടര്‍ച്ചാനികുതി നിയമം അഥവാ ഇന്‍ഹെറിറ്റന്‍സ് ടാക്സ്?

എന്താണ് പിന്തുടർച്ചാനികുതി നിയമം?

ഒരു വ്യക്തിയുടെ മരണശേഷം അയാളുടെ സ്വത്തുവകകള്‍ അനന്തരവകാശികളേറ്റെടുക്കുന്നതിനു മുമ്പ് സര്‍ക്കാരിലേക്ക് നല്‍കുന്ന നിശ്ചിത നികുതി. അതാണ് അനന്തരവകാശ നികുതി നിയമം. മരണസമയം അയാളുടെ കൈവശമുള്ള സ്വത്തുവകകളുടെ മൊത്തം മൂല്യത്തിന്റെ അടിസ്ഥാനത്തിലാകും നികുതി നിശ്ചയിക്കുക. പല രാജ്യങ്ങളിലും നൂറ്റാണ്ടുകളായി അനന്തരവകാശ നികുതി നിയമം നിലനില്‍ക്കുന്നുണ്ട്. പിന്തുടര്‍ച്ചാ നികുതിയുടെ ചരിത്രം തികഞ്ഞാല്‍ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമാണ് മിക്ക രാജ്യങ്ങളിലും ഈ നികുതി സമ്പ്രദായം ഏര്‍പ്പെടുത്തിയതെന്ന് കാണാം. 1930-കളുടെ തുടക്കത്തില്‍ അമേരിക്കയിലും ബ്രിട്ടണിലും 20 ശതമാനമായിരുന്നു പിന്തുടര്‍ച്ചാനികുതിയായി ഈടാക്കിയിരുന്നത്. പിന്നീടത് 80 ശതമാനം വരെയായി ഉയരുന്ന സാഹചര്യമുണ്ടായി.

1980-കള്‍ക്ക് ശേഷമാണ് അമേരിക്കയില്‍ നികുതി വെട്ടിക്കുറച്ചത്. ക്രമേണ അമേരിക്കയില്‍ 45 ശതമാനമായും ബ്രിട്ടണില്‍ 40 ശതമാനമായും നികുതി കുറഞ്ഞു. നിലവില്‍ ജപ്പാനിലാണ് ഏറ്റവും കൂടുതല്‍ പിന്തുടര്‍ച്ചാനികുതി ഈടാക്കുന്നത്. മരണശേഷം സ്വത്തിന്റെ 55 ശതമാനമാണ് ജപ്പാനില്‍ സര്‍ക്കാരിലേക്ക് പോവുക. ദക്ഷിണ കൊറിയയില്‍ 50 ശതമാനം, ഫ്രാന്‍സില്‍ 45 ശതമാനം, സ്‌പെയിനില്‍ 34 ശതമാനം, അയര്‍ലന്‍ഡില്‍ 33 ശതമാനം, ബെല്‍ജിയത്തിലും ജര്‍മനിയിലും 30 ശതമാനം എന്നിങ്ങനെയാണ് നികുതി നിരക്ക്.

ഇന്ത്യയില്‍ പിന്തുടര്‍ച്ചാ നികുതിയ്ക്ക് പല ഭാഗത്തുനിന്നും എതിര്‍പ്പുകളുയരുന്നുണ്ടെങ്കിലും വിദേശത്ത് സാമ്പത്തിക വിദഗ്ധരെ സംബന്ധിച്ചിടത്തോളം സമ്പത്ത് പുനര്‍വിതരണത്തിനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്.  സാമ്പത്തിക വിദഗ്ധനായ തോമസ് പിക്കറ്റിയുടെ അഭിപ്രായത്തില്‍ ആദായനികുതിക്കു ശേഷം ഇരുപതാം നൂറ്റാണ്ടിലുണ്ടായ പ്രധാന സാമ്പത്തിക നവീകരണമാണ് പിന്തുടര്‍ച്ചാനികുതി നിയമം. സാമ്പത്തിക അസമത്വം  കുറയ്ക്കാനുള്ള താരതമ്യേനെ മികച്ച മാര്‍ഗമാണ് പിന്തുടര്‍ച്ചാനികുതി എന്നും തോമസ് പിക്കറ്റി പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്വത്തുപുനര്‍വിതരണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഒരു അഭിപ്രായം ഇംഗ്ലീഷ് തത്വചിന്തകനും സാമ്പത്തികവിദഗ്ധനുമൊക്കെയായ ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിന്റെ ഭാഗത്തുനിന്നുണ്ടായി. അനന്തരവകാശികള്‍ക്ക് സ്വത്തിനുമേലുള്ള അവകാശം ഏതെങ്കിലും സ്വഭാവിക അവകാശത്തിന്റെ ഭാഗമല്ല. കൂടാതെ ഒരു വ്യക്തിക്ക് തന്റെ സ്വത്തിന്മേലുള്ള അവകാശം മരണശേഷം അവസാനിക്കുന്നതാണെന്നുമാണ് ജോണ്‍ മില്ലിന്റെ പക്ഷം. 

ഇന്ത്യയിലെ എസ്റ്റേറ്റ് ഡ്യൂട്ടി

1953-ലാണ് രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണാനായി എസ്റ്റേറ്റ് ഡ്യൂട്ടി ആക്ട് പ്രകാരം ഇന്ത്യയിൽ എസ്റ്റേറ്റ് ഡ്യൂട്ടി സംവിധാനം കൊണ്ടുവരുന്നത്. ഒരാളുടെ മരണശേഷം അയാളുടെ മക്കളോ ബന്ധുക്കളോ മരിച്ചയാളുടെ സ്വത്തുക്കൾ ഏറ്റെടുക്കുമ്പോൾ സർക്കാരിലേക്ക് നിശ്ചിതതുക നികുതിയായി നൽകണം. ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ സ്ഥാവര-ജംഗമ വസ്തുക്കൾക്കും നികുതി ബാധകമായിരുന്നു. 7.5 ശതമാനം മുതൽ 85 ശതമാനം വരെയായിരുന്നു അന്ന് ഏർപ്പെടുത്തിയ നികുതിനിരക്ക്.

സ്വത്തുവിതരണത്തിലുള്ള അസമത്വത്തിന് പരിഹാരം കാണുക, സർക്കാരിനെ സാമ്പത്തികമായി ശാക്തീകരിക്കുന്നത് വഴി വികസനപദ്ധതികൾക്ക് പണം കണ്ടെത്താൻ സംസ്ഥാനങ്ങളെ സഹായിക്കുക തുടങ്ങിയവയൊക്കെ ലക്ഷ്യമിട്ടാണ് എസ്റ്റേറ്റ് ഡ്യൂട്ടി ഇന്ത്യയിൽ ഏർപ്പെടുത്തുന്നത്. 

എന്നാൽ സാമൂഹിക അസമത്വവും സാമ്പത്തിക അന്തരവും പരിഹരിക്കുന്നതിൽ എസ്റ്റേറ്റ് ഡ്യൂട്ടി പരാജയപ്പെട്ടു. നികുതി പിരിവിലൂടെ തുച്ഛമായ വരുമാനം മാത്രമേ സർക്കാരിനു നേടാനായുള്ളൂ. സ്വത്തിൻ്റെ മൂല്യനിർണയം സംബന്ധിച്ച തർക്കങ്ങൾ നിയമയുദ്ധത്തിനു വഴിവെക്കുന്ന സാഹചര്യങ്ങൾ വരെയുണ്ടായി. ഏറ്റവും പ്രധാനമായി നികുതി തുകയായി ലഭിക്കുന്നതിനെക്കാൾ കൂടുതലായിരുന്നു നികുതി പിരിക്കാനുള്ള ചെലവ്. 1984-85 വർഷത്തിൽ എസ്റ്റേറ്റ് നികുതിവഴി നേടിയത് 20 കോടി രൂപമാത്രം. 1979-80ലെ മൊത്തം നികുതിവരുമാനം 11,447 കോടിയായിരുന്നു. ഇതിൽ 12 കോടിരൂപ മാത്രമാണ് എസ്റ്റേറ്റ് നികുതിയിലൂടെ ലഭിച്ചത്. 1978-79-ൽ മൊത്തം 9005 കോടി നികുതി വരുമാനത്തിൽ 11 കോടി മാത്രമായിരുന്നു എസ്റ്റേറ്റ് നികുതി.

പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ എസ്റ്റേറ്റ് നികുതിക്ക് കഴിഞ്ഞില്ലെന്ന് 1985-ലെ ബജറ്റ് അവതരണ വേളയിൽ അന്നത്തെ ധനമന്ത്രിയായ വി.പി.സിങ് തന്നെ വ്യക്തമാക്കി. 1985 മാർച്ച് 16-നോ അതിനുശേഷമോ മരിക്കുന്നവരുടെ സ്വത്തുക്കൾക്കുമേൽ എസ്റ്റേറ്റ് നികുതി ഏർപ്പെടുത്തില്ലെന്ന് സിങ് പ്രഖ്യാപിച്ചു. അതോടെയാണ് എസ്റ്റേറ്റ് നികുതിസംവിധാനം റദ്ദായത്.

placeholder
Representational Image | Photo: Reuters

പിന്നീട് പിന്തുടർച്ചാനികുതി സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന തരത്തിൽ പല ചർച്ചകളും ഉയർന്നു കേട്ടു. യു.പി.എ. സർക്കാരിൻ്റെ കാലത്ത് ധനമന്ത്രിയായിരുന്ന പി. ചിദംബരം  പിന്തുടർച്ചാനികുതി പുനഃസ്ഥാപിക്കുന്നതിനായി നീക്കങ്ങൾ നടത്തിയെങ്കിലും പദ്ധതി യാഥാർഥ്യമായില്ല. 2013-ലെ ബജറ്റിനെക്കുറിച്ച് ചർച്ചചെയ്ത കേന്ദ്രമന്ത്രിസഭായോഗത്തിലും  ചിദംബരം ഇക്കാര്യമാവശ്യപ്പെട്ടെങ്കിലും ആരും പിന്തുണച്ചില്ല.

പിന്തുടർച്ചാനികുതി വീണ്ടും ചർച്ചയാകുന്നത് 2014-ൽ മോദിസർക്കാർ അധികാരത്തിലെത്തുമ്പോഴാണ്. അന്ന് ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്ലി, സഹമന്ത്രി ജയന്ത് സിൻഹ എന്നിവർ വിവിധ വേദികളിൽ വിഷയം പരാമർശിച്ചു. രാജ്യത്തെ സ്വത്തിന്റെ 60 ശതമാനത്തോളവും തീരെ കുറച്ചു വ്യക്തികളുടെ കൈവശത്തിലാണെന്നും ഇതുമൂലമുള്ള അസന്തുലിതാവസ്ഥയ്ക്ക് എസ്റ്റേറ്റ് ഡ്യൂട്ടി പുനഃസ്ഥാപിക്കുന്നത് ഒരുപരിധി വരെ പരിഹാരം കാണുമെന്നുമായിരുന്നു അന്ന് ധനമന്ത്രാലയത്തിൻ്റെ ഭാഷ്യം.

സാമ്പത്തിക അസമത്വം കുറയ്ക്കുമോ പിന്തുടർച്ചാനികുതി?

പിന്തുടർച്ചാ നികുതി സമ്പ്രദായം സർക്കാരുകളെ സാമ്പത്തികമായി ശാക്തീകരിക്കുമെന്നും ഇതുവഴി ജനക്ഷേമത്തിനുതകുന്ന കൂടുതൽ പദ്ധതികളാവിഷ്കരിക്കാൻ സാധിക്കുമെന്നും അതിലൊക്കെയുപരി സമൂഹത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അസമത്വത്തിന് പരിഹാരം കാണുമെന്നുമാണ് ഒരു ഭാഗം വാദമുയർത്തുന്നത്. എന്നാൽ ഈ നികുതി സമ്പ്രദായം നിലനിൽക്കുന്ന രാജ്യങ്ങളുടെ നില പരിശോധിക്കുമ്പോൾ  വികസിത രാജ്യങ്ങൾക്ക് ഗണ്യമായ വരുമാനമുണ്ടാക്കാൻ സാധിച്ചിട്ടില്ല എന്ന് മറുഭാഗം പറയുന്നു. മിക്ക രാജ്യങ്ങളിലും സർക്കാരിൻ്റെ മൊത്തം വരുമാനത്തിൻ്റെ 0.5% മാത്രമേ ഇത് സംഭാവന ചെയ്യുന്നുള്ളൂ, അത് മറ്റു നികുതിയിനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തീരെ നിസ്സാരമായ പങ്കാണ്. നികുതി ചുമത്തപ്പെട്ട വസ്തുവിന് മേൽ വീണ്ടും നികുതി ഈടാക്കുന്നത് ഇരട്ടനികുതി ചുമത്തുന്നതിന് സമാനമാണെന്നും ആക്ഷേപമുണ്ട്. 

അതേസമയം ജിഡിപി വരുമാനം കൂട്ടുമെന്നും സാമ്പത്തികമേഖലയിൽ തിരശ്ചീനമായ സമത്വം ഉറപ്പാക്കുമെന്നുമാണ് മറ്റൊരു പക്ഷം. സമ്പത്തിൻ്റെ നീതിപരമായ വിഭജനം പിന്തുടർച്ചാനികുതി നിയമത്തിലൂടെ സാധ്യമാകുമെന്നും അഭിപ്രായങ്ങളുയരുന്നു.